26 December Thursday

രാഹുലിന്റെ ദുര്യോഗം

ശതമന്യു Monday Apr 1, 2019


ഗ്രഹണി ബാധിച്ച കുട്ടിക്ക് ചക്കക്കൂട്ടാൻ കിട്ടിയതുപോലെ രാഹുൽ ഗാന്ധിയുടെ വയനാടൻ മത്സരത്തെക്കണ്ട് അർമാദിക്കുന്ന കോൺഗ്രസ് നേതാക്കളെയും മാധ്യമപടുക്കളെയും സഹതാപത്തോടെ കാണാൻ കഴിഞ്ഞു. പടത്തലവൻ പേടിത്തൊണ്ടനാണ് എന്ന പ്രഖ്യാപനത്തോട് ഇത്രമാത്രം ആവേശത്തോടെ പ്രതികരിക്കാൻ എന്താണ് കാരണമെന്ന് ചോദിക്കരുത്. മുങ്ങിച്ചാകാൻ പോകുന്നവന് കച്ചിത്തുരുമ്പ് കിട്ടിയാലും അത് ജീവൻരക്ഷാ മാർഗമാണ്. അമേഠിയിൽ തോറ്റ് തുന്നംപാടും എന്ന് പേടിക്കുമ്പോൾ സുരക്ഷിതമായ സ്ഥലം കേരളമാണ് എന്ന് കരുതിപ്പോയതിന് കുറ്റം പറയാൻ ആകില്ല. എല്ലാ അർഥത്തിലും സാധാരണ മനുഷ്യർക്ക് ഭയപ്പാടില്ലാതെ ജീവിക്കാൻ കഴിയുന്ന ഏക സംസ്ഥാനം കേരളമാണ് എന്ന് എഐസിസിയുടെ അധ്യക്ഷന് ഉറപ്പായും വിശ്വസിക്കാം. ആർഎസ്എസിനെ പേടിക്കാതെ നട്ടെല്ല് നിവർത്തി ജീവിക്കുന്ന മനുഷ്യരുടെ നാടാണ് കേരളം. മനുഷ്യരും മൃഗങ്ങളും അല്ലാത്ത ജന്തുക്കൾക്കും കേരളത്തിൽ പ്രാണഭയം വേണ്ടതില്ല. കോൺഗ്രസും അതിന്റെ അത്യപൂർവ ജനുസ്സിൽപ്പെട്ട നേതൃത്വവും കേരളത്തിൽ അപായഭീഷണി ഇല്ലാതെ ജീവിക്കുന്നുണ്ട്. തെക്കും കിഴക്കും പടിഞ്ഞാറും നടുക്കും എല്ലാം തകർന്നുതരിപ്പണമാകുന്ന കോൺഗ്രസിന് വെന്റിലേറ്ററിൽ വച്ചെങ്കിലും ജീവൻ നിലനിർത്താൻ പറ്റുന്ന ഏക സംസ്ഥാനം കേരളമാണ് എന്ന് കണ്ടെത്തിയതിനെ കുറ്റം പറയാനാകില്ല.

ഉത്തർപ്രദേശിലെ അമേഠിയിൽ ജയിക്കുമെന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് രാഹുൽ ഗാന്ധി താമരശ്ശേരി ചുരം കയറുന്നത്. അവിടെ ആകെയുള്ള അഞ്ച് നിയമസഭാ മണ്ഡലത്തിൽ അഞ്ചിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാണ് ജയിച്ചത്. കഴിഞ്ഞ അഞ്ചുകൊല്ലമായി അമേഠിയിൽത്തന്നെ ചുറ്റിത്തിരിയുന്ന സ‌്മൃതി ഇറാനി എന്ന മോഡിഭക്തയെ ആണ് രാഹുലിന് നേരിടേണ്ടത്. പേടിയുണ്ടാകുന്നത‌് സ്വാഭാവികം. അതുകൊണ്ട് രക്ഷാമാർഗം തേടുന്നതിലും അസ്വാഭാവികത ഇല്ല.  സ്വയം തോൽക്കുമെന്നാകുമ്പോൾ ബിജെപിയുടെ പൊടിപോലും കണ്ടുപിടിക്കാൻ ഇല്ലാത്ത വയനാട്ടിൽ പാഞ്ഞുകയറി ഇടതുപക്ഷത്തിനെതിരെ മത്സരിച്ചുകളയാം എന്ന വിചാരം കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അതിജീവനത്തിന്റെ അവസാനത്തെ ഉപായമാണ്. ആർഎസ്എസിനെതിരെ ആണ് അഥവാ ബിജെപിക്ക് എതിരെയാണ് മത്സരം എന്ന് കോൺഗ്രസിന് തോന്നാത്തത് ഒരു അപരാധമല്ല. അത് സഹതാപമർഹിക്കുന്ന ഒരുതരം അസുഖമാണ് അതുകൊണ്ട് സംഘപരിവാറിന് ഒരു സ്വാധീനവും ഇല്ലാത്ത സ്ഥലത്തുതന്നെ രാഹുൽ ഗാന്ധിയെ മത്സരിപ്പിക്കുന്നതാണ് നല്ലത്.

