26 December Thursday

നിറഞ്ഞ‌് തുളുമ്പുന്ന മോഡി സ‌്തുതി

ശതമന്യു Monday May 27, 2019


കേദാർനാഥിൽ  സ്വന്തമായി ഉണ്ടാക്കിയ ഗുഹയിലെ ധ്യാനത്തിനുശേഷം നരേന്ദ്ര മോഡി ഇറങ്ങിവരുന്നത് രാജ്യത്തിന്റെ അധികാരം അഞ്ചുവർഷത്തേക്ക് വീണ്ടും ഉറപ്പിച്ചുകൊണ്ടാണ്. അമിത് ഷായും മോഡിയും ചേർന്ന് ഇന്ത്യാ രാജ്യത്തെ  മൊത്തത്തിൽ എടുത്തുകൊണ്ടുപോവുകയാണ്. ആരും പ്രതീക്ഷിക്കാത്ത തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ മോഡി സ‌്തുതിയും അമിത് ഷായുടെ നേതൃപാടവത്തിന്റെ അപദാനവുംകൊണ്ട് മാധ്യമങ്ങൾ  നിറഞ്ഞുതുളുമ്പുന്നു. ഗാന്ധിഘാതകൻ  നാഥുറാം വിനായക് ഗോഡ്സെ ദേശസ‌്നേഹിയാണെന്ന‌് ആണയിട്ടു പറഞ്ഞ പ്രഗ്യ സിങ്  ഠാക്കൂർ ബിജെപി അംഗമായി    ലോക‌്സഭയിൽ എത്തുന്നുണ്ട്. തോൽപ്പിച്ചത് കോൺഗ്രസിന്റെ ദേശീയ നേതാവ് ദിഗ്‌വിജയ് സിങ്ങിനെയാണ്. അതും കോൺഗ്രസ‌് ഭരിക്കുന്ന മധ്യപ്രദേശിന്റെ തലസ്ഥാനത്തുനിന്ന്. ഭീകരർക്കെതിരെ ജീവൻകൊടുത്ത് പോരാടിയ ഹേമന്ത് കർക്കറെ മുംബൈ  ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത‌് തന്റെ ശാപംകൊണ്ടാണ് എന്ന് പ്രഖ്യാപിച്ച  പ്രഗ്യ സിങ്‌ മോഡിയുടെ രണ്ടാം മന്ത്രിസഭയിൽ ഉണ്ടാകുമോ എന്നേ ഇനി അറിയാനുള്ളൂ.

കടുപ്പമാണ് കാര്യങ്ങൾ. ഗോ സംരക്ഷകർ വീണ്ടും ഇറങ്ങിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ എന്നൊക്കെ പറയും. കാണാതായ വോട്ടിങ് യന്ത്രങ്ങളുടെ കണക്കെടുപ്പ് ഇതുവരെ പൂർത്തിയായിട്ടില്ല. ബൂത്ത് പിടിച്ചതിന്റെയും വോട്ടർമാരെ അടിച്ചോടിച്ചതിന്റെയും പണം കൊടുത്ത‌് വോട്ട് വാങ്ങിയതിന്റെയും കണക്കുകൾ പുറത്തുവരുന്നതേയുള്ളൂ. കഴിഞ്ഞ ദിവസം എൻഡിഎയുടെ  എംപിമാരോട് സംസാരിച്ചപ്പോൾ ന്യൂനപക്ഷങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചുമൊക്കെ മോഡി പറഞ്ഞിട്ടുണ്ട്. അഞ്ചുവർഷത്തെ ഭരണകാലയളവിലാകെ ന്യൂനപക്ഷങ്ങൾക്കെതിരെ നിലകൊണ്ടയാൾക്ക‌് പെട്ടെന്നുവന്ന മാറ്റമല്ലിത്. താൻ വിഭജനത്തിന്റെയും വെറുപ്പിന്റെയും ആൾ അല്ലെന്ന‌് ലോകത്തോടൊന്നു പറയണം- അതിനുള്ള ഉപായംമാത്രം. അതുവച്ച‌് മോഡി എത്ര മാറി എന്ന പാട്ടുമായാണ് മാധ്യമങ്ങൾ ഇറങ്ങിയത്.

ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് ഏതെങ്കിലും കമ്യൂണിസ്റ്റ‌് നേതാവിന് ചുവന്ന ബോർഡ് വച്ച കാറിൽ കറങ്ങി നടക്കാനല്ല. മറിച്ച‌്  ആർഎസ്എസിനെതിരെ  ഉറച്ച ശബ്ദം  ഇടതുപക്ഷത്തിന്റേതായതു കൊണ്ടാണ്

അഞ്ചു വർഷത്തിനിടയിൽ ആകെ ഒരു വാർത്താ സമ്മേളനം വിളിക്കുകയും അതിൽ മിണ്ടാതിരിക്കുകയും ചെയ‌്ത പ്രധാനമന്ത്രിയാണ് മോഡി. വാ തുറന്നാൽ വിഡ്ഢിത്തം ഒഴുകുന്നതിന‌് മേഘസിദ്ധാന്തം ഒടുവിലത്തെ ഉദാഹരണം.  ഹിന്ദുത്വ ദേശീയവികാരവും പുൽവാമ ഭീകരാക്രമണത്തിനുശേഷം സൃഷ്ടിക്കപ്പെട്ട യുദ്ധോത്സുകതയുമാണ് അമിത് ഷ–-മോഡി ദ്വയം ഭംഗിയായി വോട്ടാക്കിയത്. തെരഞ്ഞെടുപ്പ് ഫലം വന്നതേയുള്ളൂ- എണ്ണവില കയറുപൊട്ടിച്ച‌് ഓടിത്തുടങ്ങി. മോഡിയെക്കുറിച്ച് പയ്യാരം പറയുകയല്ലാതെ വീണ്ടും മോഡി വരുന്നത് തടയാൻ കോൺഗ്രസ‌് ഒന്നുംചെയ‌്തില്ല. മോഡി ഭരണത്തിനെതിരെ രാഷ്ട്രീയമായി യുദ്ധം നയിക്കുന്ന നേതാവാണ് താൻ എന്ന‌് രാഹുലിന് തോന്നിയതുമില്ല. താനും പൂണൂലിട്ട ഹിന്ദുവാണ് എന്ന് വരുത്തിത്തീർക്കാനാണ്  രാഹുൽ ശ്രമിച്ചത്. ഫലം- ഇന്ത്യൻ നാഷണൽ കോൺഗ്രസ‌് കേരളം കോൺഗ്രസായി. അമേഠിയിൽ തോൽക്കുമെന്ന് മുൻകൂട്ടി അറിഞ്ഞാണ് രാഹുൽ കേരളത്തിലേക്ക് വന്നത്. അതുകൊണ്ട് കേരളം ഒരു തുരുത്തായി അവർക്ക് വീണുകിട്ടി. എ കെ ആന്റണിയെപ്പോലുള്ള കമ്യൂണിസ്റ്റ് വിരോധം ശ്വാസോച്ഛ്വാസത്തിൽപ്പോലും  ഉള്ള ഏതാനും കോൺഗ്രസ് നേതാക്കൾക്ക് ആ വിജയം ആഘോഷിക്കാം. പക്ഷേ, സാധാരണ കോൺഗ്രസുകാരും തെറ്റിദ്ധരിപ്പിക്കപ്പെട്ടു. യുഡിഎഫിന് വോട്ട‌് ചെയ‌്തവരും നൈരാശ്യത്തിലാണ്. 

