മാധ്യമങ്ങളെ ആകെ വെറുതെ കുറ്റം പറഞ്ഞു നടക്കുന്നത് ശരിയല്ല. ഇടതുപക്ഷത്തിനെതിരെയാണ് മാധ്യമങ്ങൾ എന്ന് ഒറ്റനോട്ടത്തിൽ തോന്നാം. എന്നാൽ, ആകെമൊത്തം പരിശോധിച്ചാൽ മാധ്യമങ്ങൾ ഇടതുപക്ഷത്തിന‌് വലിയ സഹായവും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് തെരഞ്ഞെടുപ്പ് സർവേകളുടെ കാര്യമെടുക്കാം. ആദ്യം പുറത്തുവിട്ട സർവേയിലൂടെ മനോരമ ഇടതുപക്ഷത്തിന് നൽകിയത് കേരളത്തിലെ 20 സീറ്റിൽ നാലെണ്ണമാണ്. ആറ്റിങ്ങൽ, ആലപ്പുഴ, പാലക്കാട്, വടകര സീറ്റുകളിൽ എൽഡിഎഫ് ജയിക്കുമെന്ന് മനോരമ കട്ടായം പറഞ്ഞു. അടുത്ത സർവേ മാതൃഭൂമിയുടേതായിരുന്നു. അവർ ആലത്തൂർ, കോഴിക്കോട് എൽഡിഎഫിനു നൽകി. പിന്നെ വന്നത് ഏഷ്യാനെറ്റ് അഭിപ്രായവോട്ടെടുപ്പു ഫലമാണ്. മനോരമയുടെയും മാതൃഭൂമിയുടെയും കണക്കിൽ വരാത്ത കാസർകോട‌്, ചാലക്കുടി, ഇടുക്കി മണ്ഡലങ്ങൾ ഏഷ്യാനെറ്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഉറപ്പിച്ചു. അതും കഴിഞ്ഞിട്ടാണ് ന്യൂസ് 24 ഫലം വന്നത്. അവർ മറ്റൊരു നാല് സീറ്റുകൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സംഭാവന ചെയ്തത്. കൊല്ലവും പത്തനംതിട്ടയും തിരുവനന്തപുരവും കണ്ണൂരും. എല്ലാം ചേർത്താൽ ആകെ 13 സീറ്റിൽ എൽഡിഎഫ് ജയിക്കും എന്ന് ഉറപ്പായി. നിലവിൽ എട്ട് സീറ്റേയുള്ളൂ. അഞ്ച‌് എണ്ണവുംകൂടി നൽകിയ മാധ്യമങ്ങളെ എങ്ങനെയാണ് കുറ്റം പറയുക?
അല്ലെങ്കിലും കേരളത്തിലെ മഹാ മാധ്യമങ്ങളെപ്പോലെ നിഷ്പക്ഷവും നീതിനിഷ്ഠവുമായി പെരുമാറുന്ന പത്രങ്ങളും ചാനലുകളും ലോകത്തിന്റെ മറ്റൊരു കോണിലും ഇല്ലെന്ന‌് മനസ്സിലാക്കാത്തതാണ് യഥാർഥ കുഴപ്പം. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യവും സത്യത്തോടും സന്മാർഗത്തിൽ പ്രതിബദ്ധതയുമുള്ള മാതൃഭൂമി പ്രധാനമന്ത്രി നരേന്ദ്ര മോഡി വന്ന ദിവസം ഇറക്കിയ പത്രത്തെ ഒന്ന് വിശകലനം ചെയ്തുനോക്കുക: ‘ദൈവത്തിന്റെ പേര് പറഞ്ഞാൽ ഇവിടെ അറസ്റ്റ‌്: മോഡി ’ എന്നാണ് പ്രധാന വാർത്തയുടെ തലക്കെട്ട്. കേരളം ദൈവത്തിന്റെ നാമം ഉരുവിട്ടാൽപ്പോലും അറസ്റ്റ് നടക്കുന്ന സംസ്ഥാനമാണെന്ന് നരേന്ദ്ര മോഡിക്ക് കേരളത്തിൽ വന്നു പറയാം. കാരണം, അദ്ദേഹം ഒരു ആർഎസ്എസ് പ്രചാരകനാണ്. ആ പറഞ്ഞത് ഉപ്പുകൂട്ടാതെ വിഴുങ്ങുന്ന പത്രം മഹത്തരംതന്നെയാണ്. അതേ പത്രത്തിൽ ഒന്നാം പേജിൽ പ്രത്യക്ഷപ്പെട്ട രണ്ടാമത്തെ തലക്കെട്ട് "രാഹുലിന്റെ സ്ഥാനാർഥിത്വത്തെ വിമർശിച്ചും സഖ്യസാധ്യത തള്ളാതെ യെച്ചൂരി ’എന്നായിരുന്നു. അതായത്, നരേന്ദ്ര മോഡി പറയുന്നത് തങ്ങളുടെ സ്വന്തം ബോധ്യംതന്നെയായി വായനക്കാരെ അറിയിക്കാം. എന്നാൽ, സിപിഐ എം ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി പ്രസംഗിച്ച