സംസ്ഥാന കോൺഗ്രസ് നേതൃത്വം കൈപ്പിടിയിലാക്കിയ വി ഡി സതീശനും സംഘവും പാർടിയെ ബിജെപിക്ക് അടിയറ വച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണമാണ് ഇന്നലെവരെ കോൺഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന ഡോ. പി സരിൻ ഉന്നയിച്ചിരിക്കുന്നത്. അഖിലേന്ത്യാതലത്തിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ബിജെപിക്കെതിരെ പോരാടുന്നുവെന്നാണല്ലോ അവകാശവാദം. എങ്കിൽ, സംസ്ഥാനത്ത് അതിനെയൊരു മൃദുഹിന്ദുത്വ പാർടിയാക്കി അധഃപതിപ്പിക്കുന്നത് ആരുടെ താൽപ്പര്യമാണ്.
ഒളിഞ്ഞും തെളിഞ്ഞുമുള്ള ബിജെപി ബന്ധം കോൺഗ്രസിന് പുത്തരിയല്ല. പക്ഷേ, കോൺഗ്രസിനെ സംഘപരിവാർ കൂട്ടുകെട്ടിലേക്ക് പരിണമിപ്പിക്കാനുള്ള നീക്കം മതനിരപേക്ഷ വിശ്വാസികളായ എല്ലാവരെയും വേദനിപ്പിക്കുന്നതാണ്. ഗോൾവാൾക്കറുടെ ചിത്രത്തിനുമുന്നിൽ വിളക്കുകൊളുത്തി ആർഎസ്‌എസ് ചടങ്ങിൽ മുഖ്യകാർമികനാകാൻ തെല്ലും മടികാണിക്കാത്ത വി ഡി സതീശനിൽനിന്ന് മറ്റെന്തെങ്കിലും പ്രതീക്ഷിക്കണോയെന്ന ചോദ്യമാണ് കൂടുതൽ പ്രസക്തമാകുന്നത്. 1980കൾമുതൽ കൂടുതൽ ശക്തിപ്പെട്ടുവന്ന മതനിരപേക്ഷ ഇടതുപക്ഷ ചേരിയെ നേരിട്ടുള്ള രാഷ്‌ട്രീയ യുദ്ധത്തിൽ പരാജയപ്പെടുത്താൻ കഴിയില്ലെന്ന തിരിച്ചറിവിലൂടെ രൂപപ്പെട്ട ദുരന്തവിധിയാണ് കോൺഗ്രസിന്റെ സംഘപരിവാർ ബന്ധം. ജനാധിപത്യത്തിലെ നൈതികതയെ പടിക്കുപുറത്തുനിർത്തിയുള്ള അപകടവഴിയുടെ തെളിവുകൾ ചരിത്രത്താളുകളിൽ മിഴിച്ചുകിടക്കുന്നുണ്ട്.
ബിജെപി ഒരു വിഷയം ഉന്നയിക്കുകയും അതേപടി കോൺഗ്രസ് ഏറ്റുപിടിക്കുകയും ചെയ്യുന്ന രീതിയാണ് നാളുകളായി കേരളത്തിൽ കാണുന്നത്. പലപ്പോഴും സമരം നടത്തുന്നതുപോലും ഒന്നിച്ചാണ്. കേരളത്തെ എല്ലാവിധത്തിലും കേന്ദ്രം അവഗണിക്കുമ്പോൾ, അതിനെതിരെ ശബ്ദിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. വയനാട് ദുരന്തസഹായം വൈകുന്നതു സംബന്ധിച്ച് നിയമസഭയിൽ നടന്ന ചർച്ചയിൽപ്പോലും കേന്ദ്രത്തിനെതിരെ കോൺഗ്രസ് അംഗങ്ങൾ നാവനക്കിയില്ല. പരസ്‌പര സഹായസംഘമായി മാറിയ കോൺഗ്രസ്– -ബിജെപി ബാന്ധവത്തിന്റെ പിന്നാമ്പുറ ചിത്രങ്ങളും സ്വയം സംസാരിക്കുന്നവയാണ്.
