ഉള്ളതുപറഞ്ഞാൽ
നിറയെ കായ്ച്ചുനിൽക്കുമ്പോഴാണ് മാവിന‌് തുടരെ കല്ലേറ് കിട്ടുന്നത്. യുഡിഎഫ് കാലത്താണെങ്കിൽ 'മി ടൂ’ പരിപാടിയിൽ ഒന്നും രണ്ടും മൂന്നു സ്ഥാനം നേടി സംപൂർണ വിജയം ഉറപ്പിക്കുന്ന മന്ത്രിസഭയും നേതൃത്വവുമായിരുന്നു. ഇന്ന് സ്ഥിതി വ്യത്യസ‌്തമാണ‌്. ആരോപിക്കാൻ അഴിമതിയില്ല. ആക്രമിക്കാൻ ആയുധങ്ങളൊന്നും കിട്ടാനില്ല. ഓഖി വന്നാലും നിപ്പ വന്നാലും പ്രളയം വന്നാലും സർക്കാർ കൂടെയുണ്ട് എന്ന് ജനങ്ങൾ അനുഭവിച്ചറിയുന്നു. അതുകൊണ്ട്, സന്ധ്യക്ക് കുളിച്ചൊരുങ്ങി കോട്ടിൽ കയറുന്ന മാന്യൻമാരുടെ അട്ടഹാസങ്ങൾക്ക‌് ചീവീടിന്റെ അലോസരം മാത്രമേ ഉണ്ടാക്കാനാകുന്നുള്ളൂ. അവരെ ജനങ്ങൾ ഒരു മൂലയ‌്ക്കിരുത്തിയിരിക്കുന്നു. നാലണ വിലയില്ലാത്ത ചർച്ചകൾക്ക് ആളെ കിട്ടാനില്ല.
കൊണ്ടുചെന്നിരുത്തുന്നവർ കൊലവിളി നടത്തുകയും തെറികൊണ്ട് പായസംവയ‌്ക്കുകയും ചെയ്യുമ്പോൾ നിസ്സഹായരായി കേട്ടിരിക്കുന്ന ആങ്കർമാർ ദുരന്തചിത്രങ്ങളായി മാറിയിരിക്കുന്നു. ഭാര്യവീട്ടുകാർ ദുരഭിമാനംകൊണ്ട് കൊന്നുകളഞ്ഞ ചെറുപ്പക്കാരനെപ്പോലും രാഷ്ട്രീയക്കളിക്ക‌് ആയുധമാക്കാൻ ശ്രമിച്ചവർക്ക‌് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കിട്ടിയ മറുപടി 'മാധ്യമ വിശ്വാസ്യതയുടെ ദുരന്തമുഖം’ എന്ന വിഷയത്തിലെ ലോകോത്തര കാഴ്ചയായി. എല്ലാ കുപ്രചാരണങ്ങളെയും ഇടങ്കോലിടലിനെയും തരണംചെയ‌്ത എൽഡിഎഫ് സർക്കാർ ഇന്ന് കായ്ച്ചുനിൽക്കുന്ന തേന്മാവാണ്.
ഉമ്മൻചാണ്ടി ഭരിച്ച കാലത്ത്, എല്ലാ തെരഞ്ഞെടുപ്പിലും തോൽക്കുന്നവരും പരാജിതസമരങ്ങളുടെ നടത്തിപ്പുകാരുമായാണ് മാർക‌്സിസ‌്റ്റുകാരെ വിശേഷിപ്പിച്ചത്. ഇനി ഉയിർത്തെഴുന്നേൽപ്പില്ലെന്ന ശാപവചനം തലങ്ങുംവിലങ്ങും മുഴങ്ങിയിരുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം പാതി വന്നപ്പോഴും ഭരണത്തുടർച്ചയെക്കുറിച്ച് സ്വപ‌്നം കാണാൻ ഉമ്മൻചാണ്ടിക്ക് ശക്തി കിട്ടിയത്, ആ പ്രചാരണ സന്നാഹത്തിന്റെ സാന്നിധ്യംകൊണ്ടാണ്. അതെല്ലാം പഴയ കഥയായി. അവസാനം നടന്ന ഉപതെരഞ്ഞെടുപ്പിലും ഇരുപതിൽ 13 സീറ്റിലും ഇടതുപക്ഷമാണ് ജയിച്ചത്. ചെങ്ങന്നൂരിൽ മിന്നുന്ന വിജയമായിരുന്നെങ്കിൽ മലപ്പുറത്തും വേങ്ങരയിലും വോട്ടിൽ കുതിപ്പ്. പുതിയ തലമുറ എങ്ങനെ ചിന്തിക്കുന്നു എന്നറിയാൻ വിദ്യാലയങ്ങളിലാണ് പോകേണ്ടത്. അവിടെ എസ്എഫ്ഐയുടെ കുതിപ്പ്. ഭരണനേട്ടത്തിന് എല്ലാ തലത്തിലും അംഗീകാരം. ഇടതുമുന്നണിക്കാണെങ്കിൽ ജനതാദളിന്റെ മടങ്ങിവരവോടെ കൂടുതൽ വിശാലമായ അടിത്തറ.
