22 December Sunday

വേണ്ട, വിപത്തിന്റെ മുനമ്പിലേക്ക് നടക്കേണ്ട

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

കോവിഡ് വ്യാപനത്തിന്റെ മൂന്നാംഘട്ടത്തിലാണ് കേരളം. ഒന്നും രണ്ടും ഘട്ടങ്ങളിൽ വളരെ മികച്ച രീതിയിൽ രോഗത്തെ പ്രതിരോധിക്കാൻ നമുക്ക് കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ ആസൂത്രണത്തോടെയുള്ള ശക്തമായ നേതൃത്വവും ആരോഗ്യപ്രവർത്തകരുടെയും സാമൂഹ്യ പ്രവർത്തകരുടെയും കഠിനാധ്വാനവും നാട്ടുകാരുടെ ജാഗ്രതയും ഇക്കാര്യത്തിൽ തുണയായി. ഇപ്പോൾ മൂന്നാംഘട്ടത്തിലും സർക്കാർ കരുതലോടെ നയിക്കുന്നു. ആരോഗ്യപ്രവർത്തകർമുതൽ പൊലീസുകാർവരെ  രാപ്പകൽ അധ്വാനിക്കുന്നു. പക്ഷേ, ജനങ്ങളുടെ ജാഗ്രതയിൽ  ഇടിവുവന്നോ എന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നു. നാട്ടിലാകെനിന്നുവരുന്ന സൂചനകൾ അതാണ്‌ കാണിക്കുന്നത്.

ഒന്നും രണ്ടും ഘട്ടങ്ങളേക്കാൾ അപകടകരമാണ് മൂന്നാംഘട്ടം. ലോകത്തെയും  ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെയും തീവ്രമായ രോഗബാധയുള്ള പ്രദേശങ്ങളിൽനിന്ന് കൂട്ടത്തോടെ ആളുകൾ നാട്ടിലെത്തുകയാണ്. ജോലിക്കും  മറ്റാവശ്യങ്ങൾക്കും നാടുവിട്ട്‌ നിൽക്കേണ്ടിവന്ന ഇവരെ നാം ആശ്വാസത്തോടെ സ്വീകരിക്കുകയാണ്. ഇവരെ ഹൃദയപൂർവം സ്വീകരിക്കുമ്പോൾ ഏറെ കരുതലെടുക്കേണ്ടതുണ്ട്. അവരിൽ രോഗബാധിതരും രോഗവാഹകരും ഉണ്ടാകാം. അത് അവരുടെ കുറ്റമല്ല. അത്രയേറെ രോഗവ്യാപനമുള്ള മേഖലകളിൽനിന്നാണ് അവർ വരുന്നത്. അവരെ സ്വീകരിക്കുന്നതിൽ, അവർക്ക് താമസ സൗകര്യം ഒരുക്കുന്നതിൽ എല്ലാം അതീവ ജാഗ്രത പുലർത്തുന്നത് അവരുടെയും നാടിന്റെയും നന്മമാത്രം മുൻനിർത്തിയാണ്. ആ കരുതൽ അട്ടിമറിക്കാൻ ഒരു കൂട്ടരെയും നമ്മൾ അനുവദിച്ചു കൂടാ.

വിദേശത്തുനിന്നായാലും മറ്റ് സംസ്ഥാനങ്ങളിൽനിന്നായാലും വരുന്നവർ ആരെന്നും എവിടെനിന്നെന്നും എവിടേക്കെന്നും സർക്കാരിനെ അറിയിച്ചേ തീരൂ. ഈ കരുതൽ അട്ടിമറിക്കാൻ ആദ്യ ശ്രമം നടന്നത് വാളയാർ അതിർത്തിയിൽ പ്രതിപക്ഷത്തിന്റെ മുൻകൈയോടെയാണ്. കോടതിയെവരെ ഇതിനായി തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടന്നു. വിജയിച്ചില്ല. പിന്നീട് പല സംഘടനകളുടെ പേരിൽ ആളുകളെ  കൂട്ടമായി എത്തിച്ച്‌ അവിടെയും ഇവിടെയും ഇറക്കിവിടുന്ന സ്ഥിതി വന്നു. ഇവിടുത്തെ ജാഗ്രതയ്ക്ക് മുറിവേൽപ്പിക്കുന്ന ഈ ഓരോ ചെയ്തിയെയും സർക്കാരിന്‌ കർശനമായിത്തന്നെ നേരിടേണ്ടിവന്നു.


 

അതിനിടയിലാണ് ആരൊക്കെ വരുന്നു എന്ന് വിവരം തരാതെ സംസ്ഥാനത്തേക്ക് ട്രെയിനുകളിൽ യാത്രക്കാരെ എത്തിക്കാൻ റെയിൽവേ ശ്രമം തുടങ്ങിയത്. അതും മുംബൈപോലെ രോഗികൾ ഏറെയുള്ള സ്ഥലങ്ങളിൽനിന്ന്. നാടിന്റെ ആരോഗ്യത്തിൽ, നാട്ടുകാരുടെ ജീവനിൽ താൽപ്പര്യമുള്ളതുകൊണ്ട് സംസ്ഥാന സർക്കാർ ഇതിനോട് ശക്തിയായിത്തന്നെ പ്രതികരിച്ചു. ആദ്യം റെയിൽവേ മന്ത്രിയോട് അഭ്യർഥിച്ചു. ശ്രദ്ധിക്കാതെ വന്നപ്പോൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇവിടേക്ക്‌ വരുന്നവർ സംസ്ഥാനത്തിന്റെ സൈറ്റിൽ രജിസ്റ്റർ ചെയ്യണം എന്നുമാത്രമാണ് കേരളം ശഠിച്ചത്. എന്നാൽ, അതിന്റെ പേരിൽ സംസ്ഥാന ഭരണത്തെയും സർക്കാരിനെയും മുഖ്യമന്ത്രിയെയും അവഹേളിക്കുന്ന പ്രതികരണവുമായാണ് കേന്ദ്ര റെയിൽവേമന്ത്രി പീയൂഷ് ഗോയൽ ടെലിവിഷൻ ചാനലുകളിലെത്തിയത്.

