19 December Thursday

ഗീബൽസിനെ വെല്ലുന്ന വലതുപക്ഷ മാധ്യമങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

ഗീബൽസിനെ വെല്ലുന്ന മികവോടെയാണ്‌ ചില മലയാള മാധ്യമങ്ങളുടെ നുണ നിർമാണം. സിപിഐ എമ്മിനെതിരാണെങ്കിൽ എന്ത്‌ അസംബന്ധവും വലിയ വാർത്തയാക്കുന്നതും അത്‌ ആവർത്തിച്ച്‌ ആഘോഷിക്കുന്നതും ഉന്നതമായ മാധ്യമ സ്വാതന്ത്ര്യമാണെന്ന മിഥ്യാധാരണയിലാണ്‌ വലതുപക്ഷ മാധ്യമങ്ങൾ. തങ്ങൾ സൃഷ്ടിച്ച നുണ പലതവണ ആവർത്തിച്ച്‌ അത്‌ സത്യമാണെന്ന്‌ വരുത്തിത്തീർക്കാമെന്ന ഗീബൽസിയൻ തന്ത്രമാണ്‌ ഈ നൂറ്റാണ്ടിലും പയറ്റുന്നത്‌. ജനങ്ങളെ  ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌  എതിരാക്കാമെന്ന ധാരണയിൽ പ്രതിപക്ഷവും നുണക്കഥകളുടെ ചാമ്പ്യന്മാരാകാനുള്ള ശ്രമത്തിലാണ്‌.  ഏറ്റവും ഒടുവിൽ ആർഎസ്‌എസുമായി സിപിഐ എമ്മിന്‌ രഹസ്യബന്ധമുണ്ടെന്ന നട്ടാൽ മുളയ്‌ക്കാത്ത നുണയാണ്‌ വലിയ വാർത്തയായി പ്രചരിപ്പിക്കുന്നത്‌.

ഇന്ത്യയിലും കേരളത്തിലും കാലങ്ങളായി ആർഎസ്‌എസിനെ എതിർക്കുന്നതും അവരുടെ വർഗീയനിലപാടിനെതിരെ പോരാടുന്നതും സിപിഐ എമ്മും ഇടതുപക്ഷവുമാണെന്ന്‌ എല്ലാവർക്കും അറിയാം.  ആർഎസ്‌എസിന്റെ വോട്ട്‌ വേണ്ടെന്ന്‌ പരസ്യമായി പ്രഖ്യാപിച്ച പാർടിയാണ്‌ സിപിഐ എം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ആർഎസ്‌എസ്‌ നേതാവിനെ കണ്ടത്‌ സിപിഐ എമ്മിനു വേണ്ടിയാണെന്ന ഭാവനയാണ്‌ വലിയ വാർത്തയായി അവതരിപ്പിക്കുന്നത്‌. ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥനെ മധ്യവർത്തിയാക്കാൻമാത്രം മണ്ടൻമാരാണോ പാർടി നേതാക്കൾ എന്നൊന്നും ആലോചിക്കാനുള്ള വകതിരിവ്‌ മാധ്യമങ്ങൾക്കില്ലെന്ന്‌ അവർ സ്വയം തെളിയിക്കുകയാണ്‌.

