22 December Sunday

ലോഗോ മാറ്റമല്ല വേണ്ടത്‌ നയം മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2024


ഇന്ത്യയെയാകെ ബന്ധിപ്പിക്കുന്ന രണ്ട്‌ പൊതുമേഖലാ സ്ഥാപനങ്ങളാണ്‌ റെയിൽവേയും ബിഎസ്‌എൻഎല്ലും. ഒടുവിൽ ബിഎസ്‌എൻഎല്ലിന്റെ ലോഗോയിൽനിന്ന്‌ ഇന്ത്യയെ വെട്ടി. ജനങ്ങൾ ഹൃദയത്തിൽ ഏറ്റെടുത്ത  ലോഗോയിലെ ‘കണക്ടിങ് ഇന്ത്യ' എന്നത്‌ മാറ്റി ‘കണക്ടിങ്‌ ഭാരത്‌’ ആക്കി. ലോഗോയിലെ വൃത്തവും അതിനുള്ളിലെ ഇന്ത്യൻ ഭൂപടവും കാവിയടിച്ചെന്നു മാത്രമല്ല, വൃത്തത്തെ ചുറ്റുന്ന വലയത്തിന്റെ നിറം ചുവപ്പും നീലയുമായിരുന്നത്‌, പച്ചയും വെള്ളയുമാക്കി.  ഇതിലെ രാഷ്ട്രീയം വളരെ വ്യക്തം. മുൻ കോൺഗ്രസ്‌ നേതാവായ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ്‌ ഈ നീക്കങ്ങളെന്നതും ശ്രദ്ധേയം.

ബിജെപിക്കും അവർ നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിനും ഇന്ത്യ എന്ന പേരിനോടുള്ള എതിർപ്പ്‌ ഇന്നു തുടങ്ങിയതല്ല. ജി–-20യുമായി ബന്ധപ്പെട്ട രാഷ്‌ട്രപതിയുടെ ക്ഷണപത്രത്തിൽ  ‘പ്രസിഡന്റ്‌ ഓഫ്‌ ഭാരത്‌,  എന്നു രേഖപ്പെടുത്തിയാണ്‌ ആ നീക്കത്തിന്‌ തുടക്കമിട്ടത്‌. പിന്നാലെ ആസിയൻ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഇന്തോനേഷ്യൻ സന്ദർശനം അറിയിച്ച്‌ ഇറക്കിയ കുറിപ്പിൽ ‘പ്രൈം മിനിസ്റ്റർ ഓഫ്‌ ഭാരത്‌’ എന്നും ആലേഖനം ചെയ്‌തതോടെ നീക്കം ആസൂത്രിതമാണെന്ന്‌ വ്യക്തമായി. വൈവിധ്യങ്ങളുടെ മൂവർണത്തിന്‌ പകരം കാവിയുടെ ഏകതയിലേക്ക്‌ നാടിനെ പറിച്ചുനടാനാണ്‌ ശ്രമം. സ്‌കൂളുകൾ, ആശുപത്രികൾ എന്തിന്‌ വന്ദേഭാരത്‌ ട്രെയിനിനുവരെ കാവിയടിച്ചു.  