കാര്യങ്ങൾ വ്യാഖ്യാനിച്ചുമാത്രമേ വായനക്കാരെ അറിയിക്കൂ എന്ന് ചുരുക്കം. അത്രയും വായിച്ച‌് പുളകംകൊണ്ടപ്പോഴാണ് അടുത്ത ദിവസത്തെ മാതൃഭൂമി വന്നത്. പ്രധാന വാർത്തയുടെ തലക്കെട്ട് ഇങ്ങനെയാണ്: "പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും പറഞ്ഞത് കള്ളം’ എന്ന്. ഏത് മാനദണ്ഡമുപയോഗിച്ച് വായിച്ചാലും പ്രധാനമന്ത്രിക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷവും കള്ളം പറയുന്നു എന്നേ മനസ്സിലാക്കാനാകൂ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മോഡിക്കെതിരെ നടത്തിയ പ്രസ്താവനകൾ സമാഹരിച്ച് കൊടുത്തപ്പോൾ മാതൃഭൂമിക്ക് ഇത്തരം ഒരു തലക്കെട്ടുമാത്രമേ കിട്ടിയുള്ളൂ.
ഒരു പത്രത്തെ പ്രത്യേകിച്ച് കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. മാതൃഭൂമിയും മനോരമയും തമ്മിൽ വലിയ മത്സരംതന്നെ നടക്കുന്നുണ്ട്. നരേന്ദ്ര മോഡി കേരളത്തിൽ എത്തിയ ദിവസം ഇരു പത്രങ്ങളും വിവിധ മുന്നണികൾക്കുവേണ്ടി നീക്കിവച്ച സ്ഥലത്തിന്റെ അളവ് ഒന്ന് പരിശോധിച്ചാൽ കാര്യങ്ങൾ മനസ്സിലാകും. മാതൃഭൂമിക്കാണ് മോഡിയോട് ഏറ്റവും കൂടുതൽ സ്നേഹം വന്നത്. ആകെ ഒരു പൊതുപരിപാടിയിൽമാത്രമാണ് പ്രധാനമന്ത്രി തലസ്ഥാനത്ത് പങ്കെടുത്തത്. മാതൃഭൂമി പ്രസിദ്ധീകരിച്ചത് ഏഴ‌് ചിത്രങ്ങൾ. മോഡി നടക്കുന്നതും പ്രസംഗിക്കുന്നതും ചിരിക്കുന്നതും ഒക്കെ മാതൃഭൂമി കൃത്യമായി പകർത്തിയെടുത്ത് വായനക്കാർക്ക് വിളമ്പി. അന്ന് മാതൃഭൂമി ബിജെപിക്കുവേണ്ടി നീക്കിവച്ച സ്ഥലം 622 കോളം സെന്റീമീറ്ററാണ്. അതേദിവസം യുഡിഎഫിനുവേണ്ടി മാതൃഭൂമി 246 സെന്റീമീറ്റർ ചെലവിട്ടു. കുറ്റം പറയരുത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് 129 സെന്റീമീറ്റർ മാറ്റിവച്ചിട്ടുണ്ട്. ഇത് ചുട്ടെടുത്ത സർവേഫലമല്ല മറിച്ച് ഒരു പത്രം ഒരു ദിവസം സംസ്ഥാനത്തെ മൂന്ന് മുന്നണികൾക്ക് നീക്കിവച്ച സ്ഥലമാണ്, അതല്ലെങ്കിൽ നൽകിയ പ്രാധാന്യമാണ്. മാതൃഭൂമിയെമാത്രം അങ്ങനെ കുറ്റപ്പെടുത്തിപ്പോയാൽ നീതി ആകില്ല. മലയാള മനോരമ തൊട്ടടുത്ത് നിൽപ്പുണ്ട്. അതേദിവസം മനോരമ പത്രം ബിജെപിക്കുവേണ്ടി നീക്കിവച്ചത് 365 കോളം സെന്റീമീറ്ററാണ്. യുഡിഎഫിനുവേണ്ടി 447 കോളം സെന്റീമീറ്റർ മാറ്റിവച്ച് കൂടുതൽ പ്രതിബദ്ധത എവിടെ എന്ന് കോട്ടയം പത്രം തെളിയിച്ചു. ഇടതുപക്ഷത്തെ അങ്ങനെ തമസ്കരിച്ചില്ല. 121 സെന്റീമീറ്റർ എൽഡിഎഫിനായും മാറ്റിവച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രചാരമുള്ള രണ്ട് പത്രങ്ങളുടെ നിഷ്പക്ഷ രീതി എന്താണെന്ന് ഈ കണക്കുകളിൽനിന്ന് വ്യക്തമായില്ലെങ്കിൽ മലയാളിക്ക് 94 ശതമാനം സാക്ഷരത ഉണ്ട് എന്ന് പറയുന്നതിൽ എന്താണ് അർഥം.
