26 December Thursday

കുമ്മനത്തിന്റെ ക്രാഷ‌് ലാൻഡിങ‌്

ശതമന്യു Tuesday Mar 12, 2019


പോയതുപോലെ തിരിച്ചുവരുന്നു എന്ന് പറയുന്നത് ശരിയല്ല. ആഘോഷപൂർവമല്ല കുമ്മനം രാജശേഖരൻ മിസോറമിലെ രാജ്ഭവനിൽ പറന്നിറങ്ങിയത്. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ ബിജെപി എന്ന രാഷ്ട്രീയപാർടിക്ക് ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോൽവി നേടിക്കൊടുക്കുകയും രാജ്യം ഭരിക്കുന്ന പാർടിയെ പരിഹാസ പാർടി ആക്കി മാറ്റുകയും ചെയ‌്തതിന‌്  പട്ടും വളയും കിട്ടിയത് ഗവർണർ പദവി രൂപത്തിലാണ്. രായ‌്ക്കുരാമാനം കെട്ടുകെട്ടിച്ചു എന്നും പറയാം. ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. ഐസ്‌വാ ളിലെ കൂറ്റൻ കെട്ടിടത്തിൽ ഇരുന്ന‌്  നഷ്ട സ്വപ്നങ്ങളെക്കുറിച്ച‌് വേവലാതിപ്പെട്ട നാളുകളാണ് കഴിഞ്ഞത്. എറിഞ്ഞോടിച്ച കേരളത്തിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. ബിജെപി കുമ്മനത്തെ ആഘോഷപൂർവം  കൊണ്ടുവരുന്നു എന്നൊക്കെ പാടി നടക്കുന്നവരുണ്ട്. കേൾക്കുമ്പോൾ കരുതും ഇന്നലെവരെ കുമ്മനം ഇവിടെയൊന്നും ഉണ്ടായിരുന്നില്ല എന്ന്. പണി മിസോറമിൽ ആണെങ്കിലും കേരളത്തിൽ തെക്കുവടക്കുള്ള യാത്ര മുടക്കിയിട്ടില്ല. ബിജെപിയുടെയും ആർഎസ്എസിന്റെയും പരിപാടികളിൽ പങ്കെടുക്കുന്നതിൽ കുറവ് വരുത്തിയിട്ടുമില്ല.

ഗവർണർ ആകുമ്പോൾ പ്രത്യേകിച്ച് കടുപ്പമുള്ള പണിയൊന്നും ചെയ്യാനില്ല എന്ന് എല്ലാവർക്കുമറിയാം. എൻ ഡി തിവാരി, വക്കം പുരുഷോത്തമൻ തുടങ്ങിയ ഗവർണർമാർ ഒരു ജോലിയും ചെയ്യാതെ സസുഖം വാണ നാടാണ് ഇത്. അതുകൊണ്ട് എന്തെങ്കിലും ഭാരിച്ച ഉത്തരവാദിത്തത്തിൽനിന്ന് പിൻമാറി കുമ്മനം കേരളത്തിലേക്ക് വന്നു എന്നും പറയാനാകില്ല. യഥാർഥത്തിൽ മറ്റൊരു പറിച്ചുനടലാണിത്. കേരളത്തിൽ കുമ്മനത്തിനുശേഷം വന്ന ബിജെപി നേതൃത്വത്തിൽ   ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തക്ക യോഗ്യതയുള്ളവർ ഇല്ല എന്ന  തുറന്നുപറച്ചിൽ കുമ്മനത്തിന്റെ തിരിച്ചുവരവിലുണ്ട്. വന്നുചാടിയത് ഒരു കുരുക്കിലാണ്. തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ എന്തായാലും ഗവർണർ പദവിയിൽനിന്ന് രാജിവച്ച്‌  ഇറങ്ങേണ്ടിവരും. ആ കർത്തവ്യം രണ്ടുമാസംമുമ്പ് നിർവഹിച്ചു എന്നേയുള്ളൂ. ഇനി കേരളത്തിലാണെങ്കിൽ ഏതെങ്കിലും ഒരു സീറ്റിൽ വിജയത്തിന്റെ അടുത്തെത്താൻ ആകുന്ന അവസ്ഥ ഇന്നില്ല. ഇതാ കേരളം പിടിച്ചടക്കി എന്ന് വീമ്പുപറഞ്ഞ് നേരിട്ട തെരഞ്ഞെടുപ്പുകളിൽപോലും ഒരു സീറ്റും ജയിക്കാൻ കഴിയാത്ത പാർടിക്ക് ഇന്നത്തെ ദുർബലാവസ്ഥ ഇതുവരെ ഉണ്ടാകാത്തതാണ്.  വിദൂരമായ മൂന്നാം സ്ഥാനത്തേക്കെങ്കിലും എത്തിപ്പെടാൻ പറ്റുന്ന ഒറ്റ മണ്ഡലവും കേരളത്തിലില്ല എന്ന് ഏറ്റവും നന്നായി അറിയാവുന്ന ആൾ കുമ്മനം രാജശേഖരൻ തന്നെയാണ്. എന്നിട്ടും ഒരുവട്ടംകൂടി മത്സരിക്കാനായി തിരുവനന്തപുരം വിമാനത്താവളത്തിൽ ക്രാഷ് ലാൻഡിങ‌് നടത്തിയിരിക്കുകയാണ്.

