26 December Thursday

ശ്രേഷ‌്ഠ മുതലാളി

സൂക്ഷമന്‍ Sunday Jul 15, 2018

മുകേഷ് അംബാനിയുടെ സ്വത്തെടുത്തു 'കുത്തി’യാൽ ഇന്ത്യാ മഹാരാജ്യത്തിന‌് ഇരുപതുദിവസം തട്ടാതെയും മുട്ടാതെയും കഴിയാം എന്നാണ‌് ഒരു പഠനം കണ്ടെത്തിയത്‌.  ഇന്ത്യയിലെ  വലിയ ധനികൻ മാത്രമല്ല  ഏഷ്യയിലെ ഏറ്റവും ധനാഢ്യനാണ്. ലോകത്തിലെ  കൂടുതൽ മുതൽ ആളുന്നവരിൽ ഏഴാമൻ.  മോഡിക്കാലത്ത‌് ഗുജറാത്ത് തിളങ്ങുന്നില്ലെങ്കിലും ഗുജറാത്തികൾ നന്നായി  തിളങ്ങുന്നു. വഴിവാണിഭക്കാരനിൽനിന്ന‌് വ്യവസായതാരകമായി വളർന്ന ധീരജ്‌ലാൽ ഹീരാചന്ദ് അംബാനി ഗുജറാത്തിലെ ജൂനഗഡ് ജില്ലയിലെ ചോർവാട് ഗ്രാമക്കാരനാണ്.  മകൻ മുകേഷിന് ഇന്ന് ഇന്ത്യയിലെ ഏറ്റവുമധികം സമ്പത്തിന്റെ തിളക്കം. 

നൂറുരൂപയുംകൊണ്ട് കച്ചവടം തുടങ്ങിയ ഗൗതം അദാനി ഇന്ന് അറുപത്താറായിരം കോടിയുടെ അധിപൻ. കഴിഞ്ഞ നാല് കൊല്ലത്തിൽ ഏറ്റവുമധികം ലാഭം നേടിയ ഇന്ത്യൻ കോർപറേറ്റിന്റെ തലവൻ. ജനനം അഹമ്മദാബാദിൽ. തിളക്കമുള്ള മറ്റൊരു പേര് കൂടി പറയണം‐ നീരവ് മോഡി. പഞ്ചാബ് നാഷണൽ ബാങ്കിൽനിന്ന് 11346 കോടി രൂപ വെട്ടിച്ച‌് മുങ്ങിയ  വജ്രവ്യാപാരിയുടെ ജന്മസ്ഥലം ഗുജറാത്തിലെ പാലൻപുർ.  ഒറ്റക്കൊല്ലംകൊണ്ട് അമ്പതിനായിരം രൂപയുടെ കമ്പനിയെ പതിനാറായിരം മടങ്ങുയർത്തി 80.5  കോടിയിലെത്തിച്ച ജെയ് ഷാ ഗുജറാത്തിന്റെ താരം അമിത് ഷായുടെ ഏക പുത്രൻ. നാട് നന്നായില്ലെങ്കിലും നാട്ടുകാരെ നന്നാക്കാൻ ഗുജറാത്തുകാരൻ മോഡിക്ക് നന്നായി കഴിയുന്നു എന്നതിന് വേറെ ഉദാഹരണങ്ങൾ വേണ്ട. ഗുജറാത്ത് തിളങ്ങുകതന്നെയാണ്.

 സൂര്യപ്രഭ വിതറുന്നത‌് മുകേഷ് അംബാനിയാണ്.  മോഡി ഗാന്ധിജിക്കുതുല്യൻ എന്ന് പ്രശംസിച്ച അനിൽ അംബാനിയും  പ്രഭയിൽ അല്പം മങ്ങലുണ്ടെങ്കിലും മോശമല്ല. അംബാനി കുടുംബത്തിൽ പിറക്കാത്ത കുഞ്ഞിനും മോഡിയുടെ സ്നേഹം കിട്ടും.    ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന‌് മുൻകൂറായി നൽകിയ ശ്രേഷ്‌ഠ പദവി സ‌്നേഹസമ്മാനങ്ങളിൽ ചെറുത് മാത്രം. ഒരർഥത്തിൽ നരേന്ദ്ര മോഡി അംബാനി കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു. രാജ്യംതന്നെ എഴുതിക്കൊടുത്താലും തീരാത്ത കടം. അതുകൊണ്ട് പതുക്കെ ഓരോന്ന് എഴുതിവാങ്ങുകയാണ് അംബാനി.
നോട്ടുനിരോധനത്തിന‌് തൊട്ടുമുമ്പാണ്  സൗജന്യ ജിയോ സിം വിതരണം തുടങ്ങിയത്. മോഡി  ജിയോ ഫോണിന്റെ ബ്രാൻഡ്‌ അംബാസഡർ ആയി.  നോട്ടു നിരോധിച്ച‌് മൂന്നുനാൾ തികയുമ്പോൾ റിലയൻസ്‐എസ്ബിഐ  സംയുക്തസംരംഭമായ ജിയോ പേമെന്റ്സ് ബാങ്ക് നിലവിൽവന്നു.  ജിയോ മണിയും ഒപ്പമെത്തി.  

