ആർ എസ് ശർമയുടെ ബാറ്ററി തീരുകയാണ്. പ്രമുഖ ചരിത്രകാരൻ ആർ എസ് ശർമയുടെ പേരിനോട് സാമ്യമുണ്ടെങ്കിലും ഈ ശർമ സേവക് ശർമയാണ്. ഉത്തർപ്രദേശിലെ കുഗ്രാമത്തിൽ ജനിച്ച‌്, സിവിൽ സർവീസ് നേടി, സ്വന്തമായി കംപ്യൂട്ടർ പ്രോഗ്രാമുകൾ ഉണ്ടാക്കി കുറ്റാന്വേഷണത്തിൽപോലും പുതുവഴി തെളിക്കുകയുംചെയ‌്ത രാം സേവക് ശർമ ഒറ്റയടിക്കാണ‌് ബാറ്ററിപോയ നിലയിലായത്. അദ്ദേഹം ഒടുവിൽ ലോകത്തോട് ഇങ്ങനെ പറയുന്നു: 'സുഹൃത്തുക്കളെ, നമുക്ക് നാളെ വീണ്ടും ആരംഭിക്കാം. ഒരു ചെറിയ അഭ്യർഥന. എന്റെ ഫോണിലേക്ക് വരുന്ന പരാജയപ്പെട്ട ആധാർ ഓതന്റിക്കേഷൻ റിക്വസ്റ്റുകൾ എന്റെ ഫോൺ ബാറ്ററിയെ ഇല്ലാതാക്കുകയാണ്. ചർച്ചകൾക്ക് ഞാനിനിയും തയ്യാറാർ. നിങ്ങൾക്ക് നിർദേശങ്ങൾ ഉണ്ടെങ്കിൽ എന്നെ അറിയിക്കുക.’ കഷ്ടമാണ് കാര്യം. വിശ്വാസത്തിന്റെ പുറത്താണ് ശർമ വെല്ലുവിളി നടത്തിയത്. അദ്ദേഹം ആധാറിന്റെ ആധാരമായി പ്രവർത്തിച്ച ആളാണ്. കാൺപുർ ഐഐടിയിൽനിന്നും കാലിഫോർണിയ സർവകലാശാലയിൽനിന്നും നേടിയ ബിരുദങ്ങളുടെയും സ്വയാർജിത കഴിവിന്റെയും ബലത്തിൽ രാജ്യസേവനം മുൻനിർത്തി ഇറങ്ങിയ ബ്യൂറോക്രാറ്റ‌്. പത്തുകൊല്ലംമുമ്പ‌് പ്രധാനമന്ത്രിയിൽനിന്ന് ഭരണമികവിനുള്ള പുരസ‌്കാരം നേടിയ വ്യക്തി. മൻമോഹൻ സിങ്ങിനും നരേന്ദ്ര മോഡിക്കും ഒരുപോലെ ഇഷ്ടപ്പെട്ട സ്വഭാവത്തിന് ഏക അടിസ്ഥാനം ശർമാജിയുടെ മുതലാളിത്ത പക്ഷപാതം. എല്ലാം ഭദ്രമാണെന്ന് വിശ്വസിച്ച കുറ്റമേ ചെയ‌്തിട്ടുള്ളൂ. ആ വിശ്വാസത്തിനാണ് ഹാക്കർമാരുടെ അപഹാരമേറ്റത്.
ടെലികോം റെഗുലേറ്ററി അതോറിറ്റിയാണ് ആരൂഢം. അവിടെ വേണ്ടതൊക്കെ റിലയൻസ് ചെയ്യുന്നത് കൊണ്ടാകണം, ആധാറാണ് പ്രിയപ്പെട്ട വിഷയം എന്ന് ശർമയ‌്ക്ക‌് ഇപ്പോഴും തോന്നുന്നത്. സ്വന്തം ആധാറിന്റെ സുരക്ഷാ ആധാർ നമ്പർ പരസ്യപ്പെടുത്തി ഹാക്കർമാരെ വെല്ലുവിളിച്ചപ്പോൾ, ഒറ്റയടിക്ക് മാധ്യമരംഗത്തും സർക്കാർ മേധാവികൾക്കുമുന്നിലും പ്രതിച്ഛായ ഉയർത്താമെന്ന‌് ചിന്തിച്ചിട്ടുണ്ടാകണം. പക്ഷേ സംഭവിച്ചത് മറിച്ചാണ്. ശർമ കാണിച്ച മിടുക്കും അതിലേറെയും ഉള്ളവർ അനേകം വേറെയും ഉണ്ട്. ആധാർ നമ്പർ കിട്ടിയപ്പോൾ തുരുതുരെ മറുപടികൾ വന്നു. ശർമയുടെ ബാങ്ക് വിവരങ്ങളും പാൻ കാർഡ് നമ്പറും ഫോൺ നമ്പരുമടക്കം പൊതുവിവരങ്ങളാണ് നിമിഷവേഗത്തിൽ മാറിയത‌്. അഞ്ഞൂറ് രൂപ മുടക്കിയാൽ ആർക്കും എടുക്കാവുന്നതാണ് ആധാർ വിവരം എന്ന് വാർത്ത വന്നപ്പോൾ അതെഴുതിയ ആളിനെ കോടതിയിൽ കയറ്റിയവർക്ക‌് ഉത്തരം മുട്ടി. വ്യക്തികളുടെ ആധാർ വിവരങ്ങൾ അഞ്ഞൂറു രൂപയ‌്ക്ക‌് ചോർത്തിനൽകുമെന്ന വാർത്ത പ്രസിദ്ധീകരിച്ച ദി ട്രിബ്യൂൺ പത്രത്തിനും മാധ്യമപ്രവർത്തക രചന ഖൈരയ‌്ക്കുമെതിരെയാണ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പരാതി പ്രകാരം കേസെടുത്തിരുന്നത്. ഇപ്പോൾ ഒന്നല്ല, ഒരായിരംപേർക്കെതിരെ കേസെടുക്കേണ്ടിവരും. കാരണം ആധാറിന്റെ ആധാരം നഷ്ടപ്പെട്ടു എന്ന് തെളിയിക്കുന്നത് അതിന്റെ പരമാചാര്യന്റെ പ്രവൃത്തിയിലൂടെത്തന്നെയാണ്.
