26 December Thursday

ധ്യാനത്തിലാണ്‌ അഭയം

ശതമന്യു Monday May 20, 2019


മലയാള മനോരമയും  നരേന്ദ്ര മോഡിയും  ധ്യാനത്തിലാണ്. മനോരമയ‌്ക്ക‌് സാന്റിയാഗോ മാർട്ടിന്റെ  മടയിൽ ആണ് ധ്യാനം എങ്കിൽ സ്വന്തമായി തീരുമാനിച്ച‌് നിർമിച്ച ഗുഹയിലാണ് മോഡിയുടെ ധ്യാനം. ഇതിൽ ഏതാണ് ഉടായിപ്പ് എന്ന് കൃത്യമായി ഗണിച്ചെടുക്കാൻ രമേശ് ചെന്നിത്തലയുടെ സഹായം വേണ്ടിവരും. എന്തായാലും ഒരു കാര്യത്തിൽ സംശയമേതുമില്ല. മനോരമയ‌്ക്കും മോഡിക്കും ഇനി  അത‌് മാത്രമേ വഴിയുള്ളൂ. അതും കണ്ണട വച്ചുതന്നെ ധ്യാനിക്കണം. അല്ലെങ്കിൽ പൂച്ച പാൽ കുടിക്കുന്ന കാര്യം നാട്ടുകാർ വിളിച്ചുപറയുക മാത്രമല്ല,  ചൂടുപാൽ രണ്ടുകൂട്ടരുടെയും മുഖത്തേക്ക് ഒഴിക്കുകയുംചെയ്യും.

സാന്റിയാഗോ മാർട്ടിനെ ലോട്ടറി രാജാവ് എന്നും മാഫിയാ തലവൻ എന്നും കൊള്ളക്കാരൻ എന്നുമാണ് മനോരമ വിളിച്ചിരുന്നത്. അത് മാർട്ടിനോടോ ലോട്ടറിയോടോ ഉള്ള വിരോധംകൊണ്ട് ആയിരുന്നില്ല. മാർട്ടിനിൽനിന്ന് ലഭിക്കുന്ന പരസ്യത്തിന്റെ അളവ് കുറവായതുകൊണ്ടും ആയിരുന്നില്ല. ദേശാഭിമാനിക്ക്  ലഭിക്കുന്ന പരസ്യത്തിന്റെ തുക ഒന്നിച്ചു കിട്ടിയപ്പോൾ ഉണ്ടായ അസൂയമൂലമാണ് തങ്ങൾ സ്ഥിരമായി കാശുവാങ്ങുന്ന ഒരു പരസ്യക്കാരനെ മാഫിയ എന്നും കൊള്ളക്കാരൻ എന്നും പിടിച്ചുപറിക്കാരൻ എന്നും  പേർത്തും പേർത്തും വിളിക്കാൻ മനോരമയെ പ്രേരിപ്പിച്ചത്. അന്നത്തെ ദേശാഭിമാനിയുടെ ജനറൽ മാനേജർ ഇ പി ജയരാജനെ ലോട്ടറി മാഫിയയുടെ തോഴനായി ചിത്രീകരിക്കാനും മുന്നിട്ടിറങ്ങിയ പത്രം മനോരമതന്നെ ആയിരുന്നു. അതേ പത്രം ഇന്ന് നിരുപാധികം മാപ്പുപറഞ്ഞ‌് മാർട്ടിനുമായുള്ള എല്ലാ കേസുകളും അവസാനിപ്പിക്കുകയാണ്.

ഒരു കലർപ്പുമില്ലാതെ, ഒരു കൂട്ടിച്ചേർക്കലുമില്ലാതെ മനോരമയുടെ മനസ്സ് ഇങ്ങനെ പകർത്തിവച്ചിട്ടുണ്ട്: സാന്റിയാഗോ മാർട്ടിനെപ്പറ്റി  ‘ലോട്ടറി രാജാവ്’, ‘ലോട്ടറി മാഫിയ’, ‘കൊള്ളക്കാരൻ’ തുടങ്ങിയ പദങ്ങൾ എഴുതാൻ ഇടയായതിൽ മാനേജ്മെന്റ് നിർവ്യാജം ഖേദിക്കുന്നതിനൊപ്പം അവ പിൻവലിക്കുന്നു.