തെരഞ്ഞെടുപ്പുകളെ സാധാരണ രാഷ്ട്രീയപാർടികൾ നേരിടാനുള്ളത് സ്വന്തം പ്രകടനപത്രിക മുൻനിർത്തിയാണ്. നരേന്ദ്ര മോഡിയും അമിത് ഷായും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കേരളത്തിൽ വന്ന‌് സ്വന്തം പാർടിയുടെ പ്രകടനപത്രികയെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. അവസാനമെത്തിയ പ്രിയങ്ക പറഞ്ഞത് കേരളത്തിലെ ജനങ്ങൾക്ക് സൗജന്യവിദ്യാഭ്യാസവും സൗജന്യ ചികിത്സയും നൽകുമെന്നാണ്. അതും വെള്ളംകൂട്ടാതെ വിഴുങ്ങാൻ മാതൃഭൂമിക്ക് മനോരമയ്ക്കും ഒരു പ്രയാസവും ഉണ്ടായില്ല. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ചികിത്സ സൗജന്യമാണെന്നും ആശുപത്രികൾ മെച്ചപ്പെട്ടതാണെന്നും സ്കൂളുകളിൽ സാധാരണ വിദ്യാർഥികൾ പോയാൽ ഒരു പൈസ ഫീസ് അടയ‌്ക്കാതെ പഠിക്കാമെന്നും പ്രിയങ്കയ്ക്ക് അറിയണമെന്നില്ല. ഒന്നാംക്ലാസുമുതൽ കേരളത്തിലേത് സ്മാർട്ട് ക്ലാസുകളാണെന്ന് ഹിന്ദി പ്രവീൺ ക്ലാസിൽമാത്രം പോയി പരിചയമുള്ള രമേശ് ചെന്നിത്തലയ്ക്ക് ധാരണ ഉണ്ടാകില്ല. എന്നാൽ, മനോരമയിലും മാതൃഭൂമിയിലും സ്കൂളിൽ പോകാത്തവരാണ് വാർത്തകൾ തയ്യാറാക്കുന്നതും എഡിറ്റ് ചെയ്യുന്നതുമെന്ന‌് കരുതാനാകില്ലല്ലോ.
ഒരുഭാഗത്ത് സർവേകളിലൂടെ ആക്രമണം. മറുവശത്ത് വാർത്തകളിലൂടെ ആക്രമണം. ഇടതുപക്ഷം എന്ന ഒരു പക്ഷം കേരളത്തിൽ ഉണ്ടോ എന്ന സംശയം ജനിപ്പിക്കുന്ന രീതിയിൽ വാർത്താ തമസ്കരണം. പെട്ടികൾ കേരളത്തിലേക്ക് ഇടതുപക്ഷത്തിനെതിരെ എത്തിക്കൊണ്ടേയിരിക്കുന്നു - ഇടതുപക്ഷത്തെ തുരത്താൻ. കേരളത്തിൽ ഇടതുപക്ഷത്തെ അവസാനിപ്പിച്ചാൽ അതോടെ രാജ്യത്താകെ ആർഎസ്എസും ബിജെപിയും നേരിടുന്ന പ്രധാന ശത്രുവിനെ നശിപ്പിക്കാമെന്ന് അമിത് ഷായ്ക്ക് കരുതാം. ആ ചിന്ത മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും ഒരുപോലെ പങ്കുവയ്ക്കുമ്പോൾ മലയാളിക്ക് മറിച്ചു ചിന്തിക്കാൻ പല പല കാര്യങ്ങളുമുണ്ട്. അതുകൊണ്ടാണ് കേരള രാഷ്ട്രീയത്തെയും കേരളത്തെയും ജനങ്ങളുടെ വികാരത്തെയും തൊട്ടറിയുന്ന ആളുകൾ പറയുന്നത് ഒരു സർവേക്കാരന്റെയും മനസ്സിൽ വിരിഞ്ഞതല്ല, ഇടതുപക്ഷത്തെ ഹൃദയപക്ഷമായി ചേർത്തുനിർത്തുന്നതാകും കേരളീയന്റെ വിധി എന്ന്.