23 November Saturday

ഇടിയും തൊഴിയും ചട്ടത്തിന്

ശതമന്യു Monday Apr 15, 2019


ഉണ്ണിയെ കണ്ടാലറിയാം ഊരിലെ പഞ്ഞം എന്നത് വെറും ചൊല്ലല്ല. ശ്രീധരൻപിള്ളയെ കണ്ടാലറിയാം ബിജെപിയുടെ അധോഗതി. ചെന്നിത്തലയെ ദൂരെനിന്ന് ഒന്ന് നോക്കിയാൽ മതി- കോൺഗ്രസിന്റെ ദീനം മുഖത്ത‌് എഴുതിവച്ചിട്ടുണ്ട്. പതിനേഴാം ലോക‌്സഭാ തെരഞ്ഞെടുപ്പുകാലത്തു നടക്കുന്നത് മികച്ച ഹാസ്യതാരത്തെ കണ്ടെത്താനുള്ള മത്സരമല്ല എന്ന് ഇരുവർക്കും ഇതുവരെ ബോധ്യം വന്നിട്ടില്ല. വ്യക്തിപരമായി രണ്ടു നേതാക്കളെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കാസർകോട‌് മുതൽ തിരുവനന്തപുരംവരെ ഈ ചൂടുകാലത്ത് ഒന്ന് സഞ്ചരിച്ചാൽ കാര്യങ്ങൾ എളുപ്പത്തിൽ ബോധ്യപ്പെടും. ആര് ആരോട് മത്സരിക്കുന്നു എന്ന് രണ്ടു കൂട്ടർക്കും തിട്ടമില്ല. ബിജെപിയുടെ മത്സരം തെരഞ്ഞെടുപ്പ് കമീഷനുമായാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങളെയും ഉദ്യോഗസ്ഥരെയും ഇടിക്കുന്നതിലാണ് മോഡി മുതൽ പിള്ളവരെയുള്ളവർക്ക‌് കമ്പം. കോൺഗ്രസിന്റെ മത്സരം സ്വന്തം നേതാക്കളോടു തന്നെ. എല്ലാ സ്ഥാനാർഥികൾക്കും പരാതികളാണ്. കാസർകോട്ടെ ഉണ്ണിത്താന് ഡിസിസി പ്രസിഡന്റ് ഊണ് കൊടുത്തില്ലെന്നു പരാതി. തിരുവനന്തപുരത്ത് സ്വന്തം സ്ഥാനാർഥിക്ക് വോട്ട് ചെയ്തില്ലെങ്കിൽ വിവരമറിയുമെന്ന് മൂന്ന് കോൺഗ്രസ് നേതാക്കളെ വിളിപ്പിച്ച് ഹൈക്കമാൻഡ് താക്കീത് ചെയ്തിരിക്കുന്നു.

യുഡിഎഫിന് ഉറപ്പുള്ള ഒരു മണ്ഡലവും ഇല്ല. പ്രതീക്ഷയുണ്ടായിരുന്നത് വയനാട്ടിലാണ്. അവിടെ ഹൈക്കമാൻഡ് തന്നെയാണ് മത്സരിക്കുന്നത് എന്നതുകൊണ്ട് ഫണ്ടിന് പഞ്ഞം വരില്ല. പക്ഷേ, വോട്ടിനു പഞ്ഞം തന്നെയാണ്. രാഹുൽ ഗാന്ധി വരുമ്പോൾ കുറേയാളുകളെ ചുരം കയറ്റി ഓളമുണ്ടാക്കിയിരുന്നു. അതുകഴിഞ്ഞ‌് ഇടതുപക്ഷം അതേ സ്ഥലത്ത‌് ആ നാട്ടിലുള്ളവരെത്തന്നെ അണിനിരത്തിയപ്പോൾ തെരുവിൽ മനുഷ്യനദി കരകവിഞ്ഞൊഴുകി. രാഹുലിന്റെ റോഡ് ഷോയുടെ പതിന്മടങ്ങു ശക്തിയിൽ ഉണ്ടായ ജനപ്രവാഹം വയനാടിന്റെ മനസ്സ് എങ്ങോട്ട് എന്നാണു പ്രഖ്യാപിച്ചത്. തരംഗം ഉണ്ടാക്കാൻ കൊണ്ടുവന്ന രാഹുൽജി ഒരു ഇളക്കംപോലും ഉണ്ടാക്കാതെയാണ് തിരിച്ചുപോയത്. അവശേഷിച്ചത് രണ്ടു കാര്യം. -ലീഗിനെക്കൊണ്ട് പച്ചക്കൊടി താഴെ വയ‌്പ്പിച്ചതും ടി സിദ്ദിഖിനെ നൈരാശ്യത്തിന്റെ നിലയില്ലാക്കയത്തിലേക്കു തള്ളിയിട്ടതും. രാഗാ തരംഗം വിഷാദ രാഗാലാപനമായാണ് മുന്നേറുന്നത്.

