ഗുരുവായൂരപ്പന്റെ ഇഷ്ടപുഷ‌്പങ്ങൾ തെച്ചിയും മന്ദാരവും നീല ശംഖുപുഷ‌്പവും കൃഷ‌്ണ തുളസിയുമാണെന്നും ഇഷ‌്ടനിവേദ്യങ്ങൾ വെണ്ണയും അവലും പഴവും പാൽപായസവുമാണെന്നും കൃഷ‌്ണഭക്തർ വിശ്വസിക്കുന്നു. അതാണ് ഗുരുവായൂരിലെ പഴക്കവും. "ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ’ എന്ന് രാമപുരത്ത് വാര്യർ പാടിയതാണ് ശ്രീകൃഷ‌്ണനും താമരയും തമ്മിൽ നേരിട്ടുള്ള ബന്ധം. ദേവതാ സങ്കൽപ്പങ്ങളിൽ പലേടത്തും താമര ഉണ്ട്.
സരസ്വതിയുടെ ഇരിപ്പിടം താമരയാണ്. വിഷ‌്ണുവിന്റെ നാഭിയിൽനിന്ന‌് മുളച്ചുവന്ന താമരയിലാണ് ബ്രഹ്മാവ് ഇരിക്കുന്നത്. തെരഞ്ഞെടുപ്പ് ജയിച്ചശേഷം നരേന്ദ്ര മോഡി ആദ്യമായി കേരളത്തിലെത്തി ഗുരുവായൂരപ്പന‌് സമർപ്പിച്ചത് താമരപ്പൂക്കളുടെ ഒരു ശേഖരം തന്നെയാണ്. നൂറ്റിപ്പതിനൊന്നു കിലോ താമരപ്പൂവ് ഒരു തട്ടിൽവച്ച് മോഡി ഗുരുവായൂരിലെ തുലാഭാരത്തട്ടിൽ കയറിയിരുന്നത് ഒരർഥത്തിൽ സവിശേഷ സംഗതിതന്നെ. ശ്രീകൃഷ‌്ണ പത്നിയായ സത്യഭാമ പൊന്നും മണികളും എത്ര നിർത്തിയിട്ടും താഴാത്ത തുലാഭാരത്തട്ട് മറ്റൊരു പത്നി രുഗ്മിണി പതിയോടുള്ള ഉദാത്തമായ പ്രണയത്തിന്റെ പ്രതീകമായ തുളസീദളംവച്ച് ഉയർത്തി എന്നതാണ് പുരാണസങ്കൽപ്പം. തുലാഭാര ദ്രവ്യങ്ങളേക്കാൾ പ്രാധാന്യം ഭക്തിയോടുള്ള സമർപ്പണത്തിനാണെന്ന ആ സങ്കൽപ്പം സ്വന്തം പാർടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നംകൊണ്ട് മാറ്റിയെഴുതി എന്നതാണ് മോഡിയുടെ സംഭാവന. അതും കഴിഞ്ഞ‌് മോഡി മൈക്കിന് മുന്നിലെത്തി കേരളത്തെക്കുറിച്ച് ഒരു മുട്ടൻ നുണകൂടി പറഞ്ഞപ്പോൾ സംഗതി പൂർണമായി.
ആയുഷ‌്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി കേരളത്തിൽ നടപ്പാക്കുന്നില്ലെന്നും ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ലെന്നുമാണ് മോഡി പറഞ്ഞുകളഞ്ഞത്. കഴിഞ്ഞ കൊല്ലംതന്നെ കേന്ദ്രവും കേരളവും ധാരണപത്രം ഒപ്പിടുകയും ആദ്യ ഗഡു വിഹിതം അനുവദിക്കുകയും ചെയ‌്ത പദ്ധതി നടപ്പാക്കിയിട്ടേ ഇല്ല എന്ന് പ്രധാനമന്ത്രിതന്നെ പറയുമ്പോൾ നൂറ്റിപ്പതിനൊന്നു കിലോ താമരപ്പൂ എന്തിനുള്ള ലൈസൻസായിരുന്നു എന്നാണ‌് വ്യക്തമായത്. ദൈവത്തെയും ഭക്തിയെയും രാഷ്ട്രീയനേട്ടത്തിനുള്ള ആയുധമാക്കുമ്പോൾ തുലാഭാരത്തട്ടിലും രാഷ്ട്രീയം കയറും!
