26 December Thursday

അധികാരപ്രണയി

Sunday Jul 30, 2017

ഭൂമി ഒരുവട്ടം സ്വയം കറങ്ങിത്തീരുംമുമ്പ് മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും വീണ്ടും മുഖ്യമന്ത്രിയുമായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തിരുനെറ്റിയില്‍ ആയാറാം ഗയാറാം എന്ന ആപ്തവാക്യം ഒരിക്കല്‍ക്കൂടി കൊത്തിവച്ചു എന്നതാണ് നിതീഷ്കുമാറിന്റെ പുതിയ സംഭാവന. പിതാവ് സ്വാതന്ത്യ്രസമര സേനാനിയും ആയുര്‍വേദ വൈദ്യനുമായിരുന്നു. നിതീഷ് പഠിച്ചത് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങാണ്. ജയപ്രകാശ് നാരായണ്‍മുതല്‍ വി പി സിങ്ങുവരെയുള്ളവരുടെ ശിഷ്യത്വവും സോഷ്യലിസ്റ്റ് ഉടുപ്പുമാണ് നിതീഷിനെ ബിഹാറിന്റെ വലിയ നേതാവാക്കിയത്. നിതീഷ് അദ്ദേഹത്തിനുവേണ്ടിയേ അധ്വാനിക്കാറുള്ളൂ. അതിനായി ആദര്‍ശത്തിന്റെ നിറംചേര്‍ത്ത നാടകീയത സൃഷ്ടിച്ച അനുഭവം ആ രാഷ്ട്രീയത്തില്‍ അനേകം. മൂന്നര ദശാബ്ദം പിന്നിട്ട പൊതുജീവിതത്തില്‍  രാഷ്ട്രീയമലക്കംമറിച്ചിലുകളുടെ അനേകം അധ്യായങ്ങള്‍.

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകരുടെ കൂട്ടത്തില്‍ മുന്നിലായിരുന്നു നിതീഷിന്റെ സ്ഥാനം. ആദര്‍ശപരിവേഷവും അഴിമതിവിരുദ്ധനെന്ന നാട്യവും മുതല്‍മുടക്കി സമര്‍ഥമായ രാഷ്ട്രീയക്കളിയിലൂടെ ആറാംതവണയാണ് നിതീഷ് ബിഹാറിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി നിതീഷിലെ അധികാരപ്രണയിയെ ഉലച്ചു. അന്നും രാജിയായിരുന്നു നാടകത്തിന്റെ പ്രധാന രംഗം. മോഡിയെയും ബിജെപിയെയും വിമര്‍ശിച്ച തെരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് പകരക്കാരനായി, വിശ്വസ്ത അനുയായി മാഞ്ചിയെ കുടിയിരുത്തി നിതീഷ് മുഖ്യമന്ത്രിപദത്തില്‍നിന്ന് ഇറങ്ങി. ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അതിനെ നേരിടാന്‍ താനേ ഉള്ളൂവെന്ന് പ്രഖ്യാപിച്ച് വീണ്ടും മുഖ്യമന്ത്രിപദത്തില്‍. അന്ന് കോണ്‍ഗ്രസിനെയും ലാലുവിനെയും ചേര്‍ത്ത് മഹാസഖ്യമുണ്ടാക്കി. ആ സഖ്യത്തില്‍ ചേരാത്തവരെ അധിക്ഷേപിച്ചു അവര്‍ക്ക് ബിജെപിയോട് ചായ്വെന്ന് തീര്‍പ്പുകല്‍പ്പിച്ചു.

രാഷ്ട്രപതി തെരഞ്ഞെടുപ്പിലും ജിഎസ്ടി വിഷയത്തിലും നിതീഷിന്റെ കൂറ് മോഡിയോടായി. അതോടെ ലാലുവിന്റെ ആര്‍ജെഡിയുമായി അകല്‍ച്ച വന്നു. ഇന്നിതാ മഹാസഖ്യത്തെയും ആ സഖ്യത്തില്‍ ചേരാത്തവരെ അപഹസിച്ചവരെയും വിഷമവൃത്തത്തിലാക്കി നിതീഷ് വീണ്ടും ബിജെപി പാളയത്തില്‍. തെരഞ്ഞെടുപ്പില്‍ പല്ലും നഖവുമുപയോഗിച്ച് നിതീഷ്് എതിര്‍ത്ത ബിജെപി അതിന്റെ എംഎല്‍എമാരെ നിരത്തിനിര്‍ത്തി നിതീഷിന് അനുകൂലമായി വോട്ടുചെയ്തിരിക്കുന്നു. അവസരവാദികളായ നേതാക്കളില്‍ കൊമ്പത്താണ് തന്റെ സ്ഥാനമെന്ന് നിതീഷ് തെളിയിച്ചുകഴിഞ്ഞു. ബിജെപിക്ക് ബിഹാറില്‍ പിടിമുറുക്കാനും 2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുമ്പോള്‍ സംഘപരിവാറിന് ഹിന്ദി ഹൃദയഭൂമിയില്‍ കുടികിടപ്പ് നേടിക്കൊടുക്കാനുമുള്ള അഭ്യാസത്തിന് ഇറങ്ങുംമുമ്പ് നിതീഷിന് സ്വന്തം പാര്‍ടിയായ ഐക്യ ജനതാദളിന്റെ അധ്യക്ഷന്‍ ശരദ് യാദവിനോടുപോലും ചോദിക്കേണ്ടിവന്നില്ല.

