മലപോലെ വന്നത് ചുണ്ടെലിയെപ്പോലെ പോയി. സുവർണാവസരത്തിൽ ആടിത്തിമിർക്കാനിരുന്നവർ അൽപ്പം നാണവും മാനവും സമർപ്പയാമി എന്ന് സകല ദൈവങ്ങളോടും കെഞ്ചേണ്ടുന്ന അവസ്ഥയിലായി. പന്തളത്തെ ശശി രാജാവിന് പോലും ബോധോദയം വന്നു. ശ്രീധരൻപിള്ളയ‌്ക്ക‌് മൂന്നു കാര്യങ്ങൾക്കേ ക്ഷാമമുള്ളൂ. ലജ്ജയ‌്ക്കും ഔചിത്യത്തിനും ബുദ്ധിക്കും. ഇത് മൂന്നുമില്ലാത്തത‌് സംഘപരിവാറിൽ അയോഗ്യതയല്ല. ഗോപിനാഥൻനായരും അയ്യപ്പൻപിള്ളയും ചേർന്ന് നാരങ്ങാനീര് കുടിച്ച് "സമരം’ അവസാനിപ്പിക്കുമ്പോൾ പി കെ കൃഷ്ണദാസിന് ഒരു ചെറു പനി വന്നപോലത്തെ പ്രശ്നമേ ഉള്ളൂ. പത്തും പതിനൊന്നും ദിവസം നിരാഹാരസമരം നടത്തിയ ശോഭ സുരേന്ദ്രനും പേരറിയാത്ത മറ്റു വനിതാ–-പുരുഷരത്നങ്ങൾക്കും ദഹനക്കേടിന്റെ അസ‌്ക്യതപോലും ഉണ്ടായിട്ടില്ല. മകരവിളക്കും കഴിഞ്ഞ‌് ശബരിമലയുടെ നടയടയ‌്ക്കുമ്പോൾ 49 ദിവസം സമരം നടത്തി എന്ന് പിള്ളയ‌്ക്ക‌് അഭിമാനിക്കാം. മൂന്നുനേരം മൃഷ്ടാന്ന ഭക്ഷണം കഴിച്ച സഹപ്രവർത്തകർക്ക് ഒരു സുഖചികിത്സ കൊടുക്കാൻ കഴിയുന്നത് ചെറിയ കാര്യമല്ല.
നേതാക്കളും പ്രവർത്തകരും ഒരേപോലെ കൈവിട്ടുവെങ്കിലും സമരം ഗംഭീരമായിരുന്നു. ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ‌്ണൻ, സി കെ പത്മനാഭൻ, ശോഭ സുരേന്ദ്രൻ എന്നിവർ നിരാഹാരം നടത്തി എന്നേ ചരിത്രത്തിൽ രേഖപ്പെടുത്തൂ എന്നതിലാണ് കഷ്ടം. പിന്നെ നടത്തിയവർ ആരെന്ന് ശ്രീധരൻപിള്ളയ‌്ക്ക‌് പോലും അറിയില്ല. സമരം പരാജയപ്പെട്ടു എന്ന് പിള്ള വിലപിക്കുന്നുണ്ട്. അങ്ങനെ കരയേണ്ട കാര്യമില്ല. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണ്. പൊതുമുതൽ നശിപ്പിച്ചും ഭക്തരെ തേങ്ങ എറിഞ്ഞും കൈയടിച്ചു പേടിപ്പിച്ചും ശരണം വിളിച്ച‌് ഭീഷണി മുഴക്കിയും സ്ത്രീകളെ ഓടിച്ചിട്ടു തല്ലിയും പത്രക്കാരെ എറിഞ്ഞോടിച്ചും ഒരു സമരം നടത്താൻ കഴിയുമെന്ന് തെളിയിച്ചില്ലേ. സമരം നടത്തിയത് വലിയ നേതാക്കൾതന്നെയാണ്. അവർ എന്തിനും സ്വയംപര്യാപ്തരായതുകൊണ്ട്, അണികൾക്ക് സമരപ്പന്തലിൽചെന്ന് കാവൽ കിടക്കേണ്ടിവന്നില്ല. അല്ലെങ്കിലും വിശപ്പും ദാഹവും വരുമ്പോൾ അൽപ്പം ഹോർലിക‌്സോ ബൂസ‌്റ്റോ നൽകാൻ അധികം ആളുവേണ്ടതില്ല, -ഒരാളും ഒരു സ്റ്റീൽ ഗ്ലാസും മതിയെന്ന‌് ശോഭ സുരേന്ദ്രൻ തെളിയിച്ചതാണ്.