നെല്ല്, അവൽ, ശർക്കര, പഞ്ചസാര, കദളിപ്പഴം, എള്ള്, മഞ്ചാടിക്കുരു, ചേന, ഉപ്പ്, നാണയം, വെണ്ണ എന്നിങ്ങനെയുള്ള പതിവ് ദ്രവ്യങ്ങൾക്ക് പകരം പത്മദളംകൊണ്ട് ഗുരുവായൂരപ്പനെ താമരക്കണ്ണനാക്കി എന്ന അത്ഭുതകൃത്യവും ഇനി മോഡിയുടെ വീരചരിതത്തിൽ കൂട്ടിച്ചേർക്കാം. സാധാരണ ആളുകൾ ദൈവത്തിന് നേർച്ച നേരുന്നത് എന്തെങ്കിലും കാര്യം ലബ‌്ധിക്കാണ്. വോട്ടെടുപ്പ് തീരുംമുമ്പ‌് കേദാർനാഥിലെ ഗുഹയിൽ കയറിയ മോഡി രണ്ടാമതും പ്രധാനമന്ത്രി പദത്തിൽ എത്തിയശേഷം ക്ഷേത്രങ്ങളിൽനിന്ന് ക്ഷേത്രങ്ങളിലേക്കുള്ള ഓട്ടം നിർത്തിയിട്ടില്ല. വോട്ടു കിട്ടിയതും ജയിച്ചതും ദൈവങ്ങളുടെ സിദ്ധികൊണ്ടാണ് എന്ന് അദ്ദേഹത്തിനുതന്നെ തോന്നുന്നതുകൊണ്ടാണോ ഇത് എന്ന സംശയം ന്യായം. ജനാധിപത്യത്തിൽ ദൈവങ്ങൾക്കുള്ള പ്രാധാന്യം കോൺഗ്രസിനേക്കാൾ മോഡി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും പറയാം.
ഭക്തിയും ആരാധനയും വ്യക്തിപരമായ കാര്യമാണ്. പൂണൂലിട്ട ബ്രാഹ്മണനാണ് താൻ എന്ന് തെരഞ്ഞെടുപ്പിനുമുമ്പ‌് സ്വയംപറഞ്ഞ വേറൊരാളുണ്ട്. ജയിപ്പിക്കണേ എന്ന് കരഞ്ഞുപറഞ്ഞ‌് ക്ഷേത്രങ്ങളിൽ കയറിയിറങ്ങിയ രാഹുൽ ഗാന്ധി. ഗംഗാ ദേവിയുടെ മുന്നിൽ പ്രണമിച്ചും മണിയടിച്ചുമാണ് രാഹുലിന്റെ സഹോദരി പ്രിയങ്ക കോൺഗ്രസിനെ ജയിപ്പിക്കാൻ രംഗത്തിറങ്ങിയത്. ആ കോൺഗ്രസിനെ ദൈവങ്ങളും ജനങ്ങളും കൈവിട്ടു. തോൽവിക്കുശേഷം രാഹുലിനെ വയനാട്ടുകാർമാത്രമേ കണ്ടിട്ടുള്ളൂ. വയനാടിന്റെ ഭാവിക്കുവേണ്ടി ഇടതുപക്ഷവുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഈ സഹകരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയിൽനിന്നോ ബിജെപിയിൽനിന്നോ പ്രതീക്ഷിക്കുന്നില്ല എന്നുമാണ് അവിടെ രാഹുൽ പറഞ്ഞത്. അതായത് മോഡിക്കെതിരെ പടനയിക്കാൻ ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽനിന്ന് ഒളിച്ചോടി കേരളത്തിലെത്തി ഇടതുപക്ഷ സ്ഥാനാർഥിയെ തോൽപ്പിച്ചശേഷം ഇടതുപക്ഷവുമായി സഹകരണം എന്ന്.
