ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥിതി മെച്ചപ്പെടുത്തിയത് താനാണെന്ന് പട്ടേൽ സമരനായകൻ ഹാർദിക് പറഞ്ഞിട്ടുണ്ട്. അത് അങ്ങനെതന്നെ വേണം. 131 വയസ്സ് എന്നത് വല്ലാത്ത പ്രായമാണ്. എഴുന്നേറ്റുനിൽക്കാൻ കോൺഗ്രസിന് ഊന്നുവടി വേണ്ട പ്രായം. ആ സമയത്ത് ഇന്നലെ പെയ്ത മഴയിൽ മുളച്ച് വളർന്നുവലുതായ ഹാർദിക് താങ്ങുനൽകിയത് വലിയ കാര്യംതന്നെ.
ഹാർദിക് പട്ടേൽ എന്ന പേര് കേട്ടുതുടങ്ങിയിട്ട് നാളേറെയായില്ല. ഉയർന്നുവന്നത് നല്ല കാര്യം പറഞ്ഞാണ്. മുന്നാക്കത്തിൽ മുന്നാക്കം നിൽക്കുന്ന സമുദായത്തിന് സംവരണം വേണം എന്നായിരുന്നു ആവശ്യം. പട്ടേൽ തട്ടകം ബിജെപിയുടെ സ്വന്തമായിരുന്നു. അത് പരിപോഷിപ്പിക്കാൻ ഉരുക്കുപോലത്തെ വല്ലഭായി പട്ടേലിനെത്തന്നെ നരേന്ദ്ര മോഡി കൈവശപ്പെടുത്തി. പട്ടേലിന് ഉരുക്കുപ്രതിമ പണിയാനുള്ള ആക്രിശേഖരണം ആയിരുന്നു ലോക്‌സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുഖ്യആയുധം. ഫിക്‌സഡ് ഡിപ്പോസിറ്റ് ആയിരുന്ന പട്ടേൽ വോട്ടിന്റെ പൂട്ട് പൊട്ടിച്ചത് ഹാർദിക് ആണ്. സംവരണ മുദ്രാവാക്യം ഉയർത്തി ഹാർദിക് വന്നപ്പോൾ ആദ്യം അവഗണിച്ചു. ശല്യമായി തോന്നിയപ്പോൾ മെരുക്കാൻ ശ്രമിച്ചു. അതും നടക്കാതെവന്നപ്പോൾ തള്ളിക്കളഞ്ഞു. പരിഷ്‌കാര, പുരസ്‌കാര, തിരസ്‌കാര സിദ്ധാന്തത്തിന്റെ പ്രയോഗമായിരുന്നു. സംവരണവിഷയത്തിൽ സർക്കാരിനെതിരായ സമരത്തിൽനിന്ന് പിന്മാറാൻ ബിജെപി 1200 കോടി വാഗ്ദാനംചെയ്‌തെന്ന് പരസ്യമായി പറയുകയും തന്റെ തട്ടകത്തിൽനിന്ന് ബിജെപി വിലയ്‌ക്കെടുക്കുന്നവരെ തടഞ്ഞുനിർത്തുകയും ചെയ്ത് താൻ ഒരു ശല്യക്കാരനാണെന്ന് ഹാർദിക് ആദ്യം തെളിയിച്ചു. പട്ടേൽശല്യം ഉണ്ടായാലും ഗുജറാത്ത് തെരഞ്ഞെടുപ്പിൽ 150 സീറ്റ് നേടുമെന്നാണ് ബിജെപി പ്രഖ്യാപിച്ചത്. ബിജെപിയുടെ അഹങ്കാരം കുറയ്ക്കാനായതിൽ സന്തോഷമുണ്ടെന്ന് ഹാർദിക് ഇപ്പോൾ പറയുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ വിശ്രമമില്ലെന്നാണ് പ്രഖ്യാപനം. രണ്ടുകൂട്ടരെയും ഒരുപോലെ മുൾമുനയിൽ നിർത്താൻ കഴിയുന്നതിൽ ഹാർദിക്കിന് അഹങ്കരിക്കാം. 25 വർഷമായി ഗുജറാത്തിൽ തീർത്തും ദുർബലമായ കോൺഗ്രസിനെ തന്റെ പ്രയത്‌നംകൊണ്ട് ശാക്തീകരിക്കാനായതിൽ സന്തോഷമുണ്ട് എന്നാണ് പ്രഖ്യാപനം. രാഹുൽ പ്രഭാവവും ബിജെപി വിരുദ്ധ വികാരവും അല്ല, പട്ടേൽ പ്രഭാവമാണ് ഗുജറാത്തിൽ കണ്ടതെന്ന് വ്യംഗ്യം.
