22 December Sunday

മാധ്യമ പുകമറയും കള്ളവോട്ടും

വെബ് ഡെസ്‌ക്‌Updated: Tuesday Apr 30, 2019


പരാജയം ഉറപ്പിച്ച യുഡിഎഫും അവരെ പിന്തുണയ‌്ക്കുന്ന ഒരു വിഭാഗം മാധ്യമങ്ങളും സൃഷ്ടിക്കുന്ന പുകമറയിൽ അപഹാസ്യമാകുന്നത‌് സംസ്ഥാനത്തെ ജനാധിപത്യസംവിധാനംതന്നെയാണ‌്. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവൽക്കരിച്ചും പർവതീകരിച്ചും യുഡിഎഫും ചില മാധ്യമങ്ങളും നടത്തുന്ന കള്ളക്കളി ജനാധിപത്യത്തിന്റെ  മുഖത്ത്‌ കരിതേക്കലാണ്‌. മുൻകാലങ്ങളെ അപേക്ഷിച്ച‌് ഇപ്പോഴത്തെ പോളിങ‌് നടപടിക്രമങ്ങൾ തികച്ചും കുറ്റമറ്റതാണെന്ന‌് എല്ലാവർക്കും ബോധ്യമുണ്ട‌്. പുതിയ വോട്ടർമാരെ ചേർക്കാനും വോട്ടർ പട്ടികയിലെ അനർഹരെ ഒഴിവാക്കാനുമൊക്കെ ആവശ്യത്തിലേറെ സമയം ലഭിച്ച തെരഞ്ഞെടുപ്പാണ‌് ഇത്തവണത്തേത‌്. വിവിധ രാഷ്ട്രീയകക്ഷികളുടെ പ്രവർത്തകർ ജാഗ്രതയോടെയാണ‌് ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത‌്.   അപേക്ഷകരെയും  ആക്ഷേപം ഉന്നയിച്ചവരെയും ഹിയറിങ്ങിന‌് വിളിച്ച‌്  തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയ ശേഷമാണ‌്  ചുമതലപ്പെട്ട ഉദ്യോഗസ്ഥർ തീരുമാനം എടുക്കുന്നത‌്. ഇത്തരത്തിൽ രൂപപ്പെട്ട വോട്ടർ പട്ടിക കുറ്റമറ്റതാണെന്നാണ‌് തെരഞ്ഞെടുപ്പ‌്  ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇക്കുറി ഉയർന്ന പോളിങ‌് ശതമാനത്തിന‌് കാരണമായതും ഇതുതന്നെയെന്ന‌് അവർ ചൂണ്ടിക്കാട്ടുന്നു.

വോട്ടെടുപ്പ‌് വരെ തെരഞ്ഞെടുപ്പ‌് പ്രക്രിയയെക്കുറിച്ച‌് കാര്യമായ ഒരു പരാതിയും യുഡിഎഫും മാധ്യമങ്ങളും ഉന്നയിച്ചിരുന്നില്ല. പോളിങ‌് ദിവസവും എവിടെയെങ്കിലും പ്രശ‌്നങ്ങൾ ഉള്ളതായി പരാതി ഉയർന്നിട്ടില്ല. യന്ത്രത്തകരാറുകൾ കാരണം പലയിടത്തും രാത്രിയോടെയാണ‌് വോട്ടെടുപ്പ‌് പൂർത്തിയായത‌്. പിറ്റേന്ന‌് ഉച്ചയോടെ പോളിങ്ങുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സൂക്ഷ‌്മപരിശോധന നടത്തിയാണ‌്  വോട്ടെടുപ്പ‌് പ്രക്രിയ പൂർത്തിയായതായി വരണാധികാരി പ്രഖ്യാപിച്ചത‌്. ചെറിയൊരു പരാതിയെങ്കിലും ഉയർന്നാൽ അത‌് പരിശോധിക്കാതെ മുന്നോട്ടുപോകാനാകില്ല. കാരണം കേരളത്തിലെ പ്രമുഖ മുന്നണികളുടേതുൾപ്പെടെ മിക്ക സ്ഥാനാർഥികളുടെയും  പ്രതിനിധികൾ ഈ  സൂക്ഷ‌്മപരിശോധനയിൽ പങ്കെടുത്തു. കേരളത്തിലെ വേട്ടെടുപ്പ‌് സമാധാനപരവും പ്രശ‌്നരഹിതവുമായിരുന്നുവെന്നാണ‌് പിറ്റേന്ന‌് എല്ലാ മാധ്യമങ്ങളും റിപ്പോർട്ട‌് ചെയ‌്തത‌്.

