പുതിയ പരിശീലകന്‍, പുതുനിരയിലെ കളിക്കാരുള്‍പ്പെട്ട ടീം, പുതിയ നഗരവും. എന്നിട്ടും ലോക ഹോക്കി ലീഗ് ഫൈനല്‍സിന്റെ റായ്പുരില്‍ നടന്ന കഴിഞ്ഞ പതിപ്പിന്റെ ആവര്‍ത്തനംതന്നെയാണ് ഇക്കുറി ഭുവനേശ്വറിലും കണ്ടത്. ഗ്രൂപ്പ് ലീഗില്‍ ഒറ്റപ്പോയിന്റുമായി അവസാനസ്ഥാനത്ത്. ക്വാര്‍ട്ടര്‍ഫൈനലില്‍ ജയം. സെമിയില്‍ പുറത്താവുന്നു. മൂന്നാംസ്ഥാനത്തിനായുള്ള മത്സരത്തില്‍ ജര്‍മനിയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ച് വെങ്കലമെഡല്‍ നിലനിര്‍ത്തുന്നു. റായ്പുരില്‍ തോല്‍പ്പിച്ചതാകട്ടെ മറ്റൊരു യൂറോപ്യന്‍ ശക്തിയായ നെതര്‍ലന്‍ഡ്സിനെയായിരുന്നു.
സെമിഫൈനലില്‍ അര്‍ജന്റീനയോട് ഉജ്വലമായി പൊരുതിയ ഇന്ത്യ ഗോണ്‍സാലോ പെയ്ലറ്റിന്റെ പെനല്‍റ്റികോര്‍ണര്‍ ഗോളിലാണ് കീഴടങ്ങിയത്. അതേസമയം എല്ലാവരും തള്ളിക്കളഞ്ഞ ടീമിന്റെ തിരിച്ചുവരവാണ് ലൂസേഴ്സ് ഫൈനലില്‍ കണ്ടതെന്ന് അഭിമാനിക്കുമ്പോഴും കളിയുടെ ചില മേഖലകളിലെങ്കിലും നമുക്ക് ജര്‍മനിയോട് കിടപിടിക്കാനായില്ല എന്ന വസ്തുതയും മറന്നുകൂടാ. 33 വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ഹോക്കിക്ക് ലഭിച്ച ലോകതലത്തിലെ വിലപ്പെട്ട ആദ്യ നേട്ടമായിരുന്നു 2015ലെ വെങ്കലമെഡല്‍. ഈ മാസം 10ന് ഭുവനേശ്വറില്‍ മാന്‍പ്രീത്സിങ്ങിന്റെ നേതൃത്വത്തിലുള്ള ടീം അത് നിലനിര്‍ത്തിയെങ്കിലും റായ്പുരിലെ പ്രകടനവുമായി ഇതിനെ താരതമ്യപ്പെടുത്താനാവില്ല.
ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഹാനര്‍ ഉള്‍പ്പെടെ ഒന്നാം ഇലവനിലെ ഏഴ് പേര്‍ പനിക്കിടക്കയിലായപ്പോള്‍ ജര്‍മനിക്ക് കളത്തിലിറക്കാന്‍ കഷ്ടിച്ച് 11 കളിക്കാരെ ഉണ്ടായിരുന്നുള്ളു. എന്നിട്ടും വിഭവശേഷിയിലെ ആധിപത്യം ഇന്ത്യയുടെ പ്രകടനത്തില്‍ പ്രതിഫലിച്ചില്ലെന്നതിന്റെ ദൃഷ്ടാന്തമാണ് മര്‍മപ്രധാന ആയുധമായ പെനല്‍റ്റി കോര്‍ണറുകളില്‍ ജര്‍മനി നേടിയ മുന്‍തൂക്കം. പ്രത്യാക്രമണത്തിലും പ്രതിരോധ സന്നദ്ധതയിലും തങ്ങള്‍ പിന്നിലല്ലെന്നു തെളിയിച്ച ജര്‍മനി ഏഴ് പെനല്‍റ്റി കോര്‍ണറുകള്‍ സമ്പാദിച്ചപ്പോള്‍ ഇന്ത്യയുടേത് നാലില്‍ ഒതുങ്ങി. നല്ല കളിയെ എന്നും കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുന്ന ഭുവനേശ്വറിലെ കാണികളുടെ ഹൃദയം കവര്‍ന്നാണ് ജര്‍മനി മടങ്ങിയത്. ഇന്ത്യന്‍ ക്യാമ്പിലും തിളക്കംകുറഞ്ഞ ഈ വിജയം ആഘോഷിച്ചില്ല. 2014ല്‍ ഇവിടെ ഇന്ത്യയെ തോല്‍പ്പിച്ച പാകിസ്ഥാന് നിറഞ്ഞ കൈയടി നല്‍കിയതിനെ ഓര്‍മിപ്പിച്ചായിരുന്നു പരിമിതികള്‍ക്കും പ്രതിസന്ധികള്‍ക്കും അപ്പുറത്തേക്ക് തങ്ങളുടെ കളിയുടെ നിലവാരമുയര്‍ത്താന്‍ കഠിനാധ്വാനംചെയ്ത ജര്‍മനിയുടെ പോരാട്ടവീര്യത്തെ ഭുവനേശ്വറിലെ ഹോക്കിപ്രേമികള്‍ പിന്തുണച്ചത്.
