26 December Thursday

റീ ലോഡഡ്!

സൂക്ഷ്മന്‍ Sunday Nov 5, 2017

ഉയിര്‍ത്തെഴുന്നേല്‍പ്പ്, രണ്ടാംവരവ് എന്നൊക്കെ കോണ്‍ഗ്രസ് പറയുന്നുണ്ട്. അതിനര്‍ഥം ആദ്യത്തെ വരവ് പാഴായി എന്നാണ്. അതല്ലെങ്കില്‍ ഇതുവരെ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല, ഇനി അതിന് ശ്രമിക്കുമെന്നാണ്. എന്തായാലും രാഹുല്‍ പഴയതുപോലെ അല്ല. ഉണര്‍വും ഉന്മേഷവും കാണാനുണ്ട്. പറയുന്ന കാര്യങ്ങള്‍ ഒട്ടൊക്കെ വ്യക്തമാകുന്നുമുണ്ട്. ഉപദേശകര്‍ മാറിയതാകാനാണ് സാധ്യത. അതല്ലെങ്കില്‍ പഴയ ചില ഉപദേശകരെ പുറത്താക്കി കതകടച്ചിട്ടുണ്ടാകും. കേരളത്തില്‍നിന്ന് ഇപ്പോള്‍ ഉപദേശം പോകുന്നില്ല.

പഴയ ഉപദേശികള്‍ക്ക് സോളാറിന്റെ താപം അളക്കാനുള്ള നിയോഗമാണ്. ഒരുപക്ഷേ അതുതന്നെ ആകും രാഹുലിന്റെ മാറ്റത്തിന് കാരണം. കോണ്‍ഗ്രസ് മ്യൂസിയത്തിലേക്കുള്ള യാത്രയിലായിരുന്നു. ചെല്ലുന്നിടത്തെല്ലാം തോല്‍വി. ജയിക്കും എന്ന് തോന്നിയത് മണിപ്പൂരിലും ഗോവയിലും ആണ്. അവിടെ വിജയത്തിന്റെ അടുത്തെത്തി ഒന്നാമതായി ഫിനിഷ് ചെയ്തു. പക്ഷേ കപ്പ് ബിജെപി കൊണ്ടുപോയി. വലിയ ഒറ്റ പാര്‍ടിയായി നിയമസഭകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടും ഗവണ്‍മെന്റ് രൂപീകരിക്കാന്‍ അവകാശംപോലും ഉന്നയിക്കാന്‍ കഴിയാത്ത ഗതികെട്ട കോണ്‍ഗ്രസിനെയാണ് രാഹുല്‍ നയിച്ചത് എന്ന് സാരം.

 ഇനി ഗതി അധോഗതിയാണ് എന്ന് എല്ലാ കോണ്‍ഗ്രസുകാരും വിശ്വസിച്ചിരുന്നു. മോഡി യുഗം, കോണ്‍ഗ്രസ് മുക്ത ഭാരതം എന്നു പ്രചരിപ്പിക്കപ്പെട്ടപ്പോള്‍  ഒന്നു പൊട്ടിക്കരയാന്‍പോലും എ കെ ആന്റണി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിഞ്ഞില്ല. കുടുംബത്തിലാണ് നേതൃത്വം. മോട്ടിലാല്‍മുതല്‍ താഴോട്ടുള്ള രാഷ്ട്രീയഅധികാരി കുടുംബമാണ്. ഒടുവിലത്തെ അവകാശിയാണ് രാഹുല്‍. പാതിരാപ്രഖ്യാപനം നടത്തി നോട്ട് നിരോധിച്ച നരേന്ദ്ര മോഡി പോസ്റ്റിന്റെ നേര്‍മധ്യത്തില്‍ ഗോളടിച്ചപ്പോള്‍ മണ്ണ് വീണത് ഇന്ത്യാരാജ്യത്തെ കോടാനുകോടി ജനങ്ങളുടെ കഞ്ഞിയിലാണ്. ആ പ്രഖ്യാപനം പ്രയോഗത്തില്‍വന്നപ്പോള്‍ ജനങ്ങള്‍ പിച്ചക്കാരെപ്പോലെ എടിഎം കൌണ്ടറുകളില്‍  ക്യൂനിന്ന് തളര്‍ന്നു. ആ മുഹൂര്‍ത്തത്തില്‍ രാഹുല്‍ ഗാന്ധി പറന്നത് ഉല്ലാസഭരിതമായ അവധി ആഘോഷത്തിലേക്കാണ്. രാജ്യത്തെക്കാളും ജനങ്ങളെക്കാളും സ്വന്തം പാര്‍ടിയെക്കാളും വലുതാണ് തന്റെ സ്വകാര്യസന്തോഷം എന്ന പ്രഖ്യാപനമായിരുന്നു അത്. അതോടെ അവസാന പ്രതീക്ഷയും നശിച്ച് ആന്റണി കേരളത്തിലേക്ക്  താമസംമാറ്റാന്‍ തുടങ്ങിയതാണ്. തൊടുന്നതെല്ലാം തോല്‍വി.

