20 September Friday

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ പോരാളി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024


ബംഗാളിലെ സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മികവുറ്റ ഭരണാധികാരിയുമായിരുന്നു വ്യാഴാഴ്‌ച അന്തരിച്ച ബുദ്ധദേബ്‌ ഭട്ടാചാര്യ. ഒരിക്കലും കമ്യൂണിസ്റ്റ്‌ രീതി കൈവിടാതെ ജീവിതാവസാനംവരെ സിപിഐ എമ്മിനെ ശക്തിപ്പെടുത്താൻ പ്രയത്നിച്ച വിപ്ലവകാരി. 1977ലെ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി അധികാരത്തിൽ വന്നതുമുതൽ 2011 വരെ ബംഗാളിനെ പുരോഗമന, വികസന പാതയിലേക്ക്‌ നയിക്കാൻ മുന്നിൽ നിന്നവരിൽ ഒരാൾ. 23 വർഷം മുഖ്യമന്ത്രിയായ ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000 നവംബറിൽ അധികാരമേറ്റ ബുദ്ധദേബിന്‌ ഭാരിച്ച ഉത്തരവാദിത്വമാണ്‌ നിറവേറ്റാനുണ്ടായിരുന്നത്‌. വ്യവസായത്തിന്‌ ഭൂമി ഏറ്റെടുക്കലിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ  മറവിൽ ഇടതുപക്ഷവിരുദ്ധ ശക്തികളെല്ലാം ഒന്നിച്ചുകൊണ്ട്‌ തുടർച്ചയായ കലാപശ്രമം നടത്തി ബുദ്ധദേബ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചപ്പോഴും 2001ലും 2006ലും മുന്നണിയെ വൻ വിജയത്തിലെത്തിച്ചു.

കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിൽനിന്ന് സാഹിത്യത്തിൽ ബിരുദം നേടിയശേഷം 1966ൽ ആണ് പാർടി അംഗമാകുന്നത്. ചെറുപ്പത്തിൽത്തന്നെ അസാധാരണമായ സംഘാടന നേതൃപാടവം കാഴ്ചവച്ചു, യുവജനസംഘടനയുടെ സംസ്ഥാന നേതാവായി. 1970കളിലെ ഏകാധിപത്യ അർധ-ഫാസിസ്റ്റ് ഭീകരതയുടെ നാളുകളിൽ സിപിഐ എമ്മിനെയും പ്രവർത്തകരെയും സംരക്ഷിക്കാൻ നിർഭയം മുന്നിൽനിന്ന് പ്രവർത്തിച്ചു. ഭരണനേതൃത്വത്തിന്റെ  അടിച്ചമർത്തലുകളെ ചെറുത്തുകൊണ്ട്‌ ജനാധിപത്യ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. 1971ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായി. 1985-ൽ കേന്ദ്ര കമ്മിറ്റിയിലും 2000-ൽ പിബിയിലുമെത്തി. അസുഖബാധിതനായതിനാൽ 2018- മുതൽ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽനിന്നും മാറിനിന്നു.