സമൂഹത്തിന്റെ വികാരം അനുസരിച്ച് പ്രതികരിക്കാൻ അറിയാം എന്നതാണ് രാഹുലിൽനിന്ന് ഹാർദിക്കിനുള്ള വ്യത്യാസം. രാഹുൽ ആരോ എഴുതിക്കൊടുത്തത് പറയുന്നു. ഹാർദിക് സ്വന്തം വാക്കുകൾ പറയുന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കാട്ടിയ തിരിമറിയിലൂടെ ബിജെപി പത്തുമുതൽ 12 സീറ്റ് വരെ നേടിയിട്ടുണ്ട് എന്നാണ് ഹാർദിക്കിന്റെ പ്രതികരണം. സൂറത്ത്, രാജ്‌കോട്ട് മേഖലകളിൽ വ്യാപകമായി തിരിമറിയും നടക്കുന്നതായി വോട്ടെണ്ണലിനുമുമ്പ് പറഞ്ഞിരുന്നു. ജനവിധിയെക്കുറിച്ച് അത്രയ്ക്ക് ആത്മവിശ്വാസമുണ്ടെങ്കിൽ വോട്ടിങ് യന്ത്രത്തിനൊപ്പമുള്ള രസീത് എണ്ണാനാണ് ഹാർദിക് ബിജെപിയെ വെല്ലുവിളിച്ചത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ എല്ലാ പാർടികളും സമ്മർദം ചെലുത്തണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്. എന്തായാലും ഈ വെല്ലുവിളി ജനങ്ങളിൽ വലിയൊരുഭാഗത്തിന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ട്: ബിജെ പിയെ ഉലച്ചിട്ടും ഉണ്ട്.
അതിസുരക്ഷയുള്ള എടിഎം യന്ത്രങ്ങൾ ഹാക്കിങ്ങിലൂടെ തകർക്കാമെങ്കിൽ വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് നടത്താൻ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. അങ്ങനെ വോട്ടിങ് യന്ത്രത്തിൽ തിരിമറി കാട്ടി തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപിയെ അഭിനന്ദിക്കുകയാണ് എന്ന ഹാർദിക്കിന്റെ വാക്കുകൾക്ക് രാഹുലിന്റെ പ്രതികരണത്തേക്കാൾ വലിയ പ്രചാരമാണ് കിട്ടിയത്. ഹാർദിക് അപകടമാണെന്ന് തിരിച്ചറിയാൻ ബിജെപി വൈകിയിരുന്നു. കോൺഗ്രസ് അത് നേരത്തെ കണ്ടു. ആ പാർടിക്ക് നയം ഇല്ലാത്തതിനാൽ, ഏതു മുദ്രാവാക്യം മുഴക്കുന്നവരായാലും സ്വീകരിക്കും. രാഹുലിന്റെ വരവും ഹാർദിക്കിന്റെ സൗഹൃദവും ഒന്നിച്ച് വോട്ടാക്കി ഗുജറാത്തിൽ ബിജെപിയെ ഞെട്ടിക്കാൻ ശ്രമിച്ചതിന് കുറ്റം പറയാനുമാകില്ല. വല്ലഭന് പുല്ലും ആയുധം എന്നാണ്. ബിജെപി ഗുജറാത്തിൽ മോഡിയെ മഹാനാക്കാൻ ഏറ്റുമുട്ടൽ കൊല ശീലമാക്കിയ കക്ഷിയാണ്. ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹാർദിക്കിനോട് രൂപസാദൃശ്യമുള്ളയാളുടെ ലൈംഗിക സിഡിയാണ് പുറത്തുവന്നത്. അതിനുപിന്നിൽ ബിജെപി ആണെന്ന് ഹാർദിക് തുറന്നടിച്ചിരുന്നു. ബിജെപിക്ക് തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കാനല്ല, ലൈംഗിക സിഡി ഇറക്കാനാണ് നേരം എന്നാണ് അന്ന് ഹാർദിക് പറഞ്ഞത്.