ക്രാഷ് ലാൻഡിങ‌് സാധാരണ ലാൻഡിങ് പോലെയല്ല. നിലത്തിടിച്ച് ഇറങ്ങലാണ്. അത്തരം ഇടിയിൽ പല പരിക്കുകളും പറ്റാം. പരിക്കിന്റെ  ആഴവും വ്യാപ്തിയും പുറത്തറിയാൻ പോകുന്നതേയുള്ളൂ. പരിക്കൊക്കെ മാറ്റിവച്ച്  തന്നെ നാണംകെടുത്തി പറഞ്ഞയച്ച ഇടത്തുതന്നെ വീണ്ടുമെത്തി എന്ന‌് കുമ്മനത്തിന് ആശ്വസിക്കാം. സുവർണാവസരങ്ങൾ കണ്ടുപിടിക്കുകയും കളഞ്ഞുകുളിക്കുകയും ചെയ‌്ത  ശ്രീധരൻപിള്ളയും ശ്രീധരൻപിള്ളയെ തകർക്കാനുള്ള സുവർണാവസരം കാത്തുകാത്തിരിക്കുന്ന കൃഷ്ണദാസും, മണ്ണുംചാരിനിന്ന് കാര്യംനേടിയ  മുരളീധരനും ജയിലിൽ നിന്നിറങ്ങിയശേഷം ചരടുപൊട്ടിയ സുരേന്ദ്രനും, വെളിവില്ലാത്ത ശോഭാസുരേന്ദ്രനും ഒക്കെ അരങ്ങുവാഴുന്ന കേരളത്തിൽ കുമ്മനം രാജശേഖരൻ ഇനിയും വന്ന് എന്ത് അത്ഭുതം കാണിക്കാനാണ് എന്ന് സാധാരണ ബിജെപി നേതാക്കൾ ചോദിക്കുന്നുണ്ട്. അതാണ് ശരിക്കും ഉത്തരം കിട്ടാത്ത ചോദ്യം.

ശബരിമലവിഷയം ആളിക്കത്തിച്ച‌ു വോട്ട് നേട്ടമുണ്ടാക്കാമെന്ന് കരുതിയവർക്ക് ഇപ്പോൾ ആ വിഷയം പറയാൻതന്നെ പറ്റുന്നില്ല, അഥവാ തെരഞ്ഞെടുപ്പിൽ പറഞ്ഞുപോയാൽ അയോഗ്യതയും ആകും. മോഡി പ്രഭാവം ഉത്തരേന്ത്യയിൽ ഏശുന്നില്ല; കേരളത്തിൽ ഏശും എന്ന് പ്രതീക്ഷിക്കാൻ വകയില്ല. പിന്നെന്തിന് കുമ്മനത്തെ വീണ്ടും നാണം കെടുത്തുന്നു എന്ന്‌ ചോദ്യം‐ -അതാണ് ഉത്തരം കിട്ടാത്ത ചോദ്യം.