കേന്ദ്ര സർക്കാരുകളുടെ തുടർച്ചയായ അവഗണനമൂലം വ്യവസായവൽക്കരണത്തിൽ പിന്നോട്ടുപോയ സംസ്ഥാനത്ത്‌ യുവജനങ്ങൾക്കിടയിലെ രൂക്ഷമായ തൊഴിലില്ലായ്മയായിരുന്നു ഇടതുപക്ഷ സർക്കാർ നേരിട്ട പ്രധാന പ്രശ്‌നം. കാർഷിക മേഖലയിൽ ഏറെ മുന്നേറിയ ബംഗാളിൽ ഇനി തൊഴിലവസരങ്ങൾ  സൃഷ്ടിക്കാൻ വ്യവസായവൽക്കരണത്തിന്‌ കൂടുതൽ ഊന്നൽ നൽകണമെന്ന നിലപാട്‌ ബുദ്ധദേബ്‌ സ്വീകരിച്ചു. കേന്ദ്ര സർക്കാർ സൃഷ്ടിച്ച വികസനമുരടിപ്പ്‌ മറികടക്കാൻ സ്വകാര്യ മൂലധനത്തിലൂന്നിയ വ്യവസായവൽക്കരണവും ആവശ്യമാണെന്ന നയം അവതരിപ്പിച്ചു. നയപരമായ മാറ്റം ഐടി മേഖലയിലും മറ്റും വലിയ ചലനമുണ്ടാക്കുകയും  വൻകിട കമ്പനികൾ സംസ്ഥാനത്ത്‌ വ്യവസായ മുതൽമുടക്കിന്‌ മുന്നോട്ടുവരികയും ചെയ്‌തു. ടാറ്റയുടെ നാനോ കാർ ഫാക്‌ടറിക്കായി സിംഗുരിലും ബഹുരാഷ്ട്ര കമ്പനിയായ സലിം അസോസിയേറ്റ്‌സിന്റെ കെമിക്കൽ ഹബ് നിർമിക്കാൻ നന്ദിഗ്രാമിലും ഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയത്‌ വൻ പ്രതിഷേധമുണ്ടാക്കി. വ്യവസായവൽക്കരണത്തിലൂടെ തൊഴിൽ സൃഷ്ടിക്കുന്നത്‌ ഇടതുപക്ഷത്തിന്റെ ശക്തി വർധിപ്പിക്കുമെന്ന്‌ തിരിച്ചറിഞ്ഞ എല്ലാ ഇടതുപക്ഷവിരുദ്ധരും ഏകോപിച്ചുകൊണ്ട്‌ കലാപമഴിച്ചുവിട്ടു. പ്രതിഷേധത്തെ തുടർന്ന്‌ ഭൂമി ഏറ്റെടുക്കൽ നിർത്തിവച്ചെങ്കിലും മാധ്യമങ്ങളിലൂടെ കള്ളപ്രചാരണങ്ങൾ സൃഷ്ടിച്ച്‌ ബുദ്ധദേബ്  സർക്കാരിനെതിരെ നിരന്തരം അക്രമസമരങ്ങൾ അരങ്ങേറി. ഇതിന്റെ തുടർച്ചയാണ്‌ 2011ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്‌ അധികാരം നഷ്ടപ്പെട്ടത്‌.

ഉറച്ച കമ്യൂണിസ്റ്റ്‌, കഴിവുറ്റ സംഘാടകൻ, മികച്ച ഭരണാധികാരി, സാംസ്‌കാരിക പ്രവർത്തകൻ, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം കഴിവുതെളിയിച്ച ബുദ്ധദേബിന്‌ പശ്ചിമ ബംഗാളിലെ പൊതുബോധത്തിലുള്ള സ്വാധീനം ശക്തമായിരുന്നു. ആദ്യമായി നിയമസഭയിൽ എത്തിയ 1977-ൽ തന്നെ ജ്യോതിബസു മന്ത്രിസഭയിൽ ഇൻഫർമേഷൻ, സാംസ്‌കാരിക മന്ത്രിയായി. സാംസ്കാരിക സ്ഥാപനങ്ങളുടെ വികസനത്തിലും പുരോഗമന സാംസ്കാരിക മൂല്യങ്ങൾ നിലനിർത്തുന്നതിലും ഗണ്യമായ സംഭാവന നൽകി.  ബംഗാളിന്റെ സാംസ്കാരിക പരിപ്രേക്ഷ്യം വ്യാപിപ്പിക്കുന്നതിനും പുതുതലമുറയെ നവോത്ഥാനമൂല്യങ്ങൾ ഓർമപ്പെടുത്തുന്നതിനും പ്രയത്നിച്ചു. രാഷ്ട്രീയത്തിനൊപ്പം രബീന്ദ്ര സംഗീതത്തിന്റെ കടുത്ത ആരാധകനും എഴുത്തുകാരനും കൊൽക്കത്തയിലെ സാംസ്‌കാരിക പരിപാടികളിലെ സജീവ സാന്നിധ്യവുമായിരുന്നു. അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനത്തിലും ജനാധിപത്യത്തോടും മതനിരപേക്ഷതയോടുമുള്ള ഉറച്ച വിശ്വാസം നിറഞ്ഞുനിന്നിരുന്നു. വ്യവസായനയത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടെങ്കിലും അവസാന നിമിഷംവരെയും അദ്ദേഹം പിന്തുടർന്ന ലാളിത്യം നിറഞ്ഞ ജീവിതരീതി എല്ലാവരെയും ആകർഷിച്ചു. ബാലിഗഞ്ചിലെ രണ്ടു മുറിയുള്ള ചെറിയ സർക്കാർ അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. ബംഗാളിലെ സിപിഐ എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിൽ ഒന്നും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നേതൃനിരയിലെ പ്രധാന കണ്ണിയെയുമാണ്‌ ബുദ്ധദേബിന്റെ വേർപാടിലൂടെ നഷ്ടമാകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top