19 December Thursday

ശ്രീലങ്ക പഠിപ്പിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


ശ്രീലങ്കൻ പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും പ്രസിഡന്റ്‌ അനുര കുമാര ദിസനായകെയുടെ നേതൃത്വത്തിലുള്ള  ഇടതുപക്ഷ സഖ്യം (നാഷണൽ പീപ്പിൾസ്‌ പവർ–- എൻപിപി) മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക്. രാഷ്‌ട്രീയ സുനാമിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ട ശ്രീലങ്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷവിജയം ജനങ്ങളുടെ ഒറ്റപ്പെട്ട വൈകാരിക പ്രകടനമല്ലെന്ന വ്യക്തമായ സൂചനയാണ്‌ ഇത്‌ നൽകുന്നത്‌.

ജനത വിമുക്തി പെരമുന (ജനകീയ വിമോചന മുന്നണി–- ജെവിപി) എന്ന മാർക്‌സിസ്റ്റ്–- ലെനിനിസ്റ്റ് പാർടിയുടെ നേതാവായ അനുര കുമാര ദിസനായകെയെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ 55. 89 ശതമാനം ജനങ്ങളാണ്‌ പിന്തുണച്ചതെങ്കിൽ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ അത്‌ 60 ശതമാനത്തിലും മുകളിലാണ്‌. ആകെയുള്ള 225 സീറ്റിൽ  ഭരണസഖ്യം മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ 160 സീറ്റോളം നേടുമെന്നാണ്‌ സൂചന. (കഴിഞ്ഞ പാർലമെന്റിൽ ഈ സഖ്യത്തിന്‌ കേവലം മൂന്നംഗങ്ങൾ മാത്രമായിരുന്നു). ഒന്നര മാസത്തിനുള്ളിൽ കൂടുതൽ ജനകീയാംഗീകാരം ഇടതുപക്ഷ സർക്കാരിന്‌ പിടിച്ചുപറ്റാൻ കഴിഞ്ഞെന്നർഥം.  മുൻപ്രസിഡന്റ്‌ രജപക്‌സെയുടെ പാർടിക്ക്‌ ഭൂരിപക്ഷമുള്ള നിലവിലുള്ള പാർലമെന്റിൽ ദിസനായകെയ്‌ക്ക്‌ തന്റെ മുന്നണിയുടെ ഇച്ഛയ്‌ക്കനുസരിച്ച്‌ ഭരിക്കാനാകുമായിരുന്നില്ല. ഭരണപരിഷ്‌കാരങ്ങൾക്കും നിയമനിർമാണത്തിനും തന്നെ അനുകൂലിക്കുന്ന പുരോഗമനപരമായ പാർലമെന്റ്‌ വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം. ദിസനായകെയുടെ വാഗ്‌ദാനങ്ങൾ ജനങ്ങൾ മുഖവിലയ്‌ക്ക്‌ എടുത്ത്‌ അദ്ദേഹത്തിന്റെ നയങ്ങൾ നടപ്പാക്കാൻ കഴിയുന്ന പാർലമെന്റിനാണ്‌ ജനങ്ങൾ അംഗീകാരം നൽകിയത്‌.

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തനിക്ക്‌ വോട്ട്‌ ചെയ്യാതിരുന്ന തമിഴ്‌ വംശജരുടെ പിന്തുണ ഈ തെരഞ്ഞെടുപ്പിൽ മുന്നണിക്ക്‌ നേടിയെടുക്കാൻ ദിസനായകെയ്‌ക്ക്‌ കഴിഞ്ഞെന്നും ഫലം വ്യക്തമാക്കുന്നു. എൽടിടിയുമായുള്ള ആഭ്യന്തര യുദ്ധാനന്തരം സർക്കാർ പിടിച്ചെടുത്ത തമിഴ്‌വംശജരുടെ ഭൂമി അവർക്കുതന്നെ വിട്ടുകൊടുക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ആ വിഭാഗത്തിൽ വിശ്വാസ്യത വളർത്താൻ ഏറെ സഹായിച്ചിട്ടുണ്ട്‌. ശ്രീലങ്കയിലെ എല്ലാ വിഭാഗങ്ങളിൽപ്പെട്ടവരെയും ഒരുമിച്ചു നിർത്തി രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധിയിൽനിന്ന് കരകയറ്റാൻ ദിസനായകെയ്‌ക്ക് കഴിയുമെന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നു.  പ്രസിഡന്റ്‌ പദത്തിലെ കഴിഞ്ഞ ഒന്നരമാസത്തിൽ ശ്രീലങ്കൻ ജനങ്ങളെ ഒന്നായി കണ്ട്‌ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങളും പ്രവർത്തനങ്ങളും വലിയ മതിപ്പുളവാക്കിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ ജയത്തിന്‌ വംശീയതയും വിഭാഗീയതയും ഉപകരണമാക്കിയ മുൻ ഭരണാധികാരികളിൽനിന്നുള്ള വലിയ മാറ്റമായാണ്‌ ഇത്‌ ജനങ്ങൾക്ക്‌ അനുഭവപ്പെട്ടത്‌. തദ്ദേശ, പ്രവിശ്യാ തെരഞ്ഞെടുപ്പുകൾ ഉടൻ നടത്തി അധികാരം ജനങ്ങൾക്കു നൽകുമെന്ന വാഗ്‌ദാനവും മാറ്റമായി കണ്ടു.

