21 December Saturday

നവതാരുണ്യം; പ്രതിഭാസ്ഫുരണം...

എ എന്‍ രവീന്ദ്രദാസ് Thursday Oct 5, 2017

വനിതാ ടെന്നീസില്‍ അടുത്ത 10 വര്‍ഷത്തേക്ക് വില്യംസ് സഹോദരിമാരായ സെറീനവീനസുമാരുടെ കാലഘട്ടമാകുമെന്ന് ഇതിഹാസതാരം മാര്‍ട്ടിന നവരത്തിലോവ പ്രഖ്യാപിച്ചത് 2002ലാണ്. മാര്‍ട്ടിനയുടെ പ്രവചനത്തെ സാധൂകരിക്കുന്ന പ്രകടനം വില്യംസുമാര്‍ ടെന്നീസിന്റെ പരമപീഠമായ ഗ്രാന്‍ഡ് സ്ളാം ടൂര്‍ണമെന്റുകളില്‍ കാഴ്ചവയ്ക്കുകയും ചെയ്തു. എന്നാല്‍ രണ്ടുമാസം ഗര്‍ഭിണിയായിരിക്കെ ഈ വര്‍ഷം ആദ്യ ഗ്രാന്‍ഡ് സ്ളാമായ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കിരീടം അണിഞ്ഞശേഷം താല്‍ക്കാലികമായി പിന്‍വാങ്ങിയ സെറിനയുടെ അഭാവത്തില്‍, അവിടെ അനിയത്തിയോടു തോറ്റ ചേച്ചി വീനസ് വില്യംസ് വിംബിള്‍ഡണില്‍ ഫൈനലിലെത്തിയെങ്കിലും ഗാര്‍ബൈന്‍ മുഗുരുസയോടു തോറ്റു. അവസാന ഗ്രാന്‍ഡ് സ്ളാമായ യുഎസ് ഓപ്പണില്‍ കരുത്തോടെ മുന്നേറിയെങ്കിലും ഈ വര്‍ഷം മൂന്നാമതും ഫൈനല്‍ കളിക്കുകയെന്ന സ്വപ്നം സാക്ഷാല്‍കരിക്കാനാവാതെ മുപ്പത്തേഴുകാരി വീനസ് സെമിയില്‍ പുറത്തായി.

വില്യംസ് സഹോദരിമാരുടെ അസാന്നിധ്യം പ്രകടമായ ഗ്രാന്‍ഡ് സ്ളാം ടൂര്‍ണമെന്റുകളിലുള്‍പ്പെടെ പുതിയ താരനിരയുടെ ഉദയവും പഴയ പോരാളികളുടെ മിന്നിമറയലുകളും കണ്ടാണ് ഈ ടെന്നീസ് സീസണ്‍ കൊട്ടിക്കലാശത്തോടടുക്കുന്നത്. അതാകട്ടെ വര്‍ഷങ്ങളായി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍, ആന്‍ഡിമറേ, നൊവാക് ദ്യോകോവിച്ച് നാല്‍വര്‍സംഘത്തിന്റെ ആധിപത്യമുള്ള പുരുഷ ടെന്നീസില്‍നിന്നു വ്യത്യസ്തമായി, കഴിവും വാസനയും പോരാട്ടവീര്യവുമുള്ള നിരവധി താരങ്ങള്‍ക്ക് പ്രകാശധാരയിലെത്താന്‍ കഴിഞ്ഞുവെന്നത് ഈ സീസണില്‍ വനിതാ ടെന്നീസിനെ ശ്രദ്ധേയമാക്കുന്നു.

ഇത്തവണ സെറീന വില്യംസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയപ്പോള്‍ ഫ്രഞ്ച് ഓപ്പണില്‍ ആരും പ്രതീക്ഷിക്കാത്ത ലാറ്റ്വിയക്കാരി യലേന ഓസ്റ്റാപെന്‍കൊ കിരീടമണിഞ്ഞു. വിംബിള്‍ഡണില്‍ സ്പെയ്ന്‍കാരി ഗാര്‍ബൈന്‍ മുഗുരുസയും ഒടുവില്‍ യുഎസ് ഓപ്പണില്‍ 15 വര്‍ഷത്തിനുശേഷമെത്തിയ ആദ്യ അഖില അമേരിക്കന്‍ ഫൈനലില്‍ മാഡിസണ്‍ കീസിനെ തോല്‍പ്പിച്ച് സ്ളോയേന്‍ സ്റ്റീഫന്‍സുമാണ് കിരീടം ഉയര്‍ത്തിയത്.

