30 November Saturday

സംഭൽ, അജ്‌മീർ 
കേസുകൾ
 സമാധാനം തകർക്കാൻ

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024


രാജ്യത്ത്‌ മതസൗഹാർദവും സമാധാനജീവിതവും നിലനിൽക്കണമെന്ന്‌ ആഗ്രഹിക്കുന്നവരിൽ സംഭൽ മസ്‌ജിദ്‌, അജ്‌മീർ ദർഗ കേസുകൾ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. ഉത്തർപ്രദേശിലെ സംരക്ഷിത ചരിത്ര സ്‌മാരകമായ സംഭൽ ഷാഹി ജുമാ മസ്‌ജിദ്‌ ഹിന്ദുക്ഷേത്രമായിരുന്നുവെന്ന സംഘപരിവാർ അവകാശവാദമാണ്‌ കേസിനും സംഘർഷത്തിനും പൊലീസ്‌  വെടിവയ്‌പിനും അഞ്ചുപേരുടെ മരണത്തിനും ഇടയാക്കിയത്‌. സൂഫി ആചാര്യൻ ഖ്വാജ മൊയ്‌നുദ്ദീൻ ചിഷ്‌തി അന്ത്യവിശ്രമം കൊള്ളുന്ന രാജ്യാന്തര തീർഥാടന കേന്ദ്രമായ അജ്‌മീർ ദർഗയ്‌ക്കുമേലും സംഘപരിവാർ സമാനമായ വാദം ഉയർത്തുന്നു. അജ്‌മീർ ദർഗയിൽ സർവേ ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ചത്‌ സംഘപരിവാറിന്റെ സജീവപ്രവർത്തകൻ വിഷ്‌ണു ഗുപ്‌തയാണ്‌. 

സംഘപരിവാറിന്റെ  ‘കാശി, മഥുര ബാക്കി ഹേ’ എന്ന മുദ്രാവാക്യം വിപുലീകരിക്കുകയാണ്‌. അതോടൊപ്പം,    ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ നേരിട്ട തിരിച്ചടി മറികടക്കാൻ വർഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുകയെന്ന തന്ത്രവും  പയറ്റുന്നു.  ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലം വന്നശേഷം ഉത്തരേന്ത്യയിൽ ന്യൂനപക്ഷങ്ങൾക്കുനേരെ വ്യാപക  ആക്രമണമുണ്ടായി. ഇപ്പോൾ നടന്ന ജാർഖണ്ഡ്‌, മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ വർഗീയ വിദ്വേഷ പ്രചാരണമാണ്‌ ബിജെപി നേതാക്കൾ നടത്തിയത്‌.  ഉത്തർപ്രദേശ്‌, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക്‌ ക്ഷീണം സംഭവിച്ചിരുന്നു. ആരാധനാലയങ്ങളെച്ചൊല്ലിയുള്ള അവകാശവാദങ്ങളും തർക്കങ്ങളും വീണ്ടും സജീവമായി സംഘപരിവാർ ഉയർത്തുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും ഒത്താശ ചെയ്യുന്നുവെന്ന്‌  വ്യക്തമാക്കുന്നതാണ്‌ ഇക്കഴിഞ്ഞ സെപ്‌തംബറിൽ വിഎച്ച്‌പി  വിളിച്ച യോഗത്തിൽ നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിന്റെ പങ്കാളിത്തം.  വാരാണസി, മഥുര കേസുകളും വഖഫ്‌ ഭേദഗതി ബില്ലും ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ മുൻ ജഡ്‌ജിമാരും  പങ്കെടുത്തിരുന്നു. ക്ഷേത്രങ്ങൾ തിരിച്ചുപിടിക്കൽ, മതംമാറ്റം, ഗോഹത്യ തുടങ്ങിയ വിഷയങ്ങൾ യോഗം വിശദമായി ചർച്ച ചെയ്‌തുവെന്ന്‌ വിഎച്ച്‌പി വക്താക്കൾ  വിശദീകരിക്കുകയും ചെയ്‌തു.  വിഎച്ച്‌പി നേതാക്കൾക്കൊപ്പം വേദി പങ്കിടുന്നതിന്റെ ദൃശ്യം പരസ്യപ്പെടുത്താനും മന്ത്രി മേഘ്‌വാൾ തയ്യാറായി. രാജ്യത്താകെ പല പള്ളികളും മസ്‌ജിദുകളും മുമ്പ്‌ ഹിന്ദു ക്ഷേത്രങ്ങളായിരുന്നെന്ന്‌ സംഘപരിവാർ അനുകൂലികൾ പ്രചാരണം നടത്തുന്നുണ്ട്‌.  ഇതിന്റെ അടിസ്ഥാനത്തിൽ കോടതികളിൽ കേസുകൾ എത്തിക്കാനാണ്‌ ശ്രമം.  സംഘപരിവാർ നിയന്ത്രണത്തിലുള്ള പ്രാദേശിക സംഘടനകൾ വഴിയാണ്‌ ഈ തന്ത്രം നടപ്പാക്കുന്നത്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഈ പദ്ധതി വേഗത്തിൽ നീങ്ങുന്നു.

