ഭ്രാന്തമായ സ്വപ്നങ്ങൾ കാണുകമാത്രമല്ല, അവയെ സാർഥകമാക്കാൻ യത്നിക്കുകകൂടി വേണമെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞിട്ടുണ്ട്. തന്റെ ആത്മകഥാ പുസ്തകത്തിന്റെ പേരുതന്നെ 'ഇന്ത്യ മാറ്റത്തിന്റെ മുഴക്കം’ എന്നാണ്. മണിമലയിൽനിന്ന് പത്താംക്ലാസ് കഷ്ടിച്ച് പാസായ, റബർമണം മാറാത്ത അൽഫോൺസ് ചവിട്ടിക്കയറിയ പടവുകളും നേട്ടങ്ങളും വിവരിക്കുന്ന പുസ‌്‌തകം നന്നായി വിറ്റുപോയിട്ടുണ്ട്. സിവിൽ സർവീസിൽ എട്ടുകൊല്ലം ബാക്കിനിൽക്കെ വിടുതൽവാങ്ങി കേരളത്തിലേക്ക് പോന്ന കണ്ണന്താനം ഇവിടെ കാഞ്ഞിരപ്പള്ളിയിൽ എൽഡിഎഫ‌് പിന്തുണയോടെ മത്സരിച്ചു ജയിച്ച‌് എംഎൽഎ ആവുകയും അഞ്ചുകൊല്ലം കഴിഞ്ഞ‌് അടുത്ത തെരഞ്ഞെടുപ്പെത്തിയപ്പോൾ ഒറ്റച്ചാട്ടത്തിന‌് ബിജെപിയിലെത്തുകയും ചെയ‌്‌തെങ്കിലും അതിന്റെ അഹങ്കാരം തീരെയില്ല. ദേവികുളം സബ്കലക്ടറായി തുടങ്ങി മിൽമയും കോട്ടയം കലക്ടറേറ്റും കടന്ന‌് ലാൻഡ് റെവന്യൂ കമീഷണർ സ്ഥാനത്തുനിന്ന് സ്വയം തീരുമാനിച്ച‌് അടുത്തൂൺ പറ്റുന്നതുവരെയുള്ള ചരിത്രം ഒരു പുസ‌്തകത്തിനുള്ള വകതന്നെയാണ്. തന്റെ ജീവിതകഥ 'ഇന്ത്യമാറ്റത്തിന്റെ മുഴക്കം’ ആണ് എന്ന് തോന്നിയതിൽ അതിശയോക്തിയുമില്ല. അത് പല്ലി ഉത്തരം താങ്ങുന്നപോലെയെ ഉള്ളൂവെന്ന് കണ്ണന്താനം ഒഴികെ ബാക്കിയെല്ലാവർക്കും അറിയാം.
ആ പ്രതിഭ തിരിച്ചറിയപ്പെടുന്നില്ല എന്നതാണ് യഥാർഥ വിഷയം. അത് നരേന്ദ്ര മോഡി തിരിച്ചറിഞ്ഞു. ബിജെപിക്കുവേണ്ടി കൈപൊക്കാൻ ഒരാളെ തെരഞ്ഞെടുത്ത് അയക്കാത്ത മലയാളിയെ ശിക്ഷിക്കാൻ അൽഫോൺസിനെ കേന്ദ്രമന്ത്രിയാക്കിയാണ് ബിജെപിയുടെ കേരളനേതൃത്വത്തെപ്പോലും ഞെട്ടിച്ചത്. രാജസ്ഥാനിൽനിന്നാണ് രാജ്യസഭയിലേക്കെടുത്തത്. കുമ്മനത്തെയും കേരള നേതാക്കളെയും തഴഞ്ഞാണ് അൽ. കണ്ണന്താനം മന്ത്രിയായത്. ഒരു സ്വീകരണംപോലും നേരെ ചൊവ്വേ കൊടുക്കാതയും പരിപാടികളിൽ പങ്കെടുപ്പിക്കാതെയും 'തള്ളന്താനം’ എന്ന് പരിഹസിച്ചും ഇവിടത്തെ ബിജെപി നേതൃത്വം അകറ്റിനിർത്തിയപ്പോൾ അവിടെ വലിയ നിലയിലാണ് എന്ന് തെളിയിക്കാനുള്ള തത്രപ്പാടിലായിരുന്നു കണ്ണന്താനം. എന്താണ് പദവിയെന്ന‌് ചിലപ്പോഴൊക്കെ മറന്നുപോകുന്ന അസുഖമേയുള്ളൂ. കേരളത്തിന്റെ ആവശ്യങ്ങൾക്കായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ബിജെപി ഉൾപ്പെടെ ഉള്ള പാർടികളും അടങ്ങുന്ന സംഘം ഡൽഹിയിൽ പോയപ്പോൾ ആ ഭാഗത്തൊന്നും കണ്ണന്താനത്തെ കണ്ടില്ല. കേന്ദ്രമന്ത്രി എന്നാണ് വയ‌്പ‌്. മലയാളിയുമാണ്. മന്ത്രിമാരുടെ തലവൻ പ്രധാനമന്ത്രിയാണ്. കേരളത്തിലെ സംഘം പ്രധാനമന്ത്രിയെ കാണാൻ ചെല്ലുമ്പോൾ 'വരൂ, ഇരിക്കൂ’ എന്നു പറഞ്ഞ‌് സ്വീകരിക്കേണ്ട ആളാണ്. പക്ഷേ, കേരള സംഘം മോഡിയെ കണ്ട‌് പുറത്തിറങ്ങിയ ഉടൻ കണ്ണന്താനം പത്രക്കാരെ വിളിച്ചു പറഞ്ഞത്, 'എല്ലാ കാര്യത്തിനും അൽഫോൺസ് വരുന്നുണ്ടല്ലോ, എന്തുകൊണ്ട് സർവകക്ഷി സംഘത്തിൽ ഉണ്ടായില്ല’ എന്ന് മോഡി തന്നോട് ചോദിച്ചു എന്നാണ്. അതിൽ പ്രധാനമന്ത്രിക്ക‌് അതൃപ്തി എന്ന വാർത്തയും പുറത്തുവിട്ടു. സർവകക്ഷി സംഘത്തിന് കൊടുക്കാത്തത് പലതും മോഡി തനിക്ക‌് തന്നിട്ടുണ്ടെന്ന കൂട്ടിച്ചേർക്കലും. അതായത്, വിമാനം കയറി ഡൽഹിയിൽ ചെന്ന് മുഖം കാണിച്ച എ എൻ രാധാകൃഷ്ണനെ മൈൻഡ് ചെയ്യാതെ തനിക്കാണ് മോഡി എല്ലാം തന്നതെന്ന്.