ഭാവി പ്രധാനമന്ത്രിയാണ് വരുന്നത്; കോൺഗ്രസിന് ഒരു സീറ്റു കുറഞ്ഞാൽ മോഡി വീണ്ടും കയറും എന്നാണു ജനങ്ങളെ പറഞ്ഞുപേടിപ്പിച്ചത്. ആ ഭാവി പ്രധാനമന്ത്രി തോൽവിക്കുശേഷം പറയുന്നത് താൻ വയനാടിന്റെ എംപി മാത്രമാണ് എന്നത്രെ. അതല്ലാതെ രാഷ്ട്രീയകാര്യങ്ങളിലൊന്നും ഇടപെടാൻ തയ്യാറല്ല എന്ന്. കോൺഗ്രസിന്റെ അധ്യക്ഷനാണ്- പക്ഷേ ആ സ്ഥാനത്ത‌് ഇനി ഇരിക്കില്ല എന്ന്. സ്വന്തം പാർടി തോറ്റപ്പോൾ മറ്റു നേതാക്കളെ പഴിചാരി മുറിയിൽ കയറി കുറ്റിയിട്ടിരിപ്പാണ് അധ്യക്ഷൻ. ആകെ നടതുറന്നതു രണ്ടുവട്ടം,- പാർലമെന്ററി പാർടി യോഗത്തിനും വയനാട് യാത്രയ‌്ക്കും. അധ്യക്ഷസ്ഥാനം ഒഴിയണമെങ്കിൽ രാഹുൽ ഗാന്ധി മാന്യമായ മാർഗം സ്വീകരിക്കണമെന്ന‌് ആവശ്യപ്പെടുന്നത് മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വീരപ്പ മൊയ‌്‌ലിയാണ്. അങ്ങനെ പറയാൻ അനേകം നേതാക്കൾ വേറെയും ഉണ്ട്. ഒന്ന് തോൽക്കുമ്പോൾ കരഞ്ഞു കുത്തിയിരിക്കുന്ന സാദാ കോൺഗ്രസുകാരനാണ് എന്ന് രാഹുൽ ഗാന്ധി സ്വയം തെളിയിക്കുമ്പോൾ കോൺഗ്രസിലെ ഡസൻ കണക്കിന് മുതിർന്ന നേതാക്കൾ ബിജെപി കാര്യാലയത്തിന്റെ പിന്നാമ്പുറത്തേക്കു നീങ്ങുകയാണ്.
കേരളത്തിലെ ചില നേതാക്കൾ രാഹുലിനെ പറഞ്ഞുപറ്റിക്കുകയായിരുന്നുവത്രെ. വയനാട്ടിൽ ചെന്ന് ദക്ഷിണേന്ത്യ പിടിക്കാം; ഉത്തരേന്ത്യ പ്രിയങ്കയ‌്ക്ക‌് പിറകെ ഉണ്ട്; മധ്യപ്രദേശിലും രാജസ്ഥാനിലും ജയിച്ചപോലെ ലോക‌്സഭയിൽ ജയിച്ചുകയറാം എന്നെല്ലാമുള്ള തള്ളുകളിൽ രാഹുലിന്റെ നിഷ‌്കളങ്ക മനസ്സ് വീണുപോയി. ഫലം വന്നപ്പോൾ പ്രതിപക്ഷത്തിരിക്കാനുള്ള യോഗ്യതപോലും ഇല്ലാതായി.
