22 December Sunday

ഓണത്തിനും കേരളത്തോട്‌
 രാഷ്ട്രീയ പകപോക്കൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024


മലയാളികൾ ഒന്നടങ്കം ആഘോഷിക്കുന്ന കേരളത്തിന്റെ ദേശീയോത്സവമാണ്‌ തിരുവോണം.  എല്ലാവർക്കും അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ സാധ്യമായ എല്ലാം ചെയ്യുക എന്നതാണ്‌ സംസ്ഥാനത്തിന്റെ സവിശേഷത.  ഈ ഓണക്കാലത്തും എല്ലാ വിഭാഗം ജനങ്ങൾക്കും  ആശ്വാസം എത്തിക്കാൻ  എൽഡിഎഫ്‌ സർക്കാർ വലിയ മുൻഗണന നൽകുന്നു.  64 ലക്ഷം പേർക്ക്‌ ക്ഷേമ പെൻഷനും ആറ്‌ ലക്ഷം പേർക്ക്‌  ഓണക്കിറ്റും നൽകും. വിലക്കയറ്റം പിടിച്ചുനിർത്താൻ ഭക്ഷ്യ പൊതുവിതരണ, സഹകരണ വകുപ്പുകൾ ഓണം സൂപ്പർമാർക്കറ്റുകളും ഓണച്ചന്തകളും ആരംഭിക്കുന്നു. കൃഷി വകുപ്പും കുടുംബശ്രീയും  പച്ചക്കറി വിപണന രംഗത്ത്‌ സജീവമായി ഇടപെടുന്നു. അർഹതപ്പെട്ട  സർക്കാർ, പൊതുമേഖലാ ജീവനക്കാർക്ക്‌ ബോണസും ഓണം അലവൻസും അനുവദിക്കും.

ഓണച്ചെലവുകളുമായി ബന്ധപ്പെട്ട്‌ വൻതുകയാണ്‌ സർക്കാരിന്‌ കണ്ടെത്തേണ്ടത്‌. ഈ ബാധ്യത നേരിടാനായി വിവിധയിനങ്ങളിലെ കുടിശ്ശിക അനുവദിക്കാനും  അംഗീകരിച്ച വായ്‌പയെടുക്കാൻ അനുമതി പത്രം നൽകണമെന്നാവശ്യപ്പെട്ടും  കേന്ദ്രസർക്കാരിന്‌ സംസ്ഥാനസർക്കാർ പ്രത്യേക നിവേദനം നൽകിയിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനമെടുക്കാതെ  ഓണത്തോടനുബന്ധിച്ച്‌ അർഹതപ്പെട്ടവർക്ക്‌ സഹായങ്ങളും ആനുകൂല്യങ്ങളും  നൽകുന്നത്‌ തടസ്സപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌.  സംസ്ഥാനത്തിന്‌ നിയമാനുസൃതം ലഭിക്കേണ്ട  നികുതിവിഹിതവും പദ്ധതി വിഹിതവും ഗ്രാന്റുകളും  വെട്ടിക്കുറച്ചും തടഞ്ഞുവച്ചും കഴിഞ്ഞ വർഷങ്ങളിൽ തുടർന്ന കേരള വിരുദ്ധ സമീപനമാണ്‌ ഇക്കുറിയും കേന്ദ്രത്തിന്റേത്‌.  കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കി മലയാളികളുടെ ഓണാഘോഷത്തിന്റെ നിറം കെടുത്താനാണ്‌ മോദി സർക്കാരിന്റെ ശ്രമം.

തദ്ദേശസ്ഥാപനങ്ങൾക്കും ആരോഗ്യമേഖലയ്‌ക്കും മുൻസാമ്പത്തിക വർഷത്തെ ഗ്രാന്റിനത്തിൽ 1238 കോടി രൂപ കേരളത്തിന്‌ ലഭിക്കാനുണ്ട്‌. ഇതിനുപുറമേ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിന്‌ സംസ്ഥാനം മുൻകൂട്ടി ചെലവഴിച്ച കേന്ദ്രവിഹിതം ഉൾപ്പെടെ കോടിക്കണക്കിന്‌ രൂപയും കുടിശ്ശികയാണ്‌.  കോളേജ്‌ അധ്യാപകർക്ക്‌ യുജിസി ശമ്പളപരിഷ്‌കരണം നടപ്പാക്കിയതിന്‌ മുൻവർഷങ്ങളിൽ കേന്ദ്രം നൽകേണ്ടിയിരുന്ന 750 കോടി രൂപ തടഞ്ഞുവച്ചു. കേന്ദ്രസമീപനം മൂലമുണ്ടായ പണഞെരുക്കത്തിനിടയിലും വികസന - ക്ഷേമ പദ്ധതികളിൽനിന്നും സർക്കാർ പിന്നോട്ടുപോകുന്നില്ല.

