26 December Thursday

ഒന്നുകൊണ്ടുണ്ടായ ഒരിണ്ടൽ

സൂക്ഷ്‌മന്‍ Sunday Jun 17, 2018

ഒന്നേയുള്ളൂ എന്നു പറയുമ്പോൾ അതിനു സവിശേഷതയുണ്ട്. കേരളം ഒന്നാമത് എന്ന് എല്ലാവരും അഭിമാനിക്കുമ്പോൾ സംഘമനസ്സുകളിൽ കുശുമ്പായിരുന്നു. അത് മാറിയത്, നിയമസഭയിൽ ഒരു രാജഗോപാലിനെ കിട്ടിയപ്പോഴാണ്. ഒന്നാമത് എന്നാൽ ഏറ്റവും മുന്നിൽ നിൽക്കുന്നതാണെന്ന‌് അറിയാഞ്ഞിട്ടല്ല, നേമത്തെ കോൺഗ്രസ‌് വോട്ടുകൾ കനിഞ്ഞപ്പോൾ നിയമസഭാ പ്രവേശം സാധ്യമായ രാജഗോപാലിനെ ഓർത്ത് അഭിമാനപൂരിതമാകാത്ത സംഘഹൃദയങ്ങളില്ല. രാജഗോപാൽ മാന്യനാണ്. ദീൻ ദയാൽ ഉപാധ്യായയിൽ ആകൃഷ്ടനായി വക്കീൽപണി ഉപേക്ഷിച്ച‌് സംഘകാര്യാലയത്തിൽ എത്തിയ പാലക്കാട്ടുകാരൻ.  ഒന്നൊഴികെ എല്ലാ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട സ്ഥാനാർഥി. മധ്യപ്രദേശിൽനിന്ന് രാജ്യസഭയിലെത്തിയപ്പോ ൾമാത്രം പരാജയമല്ലാത്ത ആറു കൊല്ലം. കേരളത്തിന്റെ മണ്ണിൽ ഒരു വിജയവും നേടാനാകാതെ, തെരഞ്ഞെടുപ്പു രാഷ്ട്രീയം അവസാനിപ്പിച്ച‌് ആശ്രമവാസത്തിന‌് പോകാനിരുന്നപ്പോഴാണ്, അവസാനത്തെ പരീക്ഷണം നേമത്ത‌്. ഗോൾവാൾക്കറിന്റെ കാലത്ത‌് ശാഖ തുടങ്ങിയ, കമ്യൂണിസ്റ്റ‌് പാർടി ഉണ്ടാകുന്നതിനുമുമ്പ‌് കാവിക്കൊടി കെട്ടിയ കേരളത്തിന്റെ മണ്ണിൽ ആർഎസ്എസ് മുന്നോട്ട‌് ഗതിയില്ലാതെ ശോഷിച്ചു, വെറുക്കപ്പെട്ട ഒന്നായി എക്കാലവും തുടരുമ്പോൾ  ആശ്വാസംകൊണ്ടത് നേമത്തെ വിജയം ഉയർത്തിപ്പിടിച്ചായിരുന്നു. ഇന്ന് നേമം, നാളെ കേരളം എന്ന് സംഘകാര്യകർത്താക്കൾ രാജഗോപാലിനെ മുന്നിൽനിർത്തി ആവേശത്തോടെ പ്രഖ്യാപിച്ചു.
വയസ്സ‌്  എൺപത്തെട്ടായി. ദൈനംദിന രാഷ്ട്രീയകാര്യങ്ങളിൽ ഇടപെടാൻ ആവതില്ല. ഇനി ആശ്രമജീവിതമെന്ന് പലവുരു പറഞ്ഞിട്ടുമുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ കുറ്റപ്പെടുത്താനാകില്ല.