ഈ ലോഗോമാറ്റം പ്രതിസന്ധിയിലകപ്പെട്ട ബിഎസ്‌എൻഎല്ലിനെ രക്ഷിക്കാനാണോ എന്നതാണ്‌ അതിലേറെ പ്രസക്തമായ ചോദ്യം. ഇന്ത്യയിൽ ഇന്ന്‌ ഏതാണ്ട്‌ 120 കോടി ടെലികോം ഉപയോക്താക്കളാണുള്ളത്‌. ഇതിൽ ബിഎസ്‌എൻഎല്ലിന്റെ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) പങ്കാളിത്തം വെറും 8.85 കോടി മാത്രം. 1.67 ലക്ഷം കോടിരൂപയുടെ ആസ്‌തിയും രാജ്യത്താകെ 10,568 ഏക്കർ സ്ഥലവും കുറഞ്ഞ ബാധ്യതയുമുള്ള ഈ കമ്പനിയെ 2023ൽ മാത്രം 1.80 കോടി ഉപയോക്താക്കളാണ്‌ കൈവിട്ടത്‌. ഇതെന്തുകൊണ്ട്‌ എന്നതിന്‌ ഉത്തരം തേടുന്നതിനു പകരം ലോഗോ കാവിയാക്കി വിവാദം സൃഷ്‌ടിച്ച്‌ ശ്രദ്ധ തിരിക്കാനാണ്‌ ഇപ്പോഴും കേന്ദ്രം ശ്രമിക്കുന്നത്‌. ഡാറ്റ നിയന്ത്രിക്കുന്ന ആധുനികലോകത്ത്‌ ജിയോയും എയർടെല്ലും 5ജിയിലേക്ക്‌ മുന്നേറുമ്പോൾ ഏകപൊതുമേഖലാ സ്ഥാപനം ഇന്നും  2ജിയിലും 3ജിയിലും തത്തിക്കളിക്കുകയാണ്‌. കേരളത്തിൽ അതിന്‌ ആകെയുള്ള ടവറിൽ 40 ശതമാനത്തിലേറെ 2ജിയാണെന്നത്‌ പരിതാപകരമായ അവസ്ഥ വെളിപ്പെടുത്തുന്നു. ആഗോളവൽക്കരണ സാമ്പത്തികനയത്തിന്റെ ഭാഗമായാണ്‌ ടെലികോം മേഖലയിലും സ്വകാര്യകുത്തകകൾ രംഗപ്രവേശം ചെയ്‌തത്‌. 2000ൽ ബിഎസ്എൻഎൽ രൂപീകരിച്ചതും സ്വകാര്യവൽക്കരണം ലക്ഷ്യമിട്ടായിരുന്നു. എന്നാൽ, തൊഴിലാളികളുടെ രൂക്ഷസമരങ്ങളെ തുടർന്ന്‌ കേന്ദ്രസർക്കാരിന്‌ തീരുമാനത്തിൽനിന്ന്‌ പിൻവാങ്ങേണ്ടി വന്നു. പിന്നീട്‌ മറ്റ്‌ മാർഗങ്ങളിലൂടെ തകർക്കാനായി ശ്രമം. ഇതുമൂലം  സ്വകാര്യ ടെലികോം കമ്പനികൾ മൊബൈൽസേവനം ആരംഭിച്ച്‌ ഏഴുവർഷം കഴിഞ്ഞാണ് ബിഎസ്എൻഎല്ലിന്‌ ഈ രംഗത്തേക്ക്‌ എത്താനായത്‌. എന്നാൽ, അതും സ്വകാര്യടെലികോം കമ്പനികൾക്ക് ഭീഷണിയാണെന്ന് കേന്ദ്രസർക്കാർ പെട്ടെന്ന് തിരിച്ചറിഞ്ഞു. തുടർന്ന്‌ 3ജി സ്‌പെക്‌ട്രത്തിന്റെ ലേലത്തിൽ പങ്കെടുക്കാൻപോലും അനുവദിച്ചില്ല. സാമ്പത്തികമായി ബിഎസ്എൻഎല്ലിനെ തകർക്കാൻ റിസർവ്‌ ഫണ്ടിൽനിന്നുള്ള പണം വിവിധ കാരണങ്ങൾ പറഞ്ഞ് കേന്ദ്ര സർക്കാർ കൈക്കലാക്കി.

സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകാൻ  തയ്യാറായില്ല. പ്രതിസന്ധി രൂക്ഷമാക്കിയ ശേഷം നടപ്പാക്കിയ വിആർഎസ് പദ്ധതിയിലൂടെ 80,000 ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ കമ്പനിയുടെ കാര്യക്ഷമത തകർന്നു. സ്വകാര്യ ടെലികോം കമ്പനികൾ ആധുനിക സേവനങ്ങൾക്ക് പ്രാധാന്യം നൽകിയപ്പോൾ ബിഎസ്എൻഎൽ പിന്തള്ളപ്പെട്ടു.  4ജി സേവനം ആരംഭിക്കാൻതന്നെ സമരം വേണ്ടിവന്നു. അതിനിടെ ലാൻഡ്‌ ലൈൻ സേവനം മിക്കവാറും പ്രവർത്തനരഹിതമായി. വീണ്ടും ജീവനക്കാരെ പിരിച്ചുവിടാനുള്ള വിആർഎസ്‌ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്‌. കാര്യക്ഷമത തകർത്ത്‌ പൂർണമായും സ്വകാര്യവൽക്കരിക്കാനാണ്‌ നീക്കം. എന്നാൽ, സ്വകാര്യ ടെലികോം കമ്പനികൾ അടുത്തിടെ സേവന നിരക്ക്‌  കൂട്ടിയപ്പോൾ കഴിഞ്ഞമാസംമാത്രം 29 ലക്ഷം ഉപയോക്താക്കൾ ബിഎസ്‌എൻഎല്ലിലേക്ക്‌ തിരിച്ചെത്തി. സാധാരണ ജനങ്ങൾക്ക്‌ എന്നും ആശ്രയിക്കാൻ കഴിയുക പൊതുമേഖലാ സ്ഥാപനംതന്നെയായിരിക്കുമെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ഒപ്പം ബിഎസ്‌എൻഎല്ലിന്റെ പ്രസക്തിയും. ആ സ്ഥാപനത്തെ രക്ഷിക്കാൻ ലോഗോ മാറ്റമല്ല; മറിച്ച്‌ ജനങ്ങൾക്ക്‌ ആധുനിക സേവനങ്ങൾ ലഭ്യമാക്കാനുള്ള നയംമാറ്റമാണ്‌ വേണ്ടതെന്നും ഇത്‌ അടിവരയിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top