തെരഞ്ഞെടുപ്പിനുമുമ്പ് സർവേ ചുട്ടെടുത്തും വാർത്തകൾ പാൽപ്പായസം ആക്കിയും യുഡിഎഫിന് ചെയ‌്ത സേവനം കൂടുതൽ ശക്തമായി തുടരുകയാണ് കേരളത്തിലെ മ മ മാധ്യമങ്ങൾ എന്നത് അത്യന്തം ആവേശകരമായ കാഴ്ചയാണ‌്. കള്ളവോട്ട് എന്താണ്; ഓപ്പൺ വോട്ട‌് എന്താണ് എന്ന് അറിയാത്തതുകൊണ്ടല്ല. ഒരാൾ രണ്ടുതവണ ബൂത്തിലെത്തുക എന്നാൽ അത് കള്ളവോട്ട് ആണ് എന്ന് ഏതെങ്കിലും ഒരു ദൃശ്യം പൊക്കി കാണിച്ചു പറഞ്ഞാൽ പത്തുപേരെങ്കിലും വിശ്വസിച്ചാൽ അതുതന്നെ മതി എന്നാണ് ശാസ്ത്രം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കോൺഗ്രസ് ജയിക്കുന്നത് എല്ലാം നല്ല വോട്ടും കമ്യൂണിസ്റ്റ് പാർടി ജയിച്ചുപോയാൽ കള്ളവോട്ടും എന്നതാണ് പുണ്യപുരാതനകാലം മുതൽ വിഷംകുടി പത്രാധിപന്മാർമുതൽ കെപിസിസി ഓഫീസിന്റെ തിണ്ണയിൽ വെപ്പും കുടിയും പതിവാക്കിയ പത്രപ്രവർത്തക കാര്യസ്ഥന്മാർവരെ ഉരുവിടാറുള്ള പല്ലവി. അതിന്റെ ഓർമ മനസ്സിൽ തങ്ങിനിൽക്കുന്നതുകൊണ്ടാകും ആരോ ഒരാൾ ഒരു വീഡിയോയും എടുത്ത‌് ഇതാ കള്ളവോട്ട് എന്നു പറഞ്ഞപ്പോൾ കയറും എടുത്ത‌് പുറപ്പെട്ടത്.
ഒറ്റനോട്ടത്തിൽ സംഗതി ശരിയാണ്. ഒരാൾ ഒരുവട്ടം വോട്ട് ചെയ്യുന്നു, അതുകഴിഞ്ഞ് തലമുടിയിൽ കൈകൊണ്ട് തലോടുന്നു. അതാണത്രേ കള്ളവോട്ടിന്റെ ഒരു ലക്ഷണം. വെറുതെ ഒന്നു തലയിൽ തേച്ചാൽ മാഞ്ഞുപോകുന്ന മഷിയാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർമാരുടെ കൈയിൽ പുരട്ടുന്നത് എന്നാണ് ആക്ഷേപം. അത് ഇന്നുവരെ ആരും പറഞ്ഞുകേട്ടതല്ല. അങ്ങനെ തലയിൽ തേച്ച് മഷി മായ‌്ക്കൽ മായാജാലം നടത്തിയ ആൾതന്നെ പിന്നീട് വീണ്ടും വോട്ടു ചെയ്യുന്നതാണ് യുറേക്കാ യുറേക്കാ എന്ന അലർച്ചയോടെ കള്ളവോട്ട് സിദ്ധാന്തമായി അവതരിപ്പിച്ചത്. ഒരാൾ രണ്ടുവട്ടം കടന്നുചെന്ന‌് വോട്ട് രേഖപ്പെടുത്തിയത് കള്ളവോട്ട് ആണെന്നതിൽ ഒരു തർക്കവും മ മ മാധ്യമങ്ങൾക്ക് ഇല്ല. ഇതിനിടയിൽ ഓപ്പൺ വോട്ട് എന്ന ഒരു