യുഡിഎഫിന്റെ കൊടിപിടിച്ച‌്, മുഖ്യമന്ത്രിപ്പദം കൊതിച്ചുനിൽക്കുന്ന നേതാവിന് സ്ഥിരമായി നിരാശപ്പെടാനുള്ള വകുപ്പ് സർക്കാർ ഇതിനകം ശരിയാക്കിവച്ചിട്ടുണ്ട്. കേരളത്തിലേക്ക് നുഴഞ്ഞുകയറി ഇവിടെയുള്ളവരെയെല്ലാം സുരേഷ് ഗോപിയാക്കാൻ കൊതിച്ച സംഘപുത്രന്മാർക്കും നിരാശയുടെ കാലമാണ്. ഒരഭ്യാസവും നടക്കുന്നില്ല. കുമ്മനം എത്ര ഭാഗ്യവാൻ!
ഈ പോക്ക് പോയാൽ അടുത്തകൊല്ലം ലോക‌്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയില്ല. പറയാൻ രാഷ്ട്രീയമോ മുന്നോട്ടുവയ‌്ക്കാൻ മുദ്രാവാക്യങ്ങളോ ജനങ്ങളിലേക്കെത്താൻ കെട്ടുറപ്പുള്ള സംഘടനയോ ഇല്ലാത്തതാണ് കേരളത്തിലെ വലതുപക്ഷത്തിന്റെ പ്രധാന രോഗം. അങ്ങനെ വരുംമ്പോഴാണ‌് നിലതെറ്റിയ പ്രകടനമുണ്ടാകുക. സത്യത്തിൽ യുഡിഎഫ് ഒരു സങ്കൽപ്പമാണ്. ബിജെപി ഒരാൾക്കൂട്ടവും. രണ്ടിനും ഒന്നുംചെയ്യാൻ പറ്റാത്ത അവസ്ഥ. ഇത്തരമൊരു ഗതികേട് കേരള രാഷ‌്ട്രീയത്തിൽ അത്യപൂർവമാണ്. പണ്ട് ഇങ്ങനെ വന്നപ്പോൾ വിമോചനസമരം എന്ന മരുന്നാണ് ഉണ്ടാക്കിയിരുന്നത്. അതിനുവേണ്ടി അപൂർവമായ ചേരുവകളും സൃഷ്ടിച്ചു. ഇപ്പോഴും അങ്ങനെയൊന്നു വേണമെന്ന് ചെന്നിത്തലയ‌്ക്കും ശ്രീധരൻ പിള്ളയ‌്ക്കും ഒരേസമയം തോന്നുന്നതിനു ചരിത്രപശ്ചാത്തലമുണ്ടെന്നു സാരം.
പക്ഷേ, ചരിത്രം ആവർത്തിക്കണമെങ്കിൽ പാണ്ടൻ നായുടെ പല്ലിന‌് എല്ലാ കാലത്തും ഒരുപോലെ ശൗര്യം വേണം. യുഡിഎഫിനെ നയിക്കുന്നു എന്ന് പറയുന്ന കോൺഗ്രസിൽ ആരാണ് നേതാവ് എന്ന് തിട്ടമില്ല. പല നേതാക്കൾ പലവഴിക്ക് സഞ്ചരിക്കുന്നു. ബിജെപിയിൽ കുമ്മനം രാജശേഖരനെ കെട്ടിയിട്ടശേഷം ശ്രീധരൻപിള്ളയാണ് വന്നത്. അദ്ദേഹത്തിന് ചെറിയ ഒരസുഖമുണ്ട്, അദ്ദേഹത്തിനെ മാത്രമേ സ്നേഹിക്കാൻ കഴിയൂ. സംഘശാഖയിൽ നേരത്തെ കബഡി കളിച്ചിരുന്ന പ്രബല ഗ്രൂപ്പുകൾ എല്ലാവരും ഒരു കാര്യം ഉറപ്പിക്കുന്നു, തങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടു എന്നത്.
