സംഘശാഖയിലെ പ്രധാനപ്രശ്നം അത് ഒരു കുഴി ആണെന്നതാണ്. ഇറങ്ങിയാൽ ചുറ്റുമുള്ള ഒന്നും കാണില്ല. ചെറുപ്പത്തിലേ പിടികൂടി കുഴിയിലിറക്കുന്നതാണ് യഥാർഥ സംഘധർമം. അങ്ങനെ ഇറങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും. വിവാഹം ചെയ്യണമെന്ന് തോന്നും. യശോദാ ബെന്നിനെ താലികെട്ടി വീട്ടിൽ കൊണ്ടുവരും. അത് കഴിഞ്ഞാണ് സ്വയം സേവനമാണല്ലോ വ്രതം എന്നോർക്കുക. അതോടെ ഭാര്യയെ പെങ്ങളേ എന്ന് വിളിക്കും. വകതിരിവില്ലാതെ ചെയ്തുപോയി എന്ന് പശ്ചാത്തപിച്ച് താൻ നിതാന്ത ബ്രഹ്മചാരിയാണ് എന്ന് സ്വയം പ്രഖ്യാപിക്കും. ആ വകതിരിവില്ലായ്മയ്ക്ക് പിഴയൊടുക്കി, സ്വയംസേവകന്റെ ധർമദാരം ശിഷ്ടജീവിതം വിധവയെപ്പോലെ ജീവിക്കും. സ്പെഷ്യലൈസ്ഡ് ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്ററിൽ പോയി ബൈപാസ് സർജറി നടത്തിയും കാൽമുട്ട് മാറ്റിയും ജീവനും ജീവിതവും രക്ഷിക്കാൻ മടിയില്ല. പുറത്തിറങ്ങിയാൽ പറയും 'ഇതൊക്കെ എന്ത്, ഗണപതിയുടെ തലമാറ്റിയ പ്ലാസ്റ്റിക് സർജറിയല്ലേ ഇതിന്റെയെല്ലാം പിതാവ്' എന്ന്. വിമാനത്തിൽ ഉലകംചുറ്റി തിരിച്ചിറങ്ങുമ്പോൾ തോന്നും, ഹോ, പുഷ്പക വിമാനമേറിയ കുബേരൻ തന്നെയല്ലേ താൻ എന്ന്. ‘ഗവേഷണത്തിലും മറ്റും നമ്മൾ ഇപ്പോൾ പിന്നിലാണ്. എന്നാൽ, പുരാണങ്ങളിലും മറ്റും അത്ഭുതകരമായ കണ്ടുപിടിത്തങ്ങളുണ്ടെന്ന് കാണാം. ഇതിനെക്കുറിച്ച് വിദ്യാർഥികൾ പഠിക്കണം' എന്നതാണ് പ്രമാണം. ആ കുഴിയിൽനിന്ന് ഒരു സ്വയംസേവകനും കരകയറാറില്ല. നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രിമുതൽ വത്സൻ തില്ലങ്കേരി എന്ന സാദാ സംഘിവരെ അക്കാര്യത്തിൽ തുല്യരാണ്. അതിൽനിന്ന് വേറിട്ട് നിൽക്കാൻ വജുഭായ് രുധ ഭായ് വാല എന്ന ഗുജറാത്തി താരത്തിന് ഒരവകാശവുമില്ല.
എരുമപ്പാൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. കറിയുപ്പിന്റെ ഉൽപ്പാദനവും അവിടെത്തന്നെ. അതേസമയം, ഗോമാതാവിന്റെയും ചാണകത്തിന്റെയും മഹത്വത്തെക്കുറിച്ച് പഠിക്കുകയും പോരാടുകയും ചെയ്യുന്ന മഹാരഥന്മാരും ഗുജറാത്തിലാണ്. നരേന്ദ്ര മോഡി, അമിത് ഷാ തുടങ്ങിയവയാണ് ആ പോരാളിപ്പട്ടികയിലെ പേരുകൾ. അതിൽ തിളങ്ങിനിൽക്കുന്ന ഒരു പേര് വജുഭായ് വാലയുടേതാണ്.
