21 December Saturday

നിങ്ങളും സ്വപ്നംകാണൂ; കേപ് വേര്‍ഡെയെപ്പോലെ...

Thursday Sep 21, 2017

2017 സെപ്തംബര്‍ 1, 5 ഭൂമുഖത്തെ ഒരു പൊട്ടുമാത്രമായ കേപ്വേര്‍ഡെ എന്ന ദ്വീപസമൂഹരാജ്യത്തിന്റെ പേര് ഫുട്ബോള്‍ചരിത്രത്തില്‍ ആലേഖനംചെയ്യപ്പെട്ട രണ്ടു ദിനങ്ങള്‍. നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍, ഞങ്ങളെപ്പോലെ കഠിനാധ്വാനംചെയ്യുമെങ്കില്‍ രാജ്യത്തിന്റെ വലുപ്പമോ ധനസമൃദ്ധിയോ പ്രശ്നമല്ലെന്നും ഒന്നും അസാധ്യമല്ലെന്നും വിളംബരംചെയ്ത് ലോകകപ്പ് യോഗ്യതയില്‍ ആഫ്രിക്കന്‍ ഗോലിയാത്തുകളായ ദക്ഷിണാഫ്രിക്കയെ അഞ്ചുദിവസത്തിനുള്ളില്‍ രണ്ടുതവണ പ്രഹരിച്ച കേപ് വേര്‍ഡെ ഐലന്‍ഡ്സ് ഒരു ഗുണപാഠംതന്നെയല്ലേ.

അഞ്ചുലക്ഷംപേര്‍ മാത്രം അധിവസിക്കുന്ന ആഫ്രിക്കയുടെ പശ്ചിമതീരത്തെ ദ്വീപസമൂഹരാജ്യത്തിന്റെ ഈ കുതിപ്പ് യാദൃച്ഛികമല്ല. ദക്ഷിണാഫ്രിക്കയെ അപേക്ഷിച്ച് നൂറുമടങ്ങ് ചെറുതാണ് ഈ രാജ്യം. എന്നിട്ടും അസാധ്യമെന്നു കരുതിയത് അവര്‍ വെട്ടിപ്പിടിച്ചു. സെപ്തംബര്‍ ഒന്നിന് സ്വന്തം തട്ടകമായ പ്രായിയയില്‍ ദക്ഷിണാഫ്രിക്കയെ 21ന് കീഴടക്കിയ കേപ് വേര്‍ഡെ അഞ്ചാംനാള്‍ ഡര്‍ബനിലെ എവേ മത്സരത്തിലും അതേ സ്കോറിന് പ്രഹരിച്ചപ്പോള്‍ ആദ്യത്തേത് യാദൃച്ഛികമെന്നു പറഞ്ഞ ഫുട്ബോള്‍ പണ്ഡിറ്റുകള്‍ക്ക് മിണ്ടാട്ടമില്ലാതായി. ഡര്‍ബനിലെത്തുമ്പോള്‍ കേപ്വേര്‍ഡെയെ കശക്കിപ്പൊരിക്കാന്‍ കച്ചമുറിക്കിയിരുന്ന 2010ലെ ലോകകപ്പിന്റെ ആതിഥേയര്‍കൂടിയായ ദക്ഷിണാഫ്രിക്കയ്ക്ക് ഇതേക്കാള്‍ വലിയൊരു ആഘാതം ഉണ്ടാകാനില്ല. ഫുട്ബോള്‍ലോകം വിസ്മയത്തോടെയും വിഭ്രമത്തോടെയും കണ്ട പോരാട്ടങ്ങളില്‍ ദക്ഷിണാഫ്രിക്കയുടെ മോഹങ്ങള്‍ തല്ലിക്കൊഴിച്ച ഈ കുഞ്ഞന്‍ രാജ്യം ആഫ്രിക്കന്‍ യോഗ്യത ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനത്തുള്ള ബുര്‍ക്കിനോ ഫാസയ്ക്കൊപ്പം എത്തിയെന്നു മാത്രമല്ല ലോകകപ്പിനായി റഷ്യയിലേക്കു ടിക്കറ്റെടുക്കുന്നതിനും അടുത്തെത്തി.

