22 December Sunday

ലജ്ജിക്കുക ഭാരതമേ...

വെബ് ഡെസ്‌ക്‌Updated: Saturday Oct 5, 2024


രാജ്യത്തിന്‌ സ്വാതന്ത്ര്യം ലഭിച്ച്‌ എഴുപത്തഞ്ചാണ്ട്‌  കഴിഞ്ഞിട്ടും ജാതിയുടെ പേരിലുള്ള വിവേചനങ്ങൾ നിലനിൽക്കുന്നത് ദുഃഖകരമാണെന്ന് രാജ്യത്തെ പരമോന്നത കോടതി പറയുമ്പോൾ ആത്മാഭിമാനമുള്ള എല്ലാ മനുഷ്യർക്കും ലജ്ജിച്ച്‌ തലതാഴ്‌ത്തേണ്ടി വരും. രാജ്യപുരോഗതിക്കും പാർശ്വവൽകൃത സമൂഹങ്ങളിൽപ്പെട്ട മനുഷ്യരുടെ അന്തസ്സുള്ള ജീവിതത്തിനും ജാതിവ്യവസ്ഥ എത്രത്തോളം വിഘാതമാണെന്നുകൂടിയാണ്‌ സുപ്രീംകോടതി സാക്ഷ്യപ്പെടുത്തുന്നത്‌. നിയമത്തിനുമുന്നിൽ എല്ലാ പൗരരും തുല്യരാണെന്ന്‌ അനുശാസിക്കുന്ന ഭരണഘടനാ വ്യവസ്ഥകളെയും സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം എന്നീ ആശയങ്ങളെയുമാണ്‌ ഇത്തരം വിവേചനങ്ങൾ റദ്ദാക്കുന്നതെന്ന്‌ നിസ്സംശയം പറയാം.

ഉത്തർപ്രദേശ്‌, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളിൽ തടവുകാർക്ക്‌ ജാതിയുടെ അടിസ്ഥാനത്തിൽ ജോലി നൽകുന്ന സമ്പ്രദായം ഉടൻ നിർത്തലാക്കണമെന്ന്‌ അഭിപ്രായപ്പെട്ടാണ്‌ സുപ്രീംകോടതി ജാതിവിവേചനത്തെക്കുറിച്ച്‌ ഗൗരവമേറിയ നിരീക്ഷണം നടത്തിയത്‌.  ‘ജയിൽ രജിസ്റ്ററുകളിൽനിന്ന്‌ ജാതിക്കോളവും തടവുകാരുടെ ജാതി സൂചിപ്പിക്കുന്ന വിവരങ്ങളും നീക്കണം, ജയിലുകളിൽ ജാതി അടിസ്ഥാനമാക്കി തൊഴിലിൽ വിവേചനം തുടരുന്നത്‌ ഭരണഘടനാ വിരുദ്ധമാണ്‌, സംസ്ഥാനങ്ങളിലെ ജയിൽ മാന്വലുകളിൽ കാതലായ മാറ്റം വരുത്തണം’ എന്നെല്ലാമുള്ള ചീഫ്‌ ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌, ജസ്റ്റിസുമാരായ ജെ ബി പർധിവാല, മനോജ്‌ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി എല്ലാ അർഥത്തിലും സ്വാഗതാർഹമാണ്‌.