സുപ്രീംകോടതി, ഭരണഘടന, ജനാധിപത്യം, മര്യാദ എന്നുള്ളതെല്ലാം കപട മതേതരവാദികളുടെ ഉഡായിപ്പുകളാണെന്ന് സംഘ പ്രചാരകരും സ്വയംസേവകരും കരുതുന്നുണ്ട്. അവർക്ക് വേദവാക്യം ശാഖയിൽ കാര്യകർത്താക്കൾ ഉരുവിടുന്ന പ്രമാണങ്ങളാണ്. പാതിരാത്രിയിൽ, ഇതാണ് മധ്യാഹ്നം എന്ന് കാര്യകർത്താവ് പറഞ്ഞാൽ, ഓം കാളി വിളിച്ച് സ്വയംസേവകർ അത് ഏറ്റുപറയും. അങ്ങനെ ശീലിച്ച് വളർന്ന് ഉയർന്നുവന്ന പ്രചാരകനാണ് വജുഭായ് വാല. ശരിക്കും സംഘിയായിരുന്നു. മോഡിയേക്കാൾ മൂപ്പുണ്ട്. മോഡിയോടൊപ്പം പ്രചാരകനായിരുന്നു. മോഡിക്ക് പ്രിയപ്പെട്ടവനായതുകൊണ്ട് ആനന്ദി ബെൻ പട്ടേലിനെ മാറ്റി ഗുജറാത്തിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് അവസാന നിമിഷവും പരിഗണിക്കപ്പെട്ട അർപ്പിത സംഘപ്രവർത്തകനാണ്. അങ്ങനെയുള്ള ഒരാളെ കർണാടക ഗവർണർ ആക്കുമ്പോൾ മോഡി ഇതൊക്കെ മുന്നിൽ കണ്ടിരുന്നു.
വജുഭായ് രുധഭായ് വാല എടുത്ത സംഘി തീരുമാനമാണ് കർണാടകത്തെ സുപ്രീംകോടതിയിലെത്തിച്ചത്. നിയമസഭയിൽ ജെഡിഎസുമായി സഖ്യമുണ്ടാക്കി സർക്കാർ രൂപീകരണത്തിന് തീരുമാനിച്ച കോൺഗ്രസിന്റെ നേതൃസംഘത്തെ കാണാൻ വിസമ്മതിച്ച ഗവർണർ, ഓടിക്കയറി എത്തിയ യെദ്യൂരപ്പയെ സ്വീകരിച്ചിരുത്തിയത് ആദ്യത്തെ വിവാദം.
ആർഎസ്എസിലൂടെ രാഷ്ട്രീയത്തിലെത്തിയ വജുഭായ് നരേന്ദ്ര മോഡിയുടെ വിശ്വസ്ത അനുയായിയും ആജ്ഞാനുവർത്തിയും ആണെന്നത് രഹസ്യമല്ല. 1971ൽ ജനസംഘത്തിൽ ചേർന്ന അദ്ദേഹം മോഡി മുഖ്യമന്ത്രിയായിരുന്നപ്പോൾ ഗുജറാത്തിൽ മന്ത്രിയായും ഒടുവിൽ സ്പീക്കറായും പ്രവർത്തിച്ചയാളാണ്. 1998 മുതൽ 2012 വരെ ഗുജറാത്തിൽ മന്ത്രിയായിരുന്ന കാലയളവിൽ ധനകാര്യം, തൊഴിൽ തുടങ്ങി വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 18 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. നിയമബിരുദധാരിയായ വാല 1983ൽ രാജ്കോട്ട് സിറ്റി മേയറായിരുന്നു. 2012 ഡിസംബർമുതൽ 2014 ആഗസ്തുവരെ ഗുജറാത്ത് നിയമസഭാ സ്പീക്കറായിരുന്നു. 1985ലാണ് ആദ്യമായി രാജ്കോട്ട് മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് എത്തുന്നത്. 2014 സെപ്തംബറിലാണ് കർണാടക ഗവർണറായി സ്ഥാനമേറ്റത്.