തോൽവി അങ്ങനെ സമ്മതിക്കാനുള്ളതല്ല എന്നാണ് ശർമയുടെ പക്ഷം. ഈ വിവരങ്ങൾ കണ്ടെത്തിയത് ആധാർ നമ്പർ ഉപയോഗിച്ചല്ലെന്നാണ് അദ്ദേഹം വാദിക്കുന്നത്. അതിന്റെ പ്രതികരണമായാണ് ഹാക്കർമാർ ആധാർവഴിതന്നെ നുഴഞ്ഞുകയറാൻ തുടർച്ചയായി ശ്രമിച്ച‌് ശർമയെ പൊറുതിമുട്ടിക്കുന്നത്. ശർമയുടെ മകളുടെ ബാങ്ക് അക്കൗണ്ട് വിവരവും ചോർത്തി എന്നതാണ് ഒടുവിലത്തെ വാർത്ത. സ്വന്തം ആധാർ നമ്പർ ആരും പരസ്യപ്പെടുത്തരുത് എന്ന ഉപദേശവുമായി യുഎഡിഐ രംഗത്തുവന്നിട്ടുമുണ്ട്.
വടികൊടുത്താണ് ശർമ അടി വാങ്ങിയത്. ആധാറിന്റെ മികവ് തെളിയിക്കാൻ ശ്രമിച്ച‌് സ്വന്തം വിശ്വാസ്യതയും വിലയും കളഞ്ഞുകുളിച്ചു. അദ്ദേഹത്തിന്റെ ആധാറുമായി ബന്ധിപ്പിച്ച സകല സംവിധാനംവഴിയും അക്കൗണ്ടിലേക്ക‌് ഓരോ രൂപവീതം സംഭാവന എത്തുകയാണ്. അത് തെളിയിക്കാൻ, പണം നിക്ഷേപിച്ച രേഖയുടെ പകർപ്പും സോഷ്യൽ മീഡിയയിൽ പറന്നുനടക്കുന്നു.
ആധാർ സുരക്ഷിതമല്ല, അതുവഴി അല്പം സാമർഥ്യമുള്ള ആർക്കും വ്യക്തിവിവരങ്ങൾ ചോർത്തിക്കൊണ്ടുപോകാൻ കഴിയും എന്ന് തെളിയിക്കാനുള്ള ത്യാഗമായാണ് ശർമയുടെ അവിവേകത്തെ ആധാർ വിരുദ്ധർ വാഴ‌്ത്തുന്നത്. ട്രായ് ചെയർമാന്റെ സ്വകാര്യ മൊബൈൽ നമ്പരും വാട‌്സാപ‌് പ്രൊഫൈൽ ഫോട്ടായും ബാങ്ക് വിവരങ്ങളും പൊതുരേഖയാക്കാനുള്ള താക്കോൽ ആധാർ ആണെന്നുവരുമ്പോൾ പിന്നെന്തു സുരക്ഷ എന്നാണവരുടെ ചോദ്യം. ശർമയുടെ ആധാറുമായി ബന്ധിപ്പിച്ച അഞ്ച് ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളാണ് ആധാർ നമ്പർ ഉപയോഗിച്ച് കണ്ടെത്തിയത്.
എല്ലാം കഴിഞ്ഞു ഹാക്കർമാർ പറഞ്ഞു ഞങ്ങൾ ഇങ്ങനെ അയക്കുന്ന ഓരോ രൂപയും ശർമയുടെ അനധികൃതസ്വത്താണെന്ന‌്. ശർമയുടെ ബാറ്ററി തീർന്നില്ലെങ്കിലേ അതിശയമുള്ളൂ. തകർന്നുപോയ വിശ്വാസ്യതയുടെ ആധാർ സംരക്ഷിക്കാനാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അധ്വാനം.