21 December Saturday

'മറക്കാനാവാത്ത ഒരു ഹൃദയവികാരം'; ലോകകപ്പ് ഫുട്‌ബോളിന്റെ പ്രഥമ ഫൈനല്‍ ഓര്‍മകള്‍

എ എന്‍ രവീന്ദ്രദാസ് Thursday Mar 1, 2018

എതിരാളികളെ ഒന്നൊന്നായി വെട്ടിച്ച് പാബ്ലോ വെടിച്ചില്ലുപോലെ മുന്നേറി. പാദങ്ങളുടെ ദ്രുതചലനം. അളന്നുമുറിച്ചതു പോലൊരു ഷോട്ട്. അർജന്റീനയുടെ ഗോളി കണ്ണുചിമ്മിതുറക്കുംമുമ്പേ പന്ത്വലയിൽ. മോൺടിവിഡിയോയിലെ സെന്റിനേറിയോ സ്റ്റേഡിയത്തിൽ കാണികൾ ഇളകിമറിയുന്നു. ഉറുഗ്വേയ്ക്കാരുടെ നിലയ്ക്കാത്ത കൈയ്യടി. ലോകകപ്പ് ഫുട്ബോളിന്റെ പ്രഥമ ഫൈനലിൽ കന്നിഗോൾ പിറന്ന മനോഹര മുഹൂർത്തം.

അധികം വൈകാതെ ഉറുേഗ്വയ്യുടെ ആ ഗോളിന് കാർലോസ് പ്യൂസലിയിലൂടെ അർജന്റീന മറുപടി നൽകി. എന്നാൽ രണ്ടാം പകുതിയിൽ സിയയും ഇറിയാത്രയും കാസ്ട്രോയും ഓരോ ഗോൾ വീതം കുറിച്ചപ്പോൾ അർജന്റീനയുടെ പരാജയം പൂർണമായി. ഈ നാലു കളിക്കാരുടെ കൈപിടിച്ച് ഉറുേഗ്വയ് എന്ന ലാറ്റിനമേരിക്കയിലെ ചെറുരാജ്യം ലോകകപ്പ് ഫുട്ബോളിന്റെ ചരിത്രത്തിൽ കടന്നുകയറി.

ഉറുേഗ്വയ് ആതിഥ്യമരുളിയ പ്രഥമ ലോകകപ്പിന്റെ കിക്കോഫ് ജൂലൈ 13ന് ആയിരുന്നു. 1930ൽ. ഇന്ന് ജനപ്രീതിയിൽ ഒളിമ്പിക്സിനെപ്പോലും പിന്നിലാക്കുന്ന ഫുട്ബോൾ രാജ്യാന്തര മേളയ്ക്ക്  ഈ വരുന്ന ജൂലൈ 13ന്, അതായത് റഷ്യൻ ലോകകപ്പ് ഫൈനലിന്റെ രണ്ടുനാൾ മുമ്പ് 90 വയസ് തികയും.

ഫുട്ബോളിലെ പ്രൊഫഷണലുകൾക്ക് ഒരു ലോകമേള എന്ന ആശയത്തിന് രാജ്യാന്തര ഫുട്ബോളിലെ പരമാധികാര നിയന്ത്രണസമിതിയായ ഫിഫയോളം പഴക്കമുണ്ട്. ഫുട്ബോളിൽ ലോക ചാമ്പ്യൻഷിപ്പ് നടത്തണമെന്ന നിർദേശം ആദ്യമായി കേട്ടത് 1905 ലാണെങ്കിലും പിന്നെ പൊങ്ങിവന്നത് 1914ൽ ആണ്. എന്നാൽ ഒന്നാം ലോക മഹായുദ്ധം പ്രതീക്ഷകളെല്ലാം തെറ്റിച്ചു. അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷന്റെ മൂന്നാമത്തെ പ്രസിഡണ്ടായ ഫ്രഞ്ചുകാരൻ യൂൾറിമെയുടെതായിരുന്നു ഇന്ന് ലോകമെങ്ങും ഫുട്ബോൾ പ്രണയിനികളെ ആവേശത്തിമർപ്പിൽ ആറാടിക്കുന്ന ലോകകപ്പിന്റെ ആശയം. അന്നത്തെ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹെൻറിഡിലോനി പിന്തുണയ്ക്കുകയും ചെയ്തു.

