ടെലിവിഷന്‍ ചര്‍ച്ചകളില്‍ ജനിച്ച രാഷ്ട്രീയനേതാവാണ് വി വി രാജേഷ്. ആര്‍എസ്എസ് കാര്യകര്‍ത്താക്കള്‍ സാധാരണ പുറത്തുവരാറില്ല. ഏതെങ്കിലും കൊലക്കേസില്‍ പെട്ടാലാണ്, ഇന്നലെവരെ ചിരിച്ചും കളിച്ചും അടുത്തുകൂടിയിരുന്നത് നാഗ്പുരില്‍ രണ്ടും മൂന്നും ഓടിസി പാസായ ഉഗ്രവിഷമാണെന്ന് സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാവുക. അക്കൂട്ടത്തിലല്ല രാജേഷ്. 'സുതാര്യത'യാണ് രാജേഷിന്റെ ശക്തി. നാവിന്റെ താളാത്മകമായ പ്രയോഗംകൊണ്ട് ആര്‍എസ്എസിന്റെ സംസ്ഥാന കാര്യകര്‍ത്താക്കളേക്കാള്‍ വലിയ നേതാവായി മിന്നല്‍വേഗത്തിലാണ് രാജേഷ് വളര്‍ന്നത്. സമപ്പെടുത്താന്‍ അത്തരം ഒരു പ്രതിഭാസമേയുള്ളൂ- ബഹുഭാഷാ പണ്ഡിതനും വിവേകിയും സദ്ഗുണ സമ്പന്നനും സ്വത്തുകാര്യം പറയുമ്പോള്‍മാത്രം മൌനിയാകുന്ന നേതാവുമായ കെ സുരേന്ദ്രന്‍. ബീഫെന്നുകേട്ടാല്‍ സുരേന്ദ്രന്‍ ഉള്ളി എന്ന് മനസ്സിലാക്കും. ഹോട്ടല്‍, സമ്പാദ്യം എന്നൊക്കെ ആരെങ്കിലും പറഞ്ഞാല്‍ ആ നാവിന് അസുലഭമായ വിശ്രമവേള അനുവദിക്കും. രജേഷിന്റെയും സുരേന്ദ്രന്റെയും സമരായുധമല്ല, തൊഴിലുപകരണമാണ് നാവ്. അത് വാടകയ്ക്കും കൊടുക്കാറുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശിക്കപ്പെട്ടപ്പോള്‍ നിരസിച്ച് കുറഞ്ഞത് എംഎല്‍എയെങ്കിലും ആയാലാണ് തന്റെ രാഷ്ട്രീയദാഹം ശമിക്കുക എന്നാണ് രാജേഷ് തെളിയിച്ചത്. അനധികൃത സ്വത്തുസമ്പാദനമെന്ന 'അധാര്‍മികത' ആരോപിക്കപ്പെട്ടപ്പോള്‍ രാജേഷ് പറഞ്ഞു: "എന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് അറിയണം എന്നുണ്ടെങ്കില്‍ നെടുമങ്ങാട് താലൂക്കിലെ കരിപ്പൂര്‍ എന്ന സ്ഥലത്തുള്ള എന്റെ കുടുംബപശ്ചാത്തലവും കൊട്ടാരക്കര താലൂക്കിലെ കടയ്ക്കലിലുള്ള ഭാര്യയുടെ കുടുംബ പശ്ചാത്തലവും പരിശോധിച്ചാല്‍മതി.'' സുരേന്ദ്രനും കുമ്മനവുമടക്കമുള്ളവര്‍ ഇതുവരെ ഇങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. അതിന് ധൈര്യമില്ലാത്തതുകൊണ്ടാകും.
'ഒരു പൊതുപ്രവര്‍ത്തകന്‍ ജീവിതത്തിലും പാലിക്കേണ്ട സുതാര്യതയെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടാണ് ലോ അക്കാദമിപോലുള്ള വന്‍ മരങ്ങള്‍ക്കുമുമ്പില്‍ മുട്ട് മടക്കാതെ സമരം ചെയ്യാന്‍ സാധിച്ചത്' എന്ന് രാജേഷ് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്. സുതാര്യതയെ ആരാധിക്കുന്ന രാജേഷ് സ്വന്തം പാര്‍ടിയിലെ അധാര്‍മികത അന്വേഷിച്ച റിപ്പോര്‍ട്ട് സുതാര്യമാക്കി എന്ന കുറ്റമേ ചെയ്തിട്ടുള്ളൂ. മെഡിക്കല്‍ കോളേജ് കുംഭകോണം വിനോദ് എന്ന ഒരു നേതാവിന്റെ അധാര്‍മിക പ്രവര്‍ത്തനമാണെന്ന് ബിജെപി കേന്ദ്രതലത്തില്‍ തീരുമാനിച്ചിട്ടുമുണ്ട്. എന്നിട്ടും, പാര്‍ടിയെ അപമാനിക്കുകയും അച്ചടക്കലംഘനം നടത്തുകയും ചെയ്തതിനാണ് വി വി രാജേഷിനെതിരെ നടപടി എടുത്തതെന്ന് കുമ്മനം രാജശേഖരന്‍ പറയുന്നു. അഴിമതിയേ ഇല്ലാതിരിക്കെ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ എന്താണ് പ്രശ്നം എന്ന് കുമ്മനംതന്നെ പറയേണ്ടതുണ്ട്. ഉത്തരം കിട്ടാന്‍ കാത്തിരിക്കുകയാണ് മുരളീധരന്‍വിഭാഗം.