എ കെ ആന്റണി രാഹുലിനെ ആശ്വസിപ്പിച്ചത്, "വയനാട്ടിൽ മത്സരിച്ചില്ലെങ്കിൽ എംപിപോലും ആകില്ലായിരുന്നല്ലോ, തന്റെ ഉപദേശം ശരിയായില്ലേ’ എന്നാണത്രെ. ആന്റണിക്ക് മാർക‌്സിസ്റ്റ‌് പാർടിയെ കുത്തുക എന്ന ജീവിതലക്ഷ്യം നേടിയതിന്റെ ആഹ്ലാദവും ശിഷ്ടകാലത്തേക്ക‌് രാജ്യസഭാംഗത്വമടക്കമുള്ള മുതിർന്ന നേതാവ് പദവിയും ഉണ്ട്. രാഹുലും കോൺഗ്രസും തോറ്റു തുന്നംപാടിയാലും വ്യക്തിപരമായ നഷ്ടം ആന്റണിക്ക് ഇനി വരാനില്ല. രാഹുലിന്റെ കാര്യം അങ്ങനെയല്ല. രണ്ടുവട്ടം തോറ്റു. തോൽക്കാനായി ജനിച്ചവൻ എന്ന ദുഷ്‌പേര് വീണുകഴിഞ്ഞു. രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷിയുടെ നേതാവാണ് താൻ എന്നതുപോലും മറന്ന‌് അജ്ഞാതവാസത്തിനു പോകാൻ ഇത്രയൊക്കെ മതി ആ ഇളം മനസ്സിന്.
കോൺഗ്രസിനെ തളർത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്ന വിധത്തിൽ നേതൃപദവി വിട്ടുപോകരുത‌് എന്നാണ‌് മൊയ്‌ലിയുടെ ആവശ്യം. അതായത് പറ്റുന്ന വേറെ ആരെയെങ്കിലും ഏൽപ്പിച്ചു പൊയ‌്ക്കൊള്ളൂ എന്ന്. ടാലന്റ് ഹണ്ടും ഹൈടെക് പ്രചാരണവും കൊണ്ടൊന്നും രക്ഷപ്പെടില്ല. അതിന‌് കൃത്യമായ രാഷ്ട്രീയം വേണം എന്ന് പറഞ്ഞുകൊടുക്കാൻ ഒരാന്റണിയും കോൺഗ്രസിൽ ഇന്നില്ല. കേരളത്തിൽ സംഘപരിവാർ സൃഷ്ടിച്ച ശബരിമലപ്രശ്നം തുറന്നുകാട്ടാനല്ല; വിശ്വാസികളുടെ വികാരവും ആശങ്കയും എണ്ണയൊഴിച്ചു കത്തിച്ച‌് അതിന്റെ പേരിൽ ധ്രുവീകരണമുണ്ടാക്കി വോട്ടു തട്ടാനുള്ള സൂത്രവിദ്യയാണ് ആർഎസ്എസിനെപോലും അമ്പരപ്പിച്ചുകൊണ്ട് ചെന്നിത്തല, -ഉമ്മൻചാണ്ടി സംഘം നടത്തിയത്. യുദ്ധം തോറ്റപ്പോൾ തളർന്നു ബോധരഹിതനായ പടനായകനും ആശ്വാസവാക്കുകൾ പോലുമില്ലാതെ നൈരാശ്യകോലങ്ങളും ആണിന്ന‌് കോൺഗ്രസ്. യഥാർഥത്തിൽ ഇപ്പോൾ ആരാധനാലയങ്ങളിൽ കയറിയിറങ്ങേണ്ടതും വഴിപാടുകൾ നടത്തേണ്ടതും കോൺഗ്രസാണ്. ഉദരരോഗശാന്തിക്ക് ശർക്കരയും ശനിദോഷശാന്തിക്ക് എള്ളും ആണ് ഗുരുവായൂരിലെ തുലാഭാരദ്രവ്യം. ചാത്തൻ സേവ, അത്ഭുതരോഗശാന്തി, കൂടോത്രം, മാടൻ, മറുത, മന്ത്രവാദം, മന്ത്രിച്ചൂതിയ വെള്ളം, ചരട് കെട്ടൽ, ഏലസ്, പ്രാർഥന, ആട്, കോഴി നേർച്ചകൾ തുടങ്ങിയ അനേകം മാർഗങ്ങളും കോൺഗ്രസിന് പരീക്ഷിക്കാവുന്നതാണ്.