നല്ല ശക്തിയുള്ള പാർടിയാണ്. അതുകൊണ്ട് സമരം പൊളിഞ്ഞാൽ മറ്റു വഴി നോക്കും. സെക്രട്ടറിയറ്റ‌് വളയും, കേരളത്തെ കമഴ‌്ത്തിവയ‌്ക്കും എന്നെല്ലാം പ്രഖ്യാപിച്ചത് ആ ധൈര്യത്തിലാണ്. പ്രഖ്യാപനം നടത്താൻ നല്ല ധൈര്യമുണ്ട്. അതുപോലെ പറഞ്ഞത് പിൻവലിക്കാനും അപാരധൈര്യം. ഇനി സെക്രട്ടറിയറ്റ് വളയൽ ഒന്നുമില്ല . കുറച്ച് കാഷായക്കാരെ അണിനിരത്തി സംഗമം നടത്തിയും ഒരു ഗ്ലാസ‌് നാരങ്ങാവെള്ളം കൃഷ്ണദാസിനെക്കൊണ്ട് കുടിപ്പിച്ചും എല്ലാം അവസാനിപ്പിച്ചു. എല്ലാം ഭക്തന്മാരുടെ പേരിലാണ്. മാളികപ്പുറത്തിന്റെ തലയ‌്ക്ക‌് തേങ്ങാ കൊണ്ടടിച്ചവനും പൊലീസുകാരനെ എറിഞ്ഞിട്ടവനും വിശ്വാസി എന്നാണ‌് സ്വയം വിളിക്കുന്നത‌്.
അയ്യപ്പൻ ഇതെല്ലാം കാണുന്നുണ്ട് എന്ന് യഥാർഥ ഭക്തർ കരുതുന്നുണ്ട്. പൊതു മുതൽ തകർക്കാൻപോയ സംഘമിത്രങ്ങളും സംഘികളും കൂട്ടത്തോടെ സുഖവാസത്തിലാണ്. പന്തളം രാജാവിന്റെ തിരുസന്നിധിയിൽത്തന്നെ പഞ്ചായത്തിൽ യുഡിഎഫും ബിജെപിയുംചേർന്ന് ഇടതന്മാരെ തളയ‌്ക്കാൻ ചെന്ന് പരാജയപ്പെട്ട‌് തിരിഞ്ഞോടേണ്ടിവന്നു. ഇരുമുടിക്കെട്ട‌് നിലത്തെറിഞ്ഞ‌് പ്രതിഷേധിച്ച സുരേന്ദ്രന് ഉള്ള്യേരിയിലെ വീട്ടിലിരുന്ന‌് ടിവിയിൽ മകരവിളക്ക് കാണാനുള്ള വിധിയാണുണ്ടായത്. ജനുവരി ഇരുപത്തിരണ്ടിന‌് തീർപ്പുണ്ടായാൽ സമരം അവസാനിപ്പിക്കണമെന്ന് പദ്ധതിയിട്ട ശ്രീധരൻപിള്ളയോട് സുപ്രിം കോടതിയും കനിഞ്ഞില്ല. സുപ്രീംകോടതിയിൽ പ്രത്യേക വിധി എഴുതിയ ജസ്റ്റിസ് ഇന്ദു മൽഹോത്ര അസുഖംമാറ്റാൻ അവധിയെടുക്കേണ്ടിവന്നത് അയ്യപ്പന്റെ സ്നേഹംകൊണ്ടാണോ എന്ന ചോദ്യം ഏതാനും വിശ്വാസികളുടേതായി മുഴങ്ങുന്നുണ്ട്.
