21 November Thursday

പ്രിയപ്പെട്ട ഫെഡറര്‍... താങ്കള്‍ക്ക് നന്ദി....

എ എന്‍ രവീന്ദ്രദാസ്‌ Thursday Nov 9, 2017

ഈ ഒക്ടോബര്‍ 15ന് ഷാങ്ഹായിയിലെ മാസ്റ്റേഴ്സ് ടെന്നീസ് ഫൈനല്‍ വിശ്വടെന്നീസിലെ ഗോപുരങ്ങളായ റോജര്‍ ഫെഡററും റാഫേല്‍ നദാലും തമ്മിലുള്ള 38ാം മുഖാമുഖമായിരുന്നു. 72 മിനിറ്റിനുള്ളില്‍ ഫെഡറര്‍ 64, 63ന് തന്റെ ഉറ്റസുഹൃത്തും ചിരകാല പ്രതിയോഗിയുമായ നദാലിനെ കീഴടക്കി ഷാങ്ഹായിയില്‍ കിരീടം ഉയര്‍ത്തി.  

ലോക ഒന്നാംറാങ്കായ നദാലിനെതിരെ ഈ വര്‍ഷത്തെ നാലാമത്തെ ഏറ്റുമുട്ടലില്‍ സ്വിസ്താരത്തിന്റെ മൂന്നാം വിജയമായിരുന്നു ഇത്. ഇരുവരും തമ്മിലുള്ള 38 പോരാട്ടങ്ങളില്‍ പക്ഷേ ഫെഡറര്‍ ഇപ്പോഴും പിന്നില്‍തന്നെ 15 വിജയം. ബാക്കി 23ലും ജയത്തോടെ നദാല്‍ ഏറെ മുന്നില്‍തന്നെ. എന്നാല്‍ ഷാങ്ഹായ് മാസ്റ്റേഴ്സ് ഫൈനല്‍ സ്ട്രോക്കുകളുടെയും സ്കോറുകളുടെയും മാത്രമായിരുന്നില്ല, മറിച്ച് വര്‍ഷത്തെ നാല് ഗ്രാന്‍ഡ് സ്ളാമുകളില്‍ രണ്ടെണ്ണവീതം പങ്കിട്ട ടെന്നീസിലെ വീരയോദ്ധാക്കളുടെ മത്സരവീര്യവും പരസ്പരസൌഹൃദവും ഇച്ഛാശക്തിയും അവര്‍ ഈ കളിയില്‍ ചെലുത്തുന്ന സ്വാധീനവുമെല്ലാം ഈ പോരാട്ടത്തിലും പ്രതിഫലിച്ചുവെന്നതാണ് പ്രധാനം. നദാലിന്റെ 16 മത്സരങ്ങളുടെ വിജയക്കുതിപ്പിനു വിരാമമിട്ട ഫെഡ് എക്സ്പ്രസ് ഷാങ്ഹായിയില്‍ രണ്ടാമത്തെയും ഈ വര്‍ഷത്തെ ആറാമത്തെയും കിരീടത്തിലാണെത്തിയത്.

പതിനാലു ദിവസം പിന്നിട്ടതേയുള്ളു. ബേസലില്‍ അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയെ കീഴടക്കി ഫെഡറര്‍ സ്വിസ് ഇന്‍ഡോര്‍ ടെന്നീസിലും ജേതാവായി. സ്വന്തം തട്ടകത്ത് ഏഴാം കിരീടം ഉയര്‍ത്തിയ ഫെഡറര്‍ എക്കാലത്തെയും റെക്കോഡില്‍ ഇവാന്‍ ലെന്‍ഡലിനെ പിന്തള്ളി 95 കിരീടങ്ങളോടെ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. ഇനി ജിമ്മി കോണേഴ്സിന്റെ 109 കിരീടങ്ങളുടെ കരിയര്‍നേട്ടമാണ് സ്വിസ്താരത്തിനു മുന്നിലുള്ളത്.

ബേസലില്‍ 2012ലും 2013ലും തുടര്‍ച്ചയായി ഫൈനലുകളില്‍ ഡെല്‍പോട്രോയോട് തോല്‍വിയടഞ്ഞിട്ടുള്ള ഫെഡറര്‍ മത്സരത്തിന്റെ ചില ഘട്ടങ്ങളില്‍ വീഴ്ചയുടെ ഹാട്രിക്കിലേക്കാണോ റാക്കറ്റ് വീശുന്നതെന്ന തോന്നലുണ്ടാക്കിയിരുന്നു. എന്നാല്‍ ഈ 36ാം വയസ്സിലും ഇനിയുമൊരു ബാല്യമുണ്ടെന്ന് തെളിയിച്ച് തന്റെ കളിമികവും നിശ്ചയദാര്‍ഢ്യവും പ്രതിഭാശേഷിയും ഒരിക്കല്‍ക്കൂടി പ്രോജ്വലമാക്കിയ പ്രകടനത്തിലൂടെ ഫെഡറര്‍ ഡെല്‍പോട്രോയെ മറികടക്കുകയായിരുന്നു. അതേസമയം ഇവിടെ മൂന്നാമതും ഫെഡററെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നെങ്കില്‍ ഈ മാസം ലണ്ടനില്‍ നടക്കുന്ന എടിപി വേള്‍ഡ് ഫൈനലിന് അവസാന സ്ഥാനക്കാരനായി യോഗ്യത നേടാമായിരുന്നു. ഇനി എട്ടാമതായെങ്കിലും ടിക്കറ്റ് ഉറപ്പിക്കണമെങ്കില്‍ ഡെല്‍പോട്രോയ്ക്ക് പാരീസ് മാസ്റ്റേഴ്സില്‍ സെമിയിലെങ്കിലും എത്തണം.

