21 November Thursday

കോൺഗ്രസും സ്‌ത്രീശാക്തീകരണവും

ശതമന്യു Monday Jan 28, 2019


പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ച അതേ മുഹൂർത്തത്തിലാണ് കേരളത്തിലെ മുഖ്യമന്ത്രി സ്ത്രീകളേക്കാൾ മോശമെന്ന് കെ സുധാകരൻ പറഞ്ഞത്. വളരെ മോശക്കാരികളാണ‌് സ്ത്രീകൾ, അതിലും മോശമാണ് മുഖ്യമന്ത്രി എന്ന് പറയുമ്പോൾ സുധാകരനിലെ പഴയ കോൺഗ്രസ് വിരുദ്ധനും അവിവേക സമ്പന്നനുമാണ‌്  പുറത്തുചാടിയത്. ഇന്ദിര ഗാന്ധിക്കെതിരെ കലാപമുണ്ടാക്കി കോൺഗ്രസിൽനിന്ന് പുറത്തിറങ്ങി വേറെ വേറെ പർടിയിൽ പോയ ആളാണ് കുമ്പക്കുടി സുധാകരൻ. സ്ത്രീകളോട് എന്നല്ല മറ്റാരോടും ബഹുമാനമില്ലാത്ത നാട്ടുചട്ടമ്പി. കൂറും സ‌്നേഹവും സ്വന്തം ശരീരത്തോടും മുഖത്തോടും സുഖത്തോടുംമാത്രം.

സുധാകരൻ ഇന്ന് വെറും സുധാകരൻ അല്ല. കെപിസിസിയുടെ വർക്കിങ‌് പ്രസിഡന്റാണ‌്. വർക്ക് ചെയ്യാത്ത പ്രസിഡന്റായി മുല്ലപ്പള്ളി ഉള്ളപ്പോൾ സുധാകരന് പിടിപ്പത് പണിയുണ്ട്.  ശബരിമലയിലും കാസർകോട്ടും കണ്ണൂരിലും തിരുവനന്തപുരത്തും സുധാകരനുണ്ട‌്. വാർത്ത എവിടെ എങ്ങനെ ഏതുവിധം ഉണ്ടാകുമെന്ന് സുധാകരന് നല്ല നിശ്ചയമുണ്ട്. പട്ടി മനുഷ്യനെ കടിച്ചാൽ വാർത്തയാകില്ലെന്നും മനുഷ്യൻ പട്ടിയെ കടിച്ചാലാണ് വാർത്തയെന്നും മാധ്യമ   വിദ്യാർഥികൾ മാത്രമല്ല സുധാകരനും പഠിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയും മുരളീധരനും മറഞ്ഞുനിൽക്കുമ്പോൾ സുധാകരൻ ഇറങ്ങി കളിക്കുന്നത് ആ പഠനത്തിന്റെ ചെലവിലാണ്.