യഥാർഥത്തിൽ രാഹുൽ ഗാന്ധി കേരളത്തിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത്. രാജ്യം ഭരിക്കാൻ പോകുന്നു എന്ന് സ്വയം പറയുന്ന ഒരു കക്ഷിയുടെ ഏറ്റവും വലിയ നേതാവിന‌് സ്വന്തമായ ഒരു മണ്ഡലം തെരഞ്ഞെടുക്കാൻപോലും നിർണായകഘട്ടത്തിൽ കഴിഞ്ഞില്ല എന്നത് ഒരു ദൗർബല്യമാണ്. മാനസികമായും ശാരീരികമായും ഇത്തരം ദൗർബല്യങ്ങളുള്ള ആളുകളെ സഹതാപത്തോടെയും സഹാനുഭൂതിയോടെയും മാത്രമേ കാണാൻ പാടുള്ളൂ.  മഞ്ചേശ്വരംമുതൽ കളിയിക്കാവിളവരെ കേരളത്തിന്റെ ഭൂപ്രദേശത്ത‌് ഒരിടത്തുപോലും വിജയക്കൊടി പാറിക്കാൻ ആവതുള്ള പാർടിയല്ല കോൺഗ്രസ് എന്ന് ഏതാണ്ട് ഇതുപോലുള്ള രാഷ്ട്രീയസാഹചര്യം  നിലനിന്ന 2004ൽ - തെളിഞ്ഞതാണ്. മരുന്നിന‌ുപോലും ഒരു കോൺഗ്രസുകാരനെ അന്ന് കേരളത്തിലെ ജനങ്ങൾ തെരഞ്ഞെടുത്ത് പാർലമെന്റിലേക്ക‌് അയച്ചില്ല. ഇത്തവണയും അവസ്ഥ അതിനേക്കാൾ ഗുരുതരമാണ്. വടക്കേ അറ്റത്ത് സ്ഥാനാർഥിക്ക് ഭക്ഷണംപോലും കൊടുക്കാത്ത കോൺഗ്രസ് ആണെങ്കിൽ തെക്കേയറ്റത്ത് മീൻ കണ്ടാൽ ഓക്കാനം വരുന്ന സ്ഥാനാർഥിയാണ്. മധ്യകേരളത്തിൽ ആണെങ്കിൽ സീറ്റ് കിട്ടാതെ വന്നാൽ ബിജെപിയിലേക്ക് ചാടുമെന്ന് ഭീഷണിപ്പെടുത്തിയ നേതാവിന്റെ കാലുവാരൽ ഭീഷണി. പറയാൻ രാഷ്ട്രീയമില്ല, ഉയർത്തിപ്പിടിക്കാൻ മുദ്രാവാക്യമില്ല. തൊട്ടുകാണിക്കാൻ സത്യസന്ധമായ ഒരു കാര്യം പോലുമില്ല. തന്റെ കർമമണ്ഡലം അമേഠിയാണെന്ന‌് രാഹുൽ ഗാന്ധി പരസ്യമായിത്തന്നെ പറഞ്ഞിട്ടുണ്ട്. അതായത് രണ്ടിടത്തും അഥവാ ജയിക്കുകയാണെങ്കിൽ വയനാടിനെ വിട്ട് അമേഠിയെ തെരഞ്ഞെടുക്കുമെന്ന‌്. അതിലും അപരാധം കാണേണ്ടതില്ല. കോൺഗ്രസിന്റെ വക്താവായ അജയ് തറയിൽ ആവർത്തിച്ചുപറഞ്ഞത് വയനാട്ടിൽ തങ്ങൾ ഏതു കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുമെന്നാണ്. കുറ്റിച്ചൂലുകളെ ജയിപ്പിക്കാൻ വിധിക്കപ്പെട്ട ജനതയാണ് വയനാട്ടിലേത‌് എന്ന് കോൺഗ്രസ് കരുതുമ്പോൾ അതിനെ തിരുത്താൻ ലോകത്ത് ഒരാളും വളർന്നിട്ടില്ല. 