കോഴിക്കോട്ടെ സ്ഥാനാർഥി കരഞ്ഞു കണ്ണീർ തോർന്നില്ല. ആരെക്കണ്ടാലും കരച്ചിലാണ്. എന്റെ കൈക്കൂലി അങ്ങനെയല്ല , എന്റെ ശബ്ദം അതല്ല എന്നൊക്കെയാണ് ആ വിലാപകാവ്യത്തിന്റെ സാരാംശം. വടകരയിൽ മുരളീധരനെയും യുഡിഎഫുകാരെയും അധികമൊന്നും പുറത്തു കാണാനില്ല. മീനച്ചൂട് കൊണ്ടാകണം. അണ്ടർ ഗ്രൗണ്ടിലാണത്രെ പ്രതീക്ഷ. നേരെ ചൊവ്വേ പറഞ്ഞാൽ ബിജെപി വോട്ട് അപ്പാടെ കൊണ്ടുവന്നു തള്ളിയാൽ എന്തെങ്കിലും നടന്നേക്കും എന്ന്. അഞ്ചു വർഷംമുമ്പ‌് 76313 വോട്ട് പിടിച്ച അതേ സ്ഥാനാർഥിയാണ് അതേ താമര ചിഹ്നത്തിൽ ഇപ്പോഴും വടകരയിൽ മത്സരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ ബിജെപി വോട്ട് ഒരുലക്ഷത്തി പതിനാലായിരം. അത്രയും വോട്ട് മുരളീധരന്റെ പെട്ടിയിൽ വീണാലും പി ജയരാജന് ജയിച്ചു കയറാനുള്ള പിന്തുണ വടകരയിലുണ്ട്. അതോടെ രണ്ടു കാര്യം സംഭവിക്കുമെന്നുമാത്രം. -ഇന്ത്യാ രാജ്യത്ത‌് ഏറ്റവും കൂടുതൽ ശാഖകൾ ഉള്ള തലശ്ശേരിത്താലൂക്കിലെ സംഘത്തിന്റെ ആപ്പീസ് അപ്പോൾത്തന്നെ പൂട്ടും. ആർഎംപി മ്യൂസിയം പീസായി മാറും. നമോ കാലത്തെ ബിജെപിയുടെ വളർച്ച വടകരയിലെ വോട്ടിൽ അറിയാം.

 

