മാതൃഭാഷ ഒരു ജനതയ്‌ക്ക് പകർന്ന അഭിമാനബോധത്തിൽനിന്ന് പിറവികൊണ്ട രാജ്യമാണ് നമ്മുടെ അയൽരാജ്യമായ ബംഗ്ലാദേശ്. കാൽനൂറ്റാണ്ടു മുമ്പ് ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി യുനെസ്‌കോ പ്രഖ്യാപിച്ചത്, 1952ൽ ആ ദിനത്തിൽ അന്നത്തെ കിഴക്കൻ പാകിസ്ഥാനിലെ ബംഗ്ലാ ഭാഷാസ്‌നേഹികൾ നടത്തിയ പ്രക്ഷോഭത്തിന് ആദരമായാണ്.
മതരാഷ്‌ട്രമായ പാകിസ്ഥാനിലെ ഭരണാധികാരികൾ പടിഞ്ഞാറൻഭാഗത്തെ ഭൂരിപക്ഷ ഭാഷയായ ഉർദു രാഷ്‌ട്രഭാഷയായി അടിച്ചേൽപ്പിച്ചപ്പോൾ അതിനെതിരെ ബംഗ്ലാ ഭാഷാസ്‌നേഹികൾ ആരംഭിച്ച പ്രക്ഷോഭമാണ് രണ്ടു പതിറ്റാണ്ടോളം കഴിഞ്ഞ് ബംഗ്ലാദേശ് വിമോചനത്തിലേക്ക് നയിച്ചത്. അരനൂറ്റാണ്ട് കഴിഞ്ഞ ആ മഹത്തായ വിമോചനയുദ്ധത്തിലെ സ്വാതന്ത്ര്യപ്പോരാളികളുടെ പിൻഗാമികൾക്ക് നൽകിവന്ന തൊഴിൽ സംവരണത്തിന്റെ പേരിൽ ഇപ്പോൾ ആ രാജ്യം ഗുരുതര പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്നു. സംവരണത്തിനെതിരെ വിദ്യാർഥികൾ ഒരുമാസംമുമ്പ് ആരംഭിച്ച പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ച പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ സർക്കാർ നിലംപതിച്ചു. ഇനി ആ രാജ്യം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ബംഗ്ലാ പാരമ്പര്യം നിലനിർത്തുമോ അതോ പാകിസ്ഥാനെപ്പോലെ മതരാഷ്‌ട്രമായി മാറുമോ എന്നതാണ് ലോകത്തെ ആശങ്കപ്പെടുത്തുന്നത്.
വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക് നൽകിവന്ന 30 ശതമാനം സംവരണ ആനുകൂല്യം 2018ൽ ബംഗ്ലാദേശ് സർക്കാർ അവസാനിപ്പിച്ചിരുന്നതാണ്. എന്നാൽ, അത് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ധാക്കയിലെ ഹൈക്കോടതി അനുകൂലവിധി നൽകിയതോടെയാണ് ആ സംവരണം പുനഃസ്ഥാപിക്കപ്പെട്ടത്. ഷെയ്‌ഖ് ഹസീനയുടെ അച്ഛൻ ഷെയ്‌ഖ് മുജിബുർ റഹ്‌മാൻ നയിച്ച വിമോചനപ്പോരാട്ടത്തിൽ പങ്കെടുത്തത് പ്രധാനമായും അവാമി ലീഗുകാരായതിനാൽ സർക്കാർ ജോലികളിൽ ഭരണകക്ഷിക്കാരെ കുത്തിനിറയ്‌ക്കാൻ എന്നാരോപിച്ച് ഇതിനെതിരെ വിദ്യാർഥികൾ സമരമാരംഭിച്ചത് ജൂലൈ ഒന്നിനായിരുന്നു. രണ്ടാഴ്‌ച കഴിഞ്ഞ് ജൂലൈ 16ന് സമരം അക്രമാസക്തമാകുകയും ഏതാനും വിദ്യാർഥികൾ കൊല്ലപ്പെടുകയും ചെയ്‌തതോടെയാണ് സ്ഥിതി വഷളാകാൻ ആരംഭിച്ചത്.
വിമോചന യുദ്ധകാലത്ത് പാക് പട്ടാളത്തിനൊപ്പംനിന്ന് സ്വാതന്ത്ര്യപ്പോരാളികളെ വേട്ടയാടിയ ജമാഅത്തെ ഇസ്ലാമിയും അവരുടെ സഖ്യകക്ഷിയായ മുൻ ഭരണകക്ഷി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർടിയും മറ്റും അവസരം മുതലാക്കാൻ തീരുമാനിച്ചപ്പോൾ രാജ്യം ആഭ്യന്തരയുദ്ധത്തിന് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. വിമോചനയുദ്ധകാലത്തെ അതിക്രമങ്ങളുടെ പേരിൽ നേതാക്കൾക്കെതിരെ ഹസീന സർക്കാർ നിയമനടപടികൾ സ്വീകരിച്ചതും പലർക്കും വധശിക്ഷയടക്കം ലഭിച്ചതും ജമാഅത്തെ ഇസ്ലാമിയെ തളർത്തിയിരിക്കുകയായിരുന്നു.
