21 November Thursday

സോര്‍ദ് മാറിനും ഇന്ത്യക്കും ഇനിയാണ് തെളിയിക്കേണ്ടത്

എ എന്‍ രവീന്ദ്രദാസ് Thursday Nov 2, 2017

ഒരുദശകത്തിനുള്ളില്‍ ഇന്ത്യന്‍ ഹോക്കി വെട്ടിപ്പിടിച്ച തിളക്കമാര്‍ന്ന വിജയം. കഴിഞ്ഞമാസം നാലാം ഞായറാഴ്ച മന്‍പ്രീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ ടീം മേഖലാശക്തികളായ മലേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളിനു തോല്‍പ്പിച്ച് നേടിയ ഏഷ്യാകപ്പ് വിജയം ഡച്ചുകാരന്‍ സോര്‍ദ് മാരിന്റെ കീഴില്‍ ഇന്ത്യന്‍ ഹോക്കിയിലെ പുതുപ്പിറവിയായി വിശേഷിപ്പിക്കപ്പെടുന്നു.

വനിതാ ഹോക്കി ടീം പരിശീലകനായിരുന്ന സോര്‍ദ് മാരിനെ പുരുഷടീമിന്റെ മുഖ്യപരിശീലകനായി സെപ്തംബര്‍ ആദ്യവാരത്തില്‍ നിയമിക്കുമ്പോള്‍ നെറ്റിചുളിക്കാത്തവര്‍ ഉണ്ടായില്ല. പുരുഷടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഡച്ചുകാരന്‍തന്നെയായ റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുറത്താക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടയിലായിരുന്നു സോര്‍ദ് മാരിന്റെ രംഗപ്രവേശം. അതേസമയം 2016ല്‍ ജൂനിയര്‍ ലോകകപ്പ് നേടിയ പുരുഷടീമിന്റെ പരിശീലകനായ ഹരേന്ദ്രസിങ്ങിനെ സീനിയര്‍ ടീമിന്റെ ചുമതല ഏല്‍പ്പിക്കുമെന്ന അഭ്യൂഹവും ഉണ്ടായിരുന്നു. ഹോക്കി ഇന്ത്യ അതിന് തയ്യാറായില്ലെന്നു മാത്രമല്ല, സീനിയര്‍ പുരുഷടീമിന്റെ കോച്ചായി മുന്‍പരിചയമില്ലാത്ത മാരിന് കടിഞ്ഞാണ്‍ നല്‍കിയതിനൊപ്പം ഹരേന്ദ്രസിങ്ങിനെ വനിതാ ടീമിന്റെ ഹൈ പെര്‍ഫോര്‍മെന്‍സ് ഡയറക്ടറാക്കി അവരോധിക്കുകയുമാണ് ചെയ്തത്.

കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളും ലോകകപ്പും നടക്കാനിരിക്കെ സോര്‍ദ് മാരിന്റെ നിയമനം പുരുഷ ഹോക്കിടീമിന് തിരിച്ചടിയാകുമെന്ന ആക്ഷേപം ശക്തമായിരുന്നെങ്കിലും കഷ്ടിച്ച് ഒന്നരമാസത്തിനുള്ളില്‍ അവയ്ക്കെല്ലാം മറുപടി നല്‍കി അദ്ദേഹം ഇന്ത്യന്‍ ഹോക്കിയെ ഒരുദശകമായി കിട്ടാക്കനിയായ കിരീടത്തിലേക്കും ഒപ്പം നവനിര്‍മിതിയിലേക്കും എത്തിച്ചിരിക്കുന്നു. 10 വര്‍ഷംമുമ്പ് ചെന്നൈയിലായിരുന്നു ഇന്ത്യ അവസാനമായി വന്‍കര ചാമ്പ്യന്‍ഷിപ്പില്‍ കിരീടം ഉയര്‍ത്തിയത്. ഇത്തവണ ധാക്കയില്‍ സാമനശൈലിയും സമാനരീതികളും മാറ്റുരച്ച ഫൈനലില്‍ മലേഷ്യയെ തോല്‍പ്പിച്ചതിനെക്കാള്‍ മാറ്റുകൂട്ടുന്നതാണ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ്ഘട്ടത്തിലും സൂപ്പര്‍ നാലിലുമായി രണ്ടുവട്ടം ചിരവൈരികളായ പാകിസ്ഥാനുമേല്‍ നേടിയ 31, 40 വിജയങ്ങള്‍. ഒരുവര്‍ഷത്തിലേറെയായി ഇന്ത്യന്‍ ഹോക്കി കൈവരിക്കുന്ന പുരോഗതിയുടെയും പ്രതീക്ഷാഭരിതമായ പ്രകടനങ്ങളുടെയും തുടര്‍ച്ചയാണ് ഈ ഏഷ്യാകപ്പ് നേട്ടമെന്നു കാണണം. 2016 ഏപ്രിലില്‍ മലേഷ്യയില്‍ അസ്ളാംഷാ കപ്പ് ഹോക്കിയിലെ വെള്ളിമെഡലിലായിരുന്നു തുടക്കം. ലണ്ടനിലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ വെള്ളിയും മലേഷ്യയിലെ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ സ്വര്‍ണവും പിന്നാലെ എത്തിയെങ്കിലും റിയോ ഒളിമ്പിക്സില്‍ എട്ടാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത് തിരിച്ചടിയായി. ഈ വര്‍ഷം അസ്ളാംഷാ കപ്പില്‍ മൂന്നാമതായ ഇന്ത്യന്‍ ടീമിന് ലോക ഹോക്കി ലീഗില്‍ ആറാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളു. ലോകനിലവാരത്തിലെത്തുമ്പോള്‍ ഇന്ത്യ പലപ്പോഴും കളി മറക്കുന്നുവെന്ന തഴക്കദോഷത്തില്‍നിന്ന് ഇനിയും കരകയറിയിട്ടില്ല.
ഈ വിജയം ഇന്ത്യക്ക് അത്യാവശ്യമായിരുന്നു. ലോക ഹോക്കിലീഗ് സെമിഫൈനല്‍സില്‍ നമ്മുടെ പ്രകടനം മികച്ചതായിരുന്നില്ല. എന്നാല്‍ അടുത്ത ടൂര്‍ണമെന്റില്‍ തങ്ങളുടെ ഏറ്റവും നല്ല പ്രകടനത്തിനായി ദാഹിച്ച ടീമിന്റെ കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവുമാണ് ധാക്കയിലെ ഏഷ്യാകപ്പ് വിജയത്തില്‍ പ്രതിഫലിച്ചതെന്ന് ജലന്തര്‍കാരനായ നായകന്‍ മാന്‍പ്രീത് സിങ് പറയുന്നു.

