21 November Thursday

ഈ കുട്ടിത്താരങ്ങള്‍ക്ക് ഇന്ത്യന്‍ ഫുട്ബോള്‍ എന്തു നല്‍കുന്നു...

Tuesday Jan 23, 2018

ഫുട്ബോളില്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം സമീപകാലത്തെ ഏറ്റവും മികച്ച വര്‍ഷമാണ് കടന്നുപോയത്. പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍ ദേശീയ ഫുട്ബോള്‍ ടീമുകളുടെ ഫിഫ റാങ്കിങ്ങില്‍ ഇന്ത്യ 105ല്‍ നില്‍ക്കുന്നു. അതിനുമുമ്പ് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈയ്ന്‍ പരിശീലിപ്പിക്കുന്ന ദേശീയ ടീം 96ാം റാങ്കോടെ 21 വര്‍ഷത്തിനുശേഷം ആദ്യ 100 ടീമുകളില്‍ എത്തി ചരിത്രം സൃഷ്ടിച്ചിരുന്നു. 2017ല്‍ രാജ്യാന്തര മത്സരങ്ങളില്‍ തോല്‍വിയറിയാതെ ഏഷ്യയിലെങ്കിലും തലയുയര്‍ത്തി നില്‍ക്കാനും ഇന്ത്യക്ക് സാധിച്ചു. ഇപ്പോള്‍ 13 മത്സരങ്ങളില്‍ എത്തിനില്‍ക്കുന്ന അപരാജിത റെക്കോഡും സ്വന്തമാണ്.

എന്നാല്‍ ഇന്ത്യയുടെ ലോകറാങ്കിങ്ങിലെ കയറ്റത്തെയും കളിയുടെ നിലവാരത്തെയും ചോദ്യംചെയ്യപ്പെടാവുന്ന തരത്തില്‍ നാം കളിച്ചത് ഏഷ്യയിലെപ്പോലും മികച്ച ടീമുകളോടായിരുന്നില്ല എന്ന വസ്തുതയും കാണാതിരിക്കരുത്. അല്ലെങ്കില്‍തന്നെ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് നയം പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്യുന്ന അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ എന്ന പരമാധികാര നിയന്ത്രണസമിതിക്ക് രാജ്യത്ത് ഫുട്ബോളിന്റെ വളര്‍ച്ചയുടെയും വികാസത്തിന്റെയും കാര്യത്തില്‍ അത്രവലിയ കടുംപിടിത്തമൊന്നും ഇല്ല. മുന്‍നിരയിലുള്ള ടീമുകളുമായി ഇന്ത്യ കളിക്കണമെന്ന പിടിവാശിയും ഫെഡറേഷനില്ല. കളി ജയിക്കണം, അതിന്റെ പേരില്‍ ഖ്യാതി അടിക്കണം; അത്രമാത്രം. അതിന്റെ ഉത്തമോദാഹരണമാണല്ലോ അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച കൌമാരതാരങ്ങളുടെ ഭാവിക്കുവേണ്ടി ഒന്നുംചെയ്യാനാവാതെ ഫെഡറേഷനിലെ മേലാളന്മാന്‍ കൈയുംകെട്ടിയിരിക്കുന്നത്.

ഫെഡറേഷന്‍ എന്താണ് ഈ കൌമാരപ്പടയ്ക്ക് നല്‍കുന്നത്. ഐ ലീഗില്‍ അണ്ടര്‍17 ലോകകപ്പിലെ കളിക്കാരുള്‍പ്പെട്ട ഇന്ത്യന്‍ ആരോസ് എന്ന ടീമിനെ ഇറക്കിയതോടെ തങ്ങളുടെ ഉത്തരവാദിത്തം കഴിഞ്ഞുവെന്നതാണ് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ പറയാതെ പറയുന്നത്. അണ്ടര്‍ 17 ലോകകപ്പിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ ധീരജ്സിങ്ങിനെ വിദേശ ക്ളബ്ബുകള്‍ നോട്ടമിട്ടിട്ടുണ്ട്. വിദേശ ക്ളബ്ബുകളില്‍ അവസരം കണ്ടെത്തുന്നതിനായി ധീരജ്സിങ് ഇന്ത്യന്‍ ആരോസിനോട് സലാം പറഞ്ഞുകഴിഞ്ഞു. ലോകകപ്പ് ടീമിന്റെ ക്യാപ്റ്റന്‍ അമര്‍ജിത് സിങ് കിയാം, കോമള്‍ തട്ടാല്‍, മലയാളിതാരം കെ പി രാഹുല്‍ തുടങ്ങിയവരും തങ്ങളുടെ ഫുട്ബോള്‍ ഭാവി മുന്നില്‍ക്കണ്ട് മെച്ചപ്പെട്ട അവസരങ്ങള്‍ തേടുന്നവരാണ്. ഡിമാറ്റോസ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ആരോസ് തുടക്കത്തില്‍ മികച്ച കളി പുറത്തെടുത്തെങ്കിലും പിന്നീട് മികച്ച കളിക്കാരുടെ അസാന്നിധ്യത്തില്‍ അവര്‍ക്ക് കളത്തിലിറങ്ങേണ്ടിവന്നു. ടീമിന്റെ ശക്തികേന്ദ്രമായ മധ്യനിരയില്‍ മികച്ച കൂട്ടുകെട്ട് അവര്‍ക്കിപ്പോഴില്ല. ഐ ലീഗില്‍ പുതുവര്‍ഷത്തെ ആദ്യകളിയില്‍ ആരോസ് നെറോക്ക എഫ്സിയോട് 21നു തോല്‍ക്കുകയും ചെയ്തു.