പുതിയ കോച്ച് സോര്‍ദ്മാരിന്റെ കീഴില്‍ ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടൂര്‍ണമെന്റാണിത്. പ്രകടനത്തില്‍ നൈരന്ത്യമുണ്ടാകണമെന്ന് നിഷ്കര്‍ഷിക്കുന്ന ഈ പരിശീലകന്‍ 2016ല്‍ ജൂനിയര്‍ ലോകകപ്പ് നേടിയ ടീമിലെ യുവപ്രതിഭകളെ കോര്‍ത്തിണക്കി മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ ടൂര്‍ണമെന്റിനെ കാണുന്നത്. സര്‍ദാര്‍സിങ്ങിനെപ്പോലുള്ള പരിചയസമ്പന്നരെ ഒഴിവാക്കിയ മാരിന്‍ ഹര്‍മന്‍പ്രീത് സിങ്, ഗുര്‍ജന്ത് സിങ്, ദിസ്പന്‍ ടിര്‍ക്കെ, സുമിത്, വരുണ്‍കുമാര്‍ എന്നീ യുവതാരങ്ങള്‍ക്ക് അവസരം നല്‍കി. ഗുര്‍ജന്ത് സിങ് ഒഴികെ മുന്നേറ്റനിരയ്ക്ക് അനുഭവസമ്പത്തിന്റെ കുറവൊന്നുമില്ല. ജൂനിയര്‍തലത്തില്‍നിന്ന് ഉയര്‍ന്നുവന്ന മാന്‍ദീപ് സിങ് 2014ലെ ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നു. എസ് വി സുനില്‍ 200ലധികവും ആകാശ്ദീപ്സിങ് 150ലേറെയും തവണ ദേശീയ കുപ്പായം അണിഞ്ഞവരാണ്.
ഇത്ര മികച്ചൊരു മുന്നേറ്റനിര ഉണ്ടായിട്ടും ഗോള്‍ അവസരങ്ങള്‍ മുതലാക്കാന്‍ ഇന്ത്യക്ക് കഴിയുന്നില്ലെന്നത് കോച്ച് സോര്‍ദ് മാരിനെ മാത്രമല്ല, ഇന്ത്യയുടെ കളി വീക്ഷിക്കുന്ന ആരെയും അലോസരപ്പെടുത്തുന്നതാണ്. ഗോളുകളാണ് ഏതൊരു മത്സരത്തിന്റെയും വിധി നിര്‍ണയിക്കുന്നത്. അവിടെ ഏറ്റവും വിഷമകരമായ കോണില്‍നിന്ന് സ്കോര്‍ചെയ്യുന്ന നമ്മുടെ ഫോര്‍വേഡുകള്‍തന്നെ മറ്റു ചിലപ്പോള്‍ തുറന്ന അവസരങ്ങള്‍പോലും തുലയ്ക്കുന്നതു കാണുമ്പോള്‍ ആരാണ് അമ്പരന്നുപോകാത്തത്.
പ്രതിരോധസേനയും മധ്യനിരക്കാരും മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും മുന്നേറ്റക്കാര്‍ മൂര്‍ച്ചയും കൃത്യതയുമില്ലാത്ത സ്കോറിങ് ശ്രമങ്ങളിലൂടെ ടീമിനെ കൈവിടുന്നതാണ് ഈ ടീമിന്റെ ഏറ്റവും വലിയ ന്യൂനതയെന്ന് സോര്‍ദ്മാരില്‍തന്നെ സമ്മതിക്കുന്നു. ടൂര്‍ണമെന്റില്‍ ഇന്ത്യ നേടിയത്, ഷൂട്ടൌട്ടിലേത് ഒഴിവാക്കിയാല്‍ എട്ട് ഗോള്‍ മാത്രം. ബല്‍ജിയത്തിന്റെ ലോയിക് ല്യൂയിപേര്‍ട്ട് ഒറ്റയ്ക്ക് നേടിയതും അത്രയും ഗോള്‍. അതേപോലെ 21 പെനല്‍റ്റി കോര്‍ണറുകളില്‍ അഞ്ചെണ്ണം മാത്രമാണ് ഗോളിലെത്തിച്ചത്. അവിടെയും ഇന്ത്യ ലോകനിലവാരത്തിലേക്ക് വരുന്നില്ല. അതുകൊണ്ട് സോര്‍ദ്മാരിന്‍ നേടിരുന്ന വെല്ലുവിളികളും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും നിരവധിയാണ്. യുവത്വമുള്ള ടീമിനെ അണിനിരത്തുമ്പോഴും സര്‍ദാര്‍സിങ്ങിന്റെയും പി ആര്‍ ശ്രീജേഷിന്റെയും രമണ്‍ദീപ് സിങ്ങിന്റെയുമൊക്കെ കളിമികവും അനുഭവസമ്പത്തും അടുത്തവര്‍ഷം ഭുവനേശ്വറില്‍തന്നെ നടക്കുന്ന ലോകകപ്പ്വരെയെങ്കിലും പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്ക് കഴിയുകതന്നെ വേണം.