സമ്പ്രദായം നിലവിലുണ്ട് എന്നും സ്വന്തമായി വോട്ട് ചെയ്യാൻ കഴിയാതെ എത്തുന്നവരെ സഹായിക്കുന്നതിനുള്ളതാണ് ആ സമ്പ്രദായം എന്നും ഓർത്തില്ല എന്നതാണ് ശരി. സിപിഐ എമ്മിന് സ്വാധീനമുള്ള പ്രദേശങ്ങളിൽ ആണ് ഇത് സംഭവിച്ചത് എന്നതിനാൽ ഒരു സംശയവും ഇല്ലാതെ കള്ളവോട്ട് ആണെന്ന് പ്രഖ്യാപിച്ചു. വ്യാപക പ്രചാരണം നടത്തി ചർച്ച സംഘടിപ്പിച്ച‌് വിധിയെഴുതി. ഇനിയിപ്പോൾ റിസൾട്ട് വന്ന‌് സിപിഐ എം സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെടുമ്പോൾ അത് ജനങ്ങളുടെ യഥാർഥ വിധി അല്ല എന്ന് പറയാൻ എളുപ്പമായി. സ്വന്തം സർവേ യാഥാർഥ്യമാക്കാനുള്ള പെടാപ്പാട് സഹതാപത്തോടെ കാണേണ്ടതുതന്നെയാണ്.
വോട്ടിൽ കാണിക്കുന്ന ഇന്ദ്രജാലപ്രകടനം ഒന്നും ബിരുദ സർട്ടിഫിക്കറ്റ് കാര്യത്തിൽ കാണുന്നില്ല. അങ്ങനെ വല്ലതും ചെയ‌്തിരുന്നുവെങ്കിൽ നരേന്ദ്ര മോഡി പണ്ടേ രക്ഷപെട്ട് പോയേനെ. ചായ വിറ്റതിനും മുതലേ പിടിച്ചതിനും ഒരാളുടെയും സർട്ടിഫിക്കറ്റ് വേണ്ട. പക്ഷേ പഠിച്ച കാര്യത്തിൽ സർട്ടിഫിക്കറ്റ് തന്നെ വേണം. എന്തായാലും നരേന്ദ്ര മോഡി ഇപ്പോൾ പറയുന്നത് താൻ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്തിട്ടുണ്ട് എന്നുമാത്രമല്ല, പത്താം ക്ലാസും പാസായിട്ടുണ്ട് എന്നാണ്. സാധാരണ ഇങ്ങനെയൊക്കെ ഗംഭീരമായി പഠിക്കുന്ന ആളുകൾക്ക് ചില കൂട്ടുകാർ കാണും. നരേന്ദ്ര മോഡിക്കൊപ്പമിരുന്ന് പഠിച്ച് പത്താംക്ലാസ് പാസാകുകയോ ബിരുദമോ ബിരുദാനന്തര ബിരുദമോ എടുക്കുകയും ചെയ‌്ത ഒരു സഹപാഠിയും ഇന്നുവരെ പരസ്യമായി രംഗത്ത് വന്നിട്ടില്ല. സാധാരണ മനുഷ്യർക്കാണ് സഹപാഠികളും അധ്യാപകരും അവരുടെ ഓർമയും ഒക്കെ ഉണ്ടാകുക. സാധാരണ മനുഷ്യരിൽനിന്ന് എത്രയോ ഉയർന്നുനിൽക്കുന്ന നരേന്ദ്ര മോഡിയുടെ വിദ്യാർഥികാലത്തെക്കുറിച്ച് ഓർമിച്ചെടുക്കാൻപോലും ശക്തിയില്ലാത്ത സഹപാഠികൾ മൗനം കൊണ്ട് പിന്തുണ അറിയിക്കുന്നു എന്നേ കരുതാൻ പാടുള്ളൂ.
