അഭ്യൂഹങ്ങൾ അപ്രതീക്ഷിതമായി യാഥാർഥ്യമായപ്പോൾ വയനാട് രാജ്യത്തെ നമ്പർവൺ താര മണ്ഡലങ്ങളിൽ ഒന്നായി എന്നാണ് കേരളത്തിലെ പ്രമുഖപത്രം ഞായറാഴ്ച എഴുതിയത്. വയനാടൻ കോട്ടയിൽ പടനയിക്കാൻ നായകൻ എത്തുമ്പോൾ പ്രചാരണത്തിലും പ്രതീക്ഷയിലുമുണ്ടായിരുന്ന മേൽകൈ ഇടതുമുന്നണിക്ക് നഷ്ടപ്പെടുത്തുന്നതാണ് തീരുമാനമെന്ന് അതേപത്രം പിന്നെയും നീട്ടുന്നു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുത്താലെന്നപോലെ ഒന്നാംപുറത്ത് അര പേജ് കവിയുന്ന ചിത്രവും അസാധാരണ പ്രാധാന്യവുമായി രാഹുലിനെ ആ പത്രം അവതരിപ്പിച്ചു. കേരളത്തിൽ കോൺഗ്രസിനെ ആവേശക്കൊടുമുടിയിലേറ്റി പാർടി അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിലേക്ക് എന്ന‌് മലയാള മനോരമ. രാഹുൽ ഗാന്ധി മത്സരിച്ച് വിജയിച്ചശേഷം സീറ്റ് ഒഴിയുകയാണെങ്കിൽ ടി സിദ്ധിഖ‌് സ്ഥാനാർഥിയാകുമെന്നും മനോരമ. യുഡിഎഫ് ഹാപ്പി;
കേരളത്തിലാദ്യമായി പ്രധാനമന്ത്രി സ്ഥാനാർഥി എന്നാണ് മനോരമയുടെ ആസ്ഥാന ഗായകൻ പാടിയ സ‌്തുതിഗീതകത്തിന്റെ ശീർഷകം. ഇടതിന‌് ഷോക്ക് എന്നും പറയുന്നു മനോരമ. ജമാ അത്തെ ഇസ്ലാമിയുടെ പത്രമെടുത്താൽ "ആവേശത്തിമിർപ്പിൽ യുഡിഎഫ്’ എന്നാണ് പ്രധാന തലക്കെട്ടുകളിൽ ഒന്ന്. ഒന്നൊന്നര വരവ്; മാനങ്ങൾ പലത് എന്ന പടുകൂറ്റൻ തലക്കെട്ടും ചിത്രവും നിരത്തി ഇടതുപക്ഷം പ്രതീക്ഷയർപ്പിക്കുന്ന സീറ്റുകളിൽ മാത്രമല്ല മധ്യകേരളത്തിലും ദക്ഷിണ കേരളത്തിലുമെല്ലാം രാഹുൽ തരംഗമായി അടിക്കാം എന്നും മാധ്യമം സ്വപ‌്നം കണ്ടു.
എല്ലാം വായിച്ചു കഴിയുമ്പോൾ കോൺഗ്രസ‌് പ്രസിഡന്റ് വയനാട്ടിൽ സ്ഥാനാർഥിയായാൽ കോൺഗ്രസും യുഡിഎഫും അങ്ങ് രക്ഷപ്പെട്ടുകളയും എന്ന് തോന്നിപ്പോകും. ഇതേ രാഹുൽ ഉത്തർപ്രദേശിലെ അമേഠിയിൽ നിന്നുള്ള പാർലമെന്റ‌് അംഗമാണ്. അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്നുതവണ മത്സരിച്ചു ജയിച്ചിരുന്നു. പക്ഷേ, യുപിയിൽ തരംഗമൊന്നും ആരും കണ്ടിട്ടില്ല. അവിടെ ഇത്തവണ ജയിക്കാൻ പറ്റും എന്ന‌് ഉറപ്പുണ്ടെങ്കിൽ രണ്ടാമതൊരു മണ്ഡലം തേടി താമരശ്ശേരി ചുരം കയറേണ്ട കാര്യം എന്ത്? സാക്ഷരത 70 ശതമാനം തികച്ചില്ലാത്ത ഉത്തർപ്രദേശിൽ നടക്കാതെ വിജയിക്കാതെ പോയ നാടകം 94 ശതമാനം സാക്ഷരത നേടിയ കേരളത്തിൽ അവതരിപ്പിച്ചു വിജയിപ്പിക്കുക എന്നതാണ് മലർപ്പൊടിക്കാരന്റെ സ്വപ‌്നം.
രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്നത് കോൺഗ്രസ് തീരുമാനിക്കേണ്ടതാണ്. എഐസിസി അധ്യക്ഷന്റെ സ്ഥാനാർഥിത്വം പല ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ഉമ്മൻചാണ്ടി പ്രഖ്യാപിച്ചു എന്നത് കോൺഗ്രസിന് പരിചയമില്ലാത്ത രീതിയാണ്. ഉമ്മൻചാണ്ടിക്ക് ലക്ഷ്യങ്ങൾ പലതുണ്ടാകാം. പെട്ടത് രാഹുൽ ഗാന്ധിയാണ്. വന്നാലും കുഴപ്പം വന്നില്ലെങ്കിലും കുഴപ്പം എന്ന നിലയിലായി. അമേഠിയിൽ ഉറപ്പില്ലാത്തതുകൊണ്ടാണ് ഒളിച്ചോടി വയനാട്ടിലെത്തുന്നതെന്ന‌് നാട്ടിൽ പാട്ടായി. നേട്ടമുണ്ടാക്കാൻ പോകുന്നു എന്ന് വീമ്പുപറയുന്ന കോൺഗ്രസിന്റെ മുതുകിൽ വീണ തേങ്ങപോലെയായി അത്. നല്ലൊരു രാഷ്ട്രീയപോരാട്ടം നടക്കുകയും ബിജെപി വോട്ടുകൾ കോൺഗ്രസിന്റെ പെട്ടിയിൽ വീഴാതിരിക്കുകയും ചെയ‌്താൽ രാഹുൽ ഗാന്ധി എന്നല്ല ഏത‌് കൊലകൊമ്പൻ മത്സരിച്ചാലും വയനാട്ടിൽ യുഡിഎഫിന് വിജയം എളുപ്പമല്ല.
വായനാട്ടിലെന്നല്ല, ഒരിടത്തും കോൺഗ്രസിൽ കാര്യങ്ങൾ ശുഭകരമല്ല. സ്ഥാനാർഥി ലിസ്റ്റ് വൈകിയത് ഒരു പ്രശ്നം. പ്രമുഖന്മാർ ഭയന്ന് പിന്മാറിയത് വലിയ പ്രശ്നം. സ്ഥാനാർഥിപ്പട്ടികയിലെ അനിശ്ചിതത്വവും വരാനുണ്ടായ കാലതാമസവും വേറെ പ്രശ്നം. ഞുണുക്ക് വിദ്യകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റാം എന്ന് കരുതിയാണ് മുരളീധരനെ വടകരയിൽ സർപ്രൈസ് സ്ഥാനാർഥിയായി അവതരിപ്പിച്ചത്. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കാനുള്ള മുന്തിയ അടവാണ‌് അതെന്ന‌് തെളിവുസഹിതം പുറത്തുവന്നപ്പോൾ മുരളീധരൻ എന്ന പടക്കം നനഞ്ഞു. മുരളിയുടെ പേര് കോൺഗ്രസിന്റെ ഒമ്പതാം ലിസ്റ്റിലും കാണുന്നില്ല. ഇരുപതു മണ്ഡലത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ വലിയതോതിൽ മുന്നേറുന്നു. പല മണ്ഡലങ്ങളിലും യുഡിഎഫിന്റെ ചുമരെഴുത്തുപോലും വന്നിട്ടില്ല. രണ്ടാം ഘട്ടത്തിലേക്ക് എൽഡിഎഫ് കടന്നപ്പോൾ എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയാതെ നിൽക്കുകയാണ് യുഡിഎഫ്. കോൺഗ്രസിൽ എ,- ഐ തർക്കം രൂക്ഷം. ഇടയ‌്ക്ക‌് പി ജെ കുര്യനും ചാടിപ്പോകുമോ എന്ന പേടി. കെ വി തോമസിനെ മെരുക്കാനുള്ള പെടാപ്പാട്. സിദ്ദിഖിന‌് സീറ്റ് ഉറപ്പിക്കാൻ ഉമ്മൻചാണ്ടിയും തട്ടിക്കളയാൻ ചെന്നിത്തലയും നേർക്കുനേർ യുദ്ധം. ഒരുവിധം ഉറപ്പിക്കുമെന്നായപ്പോൾ സിദ്ദിഖിനെതിരെ നെടുനെടുങ്കൻ പരാതികൾ. സീറ്റ് കിട്ടിയാലും വേണ്ട എന്ന അവസ്ഥയിലായി സിദ്ദിഖ്.