ജഡ‌്ജിമാർക്ക‌് കൈക്കൂലി നൽകുന്നത് താൻ കണ്ടെന്നും ഒരുത്തനെ വെടിവച്ച‌് കൊന്നിട്ടുണ്ടെന്നും പരസ്യമായി പറയാനും, കേസ് വരുമ്പോൾ മാപ്പ് പറഞ്ഞ് തടി രക്ഷപ്പെടുത്താനുമുള്ള വിരുത് കോൺഗ്രസിലെ രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ സുധാകരനെ കണ്ടുപഠിക്കണം. പക്ഷേ, കളി സ്ത്രീകളോടായപ്പോൾ സുധാകരന്റെ സൂത്രവിദ്യകൾ ഫലിച്ചില്ല. കേരളത്തിലെ സ്ത്രീകൾ ആരാണെന്ന് സുധാകരന് മനസ്സിലായിട്ടില്ല. ക്യാപ്റ്റൻ ലക്ഷ്മി, അക്കമ്മ ചെറിയാൻ, റോസമ്മ പുന്നൂസ്, കെ ആർ ഗൗരിയമ്മ എന്നിങ്ങനെയുള്ള പേരുകളൊന്നും സുധാകരൻ കേട്ടിട്ടുമില്ല.  അത‌് പഠിക്കേണ്ട സമയത്ത‌് തല്ലുകൊള്ളാനും തെമ്മാടിത്തരത്തിനും പോയതിന്റെ കുഴപ്പമാണ്. സ്ത്രീകളെക്കുറിച്ച് കോൺഗ്രസുകാർക്ക് എത്രമാത്രം മതിപ്പുണ്ടെന്ന‌് മുമ്പ് പലവട്ടം തെളിഞ്ഞതാണ്. നയനാ സഹ‌്നി എന്ന യൂത്ത് കോൺഗ്രസ്  വനിതാ നേതാവിനെ തന്തൂരി അടുപ്പിലിട്ട് കരിച്ചുകളഞ്ഞ, പഴയ കോൺഗ്രസ് സുശീൽ ശർമയുടെ സുശീലമാണ് കോൺഗ്രസിന്റെ സ്ത്രീശാക്തീകരണ പാരമ്പര്യം. സുധാകരനും ചെന്നിത്തലയ‌്ക്കും ആ പാരമ്പര്യത്തെക്കുറിച്ചുള്ള അറിവേ ഉള്ളൂ. കൂടെ ചേർത്ത് വയ‌്ക്കാൻ നിലമ്പൂരിലെ കോൺഗ്രസ് ഓഫീസിൽ  കൊന്ന് കെട്ടി ചാക്കിലാക്കി, അടുത്ത തോട്ടത്തിൽ കൊണ്ടുപോയി കളഞ്ഞ രാധയുടെ ഓർമയും ആകാം.

സ്ത്രീകളേക്കാൾ മോശമെന്ന് ആരെക്കുറിച്ച‌് പറയുമ്പോഴും സുധാകരനും ചെന്നിത്തലയും  പ്രിയങ്ക ഗാന്ധിയെമാത്രമല്ല, പാർടിയുടെ പരമോന്നത നേതാവ് സോണിയ ഗാന്ധിയെക്കൂടി സ‌്മരിക്കുകയാണ്. എന്തായാലും കോൺഗ്രസുകാർക്കേ ഈ പ്രശ്നമുള്ളൂ. സ്ത്രീയും പുരുഷനും ഒരുപോലെയുള്ള ജീവികളാണ‌് എന്ന് രാജ്യത്തിന്റെ ഭരണഘടന ഉറപ്പിച്ചുപറയുന്നുണ്ട‌്. പരമോന്നത കോടതിയും അത് ആവർത്തിച്ച‌് ഉറപ്പിക്കുന്നുണ്ട്. കോടതി എന്തും പറഞ്ഞോട്ടെ കാര്യങ്ങൾ വേറെ നടക്കണമെന്നാണ് സംഘപരിവാറിന്റെ ഹിതം. അതുതന്നെയാണ് കേരളത്തിലെ കോൺഗ്രസിന്റെ മനസ്സും. എനിക്ക് പറ്റുന്നതല്ല ഈ അഭിപ്രായമെന്ന് രാഹുൽഗാന്ധി തുറന്നു പറഞ്ഞപ്പോഴും കേരളത്തിലെ കോൺഗ്രസിന് വഴി വേറെയാണെന്ന‌് ചെന്നിത്തലയും ഉമ്മൻചാണ്ടിയും ആവർത്തിച്ച് പ്രഖ്യാപിച്ചു. അവരുടെ വഴി വേറെ വഴിതന്നെയാണ്. അതിന്റെ ഫലമാണ് ഇന്ന് സ്വന്തമായി പ്രതിപക്ഷനേതാവിന്റെ സ്ഥാനംപോലും വേണ്ട എന്ന് ഉമ്മൻചാണ്ടി തീരുമാനിക്കാനുള്ള കാരണം.