മുൻ ഭരണാധികാരികൾ നടപ്പാക്കിയ നവഉദാര സാമ്പത്തികനയം സൃഷ്‌ടിച്ച ജീവിതദുരന്തങ്ങളിൽ വലഞ്ഞ ഒരു ജനതയുടെ രോഷംകൂടിയാണ്‌ ഈ തെരഞ്ഞെടുപ്പ്‌ ഫലങ്ങൾ.  മുൻ ഗോട്ടബായ രജപക്‌സെ സർക്കാരിന്റെ നവഉദാര സാമ്പത്തികനയത്തിനെതിരെ 2022ൽ ഉണ്ടായ ജനകീയ പ്രതിഷേധത്തിന്റെ മുൻനിരയിൽ നിലയുറപ്പിച്ച പ്രസ്ഥാനമായിരുന്നു ജെവിപി. ജനകീയ പ്രതിഷേധത്തിനൊടുവിൽ രജപക്‌സെ കുടുംബത്തിന് രാജ്യം വിട്ടോടേണ്ടിവന്നു. തുടർന്ന്‌, രജപക്‌സെയുടെ പിന്തുണയോടെ പ്രസിഡന്റായ യുഎൻപി നേതാവ്‌ റനിൽ വിക്രമസിംഗെയും അതേ നയംതന്നെയാണ് തുടർന്നത്. മാത്രമല്ല അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യിൽനിന്ന്‌ 290 കോടി ഡോളർ വായ്‌പ എടുക്കാൻ ചെലവുചുരുക്കൽ നയം നടപ്പാക്കി. വൈദ്യുതിക്ക് ഉണ്ടായിരുന്ന സബ്‌സിഡി നിർത്തലാക്കി. മൂല്യവർധിത നികുതി ഉയർത്തി. മറുഭാഗത്ത്‌ കെടുകാര്യസ്ഥതയും അഴിമതിയും. ജനം വെറുത്ത നാളുകളായിരുന്നു.

അഴിമതിയും സ്വജനപക്ഷപാതവും കോർപറേറ്റ് ദാസ്യവും ഉൾപ്പെടെയുള്ള സാമ്പത്തികനയങ്ങൾ പൊളിച്ചെഴുതുമെന്ന സന്ദേശമാണ് ജെവിപി നൽകിയത്. തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവിതസുരക്ഷ ഉറപ്പാക്കുമെന്നും ഇവർ വാഗ്ദാനം ചെയ്‌തു. ഐഎംഎഫ്‌ വായ്‌പയുടെ ഭാഗമായുള്ള ജനവിരുദ്ധ നയങ്ങൾ ഉപേക്ഷിക്കുമെന്നും വ്യക്തമാക്കി. ഇതാണ്‌ ജനങ്ങളുടെ വിശ്വാസം നേടിയെടുത്തത്‌. അഴിമതി തീണ്ടാത്ത മുന്നണിയെന്നതും സ്വീകാര്യത ഇരട്ടിയാക്കി. അതിന്റെ തുടർച്ചയാണ്‌ പാർലമെന്റിൽ നേടിയ ഈ വിജയവും.  പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയശേഷം എതിരാളികളെ പ്രകോപിപ്പിക്കാതെ തീർത്തും സമാധാനപരമായ വിജയാഹ്ലാദ പ്രകടനങ്ങളും മുൻകാലത്തുനിന്നുള്ള മാറ്റമായി ജനംകണ്ടു.

ചുരുക്കത്തിൽ നവഉദാര സാമ്പത്തികനയത്തിലും അഴിമതിയിലും ആഭ്യന്തരയുദ്ധത്തിലും തകർന്ന ശ്രീലങ്കയെ പുനർനിർമിക്കാൻ സിംഹള, തമിഴ്‌, മുസ്ലീം വിഭജനമില്ലാതെ ജനത ഒറ്റക്കെട്ടായി നൽകിയ വിധിയായി ഇതിനെ കാണാം. സോഷ്യലിസത്തിന് മരണം പ്രവചിച്ചവർക്കും ചരിത്രം മുതലാളിത്തത്തിൽ അവസാനിക്കുമെന്ന്‌ പ്രവചിച്ചവർക്കും കനത്ത തിരിച്ചടിയാണ് ശ്രീലങ്കയിലെ ഇടതുപക്ഷവിജയം.  ഒപ്പം വംശീയതയും വർഗീയതയും ഉയർത്തി എക്കാലവും ജനങ്ങളെ ഭിന്നിപ്പിച്ച്‌ ഭരിക്കാനാകില്ലെന്ന പാഠവും ശ്രീലങ്ക നൽകുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top