സ്വന്തം കാര്യങ്ങളെക്കുറിച്ച് അങ്ങനെ ഓർമിക്കുകയും സ്വന്തം താൽപ്പര്യങ്ങളെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യുന്ന ആളല്ല നരേന്ദ്ര ദാമോദർദാസ് മോഡി. സ്വന്തം ഭാര്യയുടെ കാര്യംപോലും അതും പ്രധാനമന്ത്രി സ്ഥാനാർഥി ആകുന്നതിനുമുമ്പ് അദ്ദേഹം മറന്നു പോയിരുന്നു. തനിക്കുള്ള സ്വത്തിന്റെ കാര്യം ഒരിക്കലും ഓർമിച്ചില്ല. ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പതിച്ചുകിട്ടിയ സ്ഥലം ഈ നാടിന്റേതാണ‌്, തന്റേതല്ല എന്നതുകൊണ്ടാണ‌് അഞ്ചുവർഷംമുമ്പ് സത്യവാങ്മൂലം കൊടുത്തപ്പോൾ അതിന്റെ കാര്യം മിണ്ടാതിരുന്നത്. നിഷ്കാമകർമികൾക്ക് എപ്പോഴും പറ്റുന്ന അബദ്ധങ്ങൾ ആണ് ഇതൊക്കെ. ഇവിടെ ചെയ്യാനുള്ള മാധ്യമധർമം അമ്മമാരെ മോഡിയുടെ പത്താംക്ലാസും ബിരുദവും ബിരുദാനന്തര ബിരുദവും യഥാർഥത്തിൽ ഉള്ളതാണ് എന്ന് തെളിയിച്ചുകൊണ്ട് അതിന് അനുകൂലമായ വാർത്തകളും ഫീച്ചറുകളും എഴുതിയും ചിത്രീകരിച്ചും പത്രങ്ങളും ചാനലുകളും നിറയ്ക്കുകയാണ്. അത് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് രാജ്യസ്നേഹം? എന്തായാലും നരേന്ദ്ര മോഡിക്ക് അങ്ങനെ ഓർമപ്പിശക് ഉണ്ടാകുന്നില്ല. ഓരോ ഘട്ടത്തിലും പുതിയ ഓർമകൾ വരികയാണ്. ആദ്യം റെയിൽവേ സ്റ്റേഷനിലെ ചായവിൽപ്പനയെക്കുറിച്ച്; പിന്നെ മുതലയെക്കുറിച്ച്; അതുകഴിഞ്ഞ് ദീപാവലിക്കാലത്തെ ധ്യാനത്തെക്കുറിച്ച്; അതിൽ പിന്നെ സ്വന്തം ഭാര്യയെക്കുറിച്ച്; ഇപ്പോഴിതാ തനിക്ക് സ്വന്തമായി ഉള്ള ഭൂമിയെക്കുറിച്ച്... ഇങ്ങനെ തന്റെ ത്യാഗസുരഭിലവും അഭിമാനപൂരിതവുമായ ഗതകാലജീവിതത്തിന്റെ അടരുകൾ ഓരോന്നായി അടർത്തിയെടുത്ത‌് ജനങ്ങൾക്കുമുന്നിൽ വയ‌്ക്കുന്ന ഈ മഹാത്മാവിനെ ആരും തിരിച്ചറിയുന്നില്ല എന്നതാണ് ഈ കാലത്തെ മാധ്യമദുരന്തം. അല്ലെങ്കിലും അത്തരം കാര്യങ്ങളിൽ നമ്മുടെ മാധ്യമങ്ങൾ ബിജെപിയോടും സംഘപരിവാറിനോട് ആകെയും വലിയ വിവേചനമാണ് കാണിക്കുന്നത്. അന്വേഷണാത്മക മാധ്യമപ്രവർത്തനം എന്ന ശാഖ അവശ്യഘട്ടങ്ങൾ വരുമ്പോൾ അവർ വിട്ടുകളയുന്നു.