സംഗതി ലളിതമാണ്. ലോട്ടറി കച്ചവടക്കാരനായ മാർട്ടിനെക്കുറിച്ച് മനോരമ ഒരുപാട് കാര്യങ്ങൾ എഴുതി. അത് അടിസ്ഥാനരഹിതമാണ് എന്നുകാണിച്ച് രാജ്യത്തെ പല ഭാഗങ്ങളിലും മാർട്ടിൻ കേസ് കൊടുത്തു. എഴുതിയ കാര്യങ്ങൾ തെളിയിക്കാനുള്ള ഒന്നും മനോരമയുടെ കൈയിൽ ഇല്ല. അപ്പോൾ ഏറ്റവും നല്ല മാർഗം മാപ്പ് പറയുക, കാലുപിടിക്കുക, പിന്മാറുക എന്നത് തന്നെയാണ്. അത് അവർ ഭംഗിയായി ചെയ‌്തു.  നാണം,  മാനം എന്നീ വാക്കുകൾ നിഘണ്ടുവിൽ വല്ലപ്പോഴും വായിച്ചാൽമാത്രമേ അതിന്റെ അർഥവും വിലയും മനസ്സിലാകൂ. മനോരമയുടെ ഓഫീസിൽ നിഘണ്ടു ഇല്ല. അതുകൊണ്ടുതന്നെ നാണവും മാനവും ഇല്ല. ഒരാളെ കൊള്ളക്കാരനും മാഫിയാതലവൻ എന്നും മറ്റും വിളിച്ച‌്  വാർത്തകൾ തുടരെ എഴുതിയശേഷം നിരുപാധികം മാപ്പ് പറയുന്ന ഒരു പത്രത്തിന് സ്വാഭാവികമായും തോന്നേണ്ട അഭിമാനക്ഷതമോ മനോരമയിൽ ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല എന്ന് സാരം. പക്ഷേ കേസിനെ ഭയന്ന‌് സ്വന്തം വാക്കുകൾ വിഴുങ്ങുമ്പോൾ യഥാർഥത്തിൽ അത് ആരെ ഉദ്ദേശിച്ച‌് ആയിരുന്നു, ആരൊക്കെയാണ് അപമാനിച്ചത്, ആർക്കൊക്കെയാണ് മുറിവേറ്റത് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. മനോരമയിൽനിന്ന് അത്തരമൊരു ചിന്ത ആരും പ്രതീക്ഷിക്കുന്നില്ല. ഉളുപ്പില്ലായ‌്മയുടെയും വിവരക്കേടിന്റെയും കാര്യത്തിൽ ഒരുപക്ഷേ മനോരമയും മോഡിയും ഇരട്ട  സഹോദരരാണ്. തട്ടിപ്പും വെട്ടിപ്പും  കൈയോടെ പിടിക്കപ്പെട്ടാലും പിടിച്ചു നിന്നു കൊള്ളും

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ഭരണത്തലവൻ എന്നാണ് നരേന്ദ്ര മോഡി സ്വയം വിളിക്കുന്നത്. അത് ശരിയുമാണ്. കിട്ടിയ വോട്ട് എണ്ണം കുറവെങ്കിലും ലോക‌്സഭയിൽ ഭൂരിപക്ഷം ബിജെപിക്ക് ആയതുകൊണ്ട് നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി. ഡൽഹിയിലെ നോർത്ത് ബ്ലോക്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചെന്ന് ഇരുന്നാൽ മാത്രം ഒരാൾക്ക് വിവരവും വിവേകവും വരണമെന്നില്ല. അഞ്ചുവർഷം  ഇരുന്നാലും അതിനു സാധ്യതയില്ല എന്നാണ് നരേന്ദ്ര മോഡി പ്രധാനമന്ത്രി പദത്തിന്റെ അവസാന നാളുകളിൽ നടത്തിയ പത്രസമ്മേളനത്തിൽ കണ്ടത്. പണ്ട് ബിജെപിയുടെ വക്താവായിരുന്നു നരേന്ദ്ര മോഡി എന്നാണ് പലരും പറയുന്നത്. വക്താവ് എന്നാൽ പാർടിക്കുവേണ്ടി ഏതു ചോദ്യത്തിനും ഉത്തരം പറയാൻ കെൽപ്പുള്ളവൻ എന്നുകൂടി അർഥമുണ്ട്. അഞ്ചുവർഷത്തെ ഭരണത്തിനിടയിൽ ഒരിക്കൽപോലും നരേന്ദ്ര മോഡി മാധ്യമപ്രവർത്തകരുമായി നേരിട്ട് സംവദിച്ചില്ല.