സ്വന്തം ജനങ്ങളോട് താല്പര്യമില്ലാത്ത മുഖ്യമന്ത്രി എന്നുവരെ അദ്ദേഹം പറഞ്ഞു.  ഒരു ജനതയെ ഇതുപോലൊരു മഹാമാരി ഘട്ടത്തിലും ചേർത്തുപിടിച്ച്‌ സംരക്ഷിക്കുന്ന ഉജ്വലമാതൃകയിലൂടെ ലോകശ്രദ്ധ നേടിയ കേരളത്തിന്റെ ജാഗ്രതയെ കൊഞ്ഞനം കുത്തുന്ന  സമീപനമാണ് കേന്ദ്രമന്ത്രി സ്വീകരിച്ചത്. ഈ വങ്കത്തം പറയുംമുമ്പ് സ്വന്തം നാടായ മഹാരാഷ്ട്രയിലെ സ്ഥിതിയുമായെങ്കിലും കേരളത്തിലെ നില ഗോയലിന് താരതമ്യം ചെയ്യാമായിരുന്നു. ഇത്തരം രാഷ്ട്രീയവഷളത്തം പറയേണ്ടത് ബിജെപിക്ക്‌ ആവശ്യമായിരിക്കാം. പറഞ്ഞോട്ടെ. അത് പറയാൻ പറ്റിയ എല്ലില്ലാത്ത നാവുകളുമായി ബിജെപിക്ക് കേരളത്തിൽ എത്രയോ നേതാക്കളുണ്ട്. അവർ പറയട്ടെ. കേന്ദ്രമന്ത്രിക്കസേരയിൽ ഇരിക്കുമ്പോൾ കുറച്ചുകൂടി  ഔചിത്യമാകാം.


 

പുറത്തുനിന്ന്‌ വരുന്നവരുടെ കാര്യത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടായതെങ്കിൽ നാട്ടിലെ ജാഗ്രതയിൽ ഗുരുതരമായ വീഴ്ചയാണ് കാണുന്നത്. ഇക്കാര്യം മുഖ്യമന്ത്രി ചൊവ്വാഴ്ച പത്രസമ്മേളനത്തിൽ സൂചിപ്പിച്ചു. എല്ലാം പഴയപടിയായ മട്ടിലാണ് പലരും പെരുമാറുന്നത്. ശാരീരിക അകലം പാലിക്കൽ കുറയുന്നു. മാസ്ക് ധരിക്കാത്ത മുഖങ്ങൾ കൂടുന്നു. അത്യാവശ്യമില്ലാതെയും പുറത്തിറങ്ങുന്നു. ചായക്കടകളിലും മറ്റും ഗ്ലാസുകൾ ഒന്നിലേറെപ്പേർ ഉപയോഗിക്കുന്നു. സ്ഥാപനങ്ങൾക്കു മുമ്പിലെ സാനിറ്റൈസർ അപ്രത്യക്ഷമാകുന്നു. ഈ നിലയ്ക്കു പോയാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരും. പാലക്കാട്ട് ഈ അലംഭാവം സാമൂഹ്യവ്യാപനത്തിന് അടുത്തുവരെ  എത്തി. ഇത് തടഞ്ഞേതീരൂ. സർക്കാർ നടപടികൾ കർശനമാക്കുന്നുണ്ട്. ശിക്ഷയിലേക്കും ഇനി പോയേക്കും. ഇതെല്ലാം നാടിനുവേണ്ടിയാണെന്ന തിരിച്ചറിവോടെ ജനങ്ങൾ സഹകരിക്കണം.

ഇന്ത്യയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തിട്ടും നൂറു ദിവസം പിന്നിട്ടപ്പോൾ രോഗബാധിതരുടെ എണ്ണം പതിനാറിൽ പിടിച്ചുനിർത്താൻ നമുക്കായത് കർശന ജാഗ്രതയിലൂടെയാണ്. അത് കൈവിട്ടുപോകരുത്. കാത്തിരിക്കുന്ന അപകടം വലുതാണ്‌. ഒന്നാംഘട്ടംമുതൽതന്നെ അലസത കാട്ടിയ അമേരിക്കയിൽ മരണം ഒരു ലക്ഷം കടക്കുന്നു. ആ വഴിക്കല്ല പോകേണ്ടത്. നമ്മൾ ആദ്യ രണ്ടു ഘട്ടത്തിലും സൃഷ്ടിച്ച മാതൃകയുണ്ട്‌. ആ വഴിതന്നെ നീങ്ങാം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top