05 November Tuesday

ദുരന്തത്തിലും ദുഷ്‌ടലാക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2024


തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് ശുചീകരിക്കാനിറങ്ങിയ തൊഴിലാളി ജോയി ഒഴുക്കിൽപ്പെട്ട് മരിച്ചത്  അങ്ങേയറ്റം ദുഃഖകരമാണ്. പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമാണ് അഴുക്കുചാലിൽ പൊലിഞ്ഞത്. രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായ തോട്ടിൽ മൂന്നാം ദിവസമാണ്‌ നഗരസഭാ തൊഴിലാളികൾ മൃതദേഹം കണ്ടെത്തിയത്. ഈ ദുരന്തം മലയാളികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. തോടുകളും ഓടകളും പുഴകളും മാലിന്യം തള്ളാനുള്ളതല്ലെന്ന് സദാ ഓർമിക്കണം. മാലിന്യങ്ങൾ വലിച്ചെറിയാനുള്ളതല്ലെന്ന സംസ്കാരം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് ആമയിഴഞ്ചാൻ സംഭവം ഒരിക്കൽക്കൂടി ഓർമിപ്പിക്കുന്നത്.

തൊഴിലാളിയെ കണ്ടെത്താൻ  നടത്തിയ രക്ഷാപ്രവർത്തനം എടുത്ത് പറയേണ്ടതാണ്. റെയിൽവേ ട്രാക്കിനടിയിലൂടെയുള്ള മാലിന്യം തിങ്ങിനിറഞ്ഞ നൂറ്റമ്പതോളം മീറ്റർ  ടണലിലാണ് പരിശോധന നടത്തേണ്ടിയിരുന്നത്. ഈ ഭാഗത്ത് ഇറങ്ങുകതന്നെ പ്രയാസം. എന്നാൽ, അതിനെയെല്ലാം തൃണവൽഗണിച്ച് അഗ്നിരക്ഷാസേനയും സ്കൂബ ഡൈവിങ് സംഘവും അതിസാഹസികമായി ടണലിനുള്ളിലേക്ക് ഇറങ്ങി. നാലുമീറ്റർ ആഴവും ഏഴ് മീറ്റർ വീതിയും ഉണ്ടെന്ന് അവകാശപ്പെടുന്ന ടണലിന് ഉള്ളിലേക്ക് ആർക്കും കടക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് സ്കൂബ ഡൈവേഴ്സ് പറയുന്നു. ഓക്സിജൻ സിലിണ്ടറുമായി ഉള്ളിലോട്ട് പോകാനോ കുറച്ചു ദൂരം പോയാൽ തിരിച്ച് വരാനോ പറ്റാത്ത അവസ്ഥയാണ്. വർഷങ്ങളായി മാലിന്യം അടിഞ്ഞുകൂടി ടണലിന്റെ ഉൾഭാഗം കല്ലുപോലെയായെന്നാണ് ഇറങ്ങിയവർ പറയുന്നത്. അതുകൊണ്ടുതന്നെ ടണലിനുള്ളിൽ ചെന്നുള്ള പരിശോധന സാധ്യമായില്ല. കാമറ ഘടിപ്പിച്ച റോബോട്ടുകളുടെ സഹായത്തോടെയും വെള്ളം ശക്തമായി പമ്പുചെയ്തും മാലിന്യം പുറത്തേക്ക് ഒഴുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ആമയിഴഞ്ചാൻ ദുരന്തത്തിന് ആരാണ് ഉത്തരവാദിയെന്ന ചർച്ചയും ഇപ്പോൾ പൊതുസമൂഹത്തിൽ നടക്കുന്നുണ്ട്. തിരുവനന്തപുരം കോർപറേഷനെയും സംസ്ഥാന സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം ഒരു വിഭാഗം മാധ്യമങ്ങളും വലതുപക്ഷ രാഷ്ട്രീയക്കാരും തുടങ്ങി. സംസ്ഥാനത്ത് നടപ്പാക്കുന്ന മാലിന്യ നിർമാർജന പദ്ധതിയെ അടച്ചാക്ഷേപിക്കാനും ഹരിതകർമ സേനയെ ഇകഴ്ത്തിക്കാണിക്കാനും ചിലർ അത്യുത്സാഹം കാണിക്കുന്നുണ്ട്. ദുരന്തം ഉണ്ടായതിനെ അവസരമാക്കി സർക്കാരിനെയും കോർപറേഷനെയും ആക്രമിച്ച് ഇല്ലാതാക്കിക്കളയാമെന്നാണ് ചിലരുടെ ചിന്ത. യഥാർഥത്തിൽ എവിടെയാണ്  അപകടം ഉണ്ടായത്. ആരാണ് തൊഴിലാളികളെ ജോലിക്ക് നിയോഗിച്ചത്. ഈ രണ്ട് ചോദ്യത്തിന്റെയും ഉത്തരത്തിലുണ്ട് ദുരന്തത്തിന്  ഉത്തരവാദി ആരെന്ന്‌. വെള്ളയമ്പലം ഒബ്സർവേറ്ററി ഹില്ലിൽനിന്ന് തുടങ്ങി തമ്പാനൂർ വഴി  ആക്കുളം കായലിൽ ചേരുന്ന 12 കിലോമീറ്ററാണ് ഈ തോട്.  1931 ൽ തിരുവനന്തപുരം റെയിൽവേസ്റ്റേഷൻ ഉണ്ടാക്കുമ്പോഴും ഈ തോട് ഉണ്ട്. തോടിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സമുണ്ടാക്കേണ്ടായെന്ന  ധാരണയിൽ തോടിനുമുകളിലൂടെയാണ് പാളങ്ങൾ നിർമിച്ചത്. നൂറ്റമ്പതോളം മീറ്റർ തോട് 93 വർഷമായി റെയിൽവേയുടെ അധീനതയിലാണെന്ന് ചുരുക്കം. ഈ ഭാഗത്ത് സംസ്ഥാന സർക്കാരിനോ കോർപറേഷനോ മറ്റേതെങ്കിലും ഏജൻസിക്കോ പ്രവേശനമില്ല. മറ്റാരെങ്കിലും കയറിയാൽ അതിക്രമിച്ചു കയറിയെന്നു പറഞ്ഞ് കേസ് കൊടുക്കും.