വജുഭായ് വാലയ്ക്ക് എഴുതപ്പെട്ട ഭരണഘടനയെക്കുറിച്ച് അറിയില്ല. ആർഎസ്എസിന് അങ്ങനെയൊന്നില്ല. അതുകൊണ്ട്, രാജ്യത്തിന്റെ ഭരണഘടനയ്ക്ക് നിയമബിരുദം നേടാൻ പരീക്ഷയെഴുതുമ്പോൾ ഉള്ള ഒരു വിഷയം എന്നതിൽ കവിഞ്ഞ ഒരു പ്രാധാന്യവും മറ്റേതു സംഘിയെയുംപോലെ ഈ വാലയുടെ മനസ്സിലും ഇല്ല. അത് മനസ്സിലാക്കാതെയാണ്, കർണാടക രാജ്ഭവനിൽനിന്ന് വെളുത്ത പുക ഉയരും എന്ന് കോൺഗ്രസ് വെറുതെ പ്രതീക്ഷിച്ചത്.
കേശുഭായ് പട്ടേലിനെ മാറ്റി നരേന്ദ്ര മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായി എത്തുമ്പോൾ സ്വന്തം മണ്ഡലം ഒഴിഞ്ഞുകൊടുത്ത വജുഭായ്ക്ക് ഏത് കച്ചവടവും വഴങ്ങും എന്നും അതിനാണ് ബംഗളൂരുവിലേക്ക് വണ്ടി കയറ്റിവിട്ടതെന്നും മനസ്സിലാകാതെ മോഹങ്ങൾക്ക് ചിറകുപിടിപ്പിച്ച കോൺഗ്രസുകാരാണ് മണ്ടന്മാരായത്. 21 സീറ്റുള്ള ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസ് കാഴ്ചക്കാരായി നോക്കിനിൽക്കെയാണ് മേഘാലയയിലെ രണ്ട് എംഎൽഎമാർ മാത്രമുള്ള ബിജെപി കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിന്റെ കാർമികത്വത്തിൽ ചെറുകക്ഷികളുമായി കച്ചവടമുറപ്പിച്ചത്. ഗോവയിലും മണിപ്പുരിലും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ മറികടന്ന് ജനാധിപത്യവിരുദ്ധ നീക്കത്തിലൂടെ ബിജെപി സർക്കാരുണ്ടാക്കിയതും പിന്നെ ഗോവക്കാര്യത്തിൽ വന്ന കോടതി വിധിയുമൊന്നും ആർഎസ്എസുകാരന്റെ പരിഗണനയിൽ വരില്ല. അടിച്ചും തുടച്ചും വാരിപ്പിടിച്ചും അധികാരത്തിലെത്തുക എന്ന ലക്ഷ്യത്തോടെ നിൽക്കുന്ന പാർടിയുടെ സംരക്ഷണത്തിനാണ് ഭരണഘടനാസ്ഥാപനങ്ങൾ സ്വയംസേവകരെക്കൊണ്ട് നിറയ്ക്കുന്നത് എന്ന് വിവേകമുള്ളവർ പറഞ്ഞപ്പോൾ കോൺഗ്രസ് ആ ഭാഗത്തേക്ക് നോക്കിയിട്ടുപോലുമില്ല.
ഇപ്പോൾ സുപ്രീംകോടതിക്കുപോലും വജുഭായിയെ ന്യായീകരിക്കാൻ കഴിയുന്നില്ല, യെദ്യൂരപ്പയ്ക്ക് കൊടുത്ത സമയത്തിലും എഴുതിവാങ്ങിയ കത്തിലും കോടതിക്ക് സംശയം. ഗവർണറുടെ തീരുമാനത്തിലെ ശരിതെറ്റുകൾ അടുത്ത തവണ വാദം കേൾക്കുമ്പോൾ പരിശോധിക്കുമെന്നും കോടതിക്ക് പറയേണ്ടിവന്നു. ഒരു വജുഭായ് വാലയെ പറഞ്ഞിട്ട് കാര്യമില്ല. സംഘികൾ വസിക്കുന്ന കുഴിയിലെ അന്ധകാരമാണ് പ്രശ്നം. അങ്ങോട്ട് വെളിച്ചംവീണില്ലെങ്കിൽ നാളെ രാഷ്ട്രപതിഭവനിൽനിന്നും ഇതര രാജ്ഭവനുകളിൽനിന്നും ഇതുപോലുള്ള തീർപ്പുവരും. എല്ലായിടത്തും വജുഭായ് വാലമാരുണ്ട്.