  ഒരു വാർത്താസമ്മേളനംപോലും നടത്താതെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന‌് ഒഴിയാൻ ഇരിക്കുമ്പോഴാണ് പത്രക്കാരെ ഒന്ന് കണ്ടാലോ എന്ന് മോഡിക്ക് തോന്നിയത്. വാർത്താസമ്മേളനത്തിൽ ഒറ്റയ‌്ക്കല്ല പ്രത്യക്ഷപ്പെട്ടത്. കൂടെ അമിത‌്‌ ഷായും. വിശദീകരണവും ഉത്തരംപറയലും അമിത്ഷാ വക. പ്രചാരണവേദികളിൽ  പോകുമ്പോൾ ഏതു വസ്ത്രം ധരിക്കണം, എങ്ങനെ താടി തടവണം, ഏത‌് വാച്ച് ധരിക്കണം, ഏത് പെർഫ്യൂം ഉപയോഗിക്കണം എന്നൊക്കെ നിഷ‌്കർഷതയുള്ള  ആളാണ് നരേന്ദ്ര മോഡി. അഞ്ചു വർഷത്തെ ഭരണം പൂർത്തിയാക്കുമ്പോൾ ഒരു തവണയെങ്കിലും  ഒരു വാർത്താസമ്മേളനത്തെ അഭിസംബോധന ചെയ‌്തു  എന്ന പേര് വേണം എന്ന് അദ്ദേഹത്തിന് മോഹം തോന്നിയത് ന്യായമാണ്. സ്വന്തമായി പത്രസമ്മേളനം നടത്താൻ കഴിയില്ലെങ്കിൽ സഹായികളെ തേടുന്നതും വലിയ അപരാധമല്ല. മോഡിയും അമിത് ഷായും ബിജെപിയുടെ ഇരട്ട മക്കളാണ്. അമിത‌് ഷാ പറയുന്നത് ചെയ്യുന്ന ആൾ മാത്രമല്ല നരേന്ദ്ര മോഡി. കാരണം അദ്ദേഹം പ്രധാനമന്ത്രി ആണ്. വാർത്താസമ്മേളനത്തിൽ അമിത്ഷായുടെ രണ്ടാംസ്ഥാനക്കാരനായി ഇരുന്ന് താനൊരു ബൂസ്റ്റർ മാത്രമാണ് എന്ന് പറയുമ്പോൾ ഇപ്പോൾ നരേന്ദ്ര മോഡി അപമാനിച്ചത് ഇന്ത്യാരാജ്യത്തെ സാധാരണ ജനങ്ങളെ ആകെ ആണ്.

ചോദ്യങ്ങൾക്ക് മറുപടിയില്ല; സ്വന്തമായി ഒരു വാചകം പറയാനുമില്ല. - ഇന്ത്യ ഭരിക്കുന്ന പ്രധാനമന്ത്രിയുടെ ദയനീയമായ പ്രകടനമാണ് ആ വാർത്താസമ്മേളനത്തിൽ ലോകത്തിനുമുമ്പാകെ അവതരണീയമായത്.  നരേന്ദ്ര മോഡി  ആർഎസ്എസുകാരൻ ആണ്. ശുദ്ധമായ സംഘി രക്തം. ആർഎസ്എസ് ആകുമ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ സവിശേഷത സ്വന്തമായി ഒരു നിലപാടോ ലോകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് സാമാന്യധാരണയോ വേണ്ടതില്ല എന്നതാണ്. അതുകൊണ്ടാണ്  ചാണകത്തിലെ ഓക്സിജനെക്കുറിച്ചും  ഗണപതിയുടെ പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും പുഷ്പകവിമാനം മാതൃകയിലുള്ള സാങ്കേതികവിദ്യയെക്കുറിച്ചും ഒരു ലജ്ജയുമില്ലാതെ ആർഎസ്എസുകാർ പറയുന്നത്. അവർക്ക് ശാസ്ത്രം വേണ്ട, തെളിവ് വേണ്ട, വസ്തുത വേണ്ട - ഭാവനയും കുബുദ്ധിയും മതി. സിപിഐ എമ്മിനെക്കുറിച്ച് ആകുമ്പോൾ ഭാവന മൃഗീയ ഭാവന ആകുന്നു. ഏത് നേതാവിനെയും എന്തും പറയാം. പാർടിയെ ഏതുതരത്തിലും ആക്ഷേപിക്കാം. കമ്യൂണിസ്റ്റുകാരുടെ മാന്യതകൊണ്ട് തിരിച്ച് ഒന്നും ഉണ്ടാകില്ല എന്ന ഒരു ധാരണ പ്രധാനപ്പെട്ട മാധ്യമങ്ങൾക്കുപോലും ഉണ്ട്. അതുകൊണ്ടാണ് 17–-ാം ലോക‌്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾമുതൽ കേരളത്തിൽ സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റിനെയും ആക്രമിക്കുക എന്ന ഏകലക്ഷ്യത്തോടെ മഹാമാധ്യമങ്ങൾ മുന്നേറുന്നത്. ഓരോ കേരളീയനും അഭിമാനിച്ചതാണ്, ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഒരു ദിവസത്തെ വ്യാപാര ഉദ്ഘാടനം കേരളത്തിലെ മുഖ്യമന്ത്രി നിർവഹിച്ച നിമിഷം. ആ സംഭവത്തെ ഇകഴ‌്ത്തിക്കാണിക്കുക മാത്രമല്ല,  ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മണിമുഴക്കിയതുകൊണ്ട് കേരളത്തിൽ എന്ത് എന്ന് വിഡ്ഢി ച്ചോദ്യമുന്നയിക്കാൻ നമ്മുടെ മാധ്യമങ്ങൾ തയ്യാറായി.