എഡിജിപി ആരെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ അത്‌ എന്തിനു വേണ്ടിയാണെന്ന്‌ പറയാനുള്ള ബാധ്യത അദ്ദേഹത്തിനു മാത്രമാണ്‌. എഡിജിപി, ആർഎസ്എസ് നേതാവിനെ കണ്ടത് സിപിഐ എമ്മിന്റെ തലയിൽ കെട്ടിവയ്ക്കുന്നത് മാധ്യമ അജൻഡയാണെന്ന് പാർടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടതിൽ പാർടിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തൃശൂർപൂരം അലങ്കോലമാക്കാൻ ആർഎസ്‌എസിന്‌ ഒത്താശചെയ്യാനാണ്‌ എഡിജിപിയെ അയച്ചതെന്ന അസംബന്ധവും  മാധ്യമങ്ങളും പ്രതിപക്ഷവും പ്രചരിപ്പിക്കുന്നുണ്ട്‌. പൂരം കലക്കാൻ സർക്കാർ ആരെയും അനുവദിച്ചിട്ടില്ല. അതിനുള്ള ശ്രമം നടന്നപ്പോൾത്തന്നെ ശക്തമായി ഇടപെട്ടു. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയ്‌ക്ക്‌ സിറ്റി പൊലീസ്‌ കമീഷണറെ സ്ഥലം മാറ്റുകയും ചെയ്‌തു.
സിപിഐ എം –- ആർഎസ്‌എസ്‌ ബന്ധം ആരോപിക്കുന്ന പ്രതിപക്ഷനേതാവും മാധ്യമങ്ങളും പഴയ സംഭവങ്ങളൊക്കെ ഓർക്കുന്നത്‌ നല്ലതാണ്‌. ആർഎസ്‌എസിന്റെ കൊലക്കത്തിക്കിരയായി 218 പ്രവർത്തകരുടെ ജീവൻ നഷ്ടമായ പ്രസ്ഥാനമാണ്‌ സിപിഐ എം.  എന്നാൽ, കേരളത്തിൽ പരസ്യമായി സഖ്യത്തിലേർപ്പെടുന്ന പാർടികളാണ്‌ കോൺഗ്രസും ബിജെപിയും. 1991 മുതൽ തുടങ്ങിയതാണ്‌ യുഡിഎഫിന്റെ ആർഎസ്‌എസ്‌ ബാന്ധവം. വടകരയിലും ബേപ്പൂരും ബിജെപി സ്ഥാനാർഥികളെ പിന്തുണച്ച ചരിത്രം മറക്കരുത്‌. ഒ രാജഗോപാലിനെ വിജയിപ്പിച്ചത്‌ ആരാണെന്ന്‌ എല്ലാവർക്കും അറിയാം. നിരവധി തദ്ദേശസ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഇപ്പോഴും ഭരിക്കുന്നത്‌ യുഡിഎഫ്‌– -ബിജെപി കൂട്ടുകെട്ടാണ്‌.  ഏറ്റവും ഒടുവിൽ തൃശൂരിൽ സുരേഷ്‌ഗോപിയെ വിജയിപ്പിച്ചത്‌ ആരാണ്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‌ കിട്ടിയ 87,000 വോട്ട്‌ എങ്ങോട്ട്‌ പോയെന്ന്‌ സതീശൻ വ്യക്തമാക്കണം. എൽഡിഎഫിന്‌ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയതിനേക്കാൾ പതിനാറായിരത്തിൽപ്പരം വോട്ട്‌ വർധിക്കുകയാണുണ്ടായത്‌. ഇതുസംബന്ധിച്ച്‌ കോൺഗ്രസ്‌ അന്വേഷണ കമീഷനെ വച്ചിരുന്നല്ലോ. റിപ്പോർട്ട്‌ പുറത്തുവിടാത്തതിൽ മാധ്യമങ്ങൾക്ക്‌ വേവലാതിയില്ല.
യുഡിഎഫ്‌ ഭരണത്തിൽ ആർഎസ്‌എസിനെ സഹായിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിമാരും മുന്നിട്ടിറങ്ങിയത്‌ മറക്കരുത്‌. വിരമിച്ചശേഷം ബിജെപിയിൽ ചേർന്ന ഡിജിപി സെൻകുമാറിനെ സംരക്ഷിച്ചത്‌ ആരാണ്‌. എംജി കോളേജിൽ പൊലീസുകാരെ ആക്രമിച്ച്‌ ആർഎസ്‌എസുകാർ അഴിഞ്ഞാടിയപ്പോൾ എസ്‌ഐയുടെ കോളറിന്‌ പിടിച്ച്‌ ആർഎസ്‌എസിനെ സഹായിച്ച ആളാണ്‌ സെൻകുമാർ. അന്ന്‌ ആർഎസ്‌എസുകാർക്കെതിരെ എടുത്ത വധശ്രമക്കേസ്‌ സെൻകുമാർ ഡിജിപിയായപ്പോൾ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ആഭ്യന്തരമന്ത്രി രമേശ്‌ചെന്നിത്തലയെയും സ്വാധീനിച്ചാണ്‌ പിൻവലിച്ചത്‌. മുസ്ലിം ജനസംഖ്യയുടെ പേരിൽ വർഗീയ പ്രചാരണം നടത്തിയതും ഇതേ സെൻകുമാറായിരുന്നു. അന്നൊന്നും മാധ്യമങ്ങൾക്ക്‌ മിണ്ടാട്ടമില്ലായിരുന്നു. പുറ്റിങ്ങൽ വെടിക്കെട്ട്‌ അപകടത്തിലും ജിഷാ വധക്കേസിലും ഗുരുതര കൃത്യവിലോപം കാണിച്ചതിന്‌ എൽഡിഎഫ്‌ സർക്കാർ സെൻകുമാറിനെതിരെ നടപടി സ്വീകരിച്ചപ്പോൾ അയാളുടെ സംരക്ഷകരായി രംഗത്തെത്തിയതും യുഡിഎഫും വലതുപക്ഷ മാധ്യമങ്ങളുമാണ്‌.

കണ്ണൂരിൽ ആർഎസ്‌എസ്‌ ശാഖയ്‌ക്ക്‌ കാവൽനിന്നത്‌ കോൺഗ്രസുകാരാണെന്ന്‌ വെളിപ്പെടുത്തിയത്‌  കെപിസിസി പ്രസിഡന്റാണ്‌.  ഇ പി ജയരാജനെ ട്രെയിനിൽ വെടിവച്ച ആർഎസ്‌എസുകാരെ ആയുധംകൊടുത്ത്‌ പറഞ്ഞയച്ചത്‌ സുധാകരനാണെന്നത്‌ രഹസ്യമല്ല. എന്തിനേറെ പറയുന്നു, തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പല്ലേ കെ കരുണാകരന്റെ മകൾ പത്മജ ബിജെപിയിൽ ചേർന്നത്‌. കരുണാകരന്റെ വീട്ടിൽ ഉൾപ്പെടെ ബിജെപിക്കാർ കയറി നിരങ്ങുകയല്ലേ. എ കെ ആന്റണിയുടെ മകൻ ബിജെപിയിൽ ചേക്കേറിയില്ലേ. വീക്ഷണം പത്രാധിപരായിരുന്ന മോഹനവർമ ബിജെപിയിൽ ചേർന്നത്‌ കഴിഞ്ഞ ദിവസമല്ലേ. കേരളത്തിൽനിന്നുള്ള കോൺഗ്രസ്‌ എംപി ബിജെപിയിൽ ചേരാൻ തയ്യാറെടുക്കുന്നുവെന്നല്ലേ അവസാനത്തെ വാർത്ത. കോൺഗ്രസും ആർഎസ്‌എസും ഭായിമാരാണെന്ന്‌ തെളിയിക്കുന്ന സംഭവങ്ങളാണിതൊക്കെ. എന്നിട്ടും നുണക്കഥ മെനഞ്ഞ്‌ സിപിഐ എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കരിവാരിത്തേയ്‌ക്കാനുള്ള നീക്കം ജനങ്ങൾ തിരിച്ചറിയുമെന്ന്‌ ഇനിയെങ്കിലും മാധ്യമങ്ങൾ മനസ്സിലാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top