22 December Sunday

തെരഞ്ഞെടുപ്പ് 
പ്രചാരണത്തിൽ വിഷം ചീറ്റി ബിജെപി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024


തെരഞ്ഞെടുപ്പ്‌ പ്രചാരണ യോഗങ്ങളിൽ വർഗീയവിഷം ചീറ്റുക എന്നത്‌ ബിജെപി അജൻഡയാക്കി എടുത്തിരിക്കുകയാണ്‌. പ്രധാനമന്ത്രി മോദി, ആഭ്യന്തരമന്ത്രി അമിത്‌ ഷാ, യോഗി ആദിത്യനാഥ്‌, ഹിമന്ത ബിസ്വ സർമ തുടങ്ങിയ മുഖ്യമന്ത്രിമാരുമാണ്‌ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച്‌ നിരന്തരം വിദ്വേഷപ്രസംഗങ്ങൾ ആവർത്തിക്കുന്നത്‌. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമുതലാണ്‌ ബിജെപി വിദ്വേഷ, കള്ളപ്രചാരണങ്ങൾ വ്യാപകമാക്കിയത്‌. ഇപ്പോൾ, ജാർഖണ്ഡിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിദ്വേഷപ്രസംഗത്തിന്റെ എല്ലാ സീമകളും ലംഘിച്ചു. വർഗീയവും ജാതീയവുമായ ചേരിതിരിവുണ്ടാക്കി നേട്ടമുണ്ടാക്കാനാണ്‌ ബിജെപിയുടെ തീവ്രശ്രമം. മഹാരാഷ്ട്രയിൽ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടന്നപ്പോൾ കടുത്ത വിദ്വേഷ പ്രസ്താവനകളാണ്‌ നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്‌. വിവേചനത്തിനും അക്രമത്തിനും കാരണമായേക്കാവുന്ന വിവാദ പ്രസ്താവനകളാണ്‌ ഓരോ ദിവസവും കളംനിറയുന്നത്‌.

ജാർഖണ്ഡിന്റെയും മഹാരാഷ്ട്രയുടെയും ചരിത്രപരമായ വൈവിധ്യത്തിനും ബഹുസ്വരതയ്ക്കും കനത്ത ഭീഷണിയായി പ്രകോപനപരമായ പ്രസ്താവനകൾ മാറിയിട്ടുണ്ട്. വർഗീയ, വിദ്വേഷ പ്രചാരണം നടത്തിയ നേതാക്കൾക്കെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും തെരഞ്ഞെടുപ്പ്‌ കമീഷൻ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കേരളത്തിലെ മൂന്ന്‌ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽപ്പോലും കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിയും ബി ഗോപാലകൃഷ്‌ണൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും വിദ്വേഷ, വർഗീയ പരാമർശങ്ങൾ ഉയർത്തി. മതത്തിന്റെയോ ജാതിയുടെയോ സമുദായത്തിന്റെയോ പേരിൽ രണ്ട് വിഭാഗം ആളുകൾക്കിടയിൽ വിദ്വേഷം വളർത്തിയും പണവും മസിൽ പവറും ഉപയോഗിച്ച്‌ വോട്ട്‌ കൈക്കലാക്കുന്നതും ദുഷിച്ച പ്രവണതയാണെന്ന്‌ മുമ്പ്‌ സുപ്രീംകോടതിതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.  ഈ ദുഷിച്ച പ്രവണതയെ പ്രോത്സാഹിപ്പിക്കുകയാണ്‌ ബിജെപി നിയന്ത്രണത്തിലുള്ള തെരഞ്ഞെടുപ്പ്‌ കമീഷൻ.

മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണെന്ന്‌ പരസ്യമായി കണ്ടെത്തിയ പരാതികളിൽപ്പോലും തെരഞ്ഞെടുപ്പ്‌ കമീഷൻ നടപടിയെടുക്കുന്നില്ല. വർഗീയ വിദ്വേഷപ്രസംഗം, വസ്‌തുതകളുടെ വളച്ചൊടിക്കലുകൾ, നഗ്നമായ അസത്യങ്ങൾ പ്രചരിപ്പിക്കൽ, തെറ്റായ വ്യാഖ്യാനങ്ങൾ, പ്രതിപക്ഷത്തിനുനേരെ അധിക്ഷേപങ്ങൾ ചൊരിയൽ എന്നിവയെല്ലാം ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കി. പ്രത്യേക മതത്തിന്റെ അനുയായികളെക്കുറിച്ചുള്ള അങ്ങേയറ്റം വിഷലിപ്തമായ പരാമർശങ്ങളുള്ളതും ഒരു വിഭാഗം വോട്ടർമാരിൽ വിദ്വേഷം വളർത്തുന്നതുമായ പ്രസംഗങ്ങൾ ബിജെപിയുടെ എംപിമാർമുതൽ പ്രധാനമന്ത്രിവരെ നിരന്തരം തുടരുകയാണ്‌. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ മോദി മാസങ്ങളോളം മുസ്ലിംവിരുദ്ധ പ്രസംഗങ്ങൾ തുടർന്നു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കെ മോദി നടത്തിയ 173 പ്രസംഗങ്ങളിൽ 110ലും മുസ്ലിംവിരുദ്ധ പരാമർശങ്ങൾ അടങ്ങിയതായി പ്രസംഗങ്ങൾ വിശകലനം ചെയ്‌ത ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്ആർഡബ്ല്യു) വിലയിരുത്തിയിരുന്നു. ഇത് അപരിഷ്‌കൃതം മാത്രമല്ല അപകടകരവുമാണ്. വിഷം ചീറ്റുന്ന ബിജെപി നേതാക്കളുടെ ഓരോ പ്രസ്താവനയും മുസ്ലിങ്ങൾക്കെതിരായ അക്രമത്തിലേക്ക് നയിക്കുന്നു.  ഉത്തരവാദപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്ന ആളുകളിൽനിന്നുണ്ടാകുന്ന അത്തരം വിദ്വേഷ പ്രസംഗങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കഴിഞ്ഞ 10 വർഷമായി മുസ്ലിങ്ങളെ അവഹേളിക്കുകയും അപമാനിക്കുകയും ആക്രമിക്കുകയും തല്ലിക്കൊല്ലുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്‌.

ആഭ്യന്തരമന്ത്രി എന്ന കാര്യംപോലും മറന്നാണ്‌ അമിത് ഷാ പ്രകോപനപരവും വിവാദപരവുമായ പ്രസ്താവനകൾ തുടരുന്നത്‌. മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യം ഏറെ മുന്നേറുന്ന സാഹചര്യത്തിൽ പരാജയഭീതിമൂലമാണ്‌ പിന്നാക്ക വിഭാഗക്കാരുടെ സംവരണം വെട്ടിക്കുറച്ച് മുസ്ലിങ്ങൾക്ക് നൽകുമെന്ന ഭീതി പടർത്തുന്നത്‌. എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലിങ്ങൾക്ക് നൽകുമെന്നാണ്‌ മോദിയും അമിത്‌ ഷായും തുടർച്ചയായി പ്രചരിപ്പിക്കുന്നത്‌. ഭൂമി ജിഹാദും ലൗജിഹാദും ജനസംഖ്യാശാസ്ത്രം മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്നു. മുസ്ലിങ്ങളെ നുഴഞ്ഞുകയറ്റക്കാരായി ആക്ഷേപിച്ച്‌ ജാർഖണ്ഡിൽ പ്രസംഗിച്ചതിനു പിന്നാലെയാണ് പ്രധാനമന്ത്രി മഹാരാഷ്‌ട്രയിലും വർഗീയത ആളിക്കത്തിക്കുന്നത്‌.  ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും വിദ്വേഷപ്രചാരണം തീവ്രമാക്കി. അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ സർമ എല്ലാ സീമകളും ലംഘിച്ചുള്ള വിദ്വേഷപ്രസംഗമാണ്‌ തുടരുന്നത്‌. ഭരണഘടനാ പദവി വഹിക്കുന്നവർക്ക്‌  ചെയ്യാൻ കഴിയുന്ന കാര്യമല്ല ഇതൊന്നും. അതൊരു ക്രിമിനൽ കുറ്റമാണ്. പൊ​തു​വേ​ദി​യി​ൽ നിരന്തരം വി​ദ്വേ​ഷ– -വർഗീയ പ​രാ​മ​ർ​ശം നടത്തുന്ന​ മോ​ദി​യെയും സംഘത്തെയും നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ്‌ കമീഷൻ പ്രോത്സാഹിപ്പിക്കുന്നു.  ഭരണഘടനാ സംവിധാനമായ തെരഞ്ഞെടുപ്പ്‌ കമീഷനാണ്‌ ഇവിടെ പരാജയപ്പെട്ടിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top