പുതിയ കാലത്തെ കേരളത്തിലെ അതിജീവനമന്ത്രമായ കിഫ്ബി വിജയകരമായി മുന്നേറുമ്പോൾ അതിനെ തുരങ്കംവയ‌്ക്കാൻ ലാവലിൻ ബന്ധം പോലുള്ള വ്യാജകഥകളുമായി പ്രതിപക്ഷനേതാവ് തന്നെ രംഗത്തിറങ്ങുന്നത് നാം കണ്ടു. മാധ്യമങ്ങൾ ആഘോഷപൂർവം അതുകൊണ്ടാടി. എല്ലാം കഴിഞ്ഞ് പരിശോധന നടത്തിയപ്പോൾ ഫലം ഉള്ളി തൊലികളഞ്ഞത് പോലെ. ജനസമ്പർക്കപരിപാടിക്ക് കിട്ടിയ അംഗീകാരം ഉമ്മൻചാണ്ടിയുടെ വ്യക്തിഗത പുരസ‌്കാരമായി കൊണ്ടാടിയ കേരളത്തിലെ വലതുപക്ഷമാധ്യമങ്ങൾക്ക് ഇദംപ്രഥമമായി ഒരു ഇന്ത്യൻ സംസ്ഥാനം രാജ്യാന്തരതലത്തിൽ അതിന്റെ ധന മാനേജ്മെന്റ് അംഗീകരിക്കപ്പെട്ടത് കണ്ടുനിൽക്കാൻ ത്രാണി ഉണ്ടായില്ല.

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നിമിഷംമുതൽ ന്യൂനപക്ഷ ഏകീകരണം, ഇടതുപക്ഷ ജനാധിപത്യ മുന്നണി തോൽക്കുമെന്ന് വാർത്തയിലൂടെയും വിശകലനങ്ങളിലൂടെയും ചർച്ചകളിലൂടെയും പറഞ്ഞു പറഞ്ഞ‌് തളർന്നവർ. ഇപ്പോൾ കള്ളവോട്ട് ആക്ഷേപിക്കുന്നതുപോലെയാണ് കാര്യങ്ങൾ. വാക്കിന് വിലയില്ല, പ്രവൃത്തിക്കും വിലയില്ല. അപ്പോൾ തോന്നുന്നത് എന്തോ അതാണ് പ്രമാണം. നരേന്ദ്ര മോഡിയെ മാത്രം പഴിച്ചിട്ട് കാര്യമില്ല. മോഡിയെക്കാൾ വലിയ മോഡി ഭക്തി കേരളത്തിലെ മാധ്യമങ്ങൾക്കുണ്ട്. അതുകൊണ്ടാണ് കൃത്യമായി പറയാൻ കഴിയുന്നത് ഈ തെരഞ്ഞെടുപ്പിലെ ഫലം എന്തായാലും അത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ആയിരിക്കുമെന്ന്. കാരണം എൽഡിഎഫ് നേടിയ ഓരോ വോട്ടിനും യുഡിഎഫിന്റെയും  ബിജെപിയുടെയും വോട്ടിനെക്കാൾ പത്തോ പതിനഞ്ചോ മടങ്ങ് ശക്തിയുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം 10 മണ്ഡലങ്ങളിൽ മാത്രമായി ചുരുങ്ങിപ്പോയാൽ പോലും അതിന് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും വിജയത്തേക്കാൾ  ശോഭ ഉണ്ട് എന്നർഥം. നുണയന്മാരുടെയും വ്യാജവാർത്തക്കാരുടെയും തള്ളിനെ ചെറുത്തുതോൽപ്പിക്കാനുള്ള ജനവിധി ആണ്  മെയ് 23ന‌് വോട്ട് എണ്ണുമ്പോൾ ഇടതുപക്ഷ ജനാധിപത്യമുന്നണി ആർജിക്കാൻ പോകുന്നത്. അത് തിരിച്ചറിഞ്ഞതുകൊണ്ടുള്ള വെപ്രാളമാണ് കള്ളവോട്ടിനെക്കുറിച്ചും ബിജെപി കൊണ്ടുപോയ വോട്ടുകളെക്കുറിച്ചുമൊക്കെയുള്ള വിലാപങ്ങൾ ആയി യുഡിഎഫ് ക്യാമ്പിൽനിന്ന് ഉയർന്നു കേൾക്കുന്നത്.    എല്ലാം വച്ചുനോക്കുമ്പോൾ എൽഡിഎഫിനെ ശപിക്കാൻ നടന്നവർക്ക് ധ്യാനം തന്നെയാണ് ഉചിതം.

 Top