കേരളത്തെ ക്ഷേമ സമൂഹമാക്കി മാറ്റാനാണ്‌  എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌.  കഴിഞ്ഞ എട്ട്‌ വർഷത്തെ പ്രവർത്തനങ്ങൾ ഇതിന്‌ ഉദാഹരണമാണ്‌.  മറ്റേതു സംസ്ഥാനത്തും ഇല്ലാത്തത്ര വിപുലമായ രീതിയിൽ ക്ഷേമപെൻഷനുകൾ നടപ്പാക്കി.  രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്ന രീതിയിലുള്ള നിരവധി പദ്ധതികളിലൂടെ നവകേരളം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്ക്‌ പ്രധാന വെല്ലുവിളിയാകുന്നത്‌ കേന്ദ്രസർക്കാരിന്റെ നയസമീപനങ്ങളാണ്‌.  സംസ്ഥാനത്തിന്റെ ആവശ്യങ്ങളൊന്നും അംഗീകരിക്കുന്നില്ലെന്നുമാത്രമല്ല,  അർഹതപ്പെട്ട നികുതി വിഹിതം നിഷേധിക്കുന്നതിനൊപ്പം  കടമെടുപ്പുപരിധിയും വെട്ടിച്ചുരുക്കുന്നു.  
പതിനഞ്ചാം ധനകമീഷന്റെ ശുപാർശപ്രകാരം ആഭ്യന്തര വരുമാനത്തിന്റെ മൂന്ന്‌ ശതമാനം നിബന്ധനകളൊന്നുമില്ലാതെ വായ്‌പയെടുക്കാവുന്നതാണ്‌. എന്നാൽ കിഫ്‌ബിപോലുള്ള പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള സ്വതന്ത്ര സ്ഥാപനങ്ങൾ എടുക്കുന്ന വായ്‌പയും ട്രഷറി നിക്ഷേപങ്ങൾപോലും വായ്‌പാപരിധിയിൽ ഉൾപ്പെടുത്തി  2021–-22 മുതൽ കടമെടുപ്പ്‌ മുൻകാല പ്രാബല്യത്തോടെ കേന്ദ്രം വെട്ടിക്കുറച്ചു.  കേന്ദ്രം പ്രഖ്യാപിച്ച ദേശീയപാത 66ന്റെ വികസനത്തിനായി  ഭൂമി ഏറ്റെടുക്കാൻ  ചെലവഴിച്ച 5854 കോടി രൂപയും കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള പാലക്കാട്‌ വ്യവസായ പാർക്കിന്റെ ഭൂമി ഏറ്റെടുക്കലിനടക്കം ചെലവഴിച്ച 1790 കോടി രൂപയും വായ്‌പാപരിധിയിൽ ഉൾപ്പെടുത്തി.  കഴിഞ്ഞ സാമ്പത്തിക വർഷംമാത്രം  കേന്ദ്ര നികുതി വിഹിതം, വിവിധ ഗ്രാന്റുകൾ, ജിഎസ്‌ടി നഷ്ടപരിഹാരം, വായ്‌പ വെട്ടിക്കുറവ്‌ തുടങ്ങിയ ഇനങ്ങളിൽ 57,000 കോടി രൂപ നഷ്ടമായി. നടപ്പുസാമ്പത്തിക വർഷവും ഇതേ സ്ഥിതിയാണ്‌ നേരിടുന്നത്‌. 

കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കം കേന്ദ്രസർക്കാർ സൃഷ്ടിയാണെന്ന്‌ ഒറ്റനോട്ടത്തിൽ മനസ്സിലാകും.  എല്ലാ സംസ്ഥാനങ്ങളുടെയും  ശരാശരി റവന്യു വരുമാനത്തിന്റെ 57 ശതമാനം തനതുവരുമാനവും 43 ശതമാനം കേന്ദ്രസർക്കാരിൽനിന്നുള്ള കൈമാറ്റവുമാണ്‌. എന്നാൽ കേരളത്തെ സംബന്ധിച്ച്‌ തനതുവരുമാനം 73 ശതമാനവും കേന്ദ്രവിഹിതം 27 ശതമാനവും മാത്രമാണ്‌. നടപ്പുസാമ്പത്തിക വർഷം കേന്ദ്രവിഹിതം വീണ്ടും കുറഞ്ഞിരിക്കുകയാണ്‌. മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ  തികഞ്ഞ ശത്രുതാ മനോഭാവത്തോടെയാണ്‌ മലയാളികളെ കടന്നാക്രമിക്കുന്നത്‌. ആർക്കും അല്ലലില്ലാതിരുന്ന കാലത്തെ പ്രതിനിധാനം ചെയ്‌തിരുന്ന മാവേലിയെ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തിയ വാമനനെ സ്‌മരിക്കുന്ന ആഘോഷമാക്കി ഓണത്തെ മാറ്റുന്ന ബിജെപിയിൽനിന്നും തിരുവോണനാളുകളിൽപ്പോലും നന്മ പ്രതീക്ഷിക്കാൻ മലയാളികൾക്ക്‌ കഴിയില്ലെന്നാണ്‌ മോദി സർക്കാരിന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്‌. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top