ജയിച്ചാൽ ബിജെപിയിൽ പോകില്ല എന്ന് കണ്ണൂരിലെ കെ സുധാകരൻ പരസ്യ ചിത്രം നിർമിച്ചത് കോമഡിയായി കാണാനേ ഉള്ളൂ. ജയിച്ചാലല്ലേ. അത് സംഭവിക്കില്ലല്ലോ. അവിടെ സി കെ പത്മനാഭൻ എന്ന ബിജെപിയുടെ മുതിർന്ന നേതാവ് അഞ്ചുകൊല്ലം മുമ്പ‌് മോഹനൻ മാസ്റ്റർ എന്ന പ്രാദേശിക പ്രവർത്തകൻ നേടിയ 51636 വോട്ടെങ്കിലും നേടുമോ അതോ നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച 89000ൽ തൊടുമോ അതല്ല നോട്ടയ്ക്കൊപ്പം ആകുമോ എന്നതിലാണ് കാര്യം. മലബാറിൽ ഇതാണവസ്ഥയെങ്കിൽ തെക്ക‌് കൊല്ലത്തും സമാനമായ ചിത്രം കാണാം. അഞ്ചു കൊല്ലംകൊണ്ട് ബിജെപി ഒരു വളർച്ചയും ഉണ്ടാക്കിയിട്ടില്ല എന്ന് സമ്മതിച്ചാൽ അവിടെ 2014 ൽ പി എം വേലായുധൻ താമര ചിഹ്നത്തിൽ നേടിയ 58671 വോട്ടിൽ ബിജെപി ഇത്തവണ എത്തണം. നിയമസഭാ തെരഞ്ഞെടുപ്പിലെ 1.3 ലക്ഷം നിലനിർത്താനായാൽ കഴിഞ്ഞ മൂന്നു കൊല്ലംകൊണ്ട് കൊല്ലത്ത‌് ബിജെപിക്ക് ക്ഷയം വന്നിട്ടില്ല എന്നെങ്കിലും പറയാം. ചുരുക്കിപ്പറഞ്ഞാൽ ബിജെപിയുടെ ഗതി പരമദയനീയമാണ്. ഇക്കുറി തുഷാർ വെള്ളാപ്പള്ളിയുടെ കക്ഷി കൂടെയുണ്ട്, മോഡി ഭരണത്തിന്റെ നേട്ടമുണ്ട് എന്നൊക്കെ അഹങ്കരിച്ചിട്ടും സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നില്ല. സ്വന്തം രാഷ്ട്രീയം പറയാനും കഴിയുന്നില്ല. പകരം ദൈവത്തെ വിളിക്കുകയാണ്. ദൈവത്തെ വിളിച്ച‌ു വോട്ട് തേടരുത് എന്നുപറയുന്ന തെരഞ്ഞെടുപ്പ് കമീഷന‌ു നേരെയാണ് ആക്രോശിക്കുന്നത്. എന്തായാലും ജനങ്ങൾ രക്ഷിക്കില്ല എന്ന് ബിജെപി ഉറപ്പിച്ചുകഴിഞ്ഞു.

രാജ്യത്തിന്റെ പ്രധാനമന്ത്രിമുതൽ സുവർണാവസരം പിള്ളവരെ ശബരിമലയുടെ പേരാണ് പറയുന്നത്. അയ്യപ്പനെ വിളിച്ചാൽ ജയിലാണ് കേരളത്തിലെന്നു കേരളത്തിന് പുറത്തുപോയിട്ടാണ് മോഡി “വെളിപ്പെടുത്തിയത്’. പട്ടാളത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്ന പ്രധാനമന്ത്രിക്ക‌് കള്ളം പറയുന്നതിന് ലജ്ജ വേണ്ട. തല്ലും പിടിയും നടത്തി നാമജപം ചൊല്ലിയാൽ മോക്ഷം കിട്ടും എന്ന് മോഡി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ അസീമാനന്ദയും അമിത് ഷായും എല്ലാ കേസുകളിൽനിന്നും രക്ഷപ്പെടുന്നത്.

യുഡിഎഫും ബിജെപിയും ഒരുപോലെ ഒരു കാര്യം മനസ്സിലാക്കിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ മുന്നേറ്റം നടത്തിയിരിക്കുന്നു എന്ന്. ഒരൊറ്റ സീറ്റിൽപോലും വിജയം ഉറപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് ഏറ്റവും വലിയ പ്രതീക്ഷയുണ്ടായിരുന്ന മലപ്പുറത്തുപോലും തലയിൽ മുണ്ടിട്ടു രഹസ്യചർച്ചയ്ക്കുപോയി നാണം കെടേണ്ടിവരുന്നത്. അവിടെ യുവജനതരംഗം കുറ്റിപ്പുറം കാറ്റുപോലെ ലീഗിനെതിരെ ആഞ്ഞടിക്കുകയാണ്. ബിജെപി ശബരിമലയിലെ കാലിലാണ് കടിക്കുന്നതെങ്കിൽ ചെന്നിത്തലയ്ക്ക് കിഫ്ബിയിൽ കടിച്ചാണ് പല്ലുപോയത്. കിഫ്‌ബി എന്തെന്നോ ബോണ്ടും ബോണ്ടയും തമ്മിൽ എന്ത് വ്യത്യാസമെന്നോ ധാരണയില്ലെങ്കിലും എല്ലാ ദിവസവും ചെന്നിത്തല വാർത്താസമ്മേളനം നടത്തുന്നുണ്ട്. ഒരിക്കൽ പറഞ്ഞത് പിന്നെ ചോദിക്കരുതെന്നുമാത്രം. പലിശക്കണക്കുമായി വന്ന ചെന്നിത്തലയെ കൊച്ചി മെട്രോയുടെ പലിശ ചോദിച്ചു ഐസക്ക് നേരിട്ടപ്പോൾ അന്തരിച്ച കെ എം മാണിയോട് പോയി ചോദിക്കാൻ പറഞ്ഞാണ് തടിതപ്പിയത്. പ്രതിപക്ഷ നേതാവിന്റെ വിവരദോഷവും കേരളത്തിനപമാനം!