ശരിയാണ്; അടുത്തവര്‍ഷം ഇന്ത്യ ആതിഥ്യമരുളുന്ന ലോകകപ്പിന് തയ്യാറെടുത്ത ടീമിന് ഉത്തേജകമാകുന്ന നിര്‍ണായക കാല്‍വയ്പാണ് ഏഷ്യാകപ്പ് നേട്ടമെന്ന കാര്യത്തില്‍ സംശയമില്ല. ഈവര്‍ഷമാദ്യം മറ്റ് രണ്ട് ടൂര്‍ണമെന്റുകളിലായി രണ്ടുവട്ടം തങ്ങളെ തോല്‍പ്പിച്ച മലേഷ്യക്കെതിരെ നേടിയ ഫൈനലിലെ വിജയം ഇന്ത്യക്ക് മധുരതരവുമാണ്.
സോര്‍ദ് മാരിന്റെ കീഴില്‍ ഇന്ത്യന്‍ കളിക്കാര്‍ കൈവരിച്ച വലിയ കാര്യം, ഏത് വമ്പനെയും നേരിടാന്‍ തങ്ങള്‍ക്കാകുമെന്ന ആത്മവിശ്വാസം ആര്‍ജിക്കന്‍കഴിഞ്ഞുവെന്നതാണ്. എന്നാല്‍ സ്വന്തം കഴിവിലുള്ള വിശ്വാസവും ടീമിന് കൈവന്ന കെട്ടുറപ്പും പോരാട്ടവീര്യവുമൊക്കെ ഇനി പരീക്ഷിക്കപ്പെടുക ഭുവനേശ്വറില്‍ ഈ ഡിസംബറില്‍ നടക്കുന്ന ലോക ഹോക്കിയിലെ മുന്‍നിരശക്തികളുടെ അരങ്ങായ ലോക ഹോക്കി ലീഗ് ഫൈനല്‍സാണ്. ഏഷ്യാ വന്‍കരയില്‍ ഹോക്കിയുടെ ശക്തിക്ഷയം സംഭവിക്കുകയും നിലവാരം ഇടിയുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ലോക ആറാം നമ്പര്‍ ടീമായ ഇന്ത്യ ഏഷ്യാകപ്പ് നേടിയില്ലെങ്കില്‍ അത് ഇന്ത്യന്‍ ഹോക്കിയെ വല്ലാതെ പരുങ്ങലിലാക്കുമായിരുന്നു. ലോക ഹോക്കിയിലെ ആദ്യ 10 ടീമുകളില്‍ സ്ഥാനമുള്ള ഏക ഏഷ്യന്‍ശക്തിയും ഇന്ന് ഇന്ത്യയാണ്.

എന്നാല്‍ സോര്‍ദ് മാരിനെന്ന പരിശീലകന്റെ കഴിവിലുള്ള വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ പര്യാപ്തമായ നേട്ടമായി ഈ ഏഷ്യാകപ്പ് വിജയത്തെ കാണേണ്ടതില്ല. ഡിസംബറിലെ ലോക ഹോക്കി ലീഗ് ഫൈനല്‍സിലാകും മാരിന്റെ തന്ത്രങ്ങളുടെ മാറ്റുരയ്ക്കപ്പെടുക. ആക്രമണാത്മകമായി മുന്നേറുകയും മനോഹരമായ ചില ഫീല്‍ഡ് ഗോളുകള്‍ നേടുകയും ചെയ്തെങ്കിലും തന്റെ ടീമിന് സ്ഥിരതയും ക്രമബദ്ധതയും കൈവരാനുണ്ടെന്നും പ്രതിരോധത്തിന് ദൌര്‍ബല്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജൂനിയര്‍ ലോകകപ്പ് ടീമിലെ ദിപ്ടണ്‍ ടിര്‍കെ, ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ് എന്നിവര്‍ സീനിയര്‍ ടീമിലും തിളങ്ങിയെന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നതാണെന്നും പുതിയ കളിക്കാര്‍ക്ക് ഇനിയും അവസരമുണ്ടാകുമെന്നും മാരിന്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ധാക്കയിലെ കിരീടനേട്ടം അടുത്ത 12 മാസത്തേക്ക് ടീമിനെ ഒരുക്കാനുള്ള അടിത്തറയും പ്രചോദനവുമായി മാറുമെങ്കില്‍ ഇന്ത്യക്ക് അടുത്തവര്‍ഷത്തെ ലോകകപ്പിലേക്ക് ഉറച്ച ചുവടുകള്‍ വയ്ക്കാം...
 

 Top