ശരിക്കും കണ്ണന്താനം കേന്ദ്രമന്ത്രിയാണോ എന്നാണ് ചോദ്യംവന്നത്. അതോ അക്കാര്യം മോഡി മറന്നോ എന്ന സംശയവും. രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമെങ്കിലും കേരളീയൻ എന്ന ബോധമുണ്ടെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ കേരളത്തിന് മാന്യമായ പെരുമാറ്റം ലഭ്യമാക്കാൻ ഇടപെടുമായിരുന്നു. അത് ചെയ്തില്ല എന്നതോ പോകട്ടെ, അടിയന്തര പത്രസമ്മേളനം വിളിച്ച‌് 'തള്ളിയത്’ എന്തിനെന്ന് സർവകക്ഷി സംഘത്തിലെ ബിജെപി പ്രതിനിധിയോടെങ്കിലും വിശദീകരിച്ച‌് റിലാക‌്സേഷൻ കൊടുക്കാൻ തയ്യാറാകാത്തതാണ് ഇപ്പോഴത്തെ പ്രശ്നം. താൻ എന്തുപറഞ്ഞാലും വളച്ചൊടിച്ച് പരിഹസിക്കുകയാണെന്നും അതിനാൽ താൻ ഇനി തന്റെ വകുപ്പുമായി ബന്ധപ്പെട്ടല്ലാതെ മറ്റൊന്നിനും പ്രതികരിക്കില്ലെന്നും ഇൗയിടെ കണ്ണന്താനം പറഞ്ഞിരുന്നു. ‘എന്റെ വിഷയത്തിലല്ലാതെ മറ്റൊരു കാര്യത്തിലും ഞാൻ അഭിപ്രായം പറയില്ല. ഇന്നത്തെ കാലാവസ്ഥയെന്താണെന്ന് ചോദിച്ചാൽ ഞാൻ പറയും ടൂറിസം നല്ലതാണെന്ന്. അല്ലാതെ മറ്റൊരു കാര്യത്തിലും വാ തുറക്കില്ല’ ഇതാണ് ട്രോൾശല്യത്തിൽ കുഴഞ്ഞ ഘട്ടത്തിൽ അദ്ദേഹം വ്യക്തമാക്കിയ 'നയം’. ആ നയമാണ് ഒരു നിമിഷത്തെ കേമത്തം കാണിക്കാൻ പിന്നെയും പൊളിച്ചത്.
നാലുവട്ടം കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സന്ദർശനാനുമതി നിഷേധിച്ചപ്പോൾ കാരണം ചോദിച്ച‌് കണ്ണന്താനം മോഡിയുടെ അടുത്തേക്ക് പോയോ എന്നത് വേറൊരു കാര്യം. എല്ലാറ്റിനും ചെല്ലുന്ന അൽഫോൺസിന‌് കേരളക്കാര്യം പറയാനുള്ള അനുമതിമാത്രം മോഡിജി നിഷേധിച്ചോ? കേരളത്തിൽ മഴക്കെടുതിയുണ്ടെന്നും കേന്ദ്രം അർഹമായത് കൊടുക്കുന്നില്ലെന്നും ഇതുവരെ കണ്ണന്താനത്തിന‌് മനസ്സിലായിട്ടില്ല എന്നതും കാരണമാകും. നാട്ടിലെ ബിജെപിയുമായി വലിയ ബന്ധമില്ലാത്തതുകൊണ്ട് മലയാളിസംഘികളും ഒന്നും പറഞ്ഞിരിക്കില്ല. എന്തായാലും സ്വന്തം കടമ മറന്നു, കേരളത്തെ കുറ്റം പറയാനിറങ്ങിയപ്പോൾ കണക്കിന് കിട്ടുന്നുണ്ട്. അടുത്ത മന്ത്രിസഭാ പുനഃസംഘടന കഴിഞ്ഞാൽ അൽ. കണ്ണന്താനം, തള്ളുവകുപ്പുമന്ത്രി എന്ന ഔദ്യോഗിക നാമത്തിലേക്ക‌് കൂടുമാറുന്നതിന്റെ സകല ലക്ഷണവും ഒത്തിട്ടുണ്ട്.