ആലപ്പുഴയിൽനിന്ന് ഓടിമാറിയ കെ സി വേണുഗോപാലിന് എവിടെ സീറ്റ് കിട്ടുമെന്ന പ്രശ്നം എങ്ങുമെത്താതെ തുടരുന്നു. അതിൽ ഉമ്മൻചാണ്ടിയും വേണുഗോപാലും ഒന്നിച്ചു. രാഹുലിനെ വയനാട്ടിലേക്ക് കൊണ്ടുവന്നാൽ രണ്ടുപേരുടെയും കാര്യം നടക്കും. ഉപജാപം ജനിച്ചത് അങ്ങനെയാണ്. ഇത് അറിഞ്ഞോ അറിയാതെയോ ചെന്നിത്തല ചാടിവീണു പറഞ്ഞു, -രാഹുലിനെ താൻതന്നെ ക്ഷണിച്ചതാണ്. അറക്കൽ ബീവിയെ കെട്ടാനുള്ള അര സമ്മതമാണ്. ഇതൊന്നും രാഹുൽ അറിഞ്ഞിട്ടില്ല എന്നാണ‌് പി സി ചാക്കോ മാധ്യമപ്രവർത്തകരെ വിളിച്ച് വിശദീകരിച്ചത്. മുല്ലപ്പള്ളി ആണെങ്കിൽ രാഹുലിന്റെ സ്ഥാനാർഥിത്വം ഉറപ്പിക്കാൻ വിളിച്ചുചേർത്ത പത്രസമ്മേളനം റദ്ദാക്കി മുങ്ങി.
രാഹുൽ വന്നാലും വന്നില്ലെങ്കിലും കേരളത്തിലെ മത്സരം രാഷ്ട്രീയമായി നടക്കും. വന്നാൽ രാഹുൽ മോശക്കാരൻ ആകും. വന്നില്ലെങ്കിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും അടങ്ങുന്ന കേരളത്തിലെ കോൺഗ്രസ് നേതൃത്വം കുഴപ്പത്തിലാകും. ബിജെപിയോട് നേരിട്ട് മുട്ടാനുള്ള ആത്മവിശ്വാസം പോയതുകൊണ്ടാണ് രാഹുലിന്റെ ഒളിച്ചോട്ടം എന്ന് സംഘപരിവാർ പറഞ്ഞുകഴിഞ്ഞു. രാജ്യത്താകെ ബിജെപിയോട് പോരടിക്കുമെന്ന് പേർത്തും പേർത്തും പറയുന്ന നേതാവാണ‌് രാഹുൽ. ബിജെപി മത്സരിക്കുന്നിടത്ത് പോയി ഏറ്റുമുട്ടി ജയിച്ചുവരാനുള്ള ത്രാണി എവിടെപ്പോയി എന്ന ചോദ്യം രാഹുലിനെ ഉത്തരം മുട്ടിക്കും. ബിജെപിയാണ് മുഖ്യ എതിരാളിയെന്ന‌് പിന്നെ പറയാൻ കഴിയില്ല. ബിജെപിയുടെ സീറ്റ് കുറയ‌്ക്കാനോ ഇടതുപക്ഷത്തിന്റെ സീറ്റ് കുറയ്ക്കാനോ താങ്കളുടെ മത്സരം എന്ന ചോദ്യത്തിനു മുന്നിലും രാഹുൽ പരുങ്ങും. കേരളത്തിന്റെ ചുറ്റുവട്ടത്തുമാത്രം രാഷ്ട്രീയച്ചൂത് കളിച്ചുശീലമുള്ള ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ‌്ക്കും അത്തരം ചിന്ത ഒന്നും ഉണ്ടാകില്ല. ബിജെപിയുമായി കച്ചവടം നടത്തിക്കിട്ടുന്ന വോട്ടും ഇടതുപക്ഷത്തിനെതിരെ അപവാദപ്രചാരണം നടത്തിയും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കിയും വാരിപ്പിടിക്കുന്ന വോട്ടും ചേർത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ വല്ല സാധ്യതയുമുണ്ടോ എന്നു പരിശോധിക്കലാണ് അവരുടെ ആത്യന്തിക ലക്ഷ്യം. അതിലും വൈരുധ്യമുണ്ട്. ഉമ്മൻചാണ്ടിയെ ലോക‌്സഭയിലേക്ക‌് മത്സരിപ്പിച്ച് കേരളത്തിൽനിന്ന് കെട്ടുകെട്ടിക്കാൻ ഏറ്റവും മുന്നിൽനിന്നത് ചെന്നിത്തലയാണ്.