ഗ്രാന്‍ഡ് സ്ളാം ടൂര്‍ണമെന്റുകള്‍ക്കപ്പുറത്ത് ഡബ്ള്യുടിഎ ടൂര്‍ണമെന്റുകളിലും നവചൈതന്യം പ്രകടമായത് വനിതാ ടെന്നീസിനെ വളര്‍ച്ചയുടെയും വികാസത്തിന്റെയും ഉന്നതനിലവാരമുള്ള പോരാട്ടങ്ങളുടെയും വിതാനങ്ങളിലേക്കു നയിക്കുമെന്നാണ് നിരീക്ഷികര്‍ കരുതുന്നത്. യുഎസ് ഓപ്പണിനുശേഷം ഇതുവരെ നടന്ന ടൂര്‍ണമെന്റുകളെല്ലാം വ്യത്യസ്ത ചാമ്പ്യന്‍മാരെ സൃഷ്ടിച്ചുവെന്നതും മരിയ ഷരപോവയെയും പെട്രാക്വിറ്റോവ്യെയും സ്വെറ്റ്ലാന കുസനത്സോവയെയും എലീന സ്വിറ്റോലിനയെയും പ്ളിസ്കോവയെയും സിമോണെ ഹാലെപ്പിനെയുംപോലെ മുമ്പേ സാന്നിധ്യമറിയിച്ചിട്ടുള്ള താരങ്ങളുടെ തിരിച്ചുവരവിനുള്ള ശ്രമങ്ങളും വനിതാ ടെന്നീസിനെ സമ്പന്നമാക്കുന്നുണ്ട്. കൂട്ടത്തില്‍ വനിതകളിലൂടെ ടെന്നീസ്പ്രഭാവം വീണ്ടെടുക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങളും ഫലംകാണുന്നുണ്ട്. സ്ളോയേന്‍ സ്റ്റീഫന്‍സിനും മാഡിസണ്‍ കീസിനുമൊപ്പം പതിനെട്ടുകാരി കാത്റൈന്‍ ബെല്ലിസ്, സോഫിയ കെനിന്‍, മണിക്കൂറില്‍ 110 മൈല്‍ വേഗമുള്ള സെര്‍വുകളിലൂടെ പ്രതിയോഗികളെ കിടിലംകൊള്ളിക്കുന്ന പതിമൂന്നുകാരി കോറിഗൌഫ്, യുഎസ് ഓപ്പണ്‍ ജൂനിയര്‍ ചാമ്പ്യനായ അമാന്‍ഡ അനിസിമോവ തുടങ്ങിയ അമേരിക്കയുടെ അടുത്തതലമുറ കളിക്കാരികള്‍ ഉജ്വല പ്രകടനങ്ങളിലൂടെ വരവറിയിച്ചുകഴിഞ്ഞു.

യുഎസ് ഓപ്പണിനുശേഷമെത്തിയ ആദ്യ ഡബ്ള്യുടിഎ ടൂര്‍ണമെന്റില്‍ ജേത്രിയായത് ഡെന്‍മാര്‍ക്കിന്റെ കരോളിന്‍ വോസ്നിക്കിയാണ്. ടോക്കിയോവിലെ പാന്‍പസഫിക് ഓപ്പണ്‍ ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവല്യുചെന്‍കോയെ കീഴടക്കിയാണ് വോസ്നിക്കി അവസാന കടമ്പകളില്‍ വീണുപോവുകയെന്ന തന്റെ ദുര്‍വിധിക്ക് അറുതിവരുത്തിയത്. ഈ സീസണില്‍ മത്സരിച്ച മറ്റ് ആറ് ഫൈനലുകളിലും വോസ്നിക്കിക്ക് തോല്‍വിയായിരുന്നു.

തൊട്ടുപിന്നാലെ കൊറിയന്‍ ഓപ്പണില്‍ ബ്രസീലിന്റെ ഹദാദ്മായിയയെ തോല്‍പ്പിച്ച് കിരീടമണിഞ്ഞതാകട്ടെ ഫ്രഞ്ച് ഓപ്പണ്‍ ജേത്രി ഒസ്റ്റാപെന്‍കൊയാണ്. ഫ്രഞ്ച് ഓപ്പണില്‍ സിമോണെ ഹാലെപ്പിനെ തോല്‍പ്പിച്ചശേഷം ഹാര്‍ഡ്കോര്‍ട്ടില്‍ ലാറ്റ്വിയക്കാരി നേടുന്ന ആദ്യ കിരീടമായിരുന്നു കൊറിയന്‍ ഓപ്പണിലെ അവരുടെ ഈ രണ്ടാം നേട്ടം. അതേസമയം ചൈനയിലെ വുഹാന്‍ ഓപ്പണില്‍ ഹാലെപ്പും വോസ്നിക്കിയും ഉള്‍പ്പെടെ മുന്തിയ സീഡുകള്‍ ആദ്യറൌണ്ടില്‍ പുറത്തായപ്പോള്‍ ഫൈനലില്‍ ഏറ്റുമുട്ടിയതാകട്ടെ യുവതാരങ്ങളായ ഓസ്ട്രേലിയയുടെ ആഷ്ലെയ്ഗ് ബാര്‍ട്ടിയും ഫ്രാന്‍സിന്റെ കരോളിന്‍ ഗാസിയയുമാണ്. ആറുവര്‍ഷം മുമ്പ് യുഎസ് ഓപ്പണ്‍ ജൂനിയര്‍ ഫൈനലിലേറ്റ തോല്‍വിക്ക് പകരംവീട്ടാനാവാതെ ഇവിടെയും ആഷ്ലെയ്ഗിന് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ ഇവരുടെ പോരാട്ടം വനിതാ ടെന്നീസിന്റെ ഭാവിയെ അടയാളപ്പെടുത്തുന്നതായിരുന്നു. അതെ, വനിതാ ടെന്നീസ് പ്രതിഭാതിളക്കത്തോടൊപ്പം നവയൌവനവും കൈവരിക്കുകയാണ്.

 Top