23 December Monday

പരിശീലനകേന്ദ്രത്തിലേത്‌ ക്ഷണിച്ചുവരുത്തിയ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

അഴിമതിയും കെടുകാര്യസ്ഥതയും ചൂഷണവും പരസ്‌പരബന്ധിതമാണ്‌. സാധാരണക്കാരും ദരിദ്രരുമാണ്‌ എക്കാലത്തും ഇതിന്റെ ഏറ്റവും വലിയ ഇരകൾ. സിവിൽ സർവീസിൽ പ്രവേശിക്കുകയെന്ന ആഗ്രഹവും ലക്ഷ്യവും നേടിയെടുക്കാൻ കഠിനാധ്വാനത്തിന്‌ തയ്യാറായി രാജ്യതലസ്ഥാനത്ത്‌ എത്തിയ ചെറുപ്പക്കാരുടെ ജീവനെടുത്തത്‌ അത്യന്തം അപലപനീയമായ ഈ സംവിധാനമാണ്‌.

സ്വകാര്യ സിവിൽ സർവീസ്‌ പരിശീലനകേന്ദ്രത്തിൽ നിലവറയിൽ പ്രവർത്തിച്ച ലൈബ്രറിയിൽ മഴവെള്ളവും മലിനജലവും ഇരച്ചുകയറിയുണ്ടായ അപകടത്തിൽ പൊലിഞ്ഞത്‌ മലയാളിയായ നെവിൽ ഡാൽവിൻ അടക്കമുള്ളവരാണ്‌. മനുഷ്യനിർമിതം എന്നതിലുപരിയായി ക്ഷണിച്ചുവരുത്തിയതാണ്‌ ഈ ദുരന്തം. നിയമവും ചട്ടങ്ങളും ലംഘിച്ചുള്ള നിർമാണങ്ങളും നോക്കുകുത്തികളായി മാറിയ ഔദ്യോഗിക ഏജൻസികളും ചേർന്ന്‌ സൃഷ്ടിച്ച ദുരന്തം. രക്ഷാപ്രവർത്തനത്തിലെ പാളിച്ചകളും പരാതികൾക്ക്‌ കാരണമായിട്ടുണ്ട്‌.

സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന ഡൽഹിയിലെ വാണിജ്യകേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നത്‌ ആയിരത്തോളം പരിശീലന സ്ഥാപനങ്ങളാണ്‌. ഉദ്യോഗാർഥികളിൽനിന്ന്‌ ലക്ഷക്കണക്കിനു രൂപ ഫീസ്‌ വാങ്ങുന്ന ഇത്തരം സ്ഥാപനങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളോ സുരക്ഷയോ ഒരുക്കുന്നതിൽ കുറ്റകരമായ അലംഭാവമാണ്‌ അധികൃതർ കാട്ടുന്നത്‌. ലൈബ്രറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉപയോഗിക്കാൻ അധിക ഫീസും നൽകണം. ഇപ്പോൾ ദുരന്തമുണ്ടായ നിലവറയിലെ ലൈബ്രറിയിൽ ഇരിക്കാൻ പ്രതിമാസം 5000 രൂപവരെയാണ്‌ നൽകേണ്ടതെന്ന്‌ ഉദ്യോഗാർഥികൾ പറയുന്നു. ലൈസൻസ്‌ പ്രകാരം സ്‌റ്റോർറൂമായി ഉപയോഗിക്കേണ്ട നിലവറയിലാണ്‌ ലൈബ്രറി പ്രവർത്തിപ്പിച്ചതെന്ന്‌ ഫയർഫോഴ്‌സ്‌ അധികാരികൾ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ മാസം ഇതേക്കുറിച്ച്‌ ഡൽഹി മുനിസിപ്പൽ കോർപറേഷന്‌ പരാതി നൽകിയതാണെന്ന്‌ ഉദ്യോഗാർഥികൾ വെളിപ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ ദിവസങ്ങളിൽ പലപ്പോഴും ഇവിടെ വെള്ളം കയറിയിരുന്നതായി അവർ പറയുന്നു.