എന്നാലും, ആ മനുഷ്യനെ നിയമസഭയിൽ ഇരുത്തി സംഘകാര്യകർത്താക്കൾ കാണിക്കുന്ന നാടകങ്ങൾ  രാജഗോപാലിന്റെ ശത്രുക്കളെപ്പോലും വിഷമിപ്പിക്കും. നിയമം പഠിച്ചതിന്റെ  മികവൊന്നും ആർഎസ്എസ് ആയതുകൊണ്ട്  പ്രതീക്ഷിക്കാനാകില്ല. മഹാഭാരതകാലത്ത‌് ഇന്റർനെറ്റും റോക്കറ്റും പ്ലാസ്റ്റിക‌് സർജറിയും ഉണ്ടായിരുന്നെന്ന് വിശ്വസിക്കാൻ വിധിക്കപ്പെട്ടവരുടെ കൂട്ടത്തിൽത്തന്നെയാണ്.  എന്നാൽ, ആർഷഭാരതത്തിലേക്ക‌് തിരിച്ചുപോകുംമുമ്പുള്ള കാലം പുതിയ ഭാരതത്തിലാണെന്നും ഇവിടെ നിയമം, നീതി, വിവേകം തുടങ്ങിയ ചിലതെല്ലാം നടപ്പുണ്ടെന്നും  കേരളത്തിൽനിന്ന് പോയി കേന്ദ്രമന്ത്രിയായ ഒരാൾക്കുവേണ്ട കുറഞ്ഞ ബോധ്യമാണ്.  സഭയിൽ രാജഗോപാൽ ഉന്നയിച്ച ചില ചോദ്യങ്ങൾ കണ്ടാൽ ആ ബോധ്യത്തിന്റെ അഭാവം ആരും ശ്രദ്ധിച്ചുപോകും.

നേമം മണ്ഡലത്തിൽ കായികവകുപ്പുമായി ബന്ധപ്പെട്ട്‌ നടപ്പാക്കിയ പുതിയ പദ്ധതികൾ ഏതെല്ലാം  എന്ന് കായികമന്ത്രി എ സി മൊയ‌്തീനോട് എമണ്ടൻ ചോദ്യം. 'ഈ സർക്കാർ അധികാരത്തിൽ വന്നശേഷം നേമം നിയോജക മണ്ഡലത്തിൽ സ്‌പോർട്‌സുമായി ബന്ധപ്പെട്ട് പ്രൊപ്പോസലുകൾ ഒന്നും ലഭിച്ചിട്ടില്ല. ആയതിനാൽ പുതുതായി പദ്ധതികളൊന്നും നടപ്പാക്കിയിട്ടില്ല.’ എന്ന് മന്ത്രിയുടെ മറുപടി. സ്വന്തം മണ്ഡലത്തിൽ ഏതു പദ്ധതിയുണ്ട് എന്നതിലെ അജ്ഞത വെളിപ്പെടുത്തിയതിനു പുറമെ, മണ്ഡലത്തിനുവേണ്ടി എംഎൽഎ  ഒന്നും ചെയ്തിട്ടില്ലെന്ന് മന്ത്രിയെക്കൊണ്ടുകൂടി പറയിപ്പിച്ചു ഒറ്റയടിക്ക് രാജഗോപാലിന്റെ രണ്ടു സെൽഫ്‌ഗോൾ. സംസ്ഥാനത്തെ സഹകരണമേഖലയ‌്ക്ക‌് എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചെന്നായിരുന്നു സഹകരണമന്ത്രി കടകംപള്ളിയോട് രാജഗോപാലിന്റെ ഒരു ചോദ്യം. ഒരു നയാപൈസ കേന്ദ്രഫണ്ട് വന്നിട്ടില്ലെന്ന് മന്ത്രിയുടെ ഉത്തരം. സഹകരണമേഖലയെ തകർക്കാനും കേന്ദ്രഫണ്ടിന്റെ ചെലവിലാണ് സഹകരണ പ്രസ്ഥാനം നിന്നുപോകുന്നത് എന്ന് വീമ്പടിക്കാനും മുതിർന്ന കെ സുരേന്ദ്രനെപ്പോലുള്ളവർക്ക്‌ ഉചിതമായ മറുപടി  വാങ്ങിക്കൊടുത്ത് രാജഗോപാൽ മാതൃകയായി. നേമത്ത് എത്ര സാംസ‌്കാരിക സ്ഥാപനങ്ങളുണ്ട് എന്ന് ചോദിച്ചത് സാംസ‌്‌കാരികമന്ത്രി എ കെ ബാലനോട‌്.  വകുപ്പിന്റെ സ്ഥാപനങ്ങൾ ഒന്നുമില്ല എന്ന് മറുപടി. രാജേട്ടന്‌  തൃപ്തിയായി.

