ഇന്ത്യയിലെ കൊച്ചുസംസ്ഥാനമായ കേരളം വികസിത രാജ്യങ്ങളെപ്പോലും അതിശയിപ്പിക്കുന്ന നേട്ടങ്ങൾ കൈവരിക്കുന്ന നാടാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാൻ കഴിയാത്ത നേട്ടങ്ങളുടെ നെറുകയിലാണ് കേരളത്തിന്റെ സ്ഥാനം. ജനങ്ങളുടെ ജീവിതനിലവാരത്തിലും സമഗ്രവികസനത്തിലും ഒപ്പമെത്താൻ മറ്റ് സംസ്ഥാനങ്ങൾ ബഹുദൂരം സഞ്ചരിക്കേണ്ടതുണ്ട്. ലോകരാജ്യങ്ങൾ ഇന്ത്യയിൽ ആദ്യം പരിഗണിക്കുന്ന സ്ഥലമായി കേരളം മാറി.
കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളുടെയും മറ്റ് ഏജൻസികളുടെയും റിപ്പോർട്ടിൽ കേരളം മികച്ച സംസ്ഥാനമായി തെരഞ്ഞെടുക്കപ്പെടുകയാണ്. ഏറ്റവും ഒടുവിൽ റിസർവ് ബാങ്കിന്റെ 2023–--24 ലെ റിപ്പോർട്ടിൽ ഗ്രാമീണ മേഖലയിൽ തൊഴിലാളിക്ക് ഏറ്റവും ഉയർന്ന വേതനം ലഭിക്കുന്ന സംസ്ഥാനം കേരളമാണെന്ന് വ്യക്തമാക്കി. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് ആളുകളുടെ ഒഴുക്കിനുള്ള കാരണമാണിത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ ജോലിതേടി കേരളത്തിൽ എത്തുന്നത് സ്വന്തം സംസ്ഥാനത്ത് മതിയായ വേതനമോ തൊഴിൽസുരക്ഷയോ കിട്ടാത്തതുകൊണ്ടാണ്.
ഇതര സംസ്ഥാന തൊഴിലാളികളുടെ ഗൾഫാണ് കേരളമെന്ന് പറയുന്നത് തമാശയല്ലെന്ന് അടിവരയിടുന്നതാണ് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. ഇവിടെ നിർമാണ തൊഴിലാളിക്ക് ലഭിക്കുന്ന ദിവസവേതനം ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ലഭിക്കുന്നതിനേക്കാൾ ഇരട്ടിയാണ്. റിപ്പോർട്ട് പ്രകാരം 893.6 രൂപയാണ് ശരാശരി കൂലി. വികസനത്തിൽ രാജ്യത്തിന് മാതൃകയെന്ന് പ്രധാനമന്ത്രിവരെ വീമ്പടിക്കുന്ന ഗുജറാത്തിൽ 344.4 രൂപ മാത്രമാണ്. മധ്യപ്രദേശ് -292.4, യുപി - 376.6, ത്രിപുര -322.2 എന്നിങ്ങനെയാണ് കൂലി. കേരളത്തിൽ കിട്ടുന്നതിന്റെ പകുതിപോലും അവിടെ കിട്ടുന്നില്ലെന്ന് ചുരുക്കം.
കർഷകത്തൊഴിലാളിക്ക് ഉയർന്ന വേതനം കിട്ടുന്നതും കേരളത്തിലാണ്. 807.2 രൂപ. യു പി, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിന്റെ മൂന്നിലൊന്നാണ്. കാർഷികേതര ജോലികളുടെ അവസ്ഥയും വ്യത്യസ്തമല്ല. കേരളത്തിൽ 735 രൂപ കിട്ടുമ്പോൾ 262, 285 ഒക്കെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൂലി. ജമ്മു കശ്മീർ, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് കുറച്ചെങ്കിലും ഉയർന്ന വേതനം ലഭിക്കുന്നത്.
സർക്കാരിന്റെ കരുതലും തൊഴിലാളി സംഘടനകളുടെ കരുത്തുമാണ് കേരളത്തിലെ ഉയർന്ന വേതനത്തിന് അടിസ്ഥാനം. ഇതുമൂലം ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നു. മാതൃ-ശിശു മരണനിരക്കുകൾ ഏറ്റവും കുറഞ്ഞിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. കേന്ദ്ര സർക്കാരിന്റെ ദേശീയ ഊർജ സംരക്ഷണ പുരസ്കാരം വീണ്ടും കേരളത്തിന് സമ്മാനിച്ചതും കഴിഞ്ഞ ദിവസമാണ്. കേരളം നമ്പർ വൺ ആണെന്ന് തെളിയിക്കുന്ന നിരവധി പുരസ്കാരങ്ങളും കണക്കുകളുമാണ് അടുത്തിടെ പുറത്തുവന്നത്. ആരോഗ്യം, വിദ്യാഭ്യാസം, ക്രമസമാധാനം, സുസ്ഥിരവികസനം തുടങ്ങിയ മേഖലകളിലെല്ലാം കേരളം തന്നെയാണ് മുന്നിൽ. രാജ്യത്ത് വ്യവസായനിക്ഷേപത്തിന് അനുകൂലമായ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്ത് കേരളം എത്തിയത് നിസ്സാരമല്ല.