തെരഞ്ഞെടുപ്പ‌് കമീഷൻ ഒരുക്കുന്ന സൗകര്യങ്ങളും മുൻകരുതലുകളും എല്ലാം സമയാസമയങ്ങളിൽ പരസ്യപ്പെടുത്താറുണ്ട‌്. ബൂത്തുകളിൽനിന്നുള്ള വെബ‌് കാസ്റ്റിങ‌് ആണ‌് ഇത്തവണത്തെ പ്രധാന സവിശേഷത. ജില്ലാകേന്ദ്രത്തിൽനിന്ന‌് നേരിട്ട‌് വീക്ഷിക്കാവുന്ന ക്യാമറ സംവിധാനമാണ‌് വെബ‌്കാസ‌്റ്റിങ‌്

തെരഞ്ഞെടുപ്പ‌് കമീഷൻ ഒരുക്കുന്ന സൗകര്യങ്ങളും മുൻകരുതലുകളും എല്ലാം സമയാസമയങ്ങളിൽ പരസ്യപ്പെടുത്താറുണ്ട‌്. ബൂത്തുകളിൽനിന്നുള്ള വെബ‌് കാസ്റ്റിങ‌് ആണ‌് ഇത്തവണത്തെ പ്രധാന സവിശേഷത. ജില്ലാകേന്ദ്രത്തിൽനിന്ന‌് നേരിട്ട‌് വീക്ഷിക്കാവുന്ന ക്യാമറ സംവിധാനമാണ‌് വെബ‌്കാസ‌്റ്റിങ‌്. ഇതിനായി വിപുലമായ സംവിധാനമാണ‌് ഒരുക്കിയത‌്. വൈദ്യുതി തകരാറോ മറ്റോ കാരണം വെബ‌് കാസ‌്റ്റിങ‌് തടസ്സപ്പെടുമ്പോൾ കൺട്രോൾ റൂമിൽനിന്ന‌് ഉടനെ ഫോണിൽ അന്വേഷണംവന്ന കാര്യം ഉദ്യോഗസ്ഥരും ബൂത്ത‌് ഏജന്റുമാരും സാക്ഷ്യപ്പെടുത്തുന്നുണ്ട‌്. റെക്കോഡിങ‌് സൗകര്യമുള്ള വെബ‌് കാസ‌്റ്റിങ‌്  കലക്ടർ ഉൾപ്പെടെയുള്ള സീനിയർ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു.

ഈ സംവിധാനങ്ങൾക്കുപുറമെ മാധ്യമപ്രവർത്തകരെ നേരിൽ ബൂത്തുകളിൽ എത്തിക്കുന്നതിന‌് വാഹനസൗകര്യവും പിആർഡി ഒരുക്കി. ദൃശ്യ–- പത്രമാധ്യമപ്രവർത്തകർക്ക‌് ആവശ്യമായ പാസുകൾ നൽകി സ്വന്തം വാഹനങ്ങളിലും ബൂത്ത‌് സന്ദർശനത്തിന‌് സൗകര്യമൊരുക്കി. തികച്ചും സുതാര്യമായിരുന്നു തെരഞ്ഞെടുപ്പ‌്‌ പ്രക്രിയ എന്ന‌് മാധ്യമങ്ങൾ അന്നും പിറ്റേന്നും ജനങ്ങളെ അറിയിക്കുകയും ചെയ‌്തു. ഏതാനും ദിവസങ്ങൾക്ക‌് ശേഷം ആദ്യം പറഞ്ഞതെല്ലാം വിഴുങ്ങി യുഡിഎഫിന്റെ ഗൂഢാലോചന ചില മാധ്യമങ്ങൾ ഏറ്റെടുത്ത‌ത‌് അങ്ങേയറ്റം അപഹാസ്യമായി. ഇപ്പോൾ ആരോപണം ഉയർന്നിട്ടുള്ള കാസർകോട‌് മണ്ഡലത്തിലെ യുഡിഎഫ‌് സ്ഥാനാർഥി പറഞ്ഞത‌് കള്ളവോട്ട‌് തടയാനുള്ള ഇലക‌്ഷൻ കമീഷന്റെ ഇടപെടൽ ഫലപ്രദമായി എന്നാണ‌്‌. എന്നാൽ, കാറ്റ‌് തങ്ങൾക്ക‌് അനുകൂലമല്ലെന്ന‌് മനസ്സിലാക്കിയതോടെ യുഡിഎഫ‌് വാക്കുമാറ്റി ദുരാരോപണങ്ങളുമായി രംഗത്തിറങ്ങുകയായിരുന്നു.

വെബ്‌കാസ‌്റ്റിങ‌് വീഡിയോ രഹസ്യരേഖയല്ലെന്ന‌് എല്ലാവർക്കുമറിയാം. എന്നാൽ, എന്തോ വലിയ കണ്ടുപിടിത്തം നടത്തിയെന്ന അവകാശവാദവുമായാണ‌് യുഡിഎഫും ചിലമാധ്യമങ്ങളും ഉറഞ്ഞു തുള്ളുന്നത‌്