ഇന്നലെവരെ ഗുജറാത്തിൽ മോഡിക്കെതിരെ ഉറച്ച ശബ്ദം ഉയർന്നിരുന്നില്ല. അഥവാ ശബ്ദം ഉയർത്തുന്നവരെ തേടി അമിത്ഷായുടെ ഭൂതഗണം ചെന്നിരുന്നു. ഇന്ന്, ഗുജറാത്ത് മോഡലിൽ നിന്നും ബിജെപിയിൽനിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച് പട്ടീദാർ അനാമത് ആന്ദോളൻ സമിതിയുടെ തലവനായി ഹാർദിക് പട്ടേൽ നിൽക്കുകയാണ്. ‘ഗുജറാത്തിലെ ഇത്രയും കാലത്തെ വികസനത്തിന്റെ സിഡി ആണ് ജനങ്ങൾ കാണാൻ ആഗ്രഹിക്കുന്നത്. അല്ലാതെ ഒരു യുവാവിന്റെ സെക്‌സ് ടേപ് അല്ല. വികസന മാതൃകയായി ഉയർത്തിക്കാട്ടിയ തിളങ്ങുന്ന ഗുജറാത്ത് എവിടെ എന്ന് ഹാർദിക് പറയുമ്പോൾ മറുപടി പറയാൻ അമിത് ഷായുടെ നാവിന് കരുത്തില്ല. ആസാദി എന്നാൽ ബിജെപിയിൽനിന്നുള്ള ആസാദിയാണ്. ഗുജറാത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് പട്ടിണിയിൽനിന്നും തൊഴിലില്ലായ്മയിൽനിന്നുമാണ്. ഗുജറാത്ത് സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത് ഗുജറാത്ത് മോഡലിൽ നിന്നാണ് ഇതാണ് ഹാർദിക്കിന്റെ മൂർച്ച. അതിന് പട്ടേൽ വിഭാഗത്തിലെ യുവാക്കളുടെ പിന്തുണയുണ്ട്.
നരേന്ദ്ര മോഡി തെരുവുയോഗങ്ങളിൽ പ്രസംഗിച്ചുതളർന്നിട്ടും ഗുജറാത്തിലെ ബിജെപി വിജയം മോഡറേഷനോടെയാണ്. അത് സംഭവിച്ചതിനുപിന്നിൽ ഹാർദിക്കിന്റെ സാന്നിധ്യം ഉണ്ട്. അത് അവഗണിക്കാനാകാത്തതാണ്. അവിടെയാണ് ഹാർദിക്കിന്റെ പ്രസക്തി. അത് രാഷ്ട്രീയമായി ഗുണപ്പെടുത്താൻ കോൺഗ്രസിന് കഴിയാത്തതാണ് ദുഃഖകരമായ വസ്തുത. രാഹുൽ ഹാർദിക്കിന്റെ പിന്നാലെയാണ്. പിന്തുണ മതി രാഷ്ട്രീയം വേണ്ട. എക്കാലവും കോൺഗ്രസിന്റെ ഗതി അതുതന്നെ.