എന്നാൽ, കേരളത്തിന്റെ ഈ നേട്ടങ്ങളൊന്നും കാണാൻ ഇവിടുത്തെ വലതുപക്ഷ രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ തയ്യാറാകുന്നില്ല. ഇവയൊക്കെ പരമാവധി മറച്ചുവയ്‌ക്കാനുള്ള തത്രപ്പാടിലുമാണ്. ലോകത്തിനുതന്നെ മാതൃകയായ കേരളത്തെ ശത്രുരാജ്യം പോലെയാണ് കേന്ദ്രസർക്കാർ കാണുന്നത്. കേരളത്തിന് ന്യായമായി ലഭിക്കേണ്ട ആനുകൂല്യംപോലും അനുവദിക്കാതെ സാമ്പത്തികമായി ഞെരുക്കിക്കൊല്ലാനുള്ള നടപടിയാണ് സ്വീകരിക്കുന്നത്. അടിക്കടി പ്രകൃതിദുരന്തം ഉണ്ടാകുന്ന സംസ്ഥാനത്തിന് രക്ഷാപ്രവർത്തനത്തിനും ദുരന്തനിവാരണത്തിനും സഹായമൊന്നും ചെയ്യില്ലെന്ന വാശിയിലാണ് കേന്ദ്രം. തങ്ങൾക്ക് സ്ഥാനം ഉറപ്പിക്കാൻ കഴിയാത്ത കേരളത്തോട് പക വീട്ടുന്ന നിലപാടാണ് സ്വീകരിക്കുന്നത്. നിരവധിപേർ മരിക്കുകയും ആയിരക്കണക്കിനാളുകൾ ഇപ്പോഴും ദുരിതം അനുഭവിക്കുകയും ചെയ്യുന്ന വയനാട് മുണ്ടക്കൈ ദുരന്തത്തിന് ചില്ലിക്കാശ് ധനസഹായം നൽകാത്ത ക്രൂരതയാണ് കേന്ദ്രം കാണിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് കേന്ദ്രം അയച്ച വ്യോമസേനാ ഹെലികോപ്ടറിന്റെ ചെലവ് ഇനത്തിൽ 132. 61 കോടി ഉടൻ അടയ്ക്കണമെന്ന മന്ത്രാലയത്തിന്റെ കത്ത് തെളിയിക്കുന്നത് ഹൃദയശൂന്യമായ നിലപാടാണ്. പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കുന്നു.
അർഹതപ്പെട്ട നികുതിവിഹിതം നൽകുന്നില്ല. വായ്പാപരിധി ചുരുക്കുന്നു. ദുരന്തനിവാരണത്തിന് സഹായം നൽകുന്നില്ല. കഴിഞ്ഞ 12 വർഷത്തിനുള്ളിൽ പതിനെട്ടായിരം കോടി സഹായം ചോദിച്ച കേരളത്തിന് ആകെ നൽകിയത് മൂവായിരം കോടിയാണെന്ന കണക്ക് ഞെട്ടിക്കുന്നതാണ്. സംസ്ഥാനങ്ങളിലെ പദ്ധതികൾക്ക് കേന്ദ്രം ഗ്രാന്റായി അനുവദിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) കേരളം പലിശസഹിതം തിരിച്ചടയ്ക്കണമെന്ന് മാത്രമല്ല പദ്ധതിയുടെ ലാഭവിഹിതവും വേണമെന്ന വിചിത്രനിലപാടാണ് സ്വീകരിക്കുന്നത്.
വയനാട് ദുരന്ത നിവാരണത്തിന് സഹായം നിഷേധിച്ചതിനെതിരെ പ്രതിപക്ഷ എംപിമാർ ഒന്നിച്ചത് ആശാവഹമാണെങ്കിലും യുഡിഎഫ് നിലപാട് ഇപ്പോഴും കേന്ദ്രത്തെ പിന്താങ്ങുന്നതും കേരള വിരുദ്ധവുമാണ്. കേരളത്തെ സർവനാശത്തിലേക്ക് നയിക്കാനുള്ള ബിജെപിയുടെ നീക്കം ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ട സമയത്തും സങ്കുചിത രാഷ്ട്രീയ നേട്ടത്തിലാണ് യുഡിഎഫിന്റെ ശ്രദ്ധ. യുഡിഎഫിനും ബിജെപിക്കും കുഴലൂതുന്നവരായി കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും മാറുന്നുവെന്നതും അത്യന്തം ഗൗരവമുള്ളതാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..