എന്തായാലും ബിജെപിയിൽ പന്തിയല്ല കാര്യങ്ങൾ. പാവങ്ങളാണ്. പണം കൈയിൽ ഇല്ല. എംഎൽഎമാരെ മാറി വാങ്ങാനും പോറ്റാനും കോടികൾ വേണം. ഓഫീസുകൾ കെട്ടാനും അമിത് ഷായുടെ പന്നിപ്പനി ചികിത്സിക്കാനും ചെറിയ ചെലവല്ല. ബിജെപിയുടെ ആസ‌്തി കഴിഞ്ഞ 11 വർഷത്തിനിടെ 627.15 ശതമാനം മാത്രമേ വർധിച്ചിട്ടുള്ളൂ. 2004–--05ൽ 122.93 കോടിയായിരുന്നത് 2015-–-16 എത്തുമ്പോൾ 893.88 കോടി മാത്രം. അമിത് ഷായുടെ ആസ്തി അഞ്ച് വർഷം കൊണ്ട് കൂടിയത് 300 ശതമാനം ആണ് എന്ന് കണക്കാക്കുമ്പോൾ നേതാക്കളും കുടുംബവും പാർടി ഒന്നാകെയും ചെറിയതരത്തിൽ മാത്രം സമ്പാദിക്കുന്നു എന്ന് കാണണം. കേരളത്തിലാണെങ്കിൽ മെഡിക്കൽ കോളേജ്, പെട്രോൾ പമ്പ്, അത്യാവശ്യം കരാറുകൾ എന്നിങ്ങനെ വളരെ കുറഞ്ഞ വിഭവശേഷിയേ ഉള്ളൂ. അതുകൊണ്ടൊന്നും വിശപ്പ് മാറില്ല. അമിത് ഷാ അനുവദിക്കുന്നതുകൊണ്ട് നല്ലൊരു ഹോട്ടലിൽ കയറി ബീഫ് കഴിക്കാൻപോലും തികയുന്നില്ല. മൊത്തം ദാരിദ്ര്യമാണ്. അതിനിടയിൽ ആയിരക്കണക്കിന് കേസും പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം നൽകണം എന്ന കോടതികളുടെ വാശിയും.
സ്വയം കഷ്ടപ്പെട്ട് ഡൽഹിക്കുപോയി ഉണ്ടാക്കുന്ന പണവും അമിത‌് ഷായുടെ പണവും സർവാണി സദ്യക്കുള്ളതല്ല. സുവർണാവസര ആഹ്വാനം കേട്ട് കല്ലും കുറുവടിയും വാളും ബോംബുമായി ട്രാൻസ്‌പോർട്ട‌് ബസും സർക്കാരാപ്പീസും തകർക്കാൻപോയി പിടിയിലായ സംഘസേവകർക്ക‌് മാപ്പെഴുതിക്കൊടുത്താലും പുറത്തുകടക്കാനാകില്ല എന്നായി. നശിപ്പിച്ച മുതലിന്റെ പണം കെട്ടിവച്ചാൽ ജാമ്യം എന്ന് കോടതി പറഞ്ഞു. അതിന‌് പണം ഇല്ലാതെ വിഷമിക്കുമ്പോഴാണ് ‘ശതം സമർപ്പയാമി’ എന്ന പുത്തൻ ആശയം രൂപപ്പെട്ടത്.
കേൾക്കുന്ന മാത്രയിൽ ഇതെന്താണ്, ശതമോ സർപ്പമോ എന്നൊക്കെ തോന്നും. കാര്യം വളരെ ലളിതമാണ്. ഒരു നൂറു രൂപ തന്നു സഹായിക്കണേ എന്ന നിലവിളി. നൂറു രൂപ സമർപ്പിക്കുന്നു എന്നർഥം. സ്വാമി ശരണം ! ഹൈന്ദവസമൂഹത്തോട് ശ്രീമതി കെ പി ശശികല ടീച്ചറുടെ അഭ്യർഥന കേൾക്കുക: "ശബരിമല ആചാര സംരക്ഷണ വിഷയവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അയ്യപ്പവിശ്വാസികൾ വിവിധ കേസുകളിൽപ്പെട്ട് വിവിധ ജയലിലുകളിലായി ഇപ്പോഴും കാരാഗൃഹവാസം അനുഷ്ഠിച്ചുവരികയാണ് . സംസ്ഥാനത്തൊട്ടാകെ പതിനായിരക്കണക്കിന് കേസുകൾ നിലവിലുണ്ട് . ഈ കേസുകൾ നടത്താൻ കോടിക്കണക്കിന‌് രൂപ ആവശ്യമാണ് .... ഒരു നൂറു രൂപയെങ്കിലും ഇതിനായി സമർപ്പിക്കൂ ... നിങ്ങളുടെ പങ്കിന്റെ സ്ക്രീൻഷോട്ടുകൾ ഒരു ചലഞ്ചായി മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ ...’ -ഇത്രയേ ഉള്ളൂ.