ലോകകപ്പില്‍ കളിക്കുകയെന്നത് ഏത് ഫുട്ബോളറുടെയും സ്വപ്നമാണ്. ഞാനും സ്വപ്നംകാണുന്നു; അല്ല ഞങ്ങള്‍ സ്വപ്നം കണ്ടുകൊണ്ടേയിരിക്കുന്നു. അതിന്റെ ഫലം രണ്ടുമാസത്തിനുള്ളില്‍ കാണാമെന്നും ദക്ഷിണാഫ്രിക്കക്കെതിരെ ലോങ്റേഞ്ചറിലൂടെ വിജയഗോള്‍കുറിച്ച കേപ് വേര്‍ഡെ താരം ഗാരിറോഡ്രിഗസ് പറയുകയുണ്ടായി. എന്നാല്‍ കേപ് വേര്‍ഡെയുടെ ഈ വീരഗാഥ വമ്പന്‍മാരായ അര്‍ജന്റീന അറിഞ്ഞില്ലെന്നുതോന്നുന്നു. ഈ ചെറുരാജ്യത്തെയോ അവരുടെ നിശ്ചയദാര്‍ഢ്യത്തെയോ ആത്മാര്‍പ്പണത്തെയോകുറിച്ച് ഫുട്ബോളിലെ തമ്പുരാക്കന്മാര്‍ അറിയണമെന്നില്ലെങ്കിലും അവര്‍ ഒരു ഗുണപാഠമാണെന്ന് ഇപ്പോള്‍ സമ്മതിക്കുമല്ലോ. ലോകകപ്പ് യോഗ്യതയില്‍ ദയനീയ പ്രകടനത്തോടെ മരണമുഖത്തുനില്‍ക്കുന്ന സാക്ഷാല്‍ ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് കേപ് വേര്‍ഡെ എന്ന ചെറു ഫുട്ബോള്‍ശക്തി ഒരു ഉണര്‍ത്തുപാട്ടെങ്കിലുമാകട്ടെ.

പലപ്പോഴും അര്‍ജന്റീനയ്ക്ക് അര്‍ഹിക്കുന്നതൊന്നും വേണ്ട സമയത്ത് അവര്‍ക്ക് ലഭിക്കാതെപോകുന്നു. അതിനു കാരണങ്ങള്‍ പലതുണ്ടാകാം. പ്രചോദനമില്ലാത്ത കളിസംഘമാണെന്ന് നിരീക്ഷകര്‍ കുറ്റപ്പെടുത്തുന്ന തലത്തിലേക്ക് നിര്‍ണായക സന്ധികളില്‍ അവരുടെ കളി ഉലഞ്ഞുപോകാറുണ്ട്. അതിവിടെയും സംഭവിക്കുന്നു. 2018 ലോകകപ്പ് ഫുട്ബോളിലേക്കുള്ള അകലം കുറയുന്തോറും മാറഡോണയുടെ പിന്മുറക്കാര്‍ക്ക് ബ്യൂനസ് അയേഴ്സില്‍നിന്നും മോസ്കോയിലേക്കുള്ള ദൂരം കൂടിവരികയാണ്. രണ്ടുവട്ടം ലോകജേതാക്കളായ അര്‍ജന്റീനയ്ക്ക് എത്തിപ്പിടിക്കാനാവാത്ത ലക്ഷ്യമായി റഷ്യയിലെ ഈ ലോകകപ്പ് മാറിയേക്കുമോ എന്ന ആശങ്കയ്ക്കും ആക്കംകൂടുകയാണ്.
അര്‍ജന്റീനയുടെ ഫുട്ബോള്‍ചരിത്രത്തില്‍ വമ്പന്‍ വീഴ്ചകളുടെ നിരവധി ഏടുകള്‍ കാണാം. ലാറ്റിന്‍ സമൃദ്ധിയുടെയും സൌന്ദര്യത്തിന്റെയും പ്രാഗത്ഭ്യത്തിന്റെയും പോരാളികളായി ബ്രസീലിനൊപ്പം വാഴ്ത്തപ്പെടുന്നവരെങ്കിലും ചില ഘട്ടങ്ങളില്‍ നീതീകരണമില്ലാത്ത കാരണങ്ങളാല്‍തന്നെ അര്‍ജന്റീന തകര്‍ന്നടിയുന്നു. സൂപ്പര്‍താരമായ മെസിയുടെ ചുമലിലേറിയിട്ടും ആ ടീം അര്‍പ്പിതമായ പ്രതീക്ഷകളോട് നീതിപുലര്‍ത്താനാവാതെ ഫൈനലില്‍ ജര്‍മനിയോടു പരാജയപ്പെടുന്നത് കഴിഞ്ഞ ബ്രസീല്‍ ലോകകപ്പില്‍ കണ്ടതാണല്ലോ.