വെബ്‌കാസ‌്റ്റിങ‌് വീഡിയോ രഹസ്യരേഖയല്ലെന്ന‌് എല്ലാവർക്കുമറിയാം. എന്നാൽ, എന്തോ വലിയ കണ്ടുപിടിത്തം നടത്തിയെന്ന അവകാശവാദവുമായാണ‌് യുഡിഎഫും ചിലമാധ്യമങ്ങളും ഉറഞ്ഞു തുള്ളുന്നത‌്. കല്യാശേരി നിയമസഭാമണ്ഡലത്തിലെ പിലാത്തറയിൽ ഒരു ബൂത്തിൽ ചില സ‌്ത്രീവോട്ടർമാരുടെ  ദൃശ്യങ്ങൾ ആവർത്തിച്ചു കാണിച്ചാണ‌് മാധ്യമങ്ങൾ പുകമറ സൃഷ്ടിക്കുന്നത‌്. ശാരീരിക അവശത, കാഴ‌്ചക്കുറവ‌് എന്നിവയുള്ള വോട്ടർമാരെ സഹായിക്കാൻ 18 വയസ്സ‌് പൂർത്തിയായ ആർക്കും തെരെഞ്ഞെടുപ്പ‌് കമീഷൻ അനുമതി നൽകിയിട്ടുണ്ട‌്. സത്യവാങ‌്മൂലം സമർപ്പിച്ച‌് വോട്ടറുടെ അവശത ചുമതലപ്പെട്ട തെരഞ്ഞെടുപ്പ‌്  ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തി ചെയ്യുന്ന ഈ വോട്ട‌് തികച്ചും നിയമാനുസൃതമാണ‌്‌.  പോളിങ‌്‌ ഏജന്റുമാർ ബൂത്തിൽ പ്രവേശിക്കുന്നതും പുറത്തുപോകുന്നതുമൊക്കെ എടുത്തുകാണിച്ച‌്  ബൂത്തുപിടിത്തമെന്ന‌് വ്യാഖ്യാനിക്കുന്നവരുടെ അജ്ഞതയോട‌് സഹതപിക്കാനേ നിർവാഹമുള്ളൂ. ചാനലുകളുടെ ചുവടുപിടിച്ച‌് ചില പത്രങ്ങളും ഇതേ ചിത്രങ്ങൾ നിരത്തി പരിഹാസ്യരായി.

ആളുമാറി വോട്ടുചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ കണ്ടെത്തുന്നതിന‌് ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ട‌്. അത്തരം സംഭവങ്ങൾ തെളിയിക്കപ്പെട്ടാൽ തുടർനടപടികളും തക്കതായ ശിക്ഷയും നൽകട്ടെ. പക്ഷേ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച‌് രാഷ്ട്രീയ മുതലെടുപ്പിന‌് ശ്രമിക്കുന്നവരുടെ തനിനിറം ഇതിനകം വ്യക്തമായിട്ടുണ്ട‌്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമയിലെ യുഡിഎഫ‌് സ്ഥാനാർഥിയായ സുധാകരൻ കള്ളവോട്ടിന‌് സ്വന്തം അണികൾക്ക‌് ക്ലാസ‌് നൽകുന്ന വീഡിയോ അന്നുതന്നെ പുറത്തുവന്നതാണ‌്. അതിന്റെപേരിൽ ഇപ്പോഴും കോടതി കയറിയിറങ്ങുന്ന സുധാകരന്റെ വാക്കുകൾക്ക‌് സമൂഹം വലിയ വില നൽകുന്നില്ല.

ഈ തെരഞ്ഞെടുപ്പിലും സുധാകരനുവേണ്ടി  ഉദുമയിൽ ബൂത്തുപിടിത്തം നടത്തുന്നതിന്റെ  ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട‌്. ഏതുപക്ഷത്തുനിന്നായാലും ഇത്തരം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയപ്പെടേണ്ടതുതന്നെയാണ‌്. കള്ളവോട്ട‌് ചെയ്യുന്നത‌് തങ്ങ‌ളുടെ ശീലമല്ലെന്നും ജയിക്കാനാവശ്യമായ വോട്ട‌് ജനങ്ങൾ നൽകുമെന്നും എൽഡിഎഫ‌് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട‌്. ഏത‌് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും  അറിയിച്ചു.  യഥാസമയം  പരാതി ഉന്നയിക്കുകയും തെളിവുനൽകുകയുമാണ‌് ഉത്തരവാദപ്പെട്ട പ്രസ്ഥാനങ്ങൾ ചെയ്യേണ്ടത‌്. എന്നാൽ, യുഡിഎഫ‌് ആകട്ടെ പറഞ്ഞത‌് വിഴുങ്ങി , ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച‌് ഗൂഢനീക്കങ്ങൾ നടത്തുകയാണ‌്. ഒരു കുഴപ്പവുമില്ലെന്ന‌് പറഞ്ഞവർ ഇപ്പോൾ റീ പോളിങ‌്  ആവശ്യം ഉന്നയിക്കുന്നിടത്തേക്ക‌് എത്തിയിരിക്കുന്നു. യുഡിഎഫിന്റെ  ഇരട്ടത്താപ്പും ചില മാധ്യമങ്ങളുടെ ദുഷ്ടലാക്കും  ആത്യന്തികമായി തകർക്കുന്നത‌് ജനാധിപത്യ വ്യവസ്ഥയെത്തന്നെയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top