എന്തായാലും രാഹുൽ ഗാന്ധി വരുന്നതുകൊണ്ട് ഒരു ഗുണമുണ്ട്. കേരളത്തിലെ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല സംഘം ഇന്നുവരെ ബിജെപിക്കെതിരെ സംഘപരിവാറിനെതിരെ ഒരു അക്ഷരം സംസാരിക്കുന്നത് മലയാളികൾ കേട്ടിട്ടില്ല. അവരുടെ വായിൽ തിരുകിയ അമ്പഴങ്ങ ഇനി തുപ്പിക്കളയേണ്ടിവരും. കാവൽക്കാരൻ കള്ളൻ ആണ് എന്ന് രാഹുൽ പറയുമ്പോൾ, തെരഞ്ഞെടുപ്പുകാലത്ത് വിനോദസഞ്ചാരത്തിനായി വയനാട് കയറിവരുന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ തെറ്റല്ല എന്നെങ്കിലും കോൺഗ്രസുകാർക്ക‌് പറയേണ്ടിവരും. അഞ്ച് മണ്ഡലത്തിൽ തട്ടിക്കൂട്ടിയ കോലീബി സഖ്യത്തിനു അൽപ്പമെങ്കിലും ഇടിച്ചിൽ ഉണ്ടാക്കുന്നതാകും ആ വർത്തമാനം. രാഹുൽ ഗാന്ധി കേരളത്തിൽ എത്തുമ്പോൾ ഇന്ത്യാരാജ്യത്തെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന തലത്തിൽനിന്ന് കേരളത്തിലെ 20 യുഡിഎഫ് സ്ഥാനാർഥികളിൽ ഒരാൾ എന്ന ചുരുങ്ങിയ തലത്തിലേക്കുകൂടി വരികയാണ്. സാധാരണനിലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഇതുവരെയുള്ള പ്രവർത്തനം കേരളത്തിൽ ചർച്ചചെയ്യേണ്ടത് ഉണ്ടായിരുന്നില്ല. ഇനിയിപ്പോൾ അത് കൂടിയേ മതിയാകൂ. പാർലമെന്റിൽ ശരാശരിയിലും താഴെ പ്രകടനം കാഴ്ചവച്ച ആളാണ് കോൺഗ്രസിന്റെ പടനായകനെന്ന് നാട്ടുകാർ അറിയും. മൂന്നുവട്ടം ജയിച്ചുകയറിയ സ്വന്തം മണ്ഡലത്തിൽ ഒരു കുന്തവും ചെയ്യാൻ കഴിയാത്തതുകൊണ്ട് ഓരോ തെരഞ്ഞെടുപ്പിലും വോട്ട് കുറഞ്ഞ‌് തോൽവി അടുത്തെത്തിയപ്പോഴാണ് ഓടി രക്ഷപ്പെട്ടതാണെന്ന യാഥാർഥ്യവും കേരളത്തിൽ ചർച്ചയാകും. 