ജിയോ മൊബൈൽ വരിക്കാർക്ക് എസ്ബിഐ വഴി ഇടപാട്‌ നടത്താനുള്ള വാതിലാണ്  ജിയോ പേമെന്റ്സ് ബാങ്ക്. റിലയൻസ് ഗ്യാസ് ഇൻഫ്രാസ്ട്രക്ചറിന‌് വലിയ ഇളവാണ്‌ ലഭിച്ചത്. ആന്ധ്രതീരത്തെയും ഗുജറാത്തിനെയും ബന്ധിപ്പിക്കുന്ന 1386 കിലോമീറ്റർ പൈപ്പ് ലൈൻ കൈകാര്യംചെയ്യുന്ന ആ കമ്പനിക്ക് 16,010 കോടി രൂപയുടെ വായ‌്‌പാ തിരിച്ചടവിന്  പൊതുമേഖലാ ബാങ്കുകളുടെ വക  പതിനാറു വർഷത്തെ അവധി. അതായത്, കടമെടുത്ത കർഷകൻ തിരിച്ചടവിന‌് അവധി ചോദിച്ചാൽ ജപ്തി നോട്ടീസ്  പകരം നൽകുന്ന നാട്ടിലെ ഏറ്റവും വലിയ മുതലാളി പതിനാറുകൊല്ലത്തേക്ക് കടം തിരിച്ചടയ്‌ക്കേണ്ടതില്ലെന്ന്.

അംബാനി കുടുംബത്തിന് റഫേൽ യുദ്ധവിമാന ഇടപാടിന്റെ ഭാഗമായി ഒറ്റയടിക്ക് കൊടുത്തത്   30,000 കോടി രൂപയുടെ കരാർ. ചുരുക്കത്തിൽ രാജ്യം അംബാനിയുടെ കൈയിലെത്തുകയാണ്. അംബാനിയാകട്ടെ,  മോഡിയുടെ കൈയിലും. ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ചരിത്രത്തിലെ വൻ കരാറുകളിൽ ഒന്ന് കിട്ടിയ അംബാനിക്ക്,  റിസർവ‌് ബാങ്കും നോട്ടടിക്കുന്ന പ്രസുംകൂടി തീറെഴുതിക്കൊടുത്താൽ ഭരണം എളുപ്പം.

ഭാര്യ നിത അംബാനിക്ക്  44‐ാം പിറന്നാൾ സമ്മാനമായി മുകേഷ് നൽകിയത‌് രാജ്യത്തുള്ള വലിയ വിമാനങ്ങളിൽ ഒന്നായ എയർബസ് 319 ആണ്.  കിടപ്പുമുറി, കുളിമുറി, ഓഫീസ് മുറി, മ്യൂസിക് സിസ്റ്റം മുതൽ സകല സൗകര്യങ്ങളുമുള്ള വിമാനത്തിന്റെ വില വെറും 242 കോടി രൂപ.  ഭാര്യക്ക‌്  ഇത്തരം സമ്മാനങ്ങൾ നൽകുന്ന അംബാനിക്ക് ഏതു സമ്മാനം കൊടുത്താലാണ‌് അധികമാകുക എന്ന‌് ചോദിക്കുന്നവരാണ‌്  കേന്ദ്രഭരണക്കാർ.  ഗുജറാത്ത് തിളങ്ങണമെന്നും അംബാനി കൂടുതൽ തിളങ്ങണമെന്നും സദാ ആഗ്രഹിക്കുന്ന  മോഡിയാണ‌് തലപ്പത്ത‌്.

അതുകൊണ്ടുമാത്രമാണ്, ജിയോ  ഇൻസ‌്റ്റിറ്റ്യൂട്ടിനുള്ള ശ്രേഷ്ഠപദവി അപരാധമാകാത്തത്. ഇതുവരെ ജനിച്ചിട്ടില്ല എന്നതുകൊണ്ടാണ് ആ സ്ഥാപനത്തിന്റെ മഹത്വം മനസ്സിലാകാത്തത്. ഇപ്പോൾ തുടങ്ങിയില്ലെങ്കിലും അത് അംബാനിയുടെ സ്വപ്‌‌ന പദ്ധതിയാണ്. ഇതേ പോക്ക് പോയാൽ അംബാനിക്ക് രാജ്യത്തിന്റെ സമ്പൂർണാധിപത്യം കിട്ടാൻ ഏറെ  വൈകില്ല. റിലയൻസിനെ കേട്ടും കണ്ടും ശ്വസിച്ചും അനുസരിച്ചും കഴിയേണ്ടിവരുന്ന അക്കാലത്ത് ജിയോതന്നെയാകും രാജ്യം.  ഇന്നത്തെ സർക്കാർ സ്ഥാപനങ്ങളുടെ മുകളിലാകും ജിയോയുടെ സ്ഥാനം. മോഡി തന്നെ തുടർന്നാൽ, ജിയോ ഔദ്യോഗിക സർക്കാർ സംവിധാനമാകും എന്നർഥം.  പക്ഷേ അതിന‌് പുഴവറ്റി മോഡി അക്കരെ കടക്കണം.

 Top