2018 ൽ തോട് വൃത്തിയാക്കാൻ കോർപറേഷൻ ശ്രമിച്ചപ്പോൾ ചെയർമാൻ വി കെ പ്രശാന്തിനെതിരെ കേസ് കൊടുത്ത അനുഭവവും നമുക്ക് മുന്നിലുണ്ട്. തിരുവനന്തപുരത്ത് എന്നല്ല ഒരു സ്ഥലത്തും റെയിൽവേയുടെ സ്ഥലത്ത് പണികളെടുക്കാൻ ആരെയും അനുവദിക്കില്ല. ഇവിടെ ശുചീകരിക്കണമെന്ന് മെയ് മാസത്തിൽ തന്നെ കോർപറേഷൻ റെയിൽവേ ഡിവിഷണൽ മാനേജരോട് ആവശ്യപ്പെട്ടതാണ്. നടപടി ഉണ്ടായില്ല. ജൂണിൽ വീണ്ടും ആവശ്യപ്പെട്ടു. എന്നിട്ടും അനങ്ങിയില്ല. മൂന്നാം വട്ടം ആവശ്യപ്പെട്ടപ്പോൾ ശനിയാഴ്ച നാല് തൊഴിലാളികളെ റെയിൽവേ പൊതുമരാമത്ത് വിഭാഗം നിയോഗിക്കുകയായിരുന്നു. സ്വകാര്യ ഏജൻസിക്ക് കരാർ കൊടുത്തതാണെന്ന് പറയുന്നു. എന്നാൽ ആർക്കാണ് കരാർ കൊടുത്തതെന്ന് വ്യക്തമല്ല. എന്തായാലും  സുരക്ഷാ സംവിധാനമൊന്നും ഇല്ലാതെ മാലിന്യം നിറഞ്ഞ തോട്ടിലേക്ക് തൊഴിലാളികളെ ഇറക്കിയ റെയിൽവേയാണ് കുറ്റക്കാർ. ജോയിക്ക് വേണ്ടിയുള്ള തിരച്ചിലിനിടയിൽ 80 മീറ്റർ ദൂരത്തുനിന്ന് 40 ലോഡ് മാലിന്യം നീക്കിയെന്നാണ് പറയുന്നത്. വർഷങ്ങളായി അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്തിട്ടില്ലെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കുന്നത്. റെയിൽവേ സ്‌റ്റേഷനിലെ ശുചിമുറിയിലെ മാലിന്യം ഉൾപ്പെടെ ഒഴുക്കുന്നത്‌ ഈ തോട്ടിലേക്കാണ്‌. തോടിന്റെ മറ്റ്‌ ഭാഗങ്ങൾ ഈ വർഷവും ശുചീകരിച്ചിട്ടുണ്ട്‌.

റെയിൽവേയുടെ പൂർണ അധികാരത്തിലുള്ള സ്ഥലത്ത് അവർ നിയോഗിച്ച തൊഴിലാളിക്കുണ്ടായ അപകടത്തിന് പൂർണ ഉത്തരവാദിത്വം അവർക്കാണ്. എന്നാൽ അപകടം ഉണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിന്‌ കോർപറേഷനോ സർക്കാരോ ഒട്ടും വിമുഖത കാണിച്ചിട്ടില്ല. സംഭവം ഉണ്ടായി മിനിറ്റുകൾക്കകം എല്ലാവിധ സജ്ജീകരണവും ഒരുക്കി സർക്കാരും കോർപറേഷനും മുന്നിൽത്തന്നെ ഉണ്ടായി. റെയിൽവേയാകട്ടെ രക്ഷാ പ്രവർത്തനത്തിലും പുറം തിരിഞ്ഞുനിന്നു. മാൻഹോളിലിറങ്ങി തിരച്ചിൽ നടത്തുമ്പോൾ അതിനു മുകളിലൂടെ ട്രെയിൻ കടത്തിവിടാൻ തയ്യാറായ റെയിൽവേയുടെ നടപടി തികച്ചും മനുഷ്യത്വരഹിതമായി. ഈ വസ്തുതയൊന്നും പറയാതെ കാടടച്ച്‌  വെടിവയ്‌ക്കുന്നവർ ദുരന്തത്തിലും രാഷ്ട്രീയ മുതലെടുപ്പിനിറങ്ങിയവരാണ്. അവരെ സഹായിക്കാൻ വലതുപക്ഷ മാധ്യമങ്ങളും മത്സരിക്കുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top