സോഷ്യൽ മീഡിയയിലും നാട്ടുവർത്തമാനങ്ങളിലും പരിഹാസ്യനായത് രാജഗോപാലാണെങ്കിലും അദ്ദേഹം അത് അർഹിക്കുന്നില്ല. എംഎൽഎയ‌്ക്ക‌് സഹായികളെ കൊടുക്കുന്നത് സ്വന്തം പാർടിയാണ്. ഒട്ടകത്തിന്റെ ഇറച്ചി അറബികൾ കഴിക്കുമോ എന്നും  മറ്റും ചോദിക്കുന്നതാണ് ആ പാർടിയുടെ നിലവാരം. അത്തരം സഹായികളുണ്ടെങ്കിൽ രാജഗോപാലിനല്ല, ചർച്ചിലിനുപോലും ഈ ഗതിവരും. അത് തിരിച്ചറിഞ്ഞാകണം, എംഎൽഎ എന്ന നിലയിലുള്ള പ്രവർത്തനത്തിൽ തൃപ്തനല്ല എന്ന് അദ്ദേഹം തുറന്നുപറയുന്നത്. ഇനി മത്സരിക്കാനില്ല; എംഎൽഎസ്ഥാനം മടുത്തു;  വായനയും ആശ്രമജീവിതവുമായി കാലം കഴിക്കാനാണ് ആഗ്രഹം  എന്നാണ‌് ഒരു അഭിമുഖത്തിൽ  നയം വ്യക്തമാക്കിയത്. സ്വന്തം പാർടിയിലെ ശോഭ സുരേന്ദ്രൻ ഗവർണർക്കെതിരെ തിരിഞ്ഞപ്പോൾ നിയമസഭയിൽ അതിനെ തള്ളിപ്പറഞ്ഞ ചരിത്രവുമുണ്ട‌്. 

ബിജെപിക്ക് ഒന്നേയുള്ളൂ എംഎൽഎ. അത് കിട്ടിയത് സ്ഥാനാർഥി രാജഗോപാൽ ആയതുകൊണ്ടാണ്. കേരളത്തിലെ 'വളരുന്ന’ കേന്ദ്രഭരണ പാർടിക്ക് ഏക എംഎൽഎയുടെ പ്രവർത്തനംപോലും ചിട്ടപ്പെടുത്താൻ കഴിയില്ല എങ്കിൽ,  രാജഗോപാലിനെ പരിഹസിക്കരുത്. ഒരു സംസ്ഥാന അധ്യക്ഷനെപ്പോലും കണ്ടെത്താൻ കഴിയാതെ ഇരുട്ടിൽ തപ്പി വശംകെട്ട പാർടിയിൽപെട്ടുപോയതാണ് രാജഗോപാലിന്റെ ദുരന്തം. അതിന‌് പരിഹാസമല്ല, സഹതാപമാണ് വേണ്ടത്. രാജഗോപാൽ ഇങ്ങനെ ചില ചോദ്യങ്ങളെങ്കിലും ഉന്നയിച്ചിട്ടുണ്ട്; ലോട്ടറിയടിച്ച അംഗത്വവുമായി രാജ്യസഭയിൽ ചെന്ന് ഒന്നും ഇന്നുവരെ ചെയ്യാത്ത സുരേഷ് ഗോപിയേക്കാൾ എത്രയോ ഭേദം.

 Top