ചെന്നിടത്തെല്ലാം തിരിച്ചടി. കോണ്‍ഗ്രസിനെ നയിക്കാന്‍ പോയിട്ട് ഒരു നേതാവാണ് എന്ന് തോന്നിപ്പിക്കാന്‍പോലും കഴിഞ്ഞില്ല എന്നതാണ് രാഹുലിന്റെ യഥാര്‍ഥ പ്രശ്നം. പിന്നത്തെ പ്രതീക്ഷയായ പ്രിയങ്ക ആണെങ്കില്‍ വധേരയുടെ നിഴല്‍വീണ വാണിജ്യബന്ധങ്ങളിലും കണക്കില്ലാത്ത സമ്പാദ്യങ്ങളിലും മുഖംമങ്ങി കുടുംബത്തില്‍നിന്ന് പുറത്തിറങ്ങാന്‍പറ്റാത്ത അവസ്ഥയിലാണ്. കാലാകാലമായി കോണ്‍ഗ്രസ് പിഗ്മികളുടെ പാര്‍ടിയാണ്. ഒരു കുടുംബത്തിന് നേതൃത്വം; മറ്റെല്ലാവരും നേതൃത്വത്തിന് അടിമകള്‍- അതാണ് കോണ്‍ഗ്രസിലെ ജനാധിപത്യം. നെഹ്റുവിന്റെയും ഇന്ദിരയുടെയുംകാലത്ത് കുടുംബാധിപത്യം, ഏകാധിപത്യം എന്നൊക്കെ പറഞ്ഞിരുന്നെങ്കിലും നേതൃത്വത്തിന് എല്ലാം തട്ടിത്തകര്‍ത്ത് മുന്നേറാനുള്ള കരുത്തുണ്ടായിരുന്നു. രാജീവ് വന്നപ്പോള്‍ അത് ചോര്‍ന്നു. സോണിയ അധ്യക്ഷപദവിയില്‍ എത്തിയപ്പോള്‍ പിന്നെയും ചോര്‍ന്നു.

രാഹുല്‍കാലം യഥാര്‍ഥ രാഹുകാലമായി. 2014ലെ ദയനീയതോല്‍വിയും പിന്നത്തെ പരാജയപരമ്പരയും രാഹുലിന്റെ അക്കൌണ്ടിലാണ്. പക്ഷേ ഇന്ന് കോണ്‍ഗ്രസുകാര്‍ പറയുന്നു ലോകത്തിലെ വിശ്വസിക്കാന്‍സാധിക്കുന്ന നേതാക്കളുടെ പട്ടികയില്‍ ഒന്നാമനാണ് രാഹുല്‍ എന്ന്. വല്ലാതെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഗാന്ധിപ്പേരിട്ട  നെഹ്റു കുടുംബത്തിലെ  സന്താനമായതാണ് അടിസ്ഥാനകാരണം. അജ്ഞാതവാസക്കാലമായിരുന്നു ബാല്യം. തല പോകുമെന്ന ഭീതിയില്‍ അടിക്കടി സ്കൂള്‍മാറ്റം. വിദേശത്ത് പഠിക്കുമ്പോള്‍ വേറെ പേരും വിലാസവുമായിരുന്നു. റോളിന്‍സ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റികളില്‍ സാര്‍വദേശീയ ബന്ധങ്ങള്‍, വികസനം എന്നിവ പഠിച്ച് ബിരുദം നേടിയതിന്റെ ഗുണം രാഷ്ട്രീയത്തില്‍ കണ്ടില്ല.

ഒളിച്ചോട്ടത്തിലാണ് ഹരംകൊണ്ടത്. ഇന്ത്യയോ കോണ്‍ഗ്രസോ തുലഞ്ഞാലും സ്വന്തം ജീവിതോല്ലാസത്തില്‍ കുറവുവരുത്താന്‍ ഒരുക്കമല്ല എന്ന ആ വാശിയിലാണ് കോണ്‍ഗ്രസിന്റെ ഭാവി കൂമ്പടഞ്ഞത്. കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അധികാരത്തിലെത്തി മൂന്നുവര്‍ഷം കഴിഞ്ഞിട്ടും സ്വിസ് ബാങ്കില്‍ അക്കൌണ്ടുള്ള എത്രപേരെ ജയിലിലാക്കാന്‍ കഴിഞ്ഞു എന്ന ഒറ്റ ചോദ്യത്തില്‍ മോഡിയുടെ ഉത്തരംമുട്ടിക്കാന്‍ അങ്കത്തട്ടിലിറങ്ങുന്ന യുവ പടനായകന്റെ ഭാവമുണ്ട്. ജിഎസ്ടിയെ ഗബര്‍ സിങ് ടാക്സ് എന്നു പരിഹസിച്ചതിലും ഒരു ഗമയുണ്ട്. നവംബര്‍ എട്ട് ദുഃഖദിനം, പാവങ്ങളുടെ വേദന മോഡിക്കു മനസ്സിലാകുന്നില്ല എന്നൊക്കെ പറയുമ്പോള്‍ മാറ്റം ഫീല്‍ ചെയ്യുന്നു. എവിടെയോ ചെന്ന് വരംവാങ്ങി വന്ന രാഹുല്‍ നയിച്ച് ഒരു കരയ്ക്കടുപ്പിച്ച് കോണ്‍ഗ്രസിന്റെ ജീവന്‍ നിലനിര്‍ത്തുമെന്ന ഒരു ചെറുപ്രതീക്ഷ കേരളത്തിനുപുറത്തുള്ള ചിലരിലെങ്കിലും ഉടലെടുത്തിട്ടുണ്ട്.

 Top