ആവർത്തിച്ച്‌ പരാതി നൽകിയിട്ടും അധികൃതർ നടപടിയൊന്നും സ്വീകരിച്ചില്ല. ഓവുചാലിനോട്‌ ചേർന്ന്‌ ദുർബല നിർമാണം നടത്തിയതാണ്‌ മതിൽ തകർന്ന്‌ വെള്ളം ഇരച്ചുകയറാൻ ഇടയാക്കിയത്‌.
ദുരന്തമുണ്ടായശേഷം റാവൂസ്‌ ഐഎഎസ്‌ സ്റ്റഡി സർക്കിൾ നടത്തിപ്പുകാരെ അറസ്റ്റ്‌ ചെയ്യുകയും സമീപത്തെ 13 പരിശീലനകേന്ദ്രംകൂടി പൂട്ടിക്കുകയും ചെയ്‌തു. സദാസമയവും തിരക്കേറിയ കരോൾ ബാഗ്‌ മേഖലയിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രങ്ങൾ അക്കാദമിക്‌ പ്രവർത്തനങ്ങൾക്ക്‌ തീരെ യോജിച്ച ഇടമല്ല. കൊടിയ ചൂഷണമാണ്‌ ഈ കേന്ദ്രങ്ങളിൽ നടക്കുന്നത്‌. ഒരു ക്ലാസിൽ 300–- 400 പേരെ ഇരുത്തും. പരസ്യങ്ങളിൽ കുടുങ്ങിയാണ്‌ മിക്കവരും ഇവിടെ എത്തുന്നത്‌. തുടക്കത്തിൽത്തന്നെ വൻ തുക മുടക്കേണ്ടിവരുന്നതോടെ ഇവിടെ പിടിച്ചുനിൽക്കാൻ ഉദ്യോഗാർഥികൾ നിർബന്ധിതരാകുന്നു.

ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ പേരിൽ ആം ആദ്‌മി പാർടിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച്‌ കൈകഴുകാനാണ്‌ ബിജെപി ശ്രമം. ഡൽഹി മുനിസിപ്പൽ കോർപറേഷനിൽ ആം ആദ്‌മി പാർടിക്ക്‌ ഭരണം ലഭിച്ചിട്ട്‌ രണ്ടു വർഷംപോലുമായില്ല. ബിജെപി ദീർഘകാലം കോർപറേഷൻ ഭരിച്ചപ്പോൾ അനധികൃത നിർമാണങ്ങൾ തകൃതിയായി നടന്നു. ഡൽഹി കോർപറേഷനെയും സംസ്ഥാന സർക്കാരിനെയും ഫലപ്രദമായി പ്രവർത്തിക്കാൻ അനുവദിക്കാതെ കേന്ദ്രം രാഷ്‌ട്രീയ പകപോക്കൽ നടത്തുകയുമാണ്‌. ഉയർന്ന ഉദ്യോഗസ്ഥരെല്ലാം കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാണ്‌. ദൈനംദിന പ്രവർത്തനങ്ങൾക്കുപോലും ലഫ്‌. ഗവർണറുടെ അനുമതി വേണം.
ഡൽഹിയിലെ ജനവാസകേന്ദ്രങ്ങളിലും അപകടം പതിയിരിക്കുന്നു. കഴിഞ്ഞദിവസം റോഡിലെ വെള്ളക്കെട്ടിൽ ചവിട്ടാതിരിക്കാൻ സമീപത്തെ ഗേറ്റിൽ പിടിച്ച സിവിൽ സർവീസ്‌ ഉദ്യോഗാർഥി വൈദ്യുതാഘാതമേറ്റ്‌ മരിച്ചു.

ജൂൺ 28ന് ഉണ്ടായ മഴയിൽ അടിപ്പാതകളിൽ വെള്ളം നിറഞ്ഞ്‌ 11 പേർ മുങ്ങിമരിച്ചു. കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്കായി ഈസ്റ്റ്‌ കിദ്വായി നഗറിൽ നിർമിച്ച 14 നില പാർപ്പിട സമുച്ചയത്തിലുണ്ടായ കെടുതികൾ അശാസ്‌ത്രീയ നിർമാണത്തിന്റെ സംഭാവനയാണ്‌. ഖരമാലിന്യ നിർമാർജനത്തിൽ നേരിടുന്ന പ്രതിസന്ധി മറ്റൊരു ഭീഷണി. ഡൽഹിയിൽ പ്രതിദിനം 3000 ടൺ മാലിന്യം നിർമാർജനം ചെയ്യപ്പെടാതെ പോകുന്നുണ്ടെന്ന്‌ സുപ്രീംകോടതി കഴിഞ്ഞദിവസം നിരീക്ഷിച്ചത്‌ പ്രധാനമാണ്‌. ബഹുമുഖ ഭീഷണി നേരിടുന്ന ഡൽഹിയെ രക്ഷിക്കാൻ രാഷ്‌ട്രീയവിഭാഗീയതകൾക്ക്‌ അതീതമായ നീക്കം ഉണ്ടാകണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top