റയല്‍ മാഡ്രിഡില്‍ തന്റെ ഏറ്റവും മോശപ്പെട്ട ലാലിഗ സീസണിന്റെ നടുവില്‍നില്‍ക്കെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ അഞ്ചാംതവണ ബലോന്‍ ദ് ഓര്‍ പുരസ്കാരം തേടിയെത്തിത്. സ്പാനിഷ് ലീഗിലെ പ്രകടനമല്ല ഫ്രഞ്ച് ഫുട്ബോള്‍ മാസികയുടെ പുരസ്കാരനിറവിലേക്ക് ഒരിക്കല്‍ക്കൂടി താരത്തെ എത്തിച്ചത്. മറിച്ച് അതിനപ്പുറത്ത് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ് വേദികളില്‍ ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം തന്റെ കളിമിടുക്കും കാര്യപ്രാപ്തിയും ആവോളം പുറത്തെടുക്കുന്ന ക്രിസ്റ്റ്യാനോയുടെ പ്രതിഭാസ്പര്‍ശത്തിനുള്ള അംഗീകാരമായാണ് ബലോന്‍ദ് ഓറിന്റെ രൂപത്തില്‍ കൈവന്ന ഈ ലോകഫുട്ബോളര്‍ ബഹുമതി.
ഈ അഞ്ചാം പുരസ്കാരത്തിലൂടെ റോണോ ബാഴ്സലോണയുടെയും അര്‍ജന്റീനയുടെയും സൂപ്പര്‍താരമായ ലയണല്‍ മെസിയെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളുകയും നേട്ടത്തില്‍ ഒപ്പമെത്തുകയും ചെയ്തിരിക്കുന്നു. ഇരുവരും ലോകഫുട്ബോളില്‍ നേട്ടങ്ങളുടെയും റെക്കോഡുകളുടെയും സഹയാത്രികരാണ്. ഇവരില്‍ ആരാണ് കേമനെന്ന ചോദ്യവും അന്വേഷണവും വിലയിരുത്തലുകളും ഇടയ്ക്കിടെ നടക്കുക സ്വാഭാവികമാണ്. പെലെയും മാറഡോണയും രണ്ടു കാലഘട്ടത്തിന്റെ പ്രതിനിധാനങ്ങളായിട്ടും അവര്‍ തമ്മിലുള്ള താരതമ്യത്തിന്റെയും മഹത്വത്തിന്റെയും മാറ്റുരച്ചുനോക്കാന്‍ ആരാധകരും ഫുട്ബോള്‍ പണ്ഡിറ്റുകളും ഒരുപാട് സമയം ചെലവിട്ടത് നാം കണ്ടതല്ലേ. അപ്പോള്‍ പിന്നെ സമകാലിക ഫുട്ബോളിലെ രണ്ട് ഗോപുരങ്ങളായ റോണൊയുടെയും മെസിയുടെയും കാര്യത്തില്‍ താരതമ്യത്തിനും മൂല്യനിര്‍ണയത്തിനും ഒരു കുറവും ഉണ്ടാകില്ലല്ലോ.
സ്ഥിതിവിവര കണക്കുകള്‍ നിരത്തി റോണോമെസി സംവാദങ്ങള്‍ തുടരും. ലാലിഗയിലെ തന്റെ ബൂട്ടുകളുടെ വരള്‍ച്ചയ്ക്ക് ചാമ്പ്യന്‍സ് ലീഗില്‍ കെട്ടഴിക്കുന്ന ഉന്നതനിലവാരത്തിലുള്ള പ്രകടനത്തിലൂടെയും തുരുതുരെയുള്ള ഗോളുകളിലൂടെയും ക്രിസ്റ്റ്യാനോ പരിഹാരം കണ്ടെത്തുന്നുണ്ടെന്നത് ശരിയാണ്. ലാലിഗയില്‍ താന്‍ കളിമറക്കുന്നുവെന്ന വിമര്‍ശങ്ങള്‍ക്ക് തുടര്‍ച്ചയായ ഏഴാമത്തെ വര്‍ഷവും ചാമ്പ്യന്‍സ്ലീഗ് സ്കോര്‍ഷീറ്റില്‍ ഒന്നാമതെത്തിയാണ് ക്രിസ്റ്റ്യനോ മുറപടി നല്‍കുന്നത്.
ഈ സീസണില്‍ ചാമ്പ്യന്‍സ്ലീഗില്‍ ഇതുവരെ ആറു മത്സരങ്ങളില്‍നിന്ന് ഒമ്പത് ഗോള്‍ നേടിയിട്ടുണ്ട്. ഗ്രൂപ്പ്ഘട്ടത്തിലെആറ് മത്സരങ്ങളിലും ഗോള്‍നേടുന്ന ഏക കളിക്കാരനെന്ന ബഹുമതിയും ക്രിസ്റ്റ്യാനോയ്ക്കൊപ്പമെത്തി.