1991ലെ കോ ലീ ബി സഖ്യം ആരെങ്കിലും മറക്കുമോ. വടകര ലോക്‌സഭാമണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും ഈ സഖ്യത്തിലെ പൊതുസ്വതന്ത്രരാണ് മത്സരിച്ചത്. വടകരയിൽ മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായിരുന്ന എം രത്‌നസിങ്, ബേപ്പൂരിൽ ഭാരതീയ വിചാരകേന്ദ്രം പ്രസിഡന്റായിരുന്ന ഡോ. കെ മാധവൻകുട്ടി. മറ്റ് മൂന്നു നിയമസഭാ മണ്ഡലങ്ങളിൽക്കൂടി ബിജെപിയുമായി അന്ന് ധാരണയുണ്ടായിരുന്നു. കേരളം അന്നുവരെ പരിചയിച്ചിട്ടില്ലാത്ത അന്തർധാര വഴി നമ്മുടെ സാമൂഹ്യഘടനയിൽപ്പോലും വിള്ളൽ വീഴ്‌ത്താനുള്ള ശ്രമമാണ് നടത്തിയത്. തെരഞ്ഞെടുപ്പ് സമയത്തുതന്നെ ആരോപണം ഉയർന്നിരുന്നെങ്കിലും ഔദ്യോഗികമായി പുറത്തുവന്നത് 1998ൽ ‘കെ ജി മാരാർ രാഷ്ട്രീയത്തിലെ സ്‌നേഹ സാഗരം’ എന്ന പുസ്‌തകത്തിലൂടെയാണ്. രത്‌നസിങ്ങും മാധവൻകുട്ടിയും പിന്നീടത് സ്ഥിരീകരിച്ചു. നേമത്ത് ഒ രാജഗോപാൽ വിജയിച്ചതും മറ്റൊരു ഉദാഹരണമാണ്. ബിജെപിക്ക് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലത്തിൽ വോട്ട് വർധിപ്പിച്ചപ്പോഴെല്ലാം കോൺഗ്രസ് വോട്ട് നാമമാത്രമായി. രാജഗോപാൽ തന്റെ ആത്മകഥയായ ജീവാമൃതത്തിലും വടകര മോഡൽ ബന്ധങ്ങൾ തുറന്നുപറയുന്നുണ്ട്.
സമാന സാഹചര്യം തന്നെയല്ലേ ഇപ്പോഴും രൂപപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രവർത്തനം സജീവമായി, വോട്ടഭ്യർഥനവരെ തുടങ്ങിയശേഷമാണ് പെട്ടെന്ന് പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വടകരയിൽ മത്സരിക്കാൻ എത്തിയത്. കെ മുരളീധരനെ തൃശൂരിലേക്കും മാറ്റി. എന്തിനായിരുന്നു അതെന്ന ചോദ്യമുന്നയിച്ചവർക്കൊക്കെ ബിജെപി ബന്ധം മണത്തിരുന്നു, വാർത്തയും ചർച്ചയുമായി. കോൺഗ്രസ് നേതാക്കൾ പതിവുപോലെ നിഷേധിച്ചു. പക്ഷേ, അന്ന് കോൺഗ്രസിനൊപ്പം സജീവമായിരുന്ന പി സരിൻ സത്യാവസ്ഥ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നു.
വലിച്ചൂരാൻ പറ്റാത്തത്ര ആഴത്തിൽ ചെളിക്കുണ്ടിലാണ്ട സ്വന്തം കാലുകളെ മറയ്ക്കാനുള്ള വെപ്രാളംമാത്രമാണ് സിപിഐ എമ്മിനെതിരായ ബിജെപി ബന്ധ ആരോപണം. കോൺഗ്രസിനോ ലീഗിനോ സ്വന്തം അണികളെപ്പോലും അത് വിശ്വസിപ്പിക്കാനുമാകില്ല. എഡിജിപിയുടെയും തൃശൂർ പൂരത്തിന്റെയും പേരിൽ യുഡിഎഫും മാധ്യമങ്ങളും ഉറഞ്ഞുതുള്ളിയപ്പോഴും സിപിഐ എമ്മോ സർക്കാരോ തെല്ലും പരിഭ്രമിച്ചില്ല. മറിച്ച് ജനങ്ങൾക്ക് ബോധ്യമാകുംവിധം അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരാനാണ് തീരുമാനിച്ചത്. ‘മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂ’ എന്ന ചൊല്ല് ആവർത്തിക്കുന്നത് വർഗീയതയോടുള്ള നിലപാടുകളിൽ വിട്ടുവീഴ്‌ചയില്ലെന്ന ഉറപ്പ് കാരിരുമ്പുപോലെ ഉള്ളിൽ കിടക്കുന്നതുകൊണ്ടാണ്. കോൺഗ്രസിന്റെ സംഘബന്ധങ്ങളിൽ അത്ഭുതപ്പെടാനായി ഒന്നുമില്ല. പക്ഷേ, ‘ഏതെങ്കിലും മതത്തോട് പ്രത്യേക മമതയോ വിരോധമോ വേണ്ട’ എന്ന് പറഞ്ഞു പഠിപ്പിച്ച ജവാഹർലാൽ നെഹ്‌റുവിന്റെ പാർടിയെയാണ് കാവിപുതപ്പിക്കാൻ ശ്രമിക്കുന്നതെന്നത് കേരളത്തിന് ഭയപ്പാടോടെ മാത്രമേ കാണാനാകൂ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..