റഷ്യന്‍ ലോകകപ്പിലേക്ക് ടീമുകളെല്ലാം എത്താന്‍ രണ്ടുമാസം മാത്രം ശേഷിക്കേ ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ അഞ്ചാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ട അര്‍ജന്റീന അകത്തേക്കോ പുറത്തേക്കോ എന്ന സന്ദിഗ്ധാവസ്ഥയിലാണ്. മെസി ഉള്‍പ്പെടെ പ്രമുഖര്‍ രാജ്യത്തിനുവേണ്ടി ഇറങ്ങുമ്പോള്‍ ക്ളബ്ബുകള്‍ക്കുവേണ്ടി പുറത്തെടുക്കുന്ന കളി എവിടെപ്പോയെന്ന് ആരാധകര്‍ രോഷത്തോടെ ചോദിക്കുന്നു.

പത്ത് ടീമുകള്‍ പരസ്പരം മത്സരിക്കുന്ന ദക്ഷിണ അമേരിക്കയില്‍നിന്ന് നാല് ടീമുകളേ ലോകകപ്പിന് നേരിട്ട് ടിക്കറ്റ് നേടുകയുള്ളു. അഞ്ചാം സ്ഥാനത്തെത്തുന്ന ടീമിന് ലോകകപ്പിനെത്താന്‍ വന്‍കര പ്ളേഓഫില്‍ ഓഷ്യാനയുടെ പ്രതിനിധികളായ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കണം. ഇനി രണ്ടു മത്സരം മാത്രം ബാക്കിയിരിക്കെ ഇപ്പോഴത്തെ നിലയനുസരിച്ച് അര്‍ജന്റീന ആദ്യ നാലില്‍പ്പെടുന്നില്ല. കോംബോള്‍ ടീമുകളെല്ലാം 16 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ലോകകപ്പിന് ടിക്കറ്റെടുത്തുകഴിഞ്ഞ ബ്രസീല്‍ 37 പോയിന്റോടെ ഏറെ മുന്നിലാണ്. ഉറുഗ്വേയും (27) കൊളംബിയയും (26) ആണ് അടുത്ത രണ്ടു സ്ഥാനങ്ങളില്‍. പെറുവും അര്‍ജന്റീനയും 24 പോയിന്റോടെ ഒപ്പത്തിനാണെങ്കിലും ഗോള്‍വ്യത്യാസത്തില്‍ പെറുവിനാണ് മുന്‍തൂക്കം. 16 മത്സരത്തില്‍നിന്ന് അര്‍ജന്റീന നേടിയത് 16 ഗോള്‍ മാത്രം. 14 ഗോള്‍ നേടിയ ബൊളീവിയ മാത്രമേ ഇക്കാര്യത്തില്‍ അവര്‍ക്കു പിന്നിലുള്ളു. അവസാന മത്സരങ്ങളില്‍ പെറുവും ഇക്വഡോറുമാണ് അവരുടെ എതിരാളികള്‍. സ്വന്തം തട്ടകമായ ബ്യൂനസ് അയേഴ്സിലെ 16ാം റൌണ്ട് മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ഒരു സമനിലയുടെ സമാശ്വാസത്തിനുപോലും വെനസ്വേലയുടെ ദാനഗോള്‍ വേണ്ടിവന്നു.

യൂറോപ്യന്‍ ലീഗുകളില്‍ ഗോള്‍മേളമൊരുക്കുന്ന അര്‍ജന്റീനയുടെ താരങ്ങള്‍ ലോകകപ്പ് യോഗ്യതയില്‍ ലക്ഷ്യം മറന്നത് അമ്പരിപ്പിക്കുന്ന കാഴ്ചയായി. ഹിഗ്വെയ്നിലും ലവേസിയിലും അഗ്യൂറോയിലും തുടങ്ങി ഡൈബിലയും ഇകാര്‍ഡിയും ബെനഡെറ്റോയുംവരെ നീളുന്നവരെ മെസിക്കൊപ്പം പരീക്ഷിച്ചിട്ടും ഗോളുകളും യോഗ്യതയും അര്‍ജന്റീനയെ കടാക്ഷിച്ചില്ല. എങ്കിലും അവസാന രണ്ടു മത്സരങ്ങളിലൂടെ മെസിയും കൂട്ടരും റഷ്യയിലേക്ക് വഴിവെട്ടിത്തുറന്നേക്കാം. മറിച്ചാണെങ്കില്‍ അര്‍ജന്റീനയില്ലാത്ത ലോകകപ്പ് ഫുട്ബോള്‍പ്രേമികളെ സങ്കടക്കടലിലാക്കിയേക്കാം. കാരണം ബ്രസീലിനെപ്പോലെ അര്‍ജന്റീനയെയും അവര്‍ അത്രമേല്‍ സ്നേഹിക്കുന്നുവെന്നതുതന്നെ.
 

 Top