സ‌്മൃതി ഇറാനിയുടെ കാര്യം നോക്കുക. കൃത്യാന്തരബാഹുല്യം. ഇതിനിടയിൽ കൊടുക്കേണ്ടിവരുന്ന നാമനിർദേശപത്രികയിൽ സ്വന്തം കാര്യങ്ങൾ കൃത്യമായി എഴുതാൻ അവരെപ്പോലെ ഉന്നതപാരമ്പര്യമുള്ള ഒരു പൊതുപ്രവർത്തകർക്ക് കഴിഞ്ഞെന്നുവരില്ല. അതുകൊണ്ടാണ് ആദ്യത്തെ തെരഞ്ഞെടുപ്പിൽത്തന്നെ ബിരുദം ബികോം ആണെന്ന‌് അവർക്കുതോന്നിയത്. പക്ഷേ അഞ്ച് വർഷം കഴിഞ്ഞപ്പോൾ അത് തിരുത്തി താൻ ബിഎക്കാരിയാണ് എന്ന് പറയാനുള്ള സന്മനസ്സ് അവർ കാണിച്ചു. അത് കണ്ട് ഹൃദയവിശാലതയെയും സത്യസന്ധതയെയും അംഗീകരിക്കാൻ നമ്മുടെ നാട്ടിലെ പക്ഷപാതികളായ മാധ്യമങ്ങൾ തയ്യാറായില്ല. താൻ കഷ്ടപ്പെട്ട് നേടിയ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലും, അതും കണ്ടുപിടിച്ച‌് സഹായിക്കാൻ ഒരു മാധ്യമപ്രവർത്തകരും സന്മനസ്സ് കാണിക്കാത്തതുകൊണ്ട് ആ മഹതിക്ക് ഒടുവിൽ പറയേണ്ടിവന്നു, താനിതുവരെ ഒരു ബിരുദവും എടുത്തിട്ടില്ല എടുക്കാൻ ശ്രമിച്ചിട്ടേ ഉള്ളൂ എന്ന്. ഇത് വലിയ അനീതിതന്നെയാണ്. സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയുംകുറിച്ച് പറയുമ്പോൾ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി നിങ്ങൾക്ക് ഓർമ വരുന്നു. രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുമ്പോൾ വിദേശ സർവകലാശാലകളെ ക്കുറിച്ച് നിങ്ങൾക്ക് ഓർമ വരുന്നു. രമേശ് ചെന്നിത്തലയെക്കുറിച്ച് പറയുമ്പോൾ ഹിന്ദി ട്യൂട്ടോറിയൽ ഓർമ വരുന്നു.
നരേന്ദ്ര മോഡിയെയും സ‌്മൃതി ഇറാനിയെയും കുറിച്ച് പറയുമ്പോൾ എന്തുകൊണ്ട് അവർ പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കിയ കലാലയങ്ങളെക്കുറിച്ചും സർവകലാശാലകളെക്കുറിച്ചും നിങ്ങൾ പറയുന്നില്ല എന്ന ചോദ്യമാണ് ഈ നാട്ടിലെ പക്ഷപാതി മാധ്യമങ്ങളുടെ മുഖത്തുനോക്കി സംഘബന്ധുക്കൾ ഉയർത്തേണ്ടത്. പക്ഷപാതപരമായാണ് മാധ്യമങ്ങൾ പെരുമാറുന്നത് എന്ന് ബിജെപി പറയുമ്പോൾ ആരും സമ്മതിക്കില്ലല്ലോ. ഇതിൽപരം എന്ത് തെളിവാണ് ആ വാദം ശരിയാണെന്ന‌് സമർഥിക്കാൻ വേണ്ടത്?
അൽഫോൻസ് കണ്ണന്താനം നല്ല സ്ഥാനാർഥിയാണെന്ന‌് പറയാത്ത മമ്മൂട്ടിയാണ് ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തെ ക്രൂരൻ. രാജ്യം ഭരിക്കുന്ന മുന്നണിസ്ഥാനാർഥിയും കേന്ദ്രമന്ത്രിയും സർവോപരി സരസ ഭാഷിയും ഔചിത്യത്തിന്റെ നിറകുടവും ആയ പൊന്നുംകുടത്തെക്കുറിച്ച് മിണ്ടാതെ മറ്റു രണ്ടു സ്ഥാനാർഥികളും നല്ലവരാണ് എന്ന് പറയുന്നതിനോളം ക്രൂരത വേറെ എന്താണുള്ളത്.