രാഹുൽ വന്നാലും അഞ്ചു കാര്യം വന്നില്ലെങ്കിലും അഞ്ചു കാര്യം. വന്നാൽ ബിജെപിയുടെ പരിഹാസം, മത്സരം ആരോട് എന്ന ചോദ്യം, കോൺഗ്രസ് ഉത്തരേന്ത്യയിൽ ദുർബലമായി എന്ന് സൂചന, കേരള നേതൃത്വത്തിന്റെ ഉപജാപ രാഷ്ട്രീയത്തിന് വഴങ്ങിക്കൊടുത്തതിന്റെ നാണക്കേട്, കേരളത്തിൽ ബിജെപിയുമായി ഉറപ്പിച്ച കച്ചവടം പൂർണമായി നടപ്പാക്കാൻ പറ്റാത്ത അവസ്ഥ എന്നിവയാണ് ഫലം. രാഹുൽ കേരള നേതൃത്വത്തിന്റെ ആഗ്രഹം തിരസ്കരിച്ചാൽ വേറെ അഞ്ചു കാര്യമാണ് സംഭവിക്കുക. സ്വന്തം ഗ്രൂപ്പ‌് -സങ്കുചിത താൽപ്പര്യങ്ങൾക്കുവേണ്ടി പാർടി അധ്യക്ഷനെ പോലും ഉപകരണമാക്കിയ കേരള നേതൃത്വം ചോദ്യം ചെയ്യപ്പെടും. തട്ടിക്കൂട്ട് പരിപാടികളിലൂടെ മുഖം രക്ഷിക്കാൻ ശ്രമിച്ച യുഡിഎഫിന് വലിയ തിരിച്ചടി ലഭിക്കും. ഉമ്മൻചാണ്ടിയുടെ ഉപജാപങ്ങൾ തുറന്നുകാട്ടപ്പെടും. ഒരു സീറ്റിൽ പോലും പ്രതീക്ഷയില്ലാത്ത പക്ഷമായി യുഡിഎഫ് മാറും. യുഡിഎഫിലെ ഘടകകക്ഷികൾ തമ്മിൽ തമ്മിലും കോൺഗ്രസിനകത്തെ ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധവും മൂർച്ഛിക്കും. സർപ്രൈസ് സൃഷ്ടിച്ച സകലരെയും പറ്റിക്കാനുള്ള ഉമ്മൻചാണ്ടി സംഘത്തിന്റെ കുരുട്ടുബുദ്ധിയാണ് രണ്ടായാലും പൊളിഞ്ഞുവീഴാൻ പോകുന്നത്.
രാഹുൽ വരുന്നു എന്ന് ഉമ്മൻചാണ്ടിയുടെ നാവിൽനിന്ന് വീണനിമിഷം വയനാട്ടിലേക്ക് പുറപ്പെട്ട യുഡിഎഫ് അനുകൂല മാധ്യമങ്ങൾ തൽക്കാലം അങ്കലാപ്പിലാണ്. രാഹുൽ മത്സരിക്കുകയാണെങ്കിൽ വയനാട് രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറും എന്നതിൽ തർക്കമില്ല. ഇന്ത്യക്കകത്തും പുറത്തുമുള്ള മാധ്യമങ്ങൾ കേരളത്തിലേക്ക് എത്തും. അമേഠിയിലും പോകും വയനാട്ടിലും പോകും. രണ്ട് മണ്ഡലവും തമ്മിലുള്ള താരതമ്യം ഉണ്ടാകും. അങ്ങനെ വരുമ്പോഴാണ് ഈ കൊച്ചു കേരളത്തിൽ മൂന്ന് കൊല്ലംകൊണ്ട് പിണറായി വിജയന്റെ ഗവൺമെന്റ‌് എന്തൊക്കെ ചെയ‌്തു എന്നും ഇവിടെയുള്ള ആശുപത്രികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും സ‌്കൂളുകൾ എങ്ങനെ സ്മാർട്ടായി എന്നും പാവപ്പെട്ട നിരാലംബരായ ജനങ്ങൾക്ക് എങ്ങനെ പെൻഷൻ ലഭിക്കുന്നു എന്നും പ്രളയത്തിൽ തകർന്ന നാടിനെ എങ്ങനെ പുനർനിർമിക്കുന്നു എന്നുമൊക്കെയുള്ള അനുഭവം മാധ്യമങ്ങളുടെ ശ്രദ്ധയിൽ വരിക. അത് എങ്ങനെയെങ്കിലും ലോകത്തിന്റെ ഗൗരവമായ ശ്രദ്ധയിലേക്ക് വരണമെന്നാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. എന്തുകൊണ്ട് കേരളം; എന്തുകൊണ്ട് ഇടതുപക്ഷം എന്നുപിന്നെ ആർക്കും വലുതായി വിശദീകരിച്ചു കൊടുക്കേണ്ടിവരില്ല. അതുകൊണ്ട് രാഹുൽ കേരളത്തിൽ മത്സരിച്ചാലും ഇല്ലെങ്കിലും നാടിന് ചില ഗുണങ്ങളുണ്ട്; ദോഷം കോൺഗ്രസിനു മാത്രമേ ഉള്ളൂ.