22 December Sunday

ക്രൂരം, ഹൃദയശൂന്യം...

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024


മനുഷ്യസ്നേഹവും കാരുണ്യവും ആർദ്രതയും പ്രവഹിക്കേണ്ട ഒരു മഹാദുരന്തവേളയിൽ കരിങ്കല്ലിന് സമാനമായ ധാർഷ്ട്യവുമായി ആരെങ്കിലും പെരുമാറുമോ. എന്നാൽ, വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരോട് കേന്ദ്ര സർക്കാർ അങ്ങനെയൊരു സമീപനമാണ് സ്വീകരിക്കുന്നത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് വേദനയുടെ തീക്കനലുകളുമായി ജീവിതാവസാനംവരെ കഴിയേണ്ടി വരുന്നവരോട് അങ്ങേയറ്റം മനുഷ്യത്വഹീനമായ നിലപാട് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നു. ദുരന്തം മറികടക്കാനും മറക്കാനും സഹായിക്കേണ്ടതിനു പകരം കേരളത്തെ പൂർണമായും കൈയൊഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ചോദിച്ചതുപോലെ, കേരളം ഇന്ത്യക്ക് പുറത്തോ എന്ന ചോദ്യം കേരളീയരുടെയാകെ മനസ്സിൽ ഉയരുകയാണ്.

രാജ്യത്ത് ഇതുവരെ സംഭവിച്ചതിൽ ഏറ്റവും വലിയ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്നും അധികസഹായം നൽകാനാകില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രതിനിധി കെ വി തോമസിനെ കഴിഞ്ഞദിവസം അറിയിച്ചത്. തെറ്റെന്ന് ഉറച്ച ബോധ്യമുണ്ടായിട്ടും യാന്ത്രികമായ മാനദണ്ഡങ്ങൾ പറഞ്ഞ് കേരളത്തിന് നീതിയും സഹായവും നിഷേധിക്കുകയാണ് ചെയ്തിരിക്കുന്നത്. രണ്ടാഴ്ചയ്‌ക്കകം കൃത്യമായ തീരുമാനം അറിയിക്കാൻ ഹൈക്കോടതി കേന്ദ്രത്തിന് നിർദേശം നൽകിയിട്ടുണ്ട്. എന്തു പറയുമെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. അതെന്തായാലും, കേന്ദ്രസമീപനത്തിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധമുയർന്നു കഴിഞ്ഞു. ചൊവ്വാഴ്ച എൽഡിഎഫ് വയനാട്ടിൽ ഹർത്താൽ ആചരിക്കുകയാണ്.

പ്രധാനമായും മൂന്നുകാര്യമാണ് കേരളം തുടക്കംമുതൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നത്. ഒന്ന്: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. അതായത്, ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡപ്രകാCHOORALANL MANAYരം ഗുരുതര സ്വഭാവമുള്ള ദുരന്തമായി പ്രഖ്യാപിക്കണം. (Disaster of severe nature). രണ്ട്: ദുരന്ത നിവാരണ നിയമത്തിന്റെ 13–--ാം വകുപ്പ് പ്രകാരം ദുരന്തബാധിതരുടെ എല്ലാ വായ്പകളും എഴുതിത്തള്ളണം. മൂന്ന്: ദുരന്തബാധിത പ്രദേശത്തിനായി അടിയന്തര സഹായം അനുവദിക്കണം. പ്രത്യേക സഹായമായി 2000 കോടി രൂപയാണ് കേരളം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് നേരിലും കത്തിലും നിവേദനങ്ങളിലൂടെയും ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തമുണ്ടായി മൂന്നര മാസം പിന്നിട്ടിട്ടും നയാപൈസ തന്നിട്ടില്ല.

സഹായം നൽകാതിരിക്കാൻ കേന്ദ്ര സർക്കാർ പറയുന്ന വാദം യുക്തിരഹിതമാണ്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്)നിന്ന് പണം എടുക്കാമെന്നാണ് പറയുന്നത്. ദുരന്ത നിവാരണ നിയമം അനുസരിച്ച് രൂപീകരിച്ചിട്ടുള്ളതാണ് സംസ്ഥാന- ദേശീയ ദുരന്ത പ്രതികരണ നിധികൾ. സംസ്ഥാന നിധിയിലേക്ക് കേന്ദ്രം നൽകേണ്ട വിഹിതം ധന കമീഷൻ നിശ്ചയിച്ച് നൽകുന്നതാണ്. സാധാരണ സംഭവിക്കുന്ന ദുരന്തങ്ങൾക്കും നാശങ്ങൾക്കും നിശ്ചിത മാനദണ്ഡപ്രകാരം ഇതിൽനിന്ന് സഹായം നൽകുന്നുണ്ട്. വയനാടിനു മാത്രമായി ഇതിലെ പണം ഉപയോഗിക്കാനാകില്ല. അസാധാരണ സാഹചര്യങ്ങളിൽ ദേശീയനിധിയിൽനിന്ന് പണം നൽകണം.

മറ്റ് സംസ്ഥാനങ്ങൾക്ക് അങ്ങനെ നൽകുമ്പോൾ കേരളത്തെ തഴയുന്നു. സംസ്ഥാന നിധിയിലേക്ക് 291 കോടി രൂപ നൽകിയിട്ടുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. നിധിയിൽ ശേഷിക്കുന്ന 96.8 കോടി രൂപ സംസ്ഥാന വിഹിതമാണ്. കർശനമായ മാനദണ്ഡപ്രകാരംമാത്രം ചെലവഴിക്കാവുന്ന ഈ തുക വയനാടിനു മാത്രമായി ഉപയോഗിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, ഈ തുകകൊണ്ട് വയനാടിന്റെ പുനരധിവാസം എവിടെയും എത്തുകയുമില്ല. ഈ തുക അപ്പാടെ എടുക്കാൻ കേന്ദ്രത്തിന്റെ പ്രത്യേക ഉത്തരവുമില്ല. വെറുതെ മുടന്തൻ വാദങ്ങൾ പറയുന്നെന്നുമാത്രം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ വകുപ്പില്ലെന്ന വാദവും തെറ്റാണ്. അസാധാരണ ദുരന്തങ്ങളെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അധിക സഹായം നൽകാമെന്ന് പത്താം ധന കമീഷൻ ശുപാർശ നൽകിയിട്ടുണ്ട്.

വയനാട്ടിൽ വന്ന് ആശ്വാസ വാക്കുകൾ ചൊരിയുകയും കേരളം തനിച്ചല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മവഞ്ചനയാണ് ഇപ്പോൾ കാണുന്നത്. ദുരന്തമേഖലയിൽ കണ്ടത് പ്രധാനമന്ത്രിയുടെ മുഖാവരണമായിരുന്നോയെന്ന് ആരും സംശയിച്ചു പോകും. കേരളത്തിൽ ഇടതുപക്ഷമാണ് ഭരിക്കുന്നത് എന്നതിനാൽ, ഈ നാടിനെ തോൽപ്പിക്കാൻ പറ്റുമോ എന്നാണ് മോദിഭരണം എപ്പോഴും ശ്രമിക്കുന്നത്. അതുപക്ഷേ നടപ്പില്ലെന്നുമാത്രം മോദിയെ ഓർമിപ്പിക്കട്ടെ. സംശുദ്ധമായ മനുഷ്യസ്നേഹംകൊണ്ട്, പരസ്പരം ഊന്നുവടികളായി ചേർന്നുനിന്ന് ഏതു പ്രതിസന്ധിയെയും കേരളം അതിജീവിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top