22 November Friday

കൊടകരയിൽ മറിഞ്ഞ കോടികൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


1947ൽ രാജ്യത്തിന്‌ സ്വാതന്ത്ര്യം ലഭിച്ചശേഷം ചെറിയ ഇടവേളകൾ മാറ്റിനിർത്തിയാൽ 2014 വരെ ഇന്ത്യ ഭരിച്ച പാർടിയാണ്‌  കോൺഗ്രസ്‌. പല ഘട്ടങ്ങളിലായി പതിറ്റാണ്ടുകൾ നീണ്ട ഭരണം കോൺഗ്രസിനെ അടിമുടി അഴിമതിഗ്രസ്‌തമാക്കി. എന്നാൽ കോൺഗ്രസിനേക്കാൾ വേഗത്തിലാണ്‌ ബിജെപി നേതൃത്വമാകെ ഇന്ന്‌  അഴിമതിയുടെ ചെളിക്കുണ്ടിൽ മുങ്ങിത്താഴുന്നത്‌. 

ഇലക്‌ടറൽ ബോണ്ട്‌ എന്ന പേരിൽ രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ വിലാസം അഴിമതി നടത്തി ശതകോടികൾ വാരിയ ബിജെപി ദേശീയ നേതൃത്വം അതിനുമുമ്പ്‌ നോട്ടു നിരോധനം മറയാക്കി ബാങ്കുകൾ വഴി  കോടികൾ വെട്ടിച്ചെന്ന ആരോപണവും നേരിട്ടിരുന്നു. ബിജെപി ദേശീയ നേതൃത്വത്തിന്റെ മെഗാ അഴിമതികളുടെ പങ്കുപറ്റുന്നവരാണ്‌ കേരളത്തിലെ ബിജെപി നേതൃത്വം. ഓരോ തെരഞ്ഞെടുപ്പും ഓരോ ഉപതെരഞ്ഞെടുപ്പും കേരളത്തിലെ ബിജെപി നേതാക്കൾക്ക്‌ അഴിമതിയുടെ പൂരക്കാലമാണ്‌. നഗ്‌നമായ സാമ്പത്തിക ക്രമക്കേടുകൾക്ക്‌ നേതൃത്വം നൽകുന്ന കെ സുരേന്ദ്രൻ അടക്കമുള്ളവർ വാഴുന്ന അഴിമതിമലയുടെ അഗ്രംമാത്രമാണ്‌  കൊടകര കള്ളപ്പണം കടത്തലിലൂടെ നാം കാണുന്നത്‌. എന്നാൽ,  കേന്ദ്രസർക്കാരിന്റെ  തണലുണ്ടെങ്കിൽ ഏതു സാമ്പത്തിക കുറ്റകൃത്യവും ചെയ്യാമെന്ന കെ സുരേന്ദ്രന്റെ  അഹന്തയ്‌ക്കേറ്റ തിരിച്ചടിയാണ്‌ തൃശൂരിലെ  ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ്‌ സെക്രട്ടറിയുടെ രണ്ടു ദിവസമായുള്ള വെളിപ്പെടുത്തൽ.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ ആറുചാക്കുകളിലായി കോടികളുടെ കുഴൽപ്പണം തൃശൂർ ഓഫീസിൽ  എത്തിച്ചെന്ന തിരൂർ സതീശിന്റെ  വെളിപ്പെടുത്തൽ ബിജെപിയെ അക്ഷരാർഥത്തിൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്‌. പണത്തിലൊരു പങ്ക്‌ ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയ്‌ക്ക്‌ നൽകാൻ കൊണ്ടുപോകുമ്പോഴാണ്‌ കൊടകരയിൽ  വ്യാജഅപകടം സൃഷ്‌ടിച്ച്‌ മൂന്നരക്കോടി തട്ടിയത്‌. ഇത്‌  ആർക്കുവേണ്ടിയായിരുന്നു എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ട കേന്ദ്ര അന്വേഷണ ഏജൻസി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ എല്ലാമറിഞ്ഞിട്ടും ഇരുട്ടിൽത്തപ്പുകയാണ്‌.

നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 41.4 കോടി രൂപയുടെ കുഴൽപ്പണം  ഇറക്കിയെന്ന്‌ പൊലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. കള്ളപ്പണ ഇടപാടിന്റെ  അന്വേഷണം സംസ്ഥാന പൊലീസിന്റെ  പരിധിയിലല്ല. അതുകൊണ്ടുതന്നെ ഇതേക്കുറിച്ചുള്ള കേരള പൊലീസിന്റെ പ്രത്യേകാന്വേഷക സംഘം അവരുടെ എല്ലാ കണ്ടെത്തലും  എൻഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റിനും ആദായനികുതി വകുപ്പിനും തെരഞ്ഞെടുപ്പ്‌ കമീഷനും കൈമാറിയിരിക്കുകയാണ്‌. കേസ്‌ സ്വതന്ത്രമായി അന്വേഷിച്ചാൽ അകത്താകുക കെ സുരേന്ദ്രനും സംഘവുമാകുമെന്നതുകൊണ്ടുതന്നെ ഇഡി ഈ കേസ്‌ തൊടാനറയ്‌ക്കും. കുഴൽപ്പണത്തിന്റെ വിദേശബന്ധം കണ്ടെത്താനാകില്ലെന്ന്‌ ന്യായം പറഞ്ഞാണ്‌ കോടതിയിൽനിന്നടക്കം ഇഡി ഒഴിഞ്ഞു മാറിയത്‌. 

ഈ കുഴൽപ്പണക്കേസ്‌ പുറത്തുകൊണ്ടുവരുന്നത്‌ ബിജെപിയുടെ അഴിമതിയുടെ ജീർണിച്ച  വികൃതചിത്രം മാത്രമല്ല, കേന്ദ്ര അന്വേഷണ ഏജൻസികളുടെ, പ്രത്യേകിച്ച്‌ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്റെ ഇരട്ടത്താപ്പുകൂടിയാണ്‌. ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തിലെ ചെറിയ ക്രമക്കേടുകൾക്കുമേൽ രാഷ്‌ട്രീയലക്ഷ്യം വച്ച്‌ ചാടിക്കടിക്കുന്ന അന്വേഷണ ഏജൻസികൾക്ക്‌ കേന്ദ്രഭരണകക്ഷി നേതാക്കൾ  ഉൾപ്പെട്ട കേസുകൾ തൊടാൻ ഭയമാണ്‌. ബിജെപി നേതാക്കളാണ്‌ കുഴൽപ്പണം കടത്തലിന്റെയും വ്യാജ അപകടത്തിന്റെയും പിന്നിലെന്ന്‌ വ്യക്തമായതോടെ  ഇഡി പേടിച്ചു പിന്മാറുകയായിരുന്നു. കേന്ദ്ര അന്വേഷണ ഏജൻസികൾ ബിജെപി ഘടകകക്ഷികളായി പ്രവർത്തിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശരിവയ്‌ക്കുന്നതാണ്‌  കൊടകര കേസിലുള്ള ഇഡിയുടെ ഇടപെടൽ.

എതിരാളികളെ വേട്ടയാടിയും കെണിവച്ചും പിടിക്കുക മാത്രമല്ല, ഭരണകക്ഷി നേതാക്കൾ പ്രതികളായുള്ള കേസുകൾ മുഴുമിപ്പിക്കാതെയും തെറ്റായ വിവരങ്ങൾ ഹാജരാക്കിയും തളർത്തിയിടുക എന്നതാണ്‌ ഇഡിയുടെ തന്ത്രം. എതിരാളികളെ പൂട്ടുക മാത്രമല്ല, ബിജെപി നേതാക്കൾക്കായി രക്ഷാദൗത്യം നടത്തുക എന്നതുകൂടി ഇഡിക്ക്‌ ബിജെപി കേന്ദ്ര നേതൃത്വം കൽപ്പിച്ചു നൽകിയ ചുമതലകളിൽപ്പെടുന്നുണ്ട്. ഏതായാലും മുൻ ഓഫീസ്‌ സെക്രട്ടറിയുടെ ഗുരുതരമായ വെളിപ്പെടുത്തലുകൾ വിശദമായ ഒരന്വേഷണത്തിനുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്‌. ബിജെപി കേരള ഘടകത്തിലെ അഴിമതികൾ മാത്രമല്ല, നേതൃത്വത്തിൽ ശക്തമായ ചേരിതിരിവുകൂടി പുറത്തെത്തിക്കും പുതിയ ആരോപണങ്ങൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top