ഇന്ത്യൻ പാർലമെന്റിൽ ഇടതുപക്ഷം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് ഏതെങ്കിലും കമ്യൂണിസ്റ്റ‌് നേതാവിന് ചുവന്ന ബോർഡ് വച്ച കാറിൽ കറങ്ങി നടക്കാനല്ല. മറിച്ച‌്  ആർഎസ്എസിനെതിരെ  ഉറച്ച ശബ്ദം  ഇടതുപക്ഷത്തിന്റേതായതു കൊണ്ടാണ്. കോൺഗ്രസിന്റെ ശകുനിവേഷംകൊണ്ട് ഇടതുപക്ഷത്തിന‌്  കേരളത്തിൽ  ക്ഷീണമുണ്ടായി. പാർലമെന്റിന്റെ  ഇരുസഭകളിലും ദരിദ്ര ജനകോടികളുടെ ശബ്ദം  മുഴക്കിയ; നിയമനിർമാണത്തിൽ ശക്തമായി ഇടപെട്ട ഇടതുപക്ഷ നേതാക്കൾ പരാജയപ്പെട്ടു. പകരം വർഗീയതയോടും അഴിമതിയോടും രാഷ്ട്രീയ അനാശാസ്യത്തോടും സന്ധി ചെയ്യുന്നവരടക്കം ഡൽഹിക്ക‌് വിമാനം കയറുന്നു. കളങ്കിതരാണ് കൂടുതലും.

ഒരു ഭാഗത്ത‌് മോഡിപ്പേടിയുടെ പേരിൽ വോട്ട‌് യാചന; മറുഭാഗത്ത് ബിജെപിയുമായി വോട്ടുകച്ചവടം. അതിനും അപ്പുറത്ത‌് മാധ്യമങ്ങളെ വിലയ‌്ക്കെടുത്ത് ഇടതുപക്ഷത്തിനെതിരായ അപവാദ പ്രചാരണം,- എല്ലാം ചേർത്ത‌് യുഡിഎഫ് ചുട്ടെടുത്തതാണ‌്   തെരഞ്ഞെടുപ്പ് ഫലം. അതിന്റെ പേരിൽ കോൺഗ്രസിന് അഭിമാനിക്കാൻ പ്രത്യേകിച്ച്  വകയൊന്നുമില്ല. ബിജെപിക്കാണെങ്കിൽ ഒരു സീറ്റുപോലും നേടാനാകാതെ, വിശേഷമായ ഒരു മുന്നേറ്റവും ഉണ്ടാക്കാനാകാതെ  ഇനിയും വിദൂഷകവേഷത്തിൽ തുടരാം. അപ്രതീക്ഷിത തിരിച്ചടി ഏറ്റുവാങ്ങിയ ഇടതുപക്ഷം പരിശോധനകളും തിരുത്തൽ നടപടികളും തുടങ്ങിയിട്ടുണ്ട്. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളം പലപ്പോഴും യുഡിഎഫിനെയാണ് വലിയതോതിൽ പിന്തുണച്ചതെന്നിരിക്കെ ഈ വിധി ജനങ്ങളുടെ ഇടതുപക്ഷവിരുദ്ധ വിധിയെഴുത്തായി ആരും കാണുന്നുമില്ല. എൽഡിഎഫ് സർക്കാരിനെതിരെ പ്രചാരണവേളയിൽ ഒരു വിമർശവും  ഉയർന്നുകേട്ടതുമില്ല. പക്ഷേ, ഇതൊന്നും നമ്മുടെ ചില മാധ്യമങ്ങൾക്കു ബാധകമല്ല. തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിനെതിരെ നുണക്കഥകളുടെയും അപവാദ പ്രചാരണത്തിന്റെയും പരമ്പരയുമായി ഉറഞ്ഞുതുള്ളിയവർക്ക‌് ആ ശൈലി മാറ്റാൻ കഴിയില്ലപോലും. -പകരം മുഖ്യമന്ത്രി പിണറായി വിജയൻ ശൈലി മാറ്റണം എന്ന ആഹ്വാനവുമായി ഇറങ്ങിയ ചാനൽ ജഡ‌്ജിമാരെയാണ‌് കഴിഞ്ഞ ദിവസം കണ്ടത്. പ്രതിപക്ഷത്ത‌ുനിന്ന‌് അതിന്റെ പ്രതിധ്വനിയും കേട്ടു. ഏതു ശൈലിയാണ് മാറ്റേണ്ടത് എന്നുമാത്രം ആരും പറയുന്നില്ല. പക്ഷേ, ജനങ്ങൾ ചോദിക്കുന്നുണ്ട്.