1928 മെയ് 26ന് ആംസ്റ്റർഡാമിൽ ചേർന്ന ഫിഫ യോഗം 1930ൽ പ്രഥമ ലോകകപ്പ് നടത്താൻ തീരുമാനിച്ചു. വിജയികൾക്ക് അന്നത്തെ ഫിഫ അധ്യക്ഷനായ യൂൾറിമെയുടെ പേരിൽ കപ്പ് സമ്മാനിക്കാൻ ഫ്രാൻസ് തയ്യാറായി. ആദ്യ ലോകകപ്പ് വേദിക്കായി ഇറ്റലിയും ഹോളണ്ടുമടക്കം ആറ് രാജ്യങ്ങൾ രംഗത്തുവന്നെങ്കിലും നറുക്ക് വീണത് ഉറുേഗ്വയ്ക്കായിരുന്നു. 1930ൽ ഉറുഗ്വേയ് തങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നൂറാംവാർഷികം ആഘോഷിക്കുകയായിരുന്നു. അതുപോല 1924, 28 വർഷങ്ങളിലെ ഒളിമ്പിക് ചാമ്പ്യൻമാരും അവരായിരുന്നു. ഇതു കൂടാതെ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ചെലവും ലാഭവീതവുമല്ലൊം നൽകാൻ സമ്മതിച്ചതും ആദ്യ ലോകകപ്പിന്റെ ആതിഥേയരായി ഉറുേഗ്വയ്യെ തെരഞ്ഞെടുക്കാൻ സംഘാടകരായ ഫിഫയെ പ്രേരിപ്പിച്ചു.

160 ലക്ഷം ഡോളർ ചെലവിൽ യുറഗ്വായ് ലക്ഷംപേർക്ക് ഇരിപ്പിടമുള്ള സ്റ്റേഡിയം മോൺടിവിഡിയോയിൽ നിർമിച്ചു. എന്നാൽ ആദ്യലോകകപ്പിന് പന്തുരളാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ പല ടീമുകളും പിൻമാറുകയുണ്ടായി. ഒടുവിൽ 16നു പകരം 13 ടീമുകളുമായി ലോകകപ്പ് നടന്നു.

ഉദ്‌ഘാടന മത്സരത്തിൽ മെക്സിക്കോയും ഫ്രാൻസും ഏറ്റുമുട്ടി. ഫ്രാൻസിന്റെ ലൂസിയൻ ലോറങ് നേടിയ ലോകകപ്പിലെ ആദ്യഗോൾ ചരിത്രപ്പിറവിയായി. ഫ്രാൻസ് 4,1ന് ജയിച്ചു. സെമിയിൽ ഉറുേഗ്വയ് യുഗോസ്ലാവ്യയെയും അർജന്റീന അമേരിക്കയെയും തട്ടി മാറ്റിയത് തുല്യസ്കോറിനായി(6,0)നായിരുന്നു. ഒടുവിൽ അർജന്റീനയെ രണ്ടിനെതിരെ നാലു ഗോളിനു കീഴടക്കിയ  ഉറുഗ്വേയ്യുടെ നായകൻ നസിസി യൂൾറിമെയുടെ കൈയിൽ നിന്ന് ലോകകപ്പ് ഏറ്റുവാങ്ങി. "മുമ്പൊരിക്കലും ഇത്ര വൈകാരികമായ പിരിമുറുക്കവും തീവ്രതയും ആവേശവും  വീണ്ടും കാണണമെന്ന മോഹവും ഉദിപ്പിച്ച ഒരു മത്സരവും (ചിത്രത്തിൽ ഉറുഗ്വേയ്‌ വിജയ  ആവേശം) ഞാൻ ആസ്വദിച്ചിട്ടില്ല. അതിനുപിമ്പും'' ഫൈനലിനെക്കുറിച്ച് യൂൾറിമെ പിൽക്കാലത്ത് തന്റെ ജീവിതകഥയിൽ ഇങ്ങനെ എഴുതി. പ്രഥമലോകകപ്പ് നൽകിയ സന്ദേശവും അതുതന്നെയായിരുന്നു. മറക്കാനാവാത്ത ഹൃദയവികാരം....

 Top