മുരളീധരന്‍പക്ഷത്തെ പ്രമുഖനാണ് രാജേഷ്. യഥാര്‍ഥ ആരോപണം എം ടി രമേശിനെതിരായാണ് വന്നത്. രമേശ് ഇന്നും ബിജെപിയെ നയിക്കുന്നു. 'കട്ടവന്‍ അകത്തും കണ്ടുപിടിച്ച് നാട്ടുകാരെ അറിയിച്ചവന്‍ പുറത്തു'മെന്നാണ് മുരളീധരപക്ഷത്തിന്റെ വാദം. ഇന്നലെവരെ ബിജെപി സംസ്ഥാന സെക്രട്ടറിയും വക്താവുമായിരുന്ന വി വി രാജേഷിന്റെ തോളില്‍ ഒറ്റ രാത്രികൊണ്ട് മാറാപ്പ് കയറ്റിവച്ച കുമ്മനത്തിന് കൃഷ്ണദാസ് പക്ഷത്തെ വന്‍ മരങ്ങളെ കാണുമ്പോള്‍ മുട്ടിടിക്കുന്നതെന്തേ എന്ന ചോദ്യവും സംഘകാര്യാലയങ്ങളില്‍ പ്രതിധ്വനിക്കുന്നുണ്ട്. നേതാക്കള്‍ നേരിട്ട് വാങ്ങിയ കോടികളുടെയും സ്വരൂപിച്ച കൂറ്റന്‍ സമ്പാദ്യത്തിന്റെയും കഥകള്‍ നാട്ടില്‍പാട്ടാണ്. സേവ് ബിജെപി ഫോറവും ജനിച്ചിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തില്‍ കുമ്മനം സഹകരിച്ചാല്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ശ്രീശനും സംസ്ഥാന സെക്രട്ടറി എ കെ നസീറും എഴുതിയ അന്വേഷണ റിപ്പോര്‍ട്ട് അപ്പാടെ കൊണ്ടുപോയി സമര്‍പ്പിക്കേണ്ടിവരും. കേന്ദ്ര ഭരണകക്ഷി നേതാവാണെന്ന പരിഗണനയോ മെട്രോയില്‍ ചാടിക്കയറിയപ്പോഴുള്ള സൌജന്യമോ അവിടെ കിട്ടാന്‍ പാടാണ്. അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് വിട്ടാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്ന മനസ്സിലിരുപ്പ് പ്രായോഗികമാക്കാന്‍ വലിയ ബുദ്ധിമുട്ടുമുണ്ട്.
കൊള്ളമുതല്‍ ആര്‍ക്ക് കൂടുതല്‍ കിട്ടുമെന്ന തര്‍ക്കത്തിലാണ് പ്രശ്നത്തിന്റെ കാതല്‍. കേന്ദ്രനേതാക്കളും സംസ്ഥാന നേതാക്കളും മത്സരിച്ച് കൊള്ളയടിക്കുന്നുണ്ട്. അത് പ്രൊഫഷണലായി ചെയ്യാന്‍ ഏജന്റുമാരുമുണ്ട്. മൊത്തം ഇവന്റ് മാനേജ്മെന്റായിട്ടും തമ്മിലടി മാനേജ്ചെയ്യാന്‍ പറ്റിയില്ല. കറവ വറ്റിയ പശുക്കളെ എന്ത് ചെയ്യണമെന്ന് ഒരു ചാനല്‍ചര്‍ച്ചയില്‍ ചോദ്യം വന്നപ്പോള്‍ വി വി രാജേഷ് പറഞ്ഞത് "എന്റെ അമ്മയാണ് എനിക്ക് പാല് തന്ന് വളര്‍ത്തിയത്. അമ്മയുടെ കറവ വറ്റിയാല്‍ ഞാന്‍ എന്ത് ചെയ്യും?'' എന്നാണ്. അത്തരം ന്യായങ്ങള്‍ അഴിമതിക്കേസ് അന്വേഷണത്തില്‍ വിലപ്പോകില്ല. "സിപിഎമ്മുകാരെ സംരക്ഷിച്ചാല്‍ പൊലീസിനെ കൈകാര്യം ചെയ്യും. പലര്‍ക്കും പലിശയും കൂട്ട് പലിശയും അടക്കം കൊടുത്തിട്ടുണ്ട്'' എന്ന് പറഞ്ഞാലും ബിജെപിയുടെ അഴിമതി മൂടിവയ്ക്കാന്‍ കഴിയില്ല. ഇനി രാജേഷിനു മുന്നിലുള്ള വഴി സുതാര്യതയുടെ പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്തി ബിജെപിയെ ശുദ്ധീകരിക്കലാണ്. രാജേഷിനെ രക്ഷിക്കാന്‍ ഏതു നാട്ടിലാണ് അക്രമം തുടങ്ങാനിരിക്കുന്നത് എന്നതാണ് ജനങ്ങള്‍ ആശങ്കപ്പെടേണ്ട വിഷയം. കട്ടാലും കളവ് പുറത്തുവന്നാലും വാളെടുക്കുന്ന പാര്‍ടിയുടെ ഉത്തമ നേതാക്കള്‍തന്നെയാണ് കുമ്മനവും രാജേഷും രമേശും സുരേന്ദ്രനും എന്ന് ജനങ്ങള്‍ അറിഞ്ഞുപോയപ്പോള്‍ രാജേഷിനുമാത്രം പണികിട്ടി എന്നതിലാണ് ആര്‍എസ്എസിന്റെ നീതിന്യായവ്യവസ്ഥയുടെ അന്തഃസാരം.