വർണാശ്രമ ധർമത്തിന്‌ അടിത്തറപാകിയ ഋഗ്വേദവും മനുസ്‌മൃതിയുമെല്ലാം രചിക്കപ്പെട്ട കാലത്തെ  അവസ്ഥയിൽനിന്ന്‌ രാജ്യത്തിന്റെ പല മേഖലകളും അധികമൊന്നും മുന്നോട്ടുപോയിട്ടില്ലെന്ന്‌ അടിവരയിടുകയാണ്‌ സുപ്രീംകോടതി. ദളിത്‌ വിഭാഗത്തിൽപ്പെട്ട തടവുകാർ കക്കൂസ്‌ കഴുകലും അടിച്ചുതുടയ്‌ക്കലും വൃത്തിയാക്കൽ ജോലികളും ചെയ്യാൻ നിർബന്ധിതരാകുമ്പോൾ  മേൽജാതിക്കാരെന്നു വിശേഷിപ്പിക്കപ്പെടുന്നവർക്ക്‌ പാചകമടക്കമുള്ള ജോലികളാണ്‌ നൽകുന്നത്‌.
തടവിലാക്കപ്പെട്ടവർക്കുപോലും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ടെന്ന്‌ ഇതിന്റെ പശ്ചാത്തലത്തിൽ  പ്രഖ്യാപിക്കുന്നു സുപ്രീംകോടതി.  രാജ്യത്തെ ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും നടമാടുന്ന ജാതിവിവേചനത്തിലേക്കുതന്നെയാണ്‌ സുപ്രീംകോടതി വിരൽചൂണ്ടുന്നത്‌. ഇന്ത്യയിൽ ജാതിവ്യവസ്ഥ നൂറ്റാണ്ടുകൾക്ക്‌ വളരെമുമ്പുതന്നെ സൃഷ്ടിക്കപ്പെട്ടതാണ്‌. ഋഗ്വേദത്തിൽ പറയുന്നത്‌ വിരാട്പുരുഷന്റെ മുഖത്തുനിന്ന്‌ ബ്രാഹ്മണനും ബാഹുക്കളിൽനിന്ന്‌ ക്ഷത്രിയനും തുടയിൽനിന്ന്‌ വൈശ്യനും പാദത്തിൽനിന്ന്‌ ശൂദ്രനുമുണ്ടായി എന്നാണ്‌. 

ഹിന്ദുത്വ പ്രത്യയശാസ്‌ത്രത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായ മനുസ്‌മൃതി ഊന്നിപ്പറയുന്നത്‌ വർണാശ്രമ ധർമം നടപ്പാക്കണമെന്നും സ്‌ത്രീകളെ അടിമകളായി നിലനിർത്തണമെന്നുമാണ്‌. ബ്രാഹ്മണർക്ക്‌ വേദങ്ങൾ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം ദൈവം നിർണയിച്ചെന്നും മറ്റുള്ളവരുടെ നന്മയ്‌ക്കായി യജ്ഞങ്ങൾ ചെയ്യാനും ദാനങ്ങൾ സ്വീകരിക്കാനും അവർ നിയോഗിക്കപ്പെട്ടെന്നുമാണ്‌ മനുസ്‌മൃതി പറയുന്നത്‌. ഈശ്വരൻ ശൂദ്രന്‌ വിധിച്ചിരിക്കുന്നത്‌ മറ്റു മൂന്നു വർണത്തിലുള്ളവരെ അനുസരണയോടെ പരിചരിക്കുക എന്നതു മാത്രമാണ്‌. അവർ വേദങ്ങളെന്ന തിരുവെഴുത്ത്‌ പഠിക്കാൻ ശ്രമിച്ചാൽ ചെവിയിൽ ഈയമുരുക്കിയൊഴിക്കും, നാവു തുണ്ടംതുണ്ടമാക്കും.

രണ്ടര–- മൂന്നു സഹസ്രാബ്ദൾക്കെങ്കിലുംമുമ്പ് രചിക്കപ്പെട്ട ഈ മതഗ്രന്ഥങ്ങളിലെ കുറിപ്പടികൾ അക്ഷരംപ്രതി പാലിക്കപ്പെടുന്ന ഇടങ്ങളായി ഈ ഭാരതത്തിലെ ജയിലുകൾ അടക്കമുള്ള സംവിധാനങ്ങൾ മാറിയിരിക്കുന്നെന്ന ദയനീയ വസ്‌തുതയാണ്‌ പുറത്തുവരുന്നത്‌. മനുദർശനം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിജെപി നയിക്കുന്ന സർക്കാർ ഭരിക്കുമ്പോൾ ഈ ദുരിതാവസ്ഥയ്‌ക്ക്‌ കാര്യമായ മാറ്റമുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കാൻ വയ്യ. ആർഎസ്‌എസും സംഘപരിവാറും പ്രചരിപ്പിക്കുന്ന സനാതനധർമത്തിന്റെ ആശയങ്ങൾ വാസ്‌തവത്തിൽ പാർശ്വവൽകൃതരെയും സ്‌ത്രീകളെയും അടിമകളാക്കാനാണ്‌ ശ്രമിക്കുന്നത്‌.

