22 December Sunday

ഗ്യാസ്‌ ചേംബറിൽനിന്ന്‌ ഡൽഹിക്ക്‌ മോചനമില്ലേ

വെബ് ഡെസ്‌ക്‌Updated: Friday Nov 22, 2024


എല്ലാതരത്തിലും വിഷപ്പുക നിറഞ്ഞിരിക്കുന്ന രാജ്യതലസ്ഥാനമായ ഡൽഹിയിലെ ജനജീവിതം ഗുരുതര ആരോഗ്യപ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണ്‌. ദിവസങ്ങളായി വായുമലിനീകരണ സൂചിക അപകടകരമായ നിലയിലാണ്‌. സ്‌കൂളുകൾ അടച്ചിട്ടിരിക്കുന്നു, സർക്കാർ ഓഫീസുകളിലെ പകുതി ജീവനക്കാർക്ക്‌ വീട്ടിൽനിന്ന്‌ ജോലി ചെയ്യാൻ അനുമതി നൽകി, വാഹനങ്ങൾ റോഡിലിറങ്ങുന്നതിന്‌ കർശന നിയന്ത്രണം ഏർപ്പെടുത്തി–- ജീവിതം, തൊഴിൽ എന്നിവയെല്ലാം തടസ്സപ്പെട്ടു.

വായുമലിനീകരണത്തിൽ ലോകത്ത്‌ ഏറ്റവും മുന്നിൽ നിൽക്കുന്ന രാജ്യ തലസ്ഥാനമാണ്‌ ഡൽഹി. വായു ഗുണനിലവാര സൂചിക 450 പിന്നിട്ടതോടെ തലസ്ഥാനത്തെയും പരിസരത്തെയും ജനങ്ങൾ ഗ്യാസ്‌ ചേംബറിൽ അകപ്പെട്ട നിലയിലാണ്‌. സൂചിക പൂജ്യംമുതൽ 50 വരെയാണ് ശുദ്ധവായുവെന്ന് പരിഗണിക്കുന്നത്, 51 മുതൽ 100 വരെ ത‍ൃപ്തികരവും 101– 200 വരെ മിതനിലവാരവും. 201നും 300നും ഇടയിൽ വൃത്തിഹീനവുമാണ്‌.  301– 400 അതീവ വൃത്തിഹീനവും 401‑ 500 അപകടകരമായ മലിനീകരണത്തെയുമാണ് സൂചിപ്പിക്കുന്നത്.  ഇന്ത്യക്കാരെ മരണത്തിലേക്ക്‌ നയിക്കുന്ന പ്രധാന ഘടകങ്ങളിൽ അഞ്ചാംസ്ഥാനം വായുമലിനീകരണത്തിനാണ്‌. വർഷംതോറും ഏകദേശം 10 ലക്ഷം പേരുടെ മരണത്തിന്‌ കാരണമാകുന്നതോടൊപ്പം ശരാശരി ആറര ലക്ഷം കോടി രൂപയുടെ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. വായു ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ലോകത്ത്‌ മുൻനിരയിലാണ്‌ ദീർഘകാലമായി ഡൽഹി. ഡൽഹി മാത്രമല്ല, രാജ്യത്തെ പല നഗരങ്ങളും മലിനീകരണത്തിൽ മുന്നിലാണ്‌. എസ്‌ ആൻഡ്‌ വി ഗ്ലോബൽ മൊബിലിറ്റി വെബ്‌ കഴിഞ്ഞ ദിവസം പുറത്തുവിട്ട ലോകത്തിലെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട 100 നഗരത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ 39 നഗരവും ഇന്ത്യയിലാണ്‌. തൊട്ടുപിന്നിൽ ചൈനയും പാകിസ്ഥാനും. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുപ്രകാരം ഉത്തരേന്ത്യയിലെ പല നഗരങ്ങളിലെയും വായു ഗുണനിലവാര സൂചിക 350നു മുകളിലാണ്‌. ഡൽഹിയിൽ ചൊവ്വാഴ്‌ചത്തെ സൂചിക 460നു മുകളിലാണ്‌. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി സർവനിയന്ത്രണവും മറികടന്ന്‌ പടക്കം പൊട്ടിച്ചതോടെയാണ്‌ ഡൽഹിയിലെ മലിനീകരണം വിനാശകരമായ നിലയിലെത്തിയത്‌.