ചട്ടം ലംഘിച്ചതിന് ഉണ്ണിത്താനും സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനുമെല്ലാം പിടിക്കപ്പെടുമ്പോൾ ചട്ടം കൊണ്ടുതന്നെ തിരിച്ചടിക്കാൻ നോക്കിയ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി പാവങ്ങളുടെ അന്നമാണ് മുടക്കിയത്. ആശുപത്രികളിലെ രോഗികൾക്ക് കൂട്ടിരിക്കുന്നവർക്ക് ഡിവൈഎഫ്ഐ സൗജന്യമായി നൽകുന്ന പൊതിച്ചോറ് ചട്ടലംഘനമാണത്രെ. നാട്ടിലാകെ സിപിഐ എം നേതൃത്വത്തിൽ സാന്ത്വന പരിചരണ കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. അതുകൂടി ചട്ടലംഘനം എന്ന് അന്തംവിട്ട യുഡിഎഫ് പരാതി കൊടുത്താൽ കൂടുതൽ കേമമാകും. ആരാധനാലയം, ജാതി, മതംഎന്നിങ്ങനെയുള്ള ആയുധങ്ങളുമായി യുഡിഎഫും ബിജെപിയും ഒരുപോലെ രംഗത്തെത്തുകയും തെരഞ്ഞെടുപ്പ് കമീഷൻ, മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രാതിനിധ്യനിയമം എന്നിവയെ വെല്ലുവിളിക്കുകയും ചെയ്യുമ്പോൾ എന്താണ് അസുഖം എന്ന് മനസ്സിലാക്കാനുള്ള സാക്ഷരത കേരളീയനുണ്ട്. വല്ലാതെ തോൽവി ഭയപ്പെടുമ്പോൾ ഈ വെപ്രാളം സ്വാഭാവികമാണ്. അത് ഇനിയും കൂടുകയേ ഉള്ളൂ.

തരൂരിനും ആന്റോ ആന്റണിക്കും കാലുവാരൽ പേടി സ്വന്തം പക്ഷത്തുനിന്നാണെന്ന‌് കോൺഗ്രസുകാരും മുരളിയും സുധാകരനും പ്രേമചന്ദ്രനും പ്രതീക്ഷയർപ്പിക്കുന്നത് സംഘി വോട്ടുകളിലാണെന്ന്‌ സാധാരണ ജനങ്ങളും മനസ്സിലാക്കുന്നതുകൊണ്ടാണ്, ഏതു കച്ചവടവും പൊളിയുന്ന ഫലം ഇക്കുറി കേരളത്തിൽ ഉണ്ടാകുമെന്നു ഉറപ്പിച്ചു പറയാൻ കഴിയുക. വിൽക്കുകയോ വാങ്ങുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യുന്ന വോട്ടുകൾകൊണ്ട് നിങ്ങൾ ജയിക്കുമെങ്കിൽ വടകരയും ബേപ്പൂരും കോലീബിയുടെ ദുരന്ത സ്മാരകങ്ങളാകുമായിരുന്നില്ല. സൂത്രവിദ്യയല്ല തെരഞ്ഞെടുപ്പ്. നിങ്ങൾ തെരഞ്ഞെടുപ്പ് കമീഷനെ ചട്ടം പഠിപ്പിച്ചു തീരുമ്പോഴേക്കും കേരളം നിങ്ങൾക്കെതിരെ വിധിയെഴുതിയിട്ടുണ്ടാകും.

 Top