ഇപ്പോഴും പൊതുകിണറുകളിൽനിന്നും ടാപ്പുകളിൽനിന്നും വെള്ളമെടുക്കാൻ അവകാശമില്ലാത്ത ദളിത്‌ വിഭാഗക്കാരുണ്ട്‌. വടക്കേ ഇന്ത്യയിൽ മാത്രമല്ല, നമ്മുടെ അയൽസംസ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ ദളിതർക്കും അല്ലാത്തവർക്കും പ്രത്യേകം ഗ്ലാസുകളിൽ ചായ നൽകുന്നതിനെക്കുറിച്ചുള്ള വാർത്തകൾ മലയാളികൾ ഞെട്ടലോടെയാണ്‌ വായിച്ചത്‌. ചെരിപ്പിട്ട്‌ പൊതുനിരത്തിലൂടെ ദളിതർക്ക്‌ നടക്കാൻ അവകാശമില്ലാത്ത, ദളിതരുടെ മൃതദേഹങ്ങൾ പൊതുശ്‌മശാനങ്ങളിൽ സംസ്‌കരിക്കാൻ വിലക്കുള്ള നാടുകളുണ്ട്‌ ഈ ഭാരതത്തിൽ. ജനപ്രതിനിധികളായ ദളിതർക്ക്‌, പ്രത്യേകിച്ച്‌ സ്‌ത്രീകൾക്ക്‌ പഞ്ചായത്ത്‌ ഓഫീസുകളിൽ കസേര നിഷേധിക്കപ്പെടുന്ന സംഭവങ്ങളും നിരവധി. 

ഇന്ത്യൻ സാഹചര്യത്തിൽ ജാതീയമായ ചൂഷണവും വർഗപരമായ ചൂഷണവും പരസ്‌പര ബന്ധിതമാണ്‌. കാർഷിക അടിമത്തത്തിന്റെയും ഫ്യൂഡൽ ആധിപത്യത്തിന്റെയും ശക്തമായ ഘടകങ്ങൾ ഇപ്പോഴും ഇന്ത്യൻ സമൂഹത്തിലുണ്ട്‌. അതിനെതിരെ സാമൂഹ്യവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ മുന്നേറ്റങ്ങൾ രാജ്യവ്യാപകമായി സംഘടിപ്പിക്കേണ്ടതുണ്ട്‌. ജാതിവിവേചനങ്ങൾക്കെതിരെയുള്ള ശ്രീനാരായണ ഗുരുവിന്റെയും മറ്റും ഇടപെടലുകൾക്കും ഗുരുവായൂർ സത്യഗ്രഹമടക്കമുള്ള ഉജ്വലസമരങ്ങൾക്കും കേരളത്തിൽ തുടർച്ച നൽകിയത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനമാണ്‌. ക്ഷേത്രങ്ങളിൽ ദളിത്‌ പൂജാരിമാരെ നിയമിക്കാൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌ ചരിത്രപരമായ മുന്നേറ്റമാണ്‌. തമിഴ്‌നാട്ടിൽ ജാതിമതിലുകൾ തകർത്തെറിയാൻ മുന്നിൽനിൽക്കുന്ന സിപിഐ എം തന്നെയാണ്‌ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രാഷ്‌ട്രീയ സമരങ്ങൾക്കൊപ്പം അയിത്താചരണത്തിനെതിരെയുള്ള സമരങ്ങളുടെയും മുന്നണിയിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top