ബാബ്‌റി മസ്‌ജിദ്‌ കേസിൽ  2019ലെ സുപ്രീംകോടതി വിധിയെ നീതിയുക്തമായ തീർപ്പ്‌ എന്നതിലുപരി രാജ്യത്ത്‌ മതസൗഹാർദവും സമാധാനവും സംരക്ഷിക്കാനുള്ള മാർഗം എന്ന നിലയിലാണ്‌ പൊതുസമൂഹം കണ്ടത്‌. ആരാധനാലയങ്ങളെച്ചൊല്ലി ഇത്തരം അവകാശവാദങ്ങളും തർക്കങ്ങളും സംഘർഷങ്ങളും ആവർത്തിക്കുന്നത്‌ ഒഴിവാക്കാൻ 1991ൽ പ്രത്യേക നിയമവും കൊണ്ടുവന്നു. ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ മതനിരപേക്ഷ ശക്തികൾ സ്വീകരിച്ച ഉറച്ച നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരാധനാലയങ്ങൾ നിയമം (പ്രത്യേക വ്യവസ്ഥകൾ). ആരാധനാലയങ്ങളുടെ 1947 ആഗസ്‌ത്‌ 15ലെ  തൽസ്ഥിതി സംരക്ഷിക്കാനുള്ള നിയമത്തിൽനിന്ന്‌ ബാബ്‌റി മസ്‌ജിദിനെ മാത്രമാണ്‌ ഒഴിവാക്കിയത്‌. ഇപ്പോൾ സംഘപരിവാറിന്റെ അവകാശവാദങ്ങളുടെ പേരിൽ ഉയർന്നുവന്ന സംഭൽ മസ്‌ജിദ്‌, അജ്‌മീർ ദർഗ കേസുകൾ ഈ നിയമത്തിൽനിന്നുള്ള വ്യതിയാനമാണ്‌. വാരാണസി ജ്ഞാൻവ്യാപി മസ്‌ജിദിൽ സർവേ ആവശ്യപ്പെട്ടുവന്ന ഹർജിയിൽ സുപ്രീംകോടതി എടുത്ത നിലപാടാണ്‌ വീണ്ടും സമാനമായ കേസുകൾക്ക്‌ കാരണമായതെന്ന പരാതി പൊതുവെ  ഉയർന്നിട്ടുണ്ട്‌. 1991ലെ ആരാധനാലയ നിയമം 2019ൽ  സുപ്രീംകോടതിയും ശരിവച്ചതാണ്‌. ഈ നിയമം നടപ്പാക്കാനായാണ്‌ നീതിന്യായ സംവിധാനം നിലകൊള്ളേണ്ടത്‌. അതിനാൽ സംഭൽ മസ്‌ജിദ്‌, അജ്‌മീർ ദർഗ നിയമനടപടികൾ ഉടൻ അവസാനിപ്പിക്കാൻ സുപ്രീംകോടതി ഇടപെടണം.സംഭൽ മസ്‌ജിദ്‌ കമ്മിറ്റിയുടെ അപ്പീലിന്റെ അടിസ്ഥാനത്തിൽ സർവേ നടപടികൾ സുപ്രീംകോടതി സ്‌റ്റേ ചെയ്‌തിട്ടുണ്ട്‌. സമാധാനവും മൈത്രിയും നിലനിർത്തണമെന്ന്‌ ഉത്തർപ്രദേശ്‌ സർക്കാരിനോട്‌ ചീഫ്‌ ജസ്‌റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച്‌ ആവശ്യപ്പെട്ടതും ആശ്വാസകരമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top