പ്രളയത്തെ ഒറ്റക്കെട്ടായി അതിജീവിച്ച് കേരളവും അതിന്റെ ഭരണനേതൃത്വവും ലോകപ്രശംസ നേടിയപ്പോൾ അവിടെയും ഒരുതരത്തിലുള്ള ഇടപെടലും നടത്താതെ ശാപവുമായി നടക്കുകയായിരുന്നു കോൺഗ്രസും ബിജെപിയും. കേരളത്തിന് ഒരു പൈസ സഹായം നൽകരുതെന്ന സംഘപരിവാറിന്റെ രാഷ‌്ട്രീയ പദ്ധതിയിൽ പങ്കുകാരായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൂടി മാറി. പ്രളയം എങ്ങനെ വന്നെന്നും അതിനെ എങ്ങനെ നേരിട്ടെന്നും ആ സമയത്ത‌് ആരൊക്കെ സഹായം തടയാൻ ശ്രമിച്ചെന്നും അനുഭവസ്ഥരായ ജനങ്ങളെ പഠിപ്പിച്ചുകൊടുക്കേണ്ടതില്ല. ദുരന്തം നേരിടുമ്പോൾ മതത്തെയോ ജാതിയെയോ കേരളീയൻ കണ്ടിട്ടില്ല, മനുഷ്യനെയേ കണ്ടിട്ടുള്ളൂ. കൂറ്റൻ മഴ വന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നും അതുകൊണ്ടാണ് അണക്കെട്ടുകൾ തുറന്നതെന്നും മഴയുടെ പിന്നിൽ സർക്കാർ അല്ലെന്നും മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി കേരളീയനുണ്ട്. പ്രളയജലത്തിൽ വിവാദ കൃഷിയിറക്കാനുള്ള ചെന്നിത്തല സംഘത്തിന്റെ പദ്ധതി പാളിയത് അതുകൊണ്ടാണ്. സംഘപുത്രന്മാരുടെ ആക്രോശങ്ങൾ അവഗണിച്ച‌് കേരള പുനർനിർമിതിക്ക് ദേശത്തുനിന്നും വിദേശത്തു നിന്നും സംഭാവനകൾ ഒഴുകുന്നതിനു കാരണം അതുമാത്രം. കരയിൽ പിടിച്ചിട്ടാൽ ഏതു മീനും പിടയ്ക്കും; കുതറും. അത് ദയനീയമായ അവസ്ഥയാണ്. അത്തരമൊരു ദയനീയ അവസ്ഥയിൽ അവർക്ക് കിട്ടിയ ജലശകലമായിരുന്നു ശബരിമല കേസിലെ സുപ്രീംകോടതി വിധി.
വിധി വന്നപ്പോൾ കോൺഗ്രസിന്റെ ഹൈക്കമാൻഡ് പറഞ്ഞത‌് ശബരിമല ക്ഷേത്രത്തിൽ ഏത് പ്രായത്തിലുമുള്ള സ‌്ത്രീകൾക്ക‌് പ്രവേശനം അനുവദിക്കുന്ന ചരിത്രപരമായ വിധിയെ സ്വാഗതംചെയ്യുന്നു എന്നാണ്. കേരളത്തിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഹൃദയം തുറന്ന‌് സ്വാഗതംചെയ‌്തു. എല്ലാവർക്കും ബാധകമാണ്; എല്ലാവരും അനുസരിക്കണം; അതിനു നാം ബാധ്യസ്ഥരാണ് എന്നും പറഞ്ഞു. ചെന്നിത്തലയുടെ പ്രധാന അസുഖം സ്ഥിരതയില്ലായ്മയാണ് . ആദ്യം സ്വാഗതംചെയ‌്ത വിധി പിന്നീട് മറ്റൊരു തരത്തിൽ വ്യാഖ്യാനിച്ചു. സംസ്ഥാന സർക്കാർ കക്ഷി അല്ലാതിരുന്നിട്ടും കോടതിവിധി പിണറായിയുടെ വിധിയാണ് എന്ന് സ്ഥാപിക്കാൻ ആർഎസ്എസിനോടൊപ്പം ഏറ്റവും കൂടുതൽ അധ്വാനിച്ചത് ചെന്നിത്തലയാണ്. മുല്ലപ്പള്ളിക്ക് പക്ഷേ അത്തരം വിഷമങ്ങൾ ഒന്നുമില്ല. എല്ലാ ഘട്ടത്തിലും ഒരേ തരത്തിൽ വിഡ‌്ഢിത്തം പറയാൻ പണ്ടുതൊട്ടേ നല്ല ശീലമാണ്.