20 മണ്ഡലത്തിലും എൽഡിഎഫ് സ്ഥാനാർഥികൾ നിരന്നപ്പോൾ, പിണറായി വിജയൻ നയിക്കുന്ന ഗവൺമെന്റിന‌് അസൂയാവഹമായ അംഗീകാരം ജനങ്ങളിൽനിന്ന് ലഭിക്കുമ്പോൾ സ്വാഭാവികമായും ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല സംഘത്തിന് വിറളിയുണ്ടാകുന്നത് മനസ്സിലാക്കാം. ആ വെപ്രാളം പരിഹരിക്കാനാണ് ഒറ്റ സ്ഥാനാർഥിയെക്കൊണ്ട് കേരളത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിച്ചുകൂടെ എന്ന  ചിന്തയിലേക്ക് അവർ കടന്നത്.  ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തമ്മിൽ വെട്ടിത്തീർക്കാനുള്ള ഗ്രൂപ്പ് യുദ്ധത്തിലേക്ക് രാഹുൽ ഗാന്ധിയെക്കൂടി പിടിച്ചുവലിച്ചു കൊണ്ടുവന്നു‌... അതിന് കാർമികൻ ആയി എ കെ ആന്റണി നിന്നുകൊടുത്തു.  കേരളത്തിലെ കോൺഗ്രസുകാരുടെ വിലകുറഞ്ഞ തമ്മിലടിക്കും ഗ്രൂപ്പ് യുദ്ധത്തിനും ഇരയായി രാഹുൽ ഗാന്ധി മാറി എന്നതാണ് പച്ചപ്പരമാർഥം.

എന്തായാലും ഏത് പുതിയ കാര്യത്തെയും നന്മയുടെ കണ്ണിലൂടെ കാണണം. 2014ൽ അമ്മയും മകനും അമേഠിയിലും റായ്ബറേലിയിലും മത്സരിച്ചപ്പോൾ ഉത്തർപ്രദേശിൽ ഉണ്ടാകാത്തത് ഒന്നും കേരളത്തിൽ വരാൻ പോകുന്നില്ല. അതുകൊണ്ട് രാഹുൽ ഗാന്ധി വന്നാൽ വയനാട്ടിലെ ഒരു യുഡിഎഫ് സ്ഥാനാർഥി അത്രമാത്രം. കണ്ണൂരിലെ കെ സുധാകരനെപ്പോലെ, കാസർകോട് രാജ്മോഹൻ ഉണ്ണിത്താനെപ്പോലെ ഒരു സാധാരണ യുഡിഎഫ് സ്ഥാനാർഥി എന്നതിൽക്കവിഞ്ഞ ഒരു പ്രാധാന്യവും കേരളത്തിലെ ജനങ്ങൾക്കുമുന്നിൽ രാഹുൽ ഗാന്ധിക്ക് ലഭിക്കാൻ പോകുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയമനസ്സിൽ ഏത‌ു തെരഞ്ഞെടുപ്പും രാഷ്ട്രീയ വിഷയങ്ങൾ വിലയിരുത്തിത്തന്നെയാണ് നടക്കുക. അവിടെ മായാജാല പ്രകടനങ്ങൾക്കും മാസ‌്മരികവിദ്യക്കും ഒരു സ്ഥാനവും ഇല്ല.  രാഹുൽ വന്നതുകൊണ്ടുള്ള പ്രയോജനം എന്തായാലും കേരളം മുതലാക്കും, അത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ഭരിക്കുന്ന കേരളത്തിലെ വികസനം എന്താണ് എന്നും, 15 കൊല്ലം രാഹുൽ ഗാന്ധി പാർലമെന്റ‌് അംഗമായ മണ്ഡലത്തിലെ അവസ്ഥ എന്താണ് എന്നും താരതമ്യം ചെയ്തുകൊണ്ടുതന്നെ ആയിരിക്കുകയും ചെയ്യും.  ഒരു ചാട്ടംകൊണ്ട് ജനവിധി അട്ടിമറിച്ച‌ുകളയാമെന്ന് ധരിച്ച് അവിവേകം കാണിച്ച  ഉമ്മൻചാണ്ടിക്ക് ചൂട്ടുപിടിച്ച നേതാവ് എന്ന ദുഷ‌്പേരാണ‌് രാഹുൽ ഗാന്ധിക്ക് വന്നുപെട്ടത് എന്നതിൽ മാത്രമാണ് സഹതപിക്കേണ്ടത്.

 Top