അഞ്ചുകൊല്ലത്തെ ഭരണത്തിന്റെ വഴി സോളാറിന്റെയും സരിതയുടെയും വഴിയായിരുന്നു എന്ന് പ്രത്യേകിച്ച് ആരെങ്കിലും ഓർമിപ്പിക്കേണ്ട. സോളാർ കമീഷനു മുമ്പിൽ മണിക്കൂറുകളോളം കുത്തിയിരുന്ന് ഉത്തരം പറയുകയും വിയർക്കുകയും ചെയ‌്ത ഉമ്മൻചാണ്ടിയുടെ മുഖം എങ്ങനെയാണ് കേരളീയരുടെ മനസ്സിൽനിന്ന് മാഞ്ഞുപോകുക.  അന്ന് സെക്രട്ടറിയറ്റിൽ സ്ഥാപിച്ച സിസിടിവി ക്യാമറകളിൽ ഒരു ദൃശ്യവും ബാക്കിയില്ലെങ്കിലും അന്നത്തെ നാടകങ്ങളൊക്കെ കണ്ടുനിന്ന മലയാളിയുടെ മനസ്സിൽ ഉമ്മൻചാണ്ടിയെക്കുറിച്ചും സരിതയെക്കുറിച്ചും അന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ചും  കൃത്യമായ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്. അതൊക്കെ ഓർക്കുമ്പോഴാണ് സുധാകരനും ചെന്നിത്തലയും സ്ത്രീകളെക്കുറിച്ച് ഇത്രയൊക്കെയല്ലേ പറഞ്ഞിട്ടുള്ളൂ എന്ന് ആശ്വസിക്കാൻ ആവുക. കോൺഗ്രസിന്റെ പാരമ്പര്യംവച്ച് അവർ ഇതിനേക്കാൾ വലുത് എന്തൊക്കെയോ പറയേണ്ടതായിരുന്നു. 

സ്ത്രീകളോടാണ് പൊതുവെ വിരോധം. സ്ത്രീകൾ ശബരിമലയിൽ കയറരുത്, സ്ത്രീകൾ അധികാരസ്ഥാനങ്ങളിൽ എത്തരുത് എന്നൊക്കെ എല്ലാക്കാലത്തും കോൺഗ്രസ് പറഞ്ഞിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ഭരണകാലത്ത് ഉയർന്നുകേട്ട ഒരേ ഒരു സ്ത്രീ നാമം സരിത എന്നായിരുന്നു. അന്നാണ് സ്ത്രീകൾ കൂട്ടത്തോടെ അണിനിരന്ന അനേകം സമരങ്ങൾ നടന്നത്. നേഴ്സുമാരുടെ സമരം, കടകളിലെ സ്ത്രീജീവനക്കാർ നടത്തിയ സമരം, ആശാവർക്കർമാരും അങ്കണവാടി ജീവനക്കാരും നടത്തിയ സമരം. ഒരു സമരവും ഉമ്മൻചാണ്ടിയും കൂട്ടരും കണ്ടില്ല. ഇന്ന് അത്തരം സമരമില്ല. കടകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരിക്കാൻ അവകാശമുണ്ട്. തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകൾക്കും അർഹമായ ആനുകൂല്യവും അവകാശവും ലഭിക്കുമെന്ന് ഉറപ്പാക്കുന്ന സർക്കാരുമുണ്ട‌്. അതുകൊണ്ട് സ്ത്രീകൾ സന്തുഷ്ടരാണ്. ആ സന്തുഷ്ടി കണ്ടുനിൽക്കാൻ ത്രാണിയില്ലാത്ത ഉമ്മൻചാണ്ടിയും കൂട്ടരും അസന്തുഷ്ടരും ദുഃഖിതരുമാണ്. അതിന്റെ തികട്ടലാണ് സുധാകരന്റെയും ചെന്നിത്തലയുടെയും വാക്കുകളിൽ കണ്ടത്. നഃ സ്ത്രീ സ്വാതന്ത്ര്യമർഹതി എന്നു പറഞ്ഞ മനുവിന്റെ അനുയായികളാണ് സംഘപരിവാർ എങ്കിൽ ആ സംഘപരിവാറിന്റെ ചുമടുതാങ്ങിയാണ‌് കോൺഗ്രസ്. ചെന്നിത്തലയെ സംഘി തല എന്നൊക്കെ പുതുതലമുറയിലെ ട്രോളന്മാർ വിളിക്കുന്നത് വെറുതെയല്ല എന്ന് അർഥം.     