ഇതിനിടെ വിഷയത്തിൽ ഇടപെട്ട സുപ്രീംകോടതി വിവാദസംവരണം അഞ്ചു ശതമാനമായി വെട്ടിക്കുറച്ച് കഴിഞ്ഞ 21ന് ഉത്തരവിട്ടത് പ്രക്ഷോഭത്തെ അൽപ്പം തണുപ്പിച്ചതാണ്. എന്നാൽ, രണ്ടാഴ്‌ച പിന്നിട്ടപ്പോൾ പ്രക്ഷോഭം പെട്ടെന്ന് കലാപമായി മാറുന്നതും കൂടുതലാളുകൾ കൊല്ലപ്പെടുന്നതുമാണ് ലോകം കണ്ടത്. ഇതിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിപോലുള്ള സംഘടനകളാണെന്നാരോപിച്ച് സർക്കാർ അവയെ നിരോധിച്ചെങ്കിലും ഫലമുണ്ടായില്ല. കഴിഞ്ഞ ജനുവരിയിൽ തുടർച്ചയായി നാലാംവട്ടം പ്രധാനമന്ത്രിയായി അധികാരമേറ്റ ഷെയ്‌ഖ് ഹസീന ഒടുവിൽ സ്ഥാനമൊഴിഞ്ഞ് രാജ്യം വിടാൻ നിർബന്ധിതയായി. തന്റെ ഭരണത്തിൽ ബംഗ്ലാദേശ് ദക്ഷിണേഷ്യയിൽ ഏറ്റവും വളരുന്ന രാജ്യമായി മാറിയത് നൽകിയ അമിത ആത്മവിശ്വാസവും ഹസീനയ്‌ക്ക് വിനയായി. ഇതോടെ ബംഗ്ലാദേശ് രാഷ്‌ട്രീയം പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ്.
ഭരണം ഏറ്റെടുത്ത സൈനിക മേധാവി ജനറൽ വഖാർ ഉസ് സമാൻ ബിഎൻപിയും ജമാഅത്തെ ഇസ്ലാമിയുമടക്കമുള്ള പ്രതിപക്ഷ കക്ഷികളുമായും വിദ്യാർഥി പ്രക്ഷോഭകരുടെയും പൗരസമൂഹത്തിന്റെയുമടക്കം വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളുമായും ചർച്ച നടത്തിയിട്ടുണ്ട്. ഉടൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അഴിമതിക്കേസിൽ ജയിലിലായിരുന്ന മുൻ പ്രധാനമന്ത്രിയും ബിഎൻപി നേതാവുമായ ഖാലിദ സിയ അടക്കമുള്ളവരെ പ്രതിപക്ഷ ആവശ്യമനുസരിച്ച് മോചിപ്പിച്ചു. 2008ൽ സൈന്യത്തിന്റെ പിന്തുണയുണ്ടായിരുന്ന ഇടക്കാല സർക്കാരിന്റെ കാലത്താണ് ഖാലിദയ്‌ക്കെതിരെ ആദ്യം അഴിമതിക്കേസ് ചുമത്തിയത്.
ഷെയ്‌ഖ് ഹസീനയുമായി ശത്രുതയിലായിരുന്ന നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിനെ ഇടക്കാല സർക്കാരിന്റെ ഉപദേഷ്‌ടാവാക്കണമെന്ന് സമരനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മതനിരപേക്ഷവാദിയായ രാഷ്‌ട്രപിതാവുകൂടിയായ മുജിബുർ റഹ്‌മാന്റെ പ്രതിമ തകർത്തതും അദ്ദേഹത്തിന്റെ സ്‌മാരക മ്യൂസിയം കത്തിച്ചതുമടക്കം തിങ്കളാഴ്‌ച ഭരണമാറ്റത്തെ തുടർന്നുണ്ടായ അതിക്രമങ്ങൾ രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കയുണർത്തുന്നതാണ്. ബംഗ്ലാദേശ് മതരാഷ്‌ട്രവാദികളുടെ കൈയിലാകാതിരിക്കാൻ ജനങ്ങളെ സഹായിക്കുകയാണ് ശിഷ്‌ടലോകത്തിന് ചെയ്യാവുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..