ഈ പ്രായത്തിലും ഇത്ര കരുത്തോടെ, അര്‍പ്പണത്തോടെ റാക്കറ്റ് പ്രയോഗിക്കാന്‍കഴിയുമോ എന്ന് ആളുകള്‍ സന്ദേഹപ്പെടുമെങ്കിലും ഇച്ഛാശക്തിയുടെ ആള്‍രൂപമായ ഫെഡറര്‍ക്ക് അത് സാധിക്കുമെന്ന് ഈ സീസണിലും നാം കണ്ടുകൊണ്ടിരിക്കുകയാണ്. സര്‍വീസിലുള്ള മൂര്‍ച്ചയും വേഗവുമല്ല, ഫോര്‍ഹാന്‍ഡിലും ബാക്ക് ഹാന്‍ഡിലും അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന കൃത്യതയും കൈയടക്കവുമാണ് അസാധാരണമായത്. ഈ വര്‍ഷത്തെ വിംബിള്‍ഡണില്‍ എട്ടാമത്തെ കിരീടം നേടുകവഴി ചരിത്രം സൃഷ്ടിച്ച ഫെഡറര്‍ 19 ഗ്രാന്‍ഡ് സ്ളാം കിരീടങ്ങളുടെ ഉടമയാണ്. (ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍ എന്നിവയാണ് ടെന്നീസിലെ പരമപീഠമായ ഗ്രാന്‍ഡ്സ്ളാമുകളായി വിശേഷിപ്പിക്കപ്പെടുന്നത്). ഇക്കഴിഞ്ഞ ജൂലൈ 16ന് തന്റെ എട്ടാം വിംബിള്‍ഡണ്‍ നേടുമ്പോള്‍ ഫെഡററുടെ പ്രായം 35 വയസ്സും 342 ദിവസവുമായിരുന്നു. ഓപ്പണ്‍യുഗത്തിലെ ഏറ്റവും പ്രായംകൂടിയ വിംബിള്‍ഡണ്‍ ചാമ്പ്യനിലേക്കുള്ള പ്രയാണത്തില്‍ ഏഴ് മത്സരങ്ങളില്‍ ഒറ്റസെറ്റും വിട്ടുകൊടുക്കാതെയായിരുന്നു സ്വിസ് അത്ഭുതം അത് സാധിച്ചത്. അതിനുമുമ്പ് 1976ല്‍ ബ്യോണ്‍ബോര്‍ഗ് മാത്രമായിരുന്നു ആ റെക്കോഡിന് ഉടമ.

വിശ്വടെന്നീസിലെ ഈ മഹാരഥന് തുല്യംചാര്‍ത്താന്‍ വാക്കുകളും വിശേഷണങ്ങളും ഇല്ലെന്ന് ടെന്നീസ് പണ്ഡിറ്റുകളും കളിപ്രേമികളും മനസ്സിലാക്കുന്നു. എക്കാലത്തെയും മഹാനായ ടെന്നീസ് കളിക്കാരന്‍ മാത്രമല്ല, മറ്റാര്‍ക്കും എത്തിപ്പെടാന്‍ സാധിക്കാത്ത ഔന്നത്യത്തിലുമാണ് റോജര്‍ ഫെഡറര്‍ എന്ന് വിശ്രുത ടെന്നീസ് പരിശീലകനായ നിക് ബോലിയേറ്റരി അഭിപ്രായപ്പെടുന്നു.

അഭിലാഷം, ആവിഷ്കാരം, സമര്‍പ്പണം റോജര്‍ ഫെഡററുടെ നിത്യഹരിതമായ 16 വാസരങ്ങളുടെ ടെന്നീസ് യാത്രയെ അങ്ങനെ മൂന്നു വാക്കില്‍ ആറ്റിക്കുറുക്കിയെടുക്കാം. ഫെഡററുടെ നൈസര്‍ഗിക കഴിവുകളെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. എന്നാല്‍ അതിനുമപ്പുറത്ത് അദ്ദേഹത്തിന്റെ കളിയിലെ മേന്മകളാണ് പുതിയ വിതാനങ്ങള്‍ തീര്‍ക്കാന്‍ സഹായിച്ചത്. 2017 എത്ര വിസ്മയകരമായ ഒരു സീസണ്‍. പ്രത്യേകിച്ചും ഫെഡററും നദാലും ടെന്നീസ് സാമ്രാജ്യങ്ങളില്‍ തങ്ങളുടെ ഇടങ്ങളെല്ലാം ഒരിക്കല്‍ക്കൂടി പതിപ്പിച്ചെടുക്കുമ്പോള്‍ അത്ഭുതംകൂറുന്ന മിഴികളോടെ കളിപ്രേമികള്‍ ചോദിച്ചുപോകുന്നു. പ്രിയപ്പെട്ട ഫെഡറര്‍ താങ്കള്‍ക്കുമുന്നില്‍ കായികലോകം ശിരസ്സുകുനിക്കുന്നു. കളിയെ അതിന്റെ സര്‍വതലസ്പര്‍ശിയായ സുന്ദര അനുഭവമാക്കി മാറ്റിയ താങ്കള്‍ക്ക് നന്ദി...
 

 Top