ഐ ലീഗ് ടീമായ ഇന്ത്യന്‍ ആരോസുമായി മൂന്നുവര്‍ഷത്തെ കരാര്‍ ഒപ്പിടണമെന്നാണ് എഐഎഫ്എഫ് കൌമാരതാരങ്ങളോട് ആവശ്യപ്പെടുന്നത്. അതിനവര്‍ സമ്മതിച്ചാല്‍തന്നെ ഈ ടീമിനെ ഫെഡറേഷന്‍ സംരക്ഷിച്ചുകൊള്ളുമെന്നോ അതങ്ങനെ നിലനില്‍ക്കുമെന്നോ ഒരു ഉറപ്പുമില്ല. മൂന്നുവര്‍ഷത്തിനകം ഐ ലീഗ്തന്നെ അപ്രത്യക്ഷമാകാനും ഐ ലീഗും ഐഎസ്എലും സംയോജിപ്പിച്ച് പുതിയ ദേശീയ ലീഗ് നിലവില്‍വരാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു. കഴിഞ്ഞ അഖിലേന്ത്യാ ഫെഡറേഷന്‍ ഈ അണ്ടര്‍ 17 ലോകകപ്പ് കളിക്കാരുടെ ഭാവി സംബന്ധിച്ച് ഗൌരവത്തോടെ ചിന്തിക്കുമെന്നു കരുതിയര്‍ക്ക് തെറ്റിപ്പോയി.

അണ്ടര്‍ 19 ഏഷ്യാകപ്പ്, അണ്ടര്‍ 20 ലോകകപ്പ്, പ്രീ ഒളിമ്പിക്സ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ തുടങ്ങിയവയിലൊക്കെ പരീക്ഷിക്കാന്‍പറ്റിയ താരങ്ങള്‍ ലോകകപ്പ് ടീമിലുണ്ട്. അതിനായി ഈ കുട്ടികള്‍ക്ക് മെച്ചപ്പെട്ട പരിശീലനവും അവസരങ്ങളും ലഭ്യമാക്കുകയാണ് വേണ്ടത്. ഈ കൌമാരതാരനിരയിലാണ് ഇന്ത്യന്‍ ഫുട്ബോളിന്റെ ഭാവി കുടികൊള്ളുന്നതെന്ന് അന്താരാഷ്ട്ര ഫുട്ബോള്‍ ഫെഡറേഷനും നിരീക്ഷകരും വിലയിരുത്തുമ്പോഴും അവരെ ദേശീയ ഫുട്ബോള്‍ നിധിയിലേക്ക് മുതല്‍ക്കൂട്ടാക്കുന്ന കാര്യത്തില്‍ അഖിലേന്ത്യാ ഫെഡറേഷന് വ്യക്തമായ കാഴ്ചപ്പാടോ കര്‍മപദ്ധതികളോ ഇല്ലെന്നത് വിചിത്രമായി തോന്നുന്നു. ഇതുതന്നെയാണ് ദേശീയ സീനിയര്‍ ടീമിന്റെ കാര്യത്തിലും ഫെഡറേഷന്റെ നിലപാടുകള്‍. ടീം തോറ്റാല്‍ റാങ്കിങ്പോയിന്റ് കുറയുമെന്നതിനാല്‍ ഏഷ്യയിലെ മെച്ചപ്പെട്ട ടീമുകളിലൊന്നായ പലസ്തീനുമായുള്ള സൌഹൃദമത്സരം വേണ്ടെന്നുവച്ചതുതന്നെ ഏറ്റവും നല്ല ഉദാഹരണം. ഇറാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, ഒമാന്‍, കുഞ്ഞന്‍ ടീമായ ഗുവാം എന്നിവരോടൊക്കെ ലോകകപ്പ് യോഗ്യതയില്‍ കുശാലായി തോറ്റതിനാല്‍ സൌഹൃദമത്സരത്തിനുപോലും മികച്ച ടീമുകളെ ഇന്ത്യ നേരിടരുതെന്നാണ് ഫെഡറേഷന്റെ നയമത്രെ.

 Top