 

തെരഞ്ഞെടുപ്പ് വരുമ്പോൾ സാധാരണ ഒരുമുഴം മുന്നിൽ എത്താറുള്ളത് യുഡിഎഫ് ആണ്. അവർക്ക് ആവശ്യത്തിന‌് പണം ഉണ്ടാകും, സ്ഥാനാർഥി ലിസ്റ്റ് ഹൈക്കമാൻഡിൽനിന്ന് അംഗീകരിച്ച്‌  കിട്ടാൻ എളുപ്പമാണ്, പണം വന്നാൽ രംഗത്തിറങ്ങാൻ ആളുകളുണ്ടാകും. ഇത്തവണ പക്ഷേ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും യുഡിഎഫ് ക്യാമ്പിൽ ഒന്നും നടക്കുന്നില്ല. ഒന്നും നടക്കുന്നില്ല എന്നു പറയുന്നത് ശരിയല്ല. തമ്മിലടിയും തൊഴുത്തിൽക്കുത്തും കൃത്യമായി നടക്കുന്നുണ്ട്. മുതിർന്ന നേതാക്കൾ ഒന്നും മത്സരത്തിലില്ല എന്നാണ് ഒടുവിലത്തെ വാർത്ത. ആർക്കും ഒരു ഉറപ്പുമില്ല. ജയിച്ചു കയറുമെന്ന് തീർച്ചയുള്ള മണ്ഡലവും മുന്നിലില്ല. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ 20 മണ്ഡലത്തിലും സ്ഥാനാർഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചു. 

ഔപചാരികമായി പ്രചാരണം തുടങ്ങുകയും ചെയ്തതോടെ ഇടതുമുന്നണിയിലാകെ  ആവേശം.  മികച്ച സ്ഥാനാർഥികൾ മുന്നിൽനിൽക്കുന്നത് ജനങ്ങൾക്കും ആവേശം.ആദ്യ റൗണ്ടിൽത്തന്നെ വൻ മുന്നേറ്റം.  ആ സമയത്താണ്  സ്ഥാനാർഥിമോഹം പൊളിഞ്ഞ കോൺഗ്രസ് നേതാക്കൾ ഞെരിപിരികൊള്ളുന്നത്. മുസ്ലിംലീഗിലാണെങ്കിൽ മലപ്പുറത്ത്നിന്ന് അണുവിട മാറിയാൽ ജീവൻതന്നെ നഷ്ടപ്പെടുമെന്ന ഭീതിയിലാണ് കുഞ്ഞാലിക്കുട്ടി. പൊന്നാനിയിൽ നിന്നാൽ തോറ്റുപോകുമെന്ന പേടി ഇ ടി മുഹമ്മദ് ബഷീറിനും.  രണ്ടുകൂട്ടർക്കും പരസ്പരം കാലുവാരുമെന്ന അപാര പേടി.

പിന്നെയുള്ളത് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ്. പി ജെ ജോസഫ് സ്വന്തം പേരിൽ ഗ്രൂപ്പിനെ  വീണ്ടും പുറത്തെടുക്കാൻ പരസ്യമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.  കെ എം മാണിക്ക് കയ‌്ച്ചിട്ട‌് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ. കോൺഗ്രസ് കാരുണ്യത്തോടെ വച്ചുനീട്ടുന്നത് ഒരേ ഒരു സീറ്റാണ്.  മകനും മരുമകളും ഡൽഹിയിൽ പോകട്ടെ എന്ന് കരുതിയാൽ നടപ്പില്ല. ജോസഫ് പോയാൽ മുന്നണി പൊളിയും. ജോസഫിനെ സ്ഥാനാർഥിയാക്കിയാൽ  പാർടിയും കുടുംബവും എന്തായാലും പൊളിയും. എന്തായാലും ഐക്യജനാധിപത്യമുന്നണി എന്നത് അനൈക്യത്തിന്റെയും  ജനാധിപത്യവിരുദ്ധതയുടെയും  ഉത്സവപ്പറമ്പായി  മാറിയിരിക്കുന്നു.

ഉമ്മൻചാണ്ടിയെ ഡൽഹിക്കയക്കാൻ ചെന്നിത്തലയ്ക്ക‌് മോഹം.  മുരളീധരനെ വയനാട്ടിൽ എത്തിക്കാൻ എ ഗ്രൂപ്പിന് തിടുക്കം. മോഹങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മോഹങ്ങളും മോതിരകൈയും ഒരുപോലെ മരവിച്ചുനിൽക്കുകയാണ്