സംഘപരിവാറിന്റെ ഭാഗമാണ് ബിജെപി. സംഘം എന്നാൽ ആർഎസ്എസ്. ആർഎസ്എസ് നേതൃത്വം കൃത്യമായി കോടതിവിധിയെ സ്വാഗതംചെയ‌്തു. ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കേരളത്തിലെ പ്രധാന ബിജെപി നേതാക്കളും സ്വാഗതമാണ് ഓതിയത്. എന്നാൽ, ആ പറച്ചിലിന്റെ ചൂടുമാറാൻ സമയം കൊടുത്തില്ല. കേരളത്തെ പ്രതിസ്ഥാനത്ത് നിർത്തി വൈകാരികമായി ഇളക്കം സൃഷ‌്ടിച്ച‌് സർക്കാർവിരുദ്ധ മുന്നേറ്റമായി അതിനെ മാറ്റാനുള്ള തയ്യാറെടുപ്പാണ് അവർ നടത്തിയത്. മഹാരാഷ്ട്രയിലെ ഒരു അമ്പലത്തിൽ സ‌്ത്രീകൾക്ക‌് പ്രവേശനം നൽകാനുള്ള ഹൈക്കോടതി വിധി ബിജെപി സർക്കാർ വാശിയോടെ നടപ്പാക്കി.
കേരളത്തിലെ ബിജെപിക്ക് അതൊന്നും ബാധകമല്ല. പാവപ്പെട്ട വിശ്വാസികളെ തെരുവിലിറക്കി കേരളത്തിലെ മുഖ്യമന്ത്രിയെപ്പോലും തെറിവിളിപ്പിക്കാനും സർക്കാരിനെ തെറിപ്പിക്കാനുമുള്ള ശ്രമമാണ് അവർ തുടങ്ങിവച്ചത്. ശരണം വിളിക്കൊപ്പം തെറിവിളിയും ജാതി പറച്ചിലും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങളുംകൊണ്ട് കേരളത്തെ കലാപഭൂമിയാക്കാമെന്ന് കരുതി ഇറങ്ങിപ്പുറപ്പെട്ട ബിജെപി നേതാക്കൾ, ചാനലുകളിൽ ചെന്നിരുന്ന് കൊലവിളി നടത്തുകയും പ്രധാന ഇടതുപക്ഷ നേതാക്കളെ കുത്തും കൊല്ലും എന്നുപോലും ഭീഷണി മുഴക്കുകയും ചെയ്തു.
രാജ്യത്തിന്റെ നിയമവാഴ്ചയെയും ഭരണഘടനയും ജനാധിപത്യതത്വങ്ങളെയും വെല്ലുവിളിച്ചുകൊണ്ടാണ് കോൺഗ്രസും ബിജെപിയും ഇക്കാര്യത്തിൽ ഒന്നുചേർന്നത്. കേസ് കൊടുത്തത് സർക്കാരല്ല. കേസുമായി സിപിഐ എമ്മിന് ഒരു ബന്ധവുമില്ല. ശബരിമലയിൽ ഭരണഘടനാപരമായി എന്തു സംഭവിക്കണമെന്ന് തീരുമാനിച്ചത് രാജ്യത്തെ പരമോന്നത നീതിപീഠമാണ്. അതിന് അപ്പീലില്ല. എല്ലാം അറിഞ്ഞിട്ടും പിണറായിയാണ് കുഴപ്പമെന്ന് പറയാനും പറയിപ്പിക്കാനും ഉളുപ്പുമില്ലാതെ കോൺഗ്രസും ബിജെപിയും അണിനിരന്നു. അട്ടിമറി സമരത്തിനുള്ള ആ ഒരുക്കമാണ്, പ്രബുദ്ധ കേരളത്തിൽ ഇപ്പോൾ പരാജയപ്പെടുന്നത്. കള്ളം പറഞ്ഞു വിശ്വസിപ്പിച്ച‌് കലാപത്തിനിറക്കാൻ പറ്റുന്ന ജനങ്ങളല്ല കേരളത്തിലേത് എന്നാണ‌്, യുക്തിഭദ്രമായ പ്രതികരണത്തിലൂടെ സമൂഹത്തിന്റെ നാനാതലത്തിൽനിന്നും വ്യക്തമാക്കപ്പെടുന്നത്. അതുകൊണ്ടാണ് ശബരിമല വിധിവച്ചുള്ള തീക്കളിയുടെ അന്ത്യം കേരളത്തിലെ ജനങ്ങളുടെ ഉയർന്ന രാഷ്ട്രീയബോധത്തിന്റെ വിജയമാകുമെന്ന് ആർക്കും ഉറച്ചുവിശ്വസിക്കാനാകുന്നത‌്.