ചെന്നിത്തല പ്രതിപക്ഷനേതാവാണ് എന്ന് ബോധ്യപ്പെടുത്താൻ ചെലവഴിക്കുന്ന ഊർജവും അധ്വാനവും മറ്റൊരു വഴിക്ക് തിരിച്ചുവിട്ടിരുന്നെങ്കിൽ കേരളത്തെ പ്രളയദുരന്തത്തിൽനിന്ന് കരകയറ്റാമായിരുന്നു. ഒരു നേതാവിനെ താൻ നേതാവാണെന്ന് തെളിയിക്കാൻ ഇത്രയേറെ അധ്വാനം വേണ്ടിവരുന്ന സ്ഥിതി ലോകചരിത്രത്തിൽ മറ്റൊരിടത്തും ഉണ്ടാകില്ല. ഭരണപക്ഷം പറയുന്ന എന്തിനെയും എതിർക്കുക എന്നതാണ് പ്രതിപക്ഷ ധർമമെന്ന പഴയ കെഎസ്‌യു കാലത്താണ് ചെന്നിത്തല പഠിച്ചത്. ഇപ്പോൾ പകലാണെന്ന് പിണറായി പറഞ്ഞാൽ ഇരുട്ടാണെന്ന‌് തിരിച്ചടിക്കണം എന്നതാണ് ചെന്നിത്തലയുടെ പ്രതിപക്ഷ ധർമം. ടി പി സെൻകുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാനും ന്യായീകരിക്കാനും ചെലവിട്ട അധ്വാനം അതിന്റെ ഭാഗമാണ‌്. പിണറായി അന്നേ പറഞ്ഞതാണ് സെൻകുമാറിനെ കണ്ട് വല്ലാതെ കൊതിക്കേണ്ടതില്ല, പുള്ളി മറ്റൊരു ലോകത്തിലേക്ക് പോയി എന്ന‌്. ചെന്നിത്തല പക്ഷേ അപ്പോഴും വിശ്വസിച്ചു സെൻകുമാർ തന്റെ സ്വന്തമാണെന്ന്. ഇപ്പോൾ സംഘപരിവാറിന്റെ വേദിയിൽ കയറിനിന്ന് പഴയ പൊലീസ് മേധാവി വത്സൻ തില്ലങ്കേരിയുടെ ഭാഷയിൽ സംസാരിക്കുമ്പോൾ ഒരു നേരിയ ഖേദപ്രകടനം എങ്കിലും ചെന്നിത്തലയിൽനിന്ന് സാധാരണ മലയാളികൾ പ്രതീക്ഷിക്കുന്നു. ഇന്നലെവരെ സംരക്ഷിച്ചും പ്രകീർത്തിച്ചും മഹത്വവൽക്കരിച്ച‌് കൊണ്ടാടിയ സെൻകുമാർ ഒരു സാദാ ക്രിമിനൽ കേസ് പ്രതിയായ സംഘിയെപ്പോലെയാണെന്ന് ഇപ്പോഴെങ്കിലും ചെന്നിത്തല സമ്മതിക്കുമെന്ന്.

സെൻകുമാറിന‌് സ്ഥലകാലബോധം ഇല്ല. കാക്കി ഇട്ടാലും അഴിച്ചുവച്ചാലും ആർക്കും സുരേഷ് ഗോപി ആകാം. മണ്ടത്തരത്തിൽ ആരും പേറ്റന്റ് എടുക്കാറില്ല.  പി എസ് ശ്രീധരൻപിള്ള, കെ സുരേന്ദ്രൻ,  ശോഭ സുരേന്ദ്രൻ, ടി പി സെൻകുമാർ, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയ പേരുകൾക്കൊന്നും പ്രത്യേകിച്ച‌്  അർഥവും അർഥവ്യത്യാസവുമില്ലാത്ത കാലമാണ് ഇതെന്ന‌് മലയാളിക്ക് മനസ്സിലായിട്ടുണ്ട്. ചെന്നിത്തലയ‌്ക്ക‌് അതും മനസ്സിലായിട്ടില്ല എന്നതാണ് കോൺഗ്രസിന്റെ പുതിയ കാലത്തെ മഹത്വം.

 Top