1990ല്‍ എസി മിലാനുശേഷം ചാമ്പ്യന്‍സ്ലീഗ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടത്തിലേക്ക് റയല്‍ മാഡ്രിഡിനെ എത്തിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചുവെന്നതാണ് ബലോന്‍ദ് ഓര്‍ വോട്ടെടുപ്പില്‍ റോണൊയെ മുന്നിലെത്തിച്ചത്. ടൂര്‍ണമെന്റിന്റെ അവസാനഘട്ടത്തില്‍ സര്‍വപ്രതാപിയായി മാറിയ റോണൊ ബയേണ്‍ മ്യൂനിക്കിനും അത്ലറ്റിക്കോ മാഡ്രിഡിനും എതിരെ എട്ടുതവണ നിറയൊഴിച്ചാണ് റയലിനെ ഫൈനലിലേക്കെത്തിച്ചത്. കാര്‍ഡിഫില്‍ നടന്ന ഫൈനലില്‍ യുവന്റസിനെ 41ന് തകര്‍ത്തപ്പോഴാകട്ടെ റയലിന്റെ രണ്ടു ഗോള്‍ ആ ബൂട്ടില്‍നിന്നായിരുന്നു.
ഒപ്പം ബാഴ്സയില്‍നിന്ന് കഴിഞ്ഞ സീസണില്‍ സിനദിന്‍ സിദാന്റെ ശിഷ്യന്മാര്‍ ലാലിഗ കിരീടം തിരിച്ചുപിടിച്ചപ്പോഴും 25 ഗോളോടെ റോണൊ നിറഞ്ഞാടി. ക്രിസ്റ്റ്യാനോ ഉജ്വല ഫോമിലെത്തിയ 201617 സീസണിലാകട്ടെ റയല്‍ മാഡ്രിഡ് ആദ്യമായി നാല് കിരീടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗിലും ലാലിഗയ്ക്കും പുറമെ യൂവേഫ സൂപ്പര്‍കപ്പും ഫിഫാ ക്ളബ് ലോകകപ്പും അവര്‍ വെട്ടിപ്പിടിച്ചു. കേവലം മൂന്നു പോയിന്റ് വ്യത്യാസത്തില്‍ ബാഴ്സലോണയെ മറികടന്നായിരുന്നു റയല്‍ ലീഗ് ജേതാക്കളായത്.
ലോകഫുട്ബോള്‍ ഭരണസമിതിയായ ഫിഫയുമായുള്ള കരാര്‍ അവസാനിപ്പിച്ചതിനാല്‍ ഫ്രാന്‍സ് ഫുട്ബോള്‍ മാസിക സ്വതന്ത്രമായാണ് കഴിഞ്ഞവര്‍ഷംമുതല്‍ ബലോന്‍ദ് ഓര്‍ പുരസ്കാരനിര്‍ണയം നടത്തുന്നത്. അതേസമയം ഫ്രാന്‍സ് ഫുട്ബോള്‍ മാസികയുമായി പിരിഞ്ഞ് ലോകഫുട്ബോളര്‍ക്കുള്ള 'ഫിഫ ദി ബെസ്റ്റ് ഫുട്ബോളര്‍' ഏര്‍പ്പെടുത്തിയതുമുതല്‍ രണ്ടുതവണയും നേടിയത് ക്രിസ്റ്റ്യാനോയാണ്. കഴിഞ്ഞ സീസണില്‍ എല്ലാ ചാമ്പ്യന്‍ഷിപ്പിലുമായി 42 ഗോളാണ് റോണോ നേടിയത്. 2016ല്‍ പോര്‍ച്ചുഗലിനെ ഒരേയൊരു യൂറോകപ്പ് വിജയത്തിലേക്കെത്തിച്ചതിനു പിന്നാലെ 2018 റഷ്യ ലോകകപ്പിന്റെ യോഗ്യതാ റൌണ്ടില്‍ ദേശീയ ടീമിനുവേണ്ടി 15 ഗോളും ഈ സ്ട്രൈക്കറുടെ ബൂട്ടില്‍ പിറന്നു.
കഴിഞ്ഞ ഒരു ദശകത്തിലേറെയായി ലോകഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ചാഞ്ചാടുന്നവരാണ് ക്രിസ്റ്റ്യാനോയും മെസിയും. ബലോന്‍ദ് ഓറിലും ഇവരെ രണ്ടുപേരെയും മറികടന്ന് മൂന്നാമതൊരാള്‍ വരാത്തതും ഈ ദ്വയത്തിന്റെ മികവിനും പൊതുസമ്മതിക്കും അടിയവരയിടുന്നതാണ്. ആരാണ് കേമന്‍ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ തലപുകയ്ക്കുന്നത് വൃഥാവിലാകും. ഇരുവരും ഒന്നിച്ച് മത്സരത്തിനിറങ്ങുന്ന വേദികളില്‍ ആരെങ്കിലുമൊരാള്‍ കിരീടം നേടുമ്പോഴോ, പുരസ്കാരത്തിളക്കത്തിലോ മികച്ചയാളെ കണ്ടെത്താനാകുമെന്നു കരുതിയാലും അത് നീതിപൂര്‍വമാവുകയില്ല.