രാജ്യഭരണത്തിന്റെ സിരാകേന്ദ്രത്തിൽ വായുമലിനീകരണം തടയുന്നതിൽ കേന്ദ്ര സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്‌. ഡൽഹിയിലെ എഎപി സർക്കാരിനെ കുറ്റപ്പെടുത്തുന്നതല്ലാതെ തലസ്ഥാനത്തിന്റെ യഥാർഥ അധികാരം കൈയാളുന്ന മോദി സർക്കാർ, വർഷങ്ങളായി നിലനിൽക്കുന്ന വായുമലിനീകരണപ്രശ്‌നം പരിഹരിക്കാൻ ശാസ്‌ത്രീയമായ പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. പഞ്ചാബിലെ കർഷകർ വിളവെടുപ്പിനുശേഷം വൈക്കോൽ കത്തിക്കുന്നതാണ്‌ പ്രശ്‌നത്തിന്‌ കാരണമെന്ന സ്ഥിരം പല്ലവി ആവർത്തിക്കുകയാണ്‌ കേന്ദ്രസർക്കാരും ബിജെപിയും. എന്നാൽ പഞ്ചാബിൽ മാത്രമല്ല, ഹരിയാനയിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും കർഷകർ വിളവെടുപ്പിനുശേഷമുള്ള അവശിഷ്ടങ്ങൾ കത്തിക്കുന്നുണ്ട്‌. വാഹനപ്പെരുപ്പവും അശാസ്‌ത്രീയ നിർമാണങ്ങളും ഉത്തരേന്ത്യൻ വീടുകളിൽ പാചക ഇന്ധനമായി ഉണക്കിയ ചാണകം ഉപയോഗിക്കുന്നതും വായുമലിനീകരണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. വിഷവായുവിൽ അഞ്ചിലൊന്നും ചാണകം കത്തിക്കുന്നതുകൊണ്ടാണെന്ന്‌ വിവിധ പഠനങ്ങളിൽ വ്യക്തമായിരുന്നു. വായുമലിനീകരണത്തിന്‌ പഞ്ചാബിലെ കർഷകരെമാത്രം പഴിക്കുന്നത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. വിളവെടുപ്പിനുശേഷമുള്ള അവശിഷ്ടങ്ങൾ ശാസ്‌ത്രീയ രീതിയിൽ സംസ്‌കരിച്ച്‌ ജൈവവളമാക്കി മാറ്റാനുള്ള വിപുലമായ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്രസർക്കാർ മുന്നോട്ടുവന്നാൽ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനാകും. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി നഗരങ്ങളിലെ വാഹനപ്പെരുപ്പം നിയന്ത്രിക്കാനും ഇലക്‌ട്രിക്‌ വാഹനങ്ങൾ വ്യാപകമാക്കാനും സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കേണ്ടതുണ്ട്‌. പ്ലാസ്റ്റിക് ഉൾപ്പെടെ അജൈവ മാലിന്യങ്ങൾ കത്തിക്കുന്നതും പ്രധാന കാരണമാണ്‌. അതോടൊപ്പമാണ് ദീപാവലിപോലുള്ള ആഘോഷവേളകളിൽ പടക്കംപൊട്ടിക്കുന്നതിലൂടെ  ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം.

വായുവിന്റെ ഗുണനിലവാരം മോശമാകുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ 69 ശതമാനം കുടുംബങ്ങളിലും ഒന്നോ അതിലധികമോ അംഗങ്ങൾ തൊണ്ടവേദന, ചുമ, ശ്വാസകോശ രോഗങ്ങളാൽ കഷ്‌ടത അനുഭവിക്കുന്നു. വായുമലിനീകരണപ്രശ്നം ശാശ്വതമായി പരിഹരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം കേന്ദ്ര, സംസ്ഥാന സർക്കാരുകളും നഗരഭരണ സംവിധാനവും അടിയന്തരമായി ആവിഷ്കരിക്കണം. ഡൽഹിയും സമീപ പ്രദേശങ്ങളും കടുത്ത വായുമലിനീകരണത്തിനെതിരെ പൊരുതുമ്പോൾ വായു ഗുണനിലവാര സൂചികയിൽ കേരളം ഏറെ മുന്നിലാണ്‌.  മികച്ച ശുദ്ധവായു ലഭിക്കുന്ന രാജ്യത്തെ എട്ട് നഗരങ്ങളുടെ പട്ടികയിൽ തൃശൂരും ഉൾപ്പെട്ടിട്ടുണ്ട്‌.  -‘നല്ല വായു ഗുണനിലവാരം' എന്ന വിഭാഗത്തിലാണ് തൃശൂർ. സംസ്ഥാനസർക്കാരിന്റെ പിന്തുണയോടെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഫലപ്രദമായി നടക്കുന്ന മാലിന്യനിർമാർജന പ്രവർത്തനങ്ങളാണ്‌ കേരളത്തിൽ ശുദ്ധവായു ഉറപ്പുവരുത്തുന്നത്‌. പ്ലാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങൾ കത്തിക്കുന്നത്‌ ഫലപ്രദമായി തടയാനായിട്ടുണ്ട്‌. ജൈവമാലിന്യങ്ങളുടെ സംസ്‌കരണവും ശാസ്‌ത്രീയമായി നടക്കുന്നു. ഇതാണ്‌ വായു ഗുണനിലവാരത്തിൽ കേരളത്തെ മുന്നിലെത്തിക്കുന്നത്‌. കേരളത്തിന്റെ ഈ മാതൃക രാജ്യത്തിനാകെ പകർത്താവുന്നതാണ്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top