നിതീഷ് എന്‍ഡിഎയിലെ പഴയ കുടികിടപ്പുകാരനാണ്. ഇടയ്ക്ക് ഒന്നു വിട്ടുനിന്ന് വീണ്ടും അവിടേക്ക് മടങ്ങുന്നു എന്നേയുള്ളൂ. അതിലൂടെ തന്റെ മുഖ്യമന്ത്രിപദത്തിന് ഇളക്കംതട്ടില്ല എന്ന വിശ്വാസത്തിലാണ് തീരുമാനം. തെന്നിന്ത്യയില്‍ വേരുറയ്ക്കാതെയും വടക്കു കിഴക്ക് കാലുറയ്ക്കാതെയും നില്‍ക്കുന്ന ബിജെപിക്ക് ഹിന്ദിഭൂമിതന്നെയാണ് ശരണമെന്നുതോന്നുമ്പോള്‍ ഇതുപോലുള്ള ഊന്നുവടികള്‍ കൂടിയേ തീരൂ. 2019 എന്ന കടമ്പയെ തരണംചെയ്യാന്‍ വര്‍ഗീയ അജന്‍ഡകൊണ്ടുമാത്രം കഴിയില്ലെന്ന് നരേന്ദ്ര മോഡിക്കും അമിത് ഷായ്ക്കും അറിയാം. അതിനായി കച്ചവടമുറപ്പിക്കുമ്പോള്‍ നിതീഷിനെപ്പോലുള്ളവര്‍തന്നെ വേണം മൊത്തമായി വാങ്ങാം. മഹാസഖ്യം വിട്ട് ജെഡിയു എത്തുമ്പോള്‍, അഴിമതിവിരുദ്ധ പ്രതിച്ഛായ സ്വല്‍പ്പമെങ്കിലും സ്വന്തമാക്കാമെന്ന് ബിജെപി കരുതുന്നുണ്ട്്. തുടര്‍ച്ചയായി മൂന്നുതവണ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ട് മുഖ്യമന്ത്രിയായ നിതീഷിനുനേരെ വലിയ അഴിമതിയാരോപണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ലെന്നതാണ് ബിജെപിയുടെ ആശ്വാസം. മൂന്നുകൊല്ലംമുമ്പ് നിതീഷ് ആര്‍എസ്എസിന്റെ വര്‍ഗീയതയെക്കുറിച്ച് പറഞ്ഞതും മോഡിയെ രൂക്ഷമായി വിമര്‍ശിച്ചതുമൊന്നും കാര്യമാക്കാതെ, കച്ചവടമുറപ്പിക്കണമെങ്കില്‍ കച്ചവടത്തിലെ ലാഭപ്രതീക്ഷ എത്രയാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. രാഹുല്‍ ഗാന്ധി പരാജയം; ജയലളിതയുടെ മരണം; അഖിലേഷ് യാദവിന്റെ തോല്‍വി; മമത ബാനര്‍ജിയുടെ അസ്വീകാര്യത നിതീഷിനെ സ്വന്തമാക്കിയാല്‍ പ്രതിപക്ഷ നിരയില്‍നിന്ന് ഭീഷണി ഉയര്‍ത്താനിടയുള്ള ഒരാള്‍കൂടി കുറഞ്ഞു എന്ന ആശ്വാസം ചില്ലറയല്ല. ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പം നിതീഷ് കുമാര്‍ നയിച്ച സമത പാര്‍ടിയും ശരത് യാദവിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍വിഭാഗവും ചേര്‍ന്നുണ്ടാക്കിയ ഐക്യ ജനതാദളിനെയാണ് നിതീഷ് മോഡിയുടെ തൊഴുത്തിലെത്തിക്കുന്നത്. കൂടെ ആരൊക്കെയുണ്ടാകുമെന്നത് നിതീഷിന് പ്രശ്നമല്ല. കാരണം, സ്വന്തം ലാഭക്കണക്കിനേ അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ അര്‍ഥമുള്ളൂ.

 Top