അതായത്, കർണാടകത്തിൽ ഒരു കോൺഗ്രസ് എംഎൽഎയെ ചാക്കിടാൻ 50 കോടി മുടക്കുന്നവർക്ക‌് ശബരിമലയിൽ അക്രമം നടത്തിയ സംഘികളെ രക്ഷിക്കാൻ നാട്ടുകാരുടെ പണംതന്നെ വേണമെന്ന്. പൊലീസിന്റെ അടികൊണ്ട ക്ഷതം ആർക്കു സമർപ്പിക്കും എന്നും നൂറു രൂപയ‌്ക്ക് ഗതിയില്ലാത്തവനാണോ അയ്യപ്പസ്വാമിയെ രക്ഷിക്കാനായി ശബരിമലയിൽ പോയി കാവലിരുന്നതെന്നും ശശികലയോട‌് ചോദ്യംവന്നു. ശബരിമലയിൽ കാണിക്കയിട്ടാൽ സർക്കാർ കൊണ്ടുപോകുമെന്നും ഭണ്ഡാരത്തിൽ പണം ഇടരുതെന്നും ആഹ്വാനം ചെയ‌്തവരാണ‌്. അവർ ഇപ്പോൾ ബക്കറ്റ് പിരിവ് നടത്തുന്നു. ആ പണമാകട്ടെ സർക്കാരിലേക്ക് അടയ‌്ക്കാനുള്ളതുമാണ്. അയ്യപ്പൻ എല്ലാം കണ്ടറിഞ്ഞുതന്നെ ചെയ്യുന്നുണ്ട്.
ചക്കിനുവച്ചത് കൊക്കിനുകൊള്ളുന്നത് അസാധാരണമായ പ്രതിഭാസമല്ല. ശ്രീധരൻപിള്ളയുടെ സുവർണാവസരത്തിന‌് ശോഭ പകരാൻ ശോഭ സുരേന്ദ്രൻ നിരാഹാരംചെയ‌്ത‌് നാണം കെട്ടതുപോലെ മറ്റൊരാവസ്ഥയാണ്. ഇവിടെ ക്ഷതം സമർപ്പയാമി പറഞ്ഞു ചട്ടി നീട്ടിയ ശശികലയ‌്ക്ക‌് മറ്റൊരനുഭവമാണുണ്ടായത്. നാടിനോട് സ്നേഹവും വിശ്വാസവുമുള്ള കുറെ ചെറുപ്പക്കാർ, ശതം സമർപ്പയാമിയുടെ അക്കൗണ്ടിന് പകരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ടുമായി ഒരു ഫെയ‌്സ്ബുക്ക് പേജ് ഉണ്ടാക്കി. സമർപ്പിക്കപ്പെട്ട ക്ഷതം ചെന്നുവീണത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ‌്. പ്രളയം വന്നു കേരളം മുങ്ങുമ്പോൾ എല്ലാ സഹായവും മുടക്കിയവരാണ് സംഘികൾ. ഒരു പൈസയും കൊടുക്കേണ്ടെന്നും കേരളത്തിന് ആവശ്യമില്ലെന്നും പറഞ്ഞുനടന്നത് ഒന്നാന്തരം സംഘനേതാക്കളാണ്. അവരുടെ പ്രേരണയിൽ തുടങ്ങിയ "ശത സമർപ്പണം’ ഒറ്റദിവസംകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിച്ചത‌് മൂന്നുലക്ഷത്തിലധികം രൂപയാണ്. "അയ്യപ്പഭക്തരുടെ മനസ്സിൽ സംശയം ജനിപ്പിക്കാൻ കർമസമിതിയുടെ അക്കൗണ്ട് നമ്പർ എഡിറ്റ് ചെയ‌്ത‌് പോസ്റ്റ് പ്രചരിപ്പിക്കുന്നെന്ന്’ ശശികലയുടെ പരിദേവനം. കെ സുരേന്ദ്രന്റെ ധാർമികരോഷം, -പക്ഷേ ജനങ്ങൾ സിഎംഡിആർഎഫിലേക്ക് ഓൺലൈനായി സംഭാവന നൽകുന്നു; ലഭിക്കുന്ന സർട്ടിഫിക്കറ്റ് സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്യുന്നു. നല്ല ഒറിജിനൽ സംഘികളുടെ പണവും അങ്ങനെ ദുരിതാശ്വാസത്തിന‌് കിട്ടുന്നു. സുവർണാവസരം കേരളത്തിനാണ്. നന്ദി പറയേണ്ടത്, സംഘപരിവാറിന്റെ "വിവരക്കൂടുതലി’നോടാണ്.