03 October Thursday

ശുചിത്വം നാടിന്റെ മുഖമുദ്രയാക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024


അടുത്തകൊല്ലം മാർച്ച് 30ന് കേരളത്തെ സമ്പൂർണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെ ‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കമായി. ജനോന്മുഖമായ വികസനത്തിൽ വ്യത്യസ്ത മാതൃക സൃഷ്ടിച്ച കേരളം ശുചിത്വം കൈവരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ്.

‘മാലിന്യ പ്രശ്നപരിഹാരം പൊതുജനങ്ങളുടെ ഉത്തരവാദിത്വം’  എന്ന മുദ്രാവാക്യവുമായി  മുന്നേറുന്ന  ‘മാലിന്യമുക്തം നവകേരളം’ ജനകീയ ക്യാമ്പയിൻ  ബോധവൽക്കരണത്തിലൂടെ ശുചിത്വം എന്ന ആശയം മുന്നോട്ട്‌ വയ്‌ക്കുന്നു. ജനങ്ങളെ ബോധവൽക്കരിക്കുക, ആരോഗ്യകരമായ മാലിന്യ നിർമാർജനശീലം വളർത്തുക, അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങി  ബൃഹത്‌ ക്യാമ്പയിൻ അതിനാൽത്തന്നെ ലക്ഷ്യം കാണുമെന്ന പ്രതീക്ഷയാണ് സംഘാടകർക്കുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും പങ്കാളികളാക്കി കൃത്യമായ ആസൂത്രണത്തോടെയും ചിട്ടയോടെയുമാണ് ഈ ക്യാമ്പയിന് രൂപം നൽകിയിരിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർവകുപ്പുകൾ, ഏജൻസികൾ, ശുചിത്വമിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ്‌ പ്രോജക്ട്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ പൂർണ പിന്തുണ ക്യാമ്പയിന് കരുത്തുപകരുന്നു.

ഹരിതവിദ്യാലയങ്ങൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ, അയൽക്കൂട്ടങ്ങൾ, ഹരിതടൂറിസം, വൃത്തിയുള്ള പൊതുസ്ഥലങ്ങൾ, മാർക്കറ്റുകൾ, മാലിന്യമുക്തമായ നീർച്ചാലുകൾ എന്നിങ്ങനെ സമഗ്രമായ ശുചീകരണ, സൗന്ദര്യവൽക്കരണ പദ്ധതിയാണ് ലക്ഷ്യം വയ്ക്കുന്നത്. മാലിന്യ സംസ്കരണത്തിനായി കമ്യൂണിറ്റി കമ്പോസ്റ്റ്, കമ്യൂണിറ്റി ബയോഗ്യാസ്, എംസിഎഫ്, മിനി എംസിഎഫ്, കക്കൂസ് മാലിന്യ നിർമാർജന യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്‌.


 

സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവരുടെ സഹകരണം പദ്ധതിക്ക് ഉറപ്പാക്കിയിട്ടുണ്ട്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, സർവീസ് സംഘടനകൾ, യുവജന സംഘടനകൾ, വിദ്യാർഥികൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, പ്രാദേശിക കൂട്ടായ്മകൾ, വ്യാപാരി– -വ്യവസായി സംഘടനകൾ, ടൂർ ഓപ്പറേറ്റർമാർ, ഹോം സ്റ്റേ നടത്തിപ്പുകാർ, ഓട്ടോ–- ടാക്സി ഡ്രൈവർമാരുടെ യൂണിയനുകൾ, സന്നദ്ധ സംഘടനകൾ, മതസംഘടനകൾ, രാഷ്ട്രീയ പാർടികൾ എന്നിങ്ങനെ എല്ലാ ജനവിഭാഗങ്ങളെയും ക്യാമ്പയിന്റെ ഭാഗമാക്കി. പൊതുഇടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും പൂർണമായി വൃത്തിയാക്കുകയും അവിടങ്ങളിൽ ഹരിത പ്രോട്ടോകോൾ ഉറപ്പാക്കുകയും ചെയ്യുന്നതിന് പൊതുജനപങ്കാളിത്തം ഉപകരിക്കും. അതുപോലെതന്നെ പദ്ധതി ലക്ഷ്യം വയ്ക്കുന്ന സമ്പൂർണ പ്ലാസ്റ്റിക് നിരോധനവും പരിസ്ഥിതി സൗഹൃദവും സാധ്യമാകുന്നതിന് പൊതുസമൂഹത്തിന്റെ ഇടപെടലും ഉറപ്പാക്കി.

ശുചിത്വത്തെക്കുറിച്ചും മാലിന്യസംസ്കരണത്തെക്കുറിച്ചുമുള്ള അവബോധം പുതിയ തലമുറയിൽ എത്തിക്കുന്നതിന് ‘മാലിന്യമുക്തം നവകേരളം’ ഒന്നാംഘട്ടത്തിന് കഴിഞ്ഞു. ഔപചാരിക–- അനൗപചാരിക വിദ്യാഭ്യാസ പരിപാടികളിലും രാഷ്ട്രീയ, സാംസ്കാരിക, ശാസ്ത്ര സംഘടനകളുടെ പരിപാടികളിലും മാലിന്യസംസ്കരണ രീതികൾ വിഷയമായി. അതുവഴി ജനങ്ങളിൽ ബോധവൽക്കരണം നടത്താനും കഴിഞ്ഞു. ഒപ്പം മാലിന്യം വലിച്ചെറിയുന്നവർക്കും തെറ്റായി സംസ്കരിക്കുന്നവർക്കും എതിരെ നിയമനടപടിയും സ്വീകരിച്ചു. സമ്പൂർണ ശുചിത്വ കേരളത്തിനായുള്ള രണ്ടാംഘട്ട പ്രവർത്തനത്തിൽ ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കുക എന്നത് സമൂഹത്തിന്റെ പൊതുബോധമാക്കുന്നതിനുള്ള പ്രവർത്തനമാണ് നടക്കുക.

ശുചിത്വം ഒരു ദേശത്തിന്റെ, സംസ്കാരത്തിന്റെ മുഖമുദ്രയാണ്. മാലിന്യനിർമാർജനം നാഗരികതയുടെ ലക്ഷണവുമാണ്. എൽഡിഎഫ്‌ സർക്കാർ ലക്ഷ്യം വയ്ക്കുന്ന നവകേരളത്തിന്റെ സൃഷ്ടിയിൽ ശുചിത്വകേരളം അനിവാര്യഘടകമാണ്. അതിലേക്കുള്ള തീവ്രയജ്ഞത്തിൽ പങ്കാളികളാകുന്ന ഏവരും പുതിയ കേരളത്തിന്റെ ശിൽപ്പികളാണ്. നവകേരള ശിൽപ്പികളാകാനുള്ള അവസരം പാഴാക്കാതിരിക്കാനുള്ള വിവേകം ഓരോ കേരളീയനുമുണ്ട്. സാക്ഷരതാ പ്രവർത്തനത്തിലും ജനകീയാസൂത്രണ നടത്തിപ്പിലും അത് തെളിഞ്ഞിട്ടുണ്ട്. 2025 മാർച്ച് 30ന് സമ്പൂർണ ശുചിത്വകേരളം എന്ന പ്രഖ്യാപനം നടത്താനാകുമെന്ന ഉറപ്പിന്‌ അടിസ്ഥാനവും അതുതന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top