കോൺഗ്രസിന്റെ  സ്ഥാനാർഥിപ്പട്ടിക ഫെബ്രുവരി 24ന് പ്രഖ്യാപിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞെങ്കിലും മാർച്ച് പകുതിയായിട്ടും ലിസ്റ്റ്  വന്നിട്ടില്ല. എ യും ഐ യും ഇടിച്ചുനിൽക്കുന്നു.  ഉമ്മൻചാണ്ടിയെ ഡൽഹിക്കയക്കാൻ ചെന്നിത്തലയ്ക്ക‌് മോഹം.  മുരളീധരനെ വയനാട്ടിൽ എത്തിക്കാൻ എ ഗ്രൂപ്പിന് തിടുക്കം. മോഹങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മോഹങ്ങളും മോതിരകൈയും ഒരുപോലെ മരവിച്ചുനിൽക്കുകയാണ്, സ്ക്രീനിങ് കമ്മിറ്റി, തെരഞ്ഞെടുപ്പ് കമ്മിറ്റി, ഹൈക്കമാൻഡ് എന്നൊക്കെ പറഞ്ഞ‌് തൽക്കാലം രക്ഷപ്പെടാമെന്നെ  ഉള്ളൂ.

ബിജെപിയുടെ കാര്യത്തിലും പ്രത്യേകിച്ച് പുരോഗതി ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. കുമ്മനത്തിന്  ഒഴികെ ആർക്ക് സീറ്റ് കൊടുക്കണം, എവിടെ മത്സരിക്കണം തുടങ്ങിയവയിൽ വ്യക്തത വന്നിട്ടില്ല. പാർടി  ബിജെപി ആയതുകൊണ്ട് വിജയസാധ്യത ഇല്ല എന്നത് മറ്റൊരു കാര്യം. എന്നാലും തുഷാർ വെള്ളാപ്പള്ളി സ്ഥാനാർഥി ആവണോ  വേണ്ടയോ എന്നുപോലും ഇതുവരെ നിശ്ചയിച്ചിട്ടില്ല. എൻഡിഎ എന്ന  മുന്നണി നിലവിൽ ഉണ്ടോ ഇല്ലയോ എന്നതും   ഗവേഷണ വിധേയമാക്കേണ്ടതാണ്.

ഇതിനൊക്കെ ഇടയിലാണ് 20 സ്ഥാനാർഥികളെയും പ്രഖ്യാപിച്ച‌് അവരുടെ പ്രചാരണത്തിന് ഗംഭീരമായ തുടക്കമിട്ട ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നേറുന്നത്. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള സ്ഥാനാർഥികൾ. സാധാരണക്കാരുടെ ശബ്ദം ഉയർത്താൻ കഴിയുമെന്ന് ഉറപ്പുള്ള സ്ഥാനാർഥിനിര. ഒറ്റനോട്ടത്തിൽത്തന്നെ ജനങ്ങൾ അംഗീകരിക്കുന്ന നേതാക്കളുടെ നിരയുമായി മുന്നേറ്റം നടത്തിയ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് എതിരെ, കുറെ എംഎൽഎമാരെ നിങ്ങളെന്തിനു മത്സരിപ്പിക്കുന്നു എന്ന ചോദ്യംമാത്രമേ യുഡിഎഫിന് ഉയർത്താനുള്ളൂ. എംഎൽഎമാരായാലും  എംപിമാർ ആയാലും  ജില്ലാ സെക്രട്ടറിമാരായാലും  മത്സരിപ്പിക്കുന്നത് വിജയിപ്പിക്കാൻ ആണെന്ന‌് പറയുന്നതാണ‌് എൽഡിഎഫിന്റെ ആർജവവും ആത്മവിശ്വാസവും. മെയ്  23ന് പെട്ടി പൊട്ടിക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് മലയാളിക്ക് ഏറെക്കുറെ മനസ്സിലായിട്ടുണ്ട്. 2004ൽ വാജ്പേയ‌് സർക്കാരിനെ  താഴെയിറക്കി മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലേറ്റാൻ ഒരു വോട്ട് എന്നാണ് എൽഡിഎഫ് ജനങ്ങളോട് അഭ്യർഥിച്ചത്. ഒരൊറ്റ കോൺഗ്രസുകാരനെയും  ഡൽഹിയിലേക്ക‌് അയക്കാതെ കേരളത്തിലെ ജനങ്ങൾ വിധിയെഴുതി.  2019 ൽ  അന്നത്തെ അതേ ആവശ്യം എൽഡിഎഫ് ജനങ്ങൾക്കുമുന്നിൽ വയ്ക്കുന്നു. ഇത്തവണയും പാർലമെന്റിലേക്ക‌് പോകാൻ ഒരു കോൺഗ്രസുകാരനും യോഗം ഉണ്ടാകാൻ സാധ്യതയില്ല.

 Top