22 December Sunday

പുതിയ സംഭവങ്ങള്‍; പുതിയ വാക്കുകള്‍

വി സുകുമാരന്‍ Friday Jun 9, 2017

ഈയിടെ ആത്മാഭിമാനമുള്ള ഒരു ചെറുപ്പക്കാരി, തന്നെ കീഴ്പ്പെടുത്താനെത്തിയവനോട് പ്രതികരിച്ചത് വാര്‍ത്തയായല്ലോ. Emasculation എന്ന ഈ ക്രിയക്ക് 1993 മുതല്‍ ജനപ്രിയമായ ഒരു പദമുണ്ട്: To Bobbit. Bobbitting  എന്നൊരു gerund, ക്രിയാനാമം (verb noun) ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്. ലിംഗഛേദത്തിന് ഇതിനെക്കാള്‍ കുറിക്കുകൊള്ളുന്ന മറ്റൊരു വാക്കില്ല. ഇത് ഭാഷയ്ക്കു സംഭാവനചെയ്തത് Lorence Bobbit എന്നൊരു അമേരിക്കന്‍ വീട്ടമ്മയാണ്. 24 കൊല്ലംമുമ്പ് ഒരു  രാത്രി,  തന്റെ  ജോണ്‍വെയ്ല്‍ എന്നു പേരുള്ള തന്റെ കണവന്റെ ലിംഗം മുറിച്ചെടുത്തു. അദ്ദേഹത്തിന്റെ ശല്യം സഹിക്കാന്‍വയ്യാഞ്ഞിട്ടാണ് താനീ കടുംകൈ ചെയ്തതെന്ന് ബോബിറ്റ് പൊലീസിനു മൊഴി നല്‍കി. രണ്ടാളും രണ്ടുവഴിക്കു പോയി. ലിംഗം വിദഗ്ധരായ പ്ളാസ്റ്റിക് സര്‍ജന്‍മാര്‍ സമര്‍ഥമായി തുന്നിച്ചേര്‍ത്തു. ഒരുപാടു കാലത്തിനുശേഷം രണ്ടാളും വീണ്ടും ഒന്നിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏതായാലും തന്റെ പേര് ഒരു ക്രിയാപദത്തിനു സംഭാവനചെയ്യാന്‍ ഇതുമൂലം സാധിച്ചു.

CASTRATE  എന്ന ക്രിയയും CASTRATION  എന്ന നാമവും ഈ സന്ദര്‍ഭത്തില്‍ വിചാരണചെയ്യാവുന്നതാണ്. Bobbiting  പുരുഷ ധ്വജഛേദമാണെങ്കില്‍ Castration വൃഷണഛേദമത്രെ.

ഇക്കൂട്ടത്തില്‍ വരുന്ന മറ്റൊരു ഇംഗ്ളീഷ് പദമാണ് geld.  അര്‍ഥം വരിയുടയ്ക്കുക എന്നുതന്നെ. ഒരു പഴയ Noun പദമാണ് gelda. അതില്‍നിന്നാണ് ഇവന്‍ Old English  ലേക്ക് കുടിയേറിയത്. Castrate ജര്‍മനിക് വാക്കല്ല. അത് ലത്തീനാണ്: Castrore.

പണ്ടുകാലത്ത് Castralo  എന്നൊരു വാക്കുണ്ടായിരുന്നു.വൃഷണഛേദത്തിനു വിധേയനായ ആസ്ഥാന ഗായകന്‍ എന്നര്‍ഥം. നല്ലവണ്ണം പാടുന്ന ആണ്‍കുട്ടിയെ അവനു മീശമുളയ്ക്കുന്നതിനുമുമ്പ് ഈ ക്രൂരമായ ക്രിയക്ക് വിധേയമാക്കിയിരുന്നത്രെ. അത് അവന്റെ കുയില്‍നാദം നിലനിര്‍ത്താനായിരുന്നുപോല്‍!.

Castration Complex
എന്നൊരു അവസ്ഥയെപ്പറ്റി ഫ്രോയ്ഡിയന്‍ മനഃശാസ്ത്രം പറയുന്നുണ്ട്. താന്‍ വൃഷണവിഛേദത്തിനു വിധേയനാക്കപ്പെടുമോ എന്ന അകാരണ ഭീതി ചിലരെ അലട്ടാറുണ്ടത്രെ. അത് ഒട്ടും സുഖകരമല്ലാത്ത ഒരു മാനസിക കാലാവസ്ഥയാണല്ലോ. ഏതു നിമിഷവും പുരുഷത നഷ്ടപ്പെട്ടേക്കാമെന്ന പേടി അവരെ മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറി നടക്കാന്‍ പ്രേരിപ്പിക്കുന്നു. ഭാര്യയെ ഭയപ്പെടുന്നു. പൊതുശൌചാലയങ്ങള്‍ ഉപയോഗിക്കാന്‍, ഒരു ഡോര്‍മിറ്ററിയില്‍ കിടക്കാന്‍ അവര്‍ മടിക്കുന്നു.

ഭഗശ്നികാഛേദം (Clitoral Circumcision) പല ഗോത്രങ്ങളിലും ഒരാചാരമായിരുന്നു. അതിനെതിരായി സ്ത്രീകള്‍ പ്രക്ഷോഭം കൂട്ടിയപ്പോഴാണ് അതിനെതിരായ നിയമനിര്‍മാണം പല നാടുകളിലും ഉണ്ടായത്. ഇതിന് ശാസ്ത്രീയമായി  പേരുണ്ട്: CLITORIDECTOMY. Frequent എന്ന നാമവിശേഷണം ചിരപരിചിതം. He is a frequent visitor to the archives  (അദ്ദേഹം ആര്‍ക്കൈവ്സ്- പുരാശേഖര ഭണ്ഡാരം) കൂടെക്കൂടെ സന്ദര്‍ശിക്കുന്ന ആളാണ്. ഇതിനെ എങ്ങനെ ക്രിയാപദമായി ഉപയോഗിക്കാമെന്ന് മിക്കവര്‍ക്കും അറിയാം. This is a coffee shop that the younger set frequents. (ചുള്ളന്മാര്‍ കേറിയിറങ്ങുന്ന കാപ്പിക്കടയാണിത്).

ഇവിടെ ചോദ്യമിതാണ്. Frequentation എന്നൊരുപദമുണ്ടോ? ഉണ്ടെങ്കില്‍എന്താണര്‍ഥം? അങ്ങനെയൊരു നൌണ്‍ തീര്‍ച്ചയായും ഉണ്ട്. The act of frequenting or visiting a place.  ഒരു സ്ഥലത്ത് കൂടെക്കൂടെ ചെല്ലുന്ന പതിവ്. നാമപദം.

His frequentation of a certain area in the city drew comment (നഗരത്തിലെ ചില പ്രത്യേക തെരുവുകള്‍ കൂടെക്കൂടെ സന്ദര്‍ശിക്കുന്ന മൂപ്പരുടെ പതിവിനെപ്പറ്റി ആളുകള്‍ പറഞ്ഞുതുടങ്ങി).

 Top