26 December Thursday

ഗട്ടറില്‍ വീണ ഖട്ടര്‍

സൂക്ഷ്മന്‍ Sunday Sep 3, 2017

എല്ലാ ആര്‍എസ്എസുകാരെയുംപോലെ സാമാന്യവും സവിശേഷവുമായ ബുദ്ധി പരിമിതമാണ് മനോഹര്‍ ഖട്ടറിന്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരുന്ന ഖട്ടര്‍ തത്വത്തില്‍ കുമ്മനത്തിന്റെ മുന്‍ഗാമിയാണ്. ഗോമാതാവിനെ സേവിച്ചും അല്ലറചില്ലറ ക്ഷേത്രസംരക്ഷണ പരിപാടി നടത്തിയും സ്വയംസേവനം ചെയ്യവേ പൊടുന്നനെ 1994ലാണ് ബിജെപിയിലെത്തിയത്. ആര്‍എസ്എസ് തീരുമാനിക്കുമ്പോള്‍ ഉദിച്ചുയരുന്നതാണ് ബിജെപി നേതൃത്വം. നാഗ്പുരിന് ഒരാള്‍ അനഭിമതനാകുമ്പോള്‍ ഒറ്റയടിക്ക് ഗൃഹസ്ഥാശ്രമവും വാനപ്രസ്ഥവും വിധിച്ച്  വിശ്രമത്തിനയക്കും. അഭിമതനെ പകരം ചെങ്കോല്‍ അണിയിക്കും. അങ്ങനെയാണ് കുമ്മനത്തിനും ഖട്ടറിനും സ്ഥാനം കിട്ടിയത്.

2000 മുതല്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയാണ്. ആര്‍എസ്എസ് നിയോഗിച്ച ജനറല്‍ സെക്രട്ടറിയാകുമ്പോള്‍ കരുത്ത് കൂടും. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയിലെ ബിജെപി തെരഞ്ഞെടുപ്പുപ്രചാരണ സമിതി അധ്യക്ഷന്‍. പിന്നീടാണ് മുഖ്യമന്ത്രിയോഗം. യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ എങ്ങനെ വന്നോ അതുപോലെയൊരു വരവ്.

ഖട്ടറിന് എന്തും പറയാം. ആര്‍എസ്എസ് ആണല്ലോ. സ്ത്രീപീഡനത്തെക്കുറിച്ചും കൊലപാതകത്തെക്കുറിച്ചും നാടാകെ ചര്‍ച്ച നടന്നപ്പോള്‍  ഖട്ടര്‍ പറഞ്ഞത് അതിലൊന്നും വലിയ കാര്യമില്ല എന്നായിരുന്നു. പശുസംരക്ഷണത്തിന് ആര്‍ക്കും ആയുധം കൈയിലെടുക്കാം. വര്‍ഗീയ കൊലപാതകങ്ങള്‍ നടത്താം. ഖട്ടര്‍ മിണ്ടില്ല. മിണ്ടണമെങ്കില്‍ ആര്‍എസ്എസ് തീരുമാനിക്കണം.

സംഘി സാമ്രാജ്യത്തില്‍ വിചിത്രമായ ആചാരങ്ങളാണ്. മനുസ്മൃതിയെക്കുറിച്ചും പുരാണേതിഹാസങ്ങളെക്കുറിച്ചും ഇടയ്ക്കിടെ പറയുമെങ്കിലും കമ്പം ആള്‍ദൈവങ്ങളില്‍. സര്‍ സംഘ്ചാലക് തന്നെ വലിയൊരു ആള്‍ദൈവമാണ്. ഉപദൈവങ്ങള്‍ വേറെയുണ്ട്. ക്ഷേത്രം, മൂര്‍ത്തി, ആള്‍ദൈവം ഇവയാണ് പ്രധാന ജനാകര്‍ഷണ യന്ത്രങ്ങള്‍. ഒരു ആള്‍ദൈവത്തെ പാട്ടിലാക്കിയാല്‍ അനുയായിവൃന്ദം കൂടെപോരും എന്ന ലളിതയുക്തി. ഹിന്ദുവിന്റെ പേര് പറഞ്ഞാല്‍ ഭൂരിപക്ഷവോട്ട് കൂടെവരും എന്ന മോഹത്തിന്റെ മറ്റൊരു പതിപ്പ്. ദേര സച്ച സൌദ തലവന്‍ ഗുര്‍മീത് റാം റഹിമിന്റെ ആരാധകരും കണക്കില്ലാത്ത സ്വത്തും സ്വന്തം കൊടിക്കീഴില്‍ വന്നുചേരുമെന്ന് ആര്‍എസ്എസ് കരുതിയിരുന്നു. ബലാത്സംഗവീരനായാലും തട്ടിപ്പുരാജാവായാലും അനുയായികളുടെ എണ്ണത്തിന്റെ കനംനോക്കിയാണ് സ്വീകരണം. പെരുപ്പിച്ച മസിലും നീട്ടി വളര്‍ത്തിയ താടിയും ദൈവികഭാവവുമായി 200 യുവതികളുടെ പരിചരണത്തില്‍ പരിലസിച്ച ഗുര്‍മീത് സ്വാഭാവിക സഖ്യകക്ഷിയാണെന്ന് ആര്‍എസ്എസിനും ഖട്ടറിനും തോന്നിയതില്‍ അത്ഭുതമില്ല.

ദേര സച്ച സൌദ ഗുണ്ടാസംഘം അഴിഞ്ഞാടുമ്പോള്‍ ഖട്ടര്‍ നോക്കിനില്‍ക്കുകയായിരുന്നു. കേന്ദ്രം അതുകണ്ട് മൌനവ്രതം നോറ്റു. ദേര സച്ച സൌദ സംഘം നടത്തിയ അക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട ഹരിയാന സര്‍ക്കാരിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശവുമായി ഒടുവില്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതിക്ക് രംഗത്തുവരേണ്ടിവന്നു. കോടതി ഓര്‍മിപ്പിച്ചത്, ഹരിയാന ഇന്ത്യയുടെ ‘ഭാഗമാണ് എന്നാണ്. കലാപം  ഹരിയാന സംസ്ഥാനത്തിന്റെമാത്രം പ്രശ്നമാണെന്ന വാദം ഉന്നയിച്ചപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപിയുടേതുമാത്രമല്ല, ഇന്ത്യാരാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും കോടതി ഖട്ടറിനെ ഓര്‍മിപ്പിച്ചു.
ഹൈക്കോടതിയാണ് കാര്യങ്ങള്‍ നേരെചൊവ്വേ പറഞ്ഞത്.  ഖട്ടറിന് ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങള്‍ കോടതിയില്‍നിന്ന് ഉയര്‍ന്നു. സര്‍ക്കാര്‍ അക്രമികള്‍ക്ക് കീഴടങ്ങിയോ,  ഖട്ടര്‍ രാഷ്ട്രീയലാഭത്തിനായി അക്രമങ്ങള്‍ക്ക് കൂട്ടുനിന്നോ, സംഘര്‍ഷങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുഖ്യമന്ത്രിക്ക് ധാരണയുണ്ടായില്ല ചോദ്യങ്ങളുടെ നിര ഇങ്ങനെ നീളുന്നു.

കേരളത്തില്‍ മെഡിക്കല്‍ കോളേജ് കോഴയില്‍പ്പെട്ട് ബിജെപി കഴുത്തോളം മുങ്ങിനില്‍ക്കുമ്പോഴാണ് തലസ്ഥാനനഗരത്തെ കലാപഭൂമിയാക്കിയത്. അതിനിടയില്‍ കുടുംബവഴക്കിന്റെ ഭാഗമായി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകനെ ബലിദാനിയാക്കി കേരള സര്‍ക്കാരിനെ പിരിച്ചുവിടാന്‍ തിടുക്കംകൂട്ടിയവരാണ് ബിജെപി. ആ ബിജെപിയുടെ അഖിലേന്ത്യാനേതാവിനോടാണ് ഹൈക്കോടതി ചോദിച്ചത്, ദേര സച്ച സൌദ പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ കലാപഭൂമിയാക്കുന്നത് തടയാന്‍ എന്തുകൊണ്ട് നിങ്ങള്‍ക്ക് കഴിഞ്ഞില്ലെന്ന്. സംസ്ഥാനം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി ഇരിക്കുകയാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹരിയാനയിലേക്ക് അരുണ്‍ ജെയ്റ്റ്ലി വിമാനം കയറിയില്ല. അവിടെ കൊല്ലപ്പെടുന്ന മനുഷ്യര്‍ക്കുവേണ്ടി സംഘപരിവാറിന്റെ കണ്ണുനീര്‍ ഉറവ ഒഴുകിയില്ല. ക്രമസമാധാനത്തകര്‍ച്ചയുടെ മുറവിളിയില്ല. ലോകത്തെ ഏറ്റവും വലിയ സന്നദ്ധസംഘം എന്ന് സ്വയം പുകഴ്ത്തുന്ന ആര്‍എസ്എസിന്റെ ഒരു സ്വയംസേവകനും ഹരിയാനയിലെ കലാപത്തീ അണയ്ക്കാന്‍ കടന്നുചെന്നില്ല. അതാണ് വ്യത്യാസം. ആര്‍എസ്എസ് ആകുമ്പോള്‍ എന്തുമാകാം. മോഡി കള്ളപ്പണം നശിപ്പിക്കുമെന്ന് വീമ്പുപറഞ്ഞ് നോട്ട് റദ്ദാക്കി ജനങ്ങളുടെ വയറ്റത്തടിച്ചു. എവിടെ കള്ളപ്പണം എന്ന ചോദ്യത്തിന് മറുപടിയില്ല. എന്തു ഭരണമാണ് എന്ന ചോദ്യത്തിന് ഖട്ടറിനും ഉത്തരമില്ല. ആര്‍എസ്എസ് ചോദിക്കാറേയുള്ളൂ. ഉത്തരം പറയാറില്ല.

 Top