മുഖ്യമന്ത്രിപദം ഏറ്റെടുത്തപ്പോൾ പിണറായി വിജയൻ പറഞ്ഞത്  അഴിമതി  പൊറുപ്പിക്കില്ലെന്നും വികസനവും ജനക്ഷേമവുമാണ് പ്രധാനമെന്നുമാണ്. മൂന്നുവർഷത്തിനിടയിൽ താഴെതട്ടുമുതൽ അഴിമതി കുറഞ്ഞോ എന്ന് ആർക്കും പരിശോധിക്കാവുന്നതേയുള്ളൂ. അഴിമതിക്കാർക്ക് ഉറക്കം നഷ്ടപ്പെട്ടതിനാണോ  മുഖ്യമന്ത്രി ശൈലി മാറ്റേണ്ടത്?

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി ഒരിക്കലും നടപ്പാകില്ലെന്ന‌് പറഞ്ഞവർക്കു മുന്നിൽ അത് നടപ്പാകും എന്ന‌് തെളിയിച്ചു.  കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, കൊല്ലം ബൈപാസ്, ദേശീയപാത വികസനം  തുടങ്ങി മുടങ്ങിക്കിടന്നതും  മെല്ലെപ്പോയിരുന്നതുമായ വികസനപദ്ധതികൾ യാഥാർഥ്യമായി. ദേശീയപാത കേന്ദ്രം തടഞ്ഞതുകൊണ്ടുമാത്രം  വൈകുന്നു. അതിനെതിരെ ശബ്ദിച്ചതും  മറ്റെല്ലാ പദ്ധതികളും നിശ്ചിത സമയത്തിനുമുമ്പ‌് പൂർത്തിയാക്കിയതും മുഖ്യമന്ത്രിയുടെ കർശനമായ ഇടപെടൽകൊണ്ടാണ്. ആ  ശൈലിയോ മാറ്റേണ്ടത്?

നിപാ വന്നപ്പോഴും ഓഖി വന്നപ്പോഴും ഭരണാധികാരി എന്താണെന്ന് കേരളം പിണറായി വിജയനിലൂടെ കണ്ടു. ജനസമ്പർക്കം എന്ന മാമാങ്കമല്ല, അർഹരായവർക്ക്‌ അപേക്ഷ കിട്ടിയ ഉടൻ സഹായം നൽകുന്ന സംവിധാനമാണ് പിണറായി നടപ്പാക്കിയത്. ആ ശൈലി ഉമ്മൻചാണ്ടിക്ക് വിഷമമായി തോന്നാം.  മാധ്യമശ്രദ്ധയ‌്ക്കായി നാടകങ്ങൾ നടത്താതെ  പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ദുരിതാശ്വാസം വിതരണം ചെയ്യുന്ന ശൈലി മുഖ്യമന്ത്രി അവസാനിപ്പിക്കണോ? ക്ഷേമപെൻഷനുകൾ വീടുകളിലും അക്കൗണ്ടിലും എത്തിക്കുന്ന ശൈലി  മാറ്റണോ ?

ആശുപത്രികളും വിദ്യാലയങ്ങളും മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കുന്ന കർക്കശമായ നിർബന്ധബുദ്ധി മുഖ്യമന്ത്രി വലിച്ചെറിയണോ?  ഭരണഘടനാ ബാധ്യത നിറവേറ്റാതെ ആർഎസ്എസിന്റെ സങ്കുചിത അജൻഡയുടെ നടത്തിപ്പുകാരനാകണമായിരുന്നുവോ മുഖ്യമന്ത്രി?

മാധ്യമങ്ങളിൽ ഒരു വിഭാഗത്തിന് ചൊരുക്കുണ്ട്. രണ്ടു വ്യത്യസ‌്ത സന്ദർഭങ്ങളിൽ  ‘കടക്ക് പുറത്ത്, മാറിനിൽക്ക്’ എന്ന് പറഞ്ഞത‌് ചൂണ്ടിയാണ് മുഖ്യമന്ത്രിക്ക് ധാർഷ്ട്യം ആണെന്ന് അവർ പ്രചരിപ്പിക്കുന്നത്. അത് ആ സന്ദർഭങ്ങളുടെ ആവശ്യമായിരുന്നു എന്ന് എല്ലാ മാധ്യമപ്രവർത്തകർക്കും അറിയാം. അതല്ല യഥാർഥ പ്രശ്നം.  ഓച്ഛാനിച്ചു നിൽക്കുകയും പ്രമാണിമാരെ പേരെടുത്ത‌് വിളിക്കുകയും കൊച്ചു വർത്തമാനം പറയുകയും ചെയ്യുന്ന ശൈലിയോടാണ് മാധ്യമരംഗത്തെ വൻതോക്കുകൾക്കു താൽപ്പര്യം. ആ ശൈലി പിണറായിക്ക് ഇല്ല.  ഉള്ളത് ഉള്ളതുപോലെ പറയും. അത് തിരിച്ചറിഞ്ഞാണ് കേരളീയർ അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കിയത്. 

ഇടതുപക്ഷം തിരുത്തലിന‌് സന്നദ്ധതയുള്ള  പ്രസ്ഥാനമാണ്. ഭരണത്തെക്കുറിച്ചോ ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചോ വിമർശമുണ്ടെങ്കിൽ അതുന്നയിക്കുക,  -ചർച്ച ചെയ്യാം. പിണറായിയെ കൊല്ലാൻ നിങ്ങൾ കുറെ വർഷമായി നടക്കുന്നു. ടെക‌്നിക്കാലിയയും കമല ഇന്റർനാഷണലും കൊട്ടാരസദൃശ വീടും അടക്കമുള്ള കഥകളും ഉപകഥകളും നിങ്ങൾ കൊണ്ടാടിയത് മലയാളി മറന്നിട്ടില്ല. അഴിമതിക്കാരനാണെന്നും ധിക്കാരിയെന്നും ക്രിമിനലെന്നും വിളിച്ചു നടന്നതും ഓർമയിൽനിന്ന് മാഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞു പൊളിഞ്ഞ കഥകളൊന്നും ഇതുവരെ നിങ്ങൾ തിരുത്തിയതായി ആരും കണ്ടിട്ടില്ലല്ലോ? വരദാചാരിയുടെ തലമുതൽ നിങ്ങൾ പറഞ്ഞ കള്ളങ്ങൾ എത്രയെണ്ണം തെളിയിക്കപ്പെട്ടു? എന്തേ പിന്നെയും അതേ ശൈലി നിങ്ങൾ തുടരുന്നു? നിങ്ങളല്ലേ തിരുത്തേണ്ടത്? അത് മലയാളി കഴുത്തിനു കുത്തി ചോദിക്കാത്തതുകൊണ്ടുള്ള നെഗളിപ്പാകാം.അതിന്റെ പേരിൽ അന്തിച്ചർച്ചയിൽ ഗ്വാ ഗ്വാ വിളിയുമാകാം. ആരും ഒന്നും മുഖവിലയ്‌ക്കെടുക്കില്ല.   അതിരു കടക്കുമ്പോൾ ഒന്ന് ശ്രദ്ധിച്ചാൽ